ഇറാനും യുഎസും 60 ദിവസത്തെ വെടിനിര്‍ത്തലിലേക്ക് എത്തുന്നെന്ന സൂചനകള്‍ക്കിടെ അന്താരാഷ്ട്ര എണ്ണവിലയില്‍ അല്‍പ്പം ആശ്വാസം കണ്ടുതുടങ്ങി. ബ്രെന്റ് ക്രൂഡ് വില 2 ശതമാനത്തോളം താഴ്ന്ന് 92.2 ഡോളറിലെത്തി. യുഎസ് ഡബ്ല്യുടിഐ ക്രൂഡ് വില 87.61 ഡോളറിലേക്കും താഴ്ന്നു. സ്വര്‍ണവില ഇന്ന് കുതിച്ചു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 145 രൂപ വര്‍ധിച്ച് 14,450 രൂപയായി. പവന് 1,160 രൂപ വര്‍ധിച്ച് 1,15,600 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര സ്വര്‍ണവില ഒരു ശതമാനത്തോളം ഉയര്‍ന്ന് ഔണ്‍സിന് 4,535 ഡോളറിലെത്തി. രൂപയുടെ മൂല്യം മെച്ചപ്പെടുന്നുണ്ട്. ഡോളറിനെതിരെ 53 പൈസ നേട്ടത്തോടെ 95.05 ലാണ് രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
പശ്ചിമേഷ്യ സംഘര്‍ഷം പരിഹാരമില്ലാതെ തുടരുന്നതിനിടെ കുറഞ്ഞത് 30 ദിവസത്തേക്ക് വിതരണത്തിനാവശ്യമായ എല്‍പിജി കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ 52,0000 മെട്രിക് ടണ്‍ എല്‍പിജിയാണ് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 72,000 മെട്രിക് ടണ്ണാണ് ഡിമാന്‍ഡ്. എണ്ണവില ഉയര്‍ത്തിയിട്ടും പ്രതിദിനം 550 കോടി രൂപയുടെ നഷ്ടം എണ്ണക്കമ്പനികള്‍ക്ക് ഉണ്ടാകുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം സെക്രട്ടറി സുജാത ശര്‍മ പറഞ്ഞു.
വിപണിയില്‍ ഇടിവ്; ഫെഡറല്‍ ബാങ്കടക്കം 4 ഓഹരികള്‍ മോര്ഗന് സ്റ്റാന്‍ലി എമേര്‍ജിംഗ് മാര്‍ക്കറ്റ് സൂചികയില്‍
യുഎസ്-ഇറാന് സമാധാന കരാര്‍ സംബന്ധിച്ച് അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ നേട്ടം നിലനിര്‍ത്താനാവാതെ ഇന്ത്യന്‍ ഓഹരി വിപണി. ഇന്‍ട്രാഡോ ഹൈയില്‍ നിന്ന് 1,400 പോയന്റ് വീണ് 74,775 ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഇന്‍ട്രാഡേ ഹൈയായ 24,002 ല്‍ നിന്ന് 550 പോയന്റ് വീണ് 23,547 ല്‍ ക്ലോസ് ചെയ്തു. വിദേശ നിക്ഷേപകര്‍ ഓഹരി വില്‍പ്പന തുടരുന്നതും വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്. 24,000 എന്ന ശക്തമായ റെസിസ്റ്റന്‍സ് പോയന്റും നിഫ്റ്റിയുടെ കുതിപ്പിനെ തടയുന്നുണ്ട്. എല്‍ നിനോ മൂലം മണ്‍സൂണ്‍ വൈകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പും വിപണി നെഗറ്റീവ് സൂചനയായാണ് എടുത്തത്.
ഇന്ത്യന്‍ ഓഹരി വിപണി സൂചികകളില്‍ വ്യാപാരത്തിന്റെ അവസാന അര മണിക്കൂറില്‍ ശക്തമായ ചാഞ്ചാട്ടം ദൃശ്യമായി. മോര്ഗന് സ്റ്റാന്‍ലിയുടെ എമേര്‍ജിംഗ് മാര്‍ക്കറ്റ് സൂചികയായ എംഎസ്.സിഐ ഇഎമ്മിലെ റീബലന്സിംഗാണ് വിപണിയില്‍ ശക്തമായ വില്‍പ്പനക്ക് കാരണമായത്. ഫെഡറല്‍ ബാങ്ക്, എംസിഎക്സ്, നാല്‍കോ, ഇന്ത്യന്‍ ബാങ്ക് എന്നീ ഓഹരികളാണ് പുതിയതായി സൂചികയുടെ ഭാഗമായത്. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ, ജൂബിലന്റ് ഫുഡ്വര്‍ക്സ്, കല്യാണ്‍ ജ്വല്ലേഴ്സ്, ആര്‍വിഎന്‍എല്‍ തുടങ്ങിയ ഓഹരികള്‍ എംഎസ്.സിഐ ഇഎം സൂചികയില്‍ നിന്ന് പുറത്തായി.
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അവസാന റൗണ്ടില്‍
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഏതാനും ആഴ്ചകള്‍ക്കകം യാഥാര്‍ഥ്യമാകുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നെന്നും 1% ചര്‍ച്ചകളേ ഇനി ശേഷിക്കുന്നുള്ളെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്തിമ വട്ട ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധി സംഘം അടുത്തയാഴ്ച ഡെല്‍ഹിയിലെത്തും.




