ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്കായുള്ള പാർപ്പിട മേഖല 2030-ഓടെ ഒരു ലക്ഷം കോടി രൂപയുടെ വലിയൊരു വ്യവസായമായി വളരുമെന്നാണ് പ്രമുഖ റിയൽ എസ്റ്റേറ്റ് കൺസൾട്ടിംഗ് സ്ഥാപനമായ കൊളിയേഴ്സിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നിലവിൽ ഏകദേശം 25,000 യൂണിറ്റുകൾ മാത്രമുള്ള സംഘടിത സീനിയർ ലിവിംഗ് ഭവനങ്ങൾ, 2030-ഓടെ 1 ലക്ഷം യൂണിറ്റുകളായി നാലിരട്ടി വർദ്ധിക്കുമെന്നും, മൊത്തം ആവശ്യകത 30 ലക്ഷം യൂണിറ്റുകൾ വരെ ഉയരുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക-സാമൂഹിക മാറ്റങ്ങളുടെ പ്രതിഫലനമായ ഈ മേഖലയിലെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് പിന്നിൽ പ്രധാനമായും 5 പ്രധാന കാരണങ്ങളാണുള്ളത്:
ആയുർദൈർഘ്യത്തിലെ വർദ്ധനവ്
ഇന്ത്യയിൽ 60 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2050-ഓടെ രാജ്യത്തെ മുതിർന്ന പൗരന്മാരുടെ എണ്ണം 34 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ആധുനിക വൈദ്യാഭ്യാസ രംഗത്തെ പുരോഗതി കാരണം മനുഷ്യന്റെ ആയുർദൈർഘ്യം കൂടിയതും, വിരമിക്കലിനു ശേഷവും സ്വതന്ത്രവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാരുടെ എണ്ണം വർദ്ധിച്ചതും സീനിയർ ഹൗസിംഗിന്റെ ആവശ്യകത കുത്തനെ കൂട്ടി.
മാറുന്ന ജീവിതശൈലി
പണ്ടുകാലത്തെ കൂട്ടുകുടുംബ രീതികളിൽ നിന്ന് മാറി ആധുനിക ഇന്ത്യയിൽ ന്യൂക്ലിയർ കുടുംബങ്ങൾ സർവ്വസാധാരണമായി മാറി. തൊഴിൽ ആവശ്യങ്ങൾക്കായി ചെറുപ്പക്കാർ മറ്റ് നഗരങ്ങളിലേക്കോ വിദേശ രാജ്യങ്ങളിലേക്കോ ചേക്കേറുമ്പോൾ, പ്രായമായ മാതാപിതാക്കൾക്ക് സുരക്ഷിതത്വവും, മറ്റ് മുതിർന്ന പൗരന്മാരുമായുള്ള സാമൂഹിക ഇടപെടലുകളും, അടിയന്തര വൈദ്യസഹായവും ഉറപ്പുനൽകുന്ന സീനിയർ ലിവിംഗ് കമ്മ്യൂണിറ്റികൾ ഒരു മികച്ച പോംവഴിയായി മാറുന്നു.
ടയർ 2, ടയർ 3 നഗരങ്ങളിലേക്കുള്ള വളർച്ച
നേരത്തെ വലിയ മെട്രോ നഗരങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ഈ പദ്ധതികൾ ഇപ്പോൾ കോയമ്പത്തൂർ, ഡെഹ്റാഡൂൺ, പോണ്ടിച്ചേരി, വഡോദര തുടങ്ങിയ ടയർ 2, 3 നഗരങ്ങളിലേക്കും തിരുപ്പതി, വൃന്ദാവൻ, അയോധ്യ തുടങ്ങിയ ആത്മീയ കേന്ദ്രങ്ങളിലേക്കും വേഗത്തിൽ വ്യാപിപ്പിക്കപ്പെടുന്നുണ്ട്. ജീവിതച്ചെലവ് കുറവായതും, ശാന്തമായ അന്തരീക്ഷവും, കുറഞ്ഞ റിയൽ എസ്റ്റേറ്റ് വിലയും കാരണം 2030-ഓടെ വരുന്ന പുതിയ പദ്ധതികളിൽ 30% മുതൽ 40% വരെയും ഇത്തരം നഗരങ്ങളിലായിരിക്കും ആരംഭിക്കുക.
ഹെൽത്ത്കെയർ പങ്കാളിത്തം
ഈ രംഗത്തെ ലാഭസാധ്യത തിരിച്ചറിഞ്ഞ് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരും വിദേശ/സ്വകാര്യ നിക്ഷേപകരും വൻതോതിൽ പണം മുടക്കാൻ മുന്നോട്ടുവരുന്നുണ്ട്. ഏകദേശം 13,000 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങളാണ് വരും വർഷങ്ങളിൽ ഈ മേഖലയിലേക്ക് വരാനിരിക്കുന്നത്. കൂടാതെ, പ്രമുഖ ആശുപത്രി ശൃംഖലകളുമായി സഹകരിച്ച് 24 മണിക്കൂറും ഡോക്ടർമാരുടെ സേവനവും, ഡിമെൻഷ്യ കെയർ , പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള അത്യാധുനിക പാർപ്പിട സമുച്ചയങ്ങളാണ് നിർമ്മിക്കപ്പെടുന്നത്.
അനുകൂലമായ സർക്കാർ നയങ്ങളും റേറ മാനദണ്ഡങ്ങളും
റിയൽ എസ്റ്റേറ്റ് രംഗത്തെ സുതാര്യത ഉറപ്പുവരുത്തുന്ന റെഗുലേറ്ററി അതോറിറ്റിയുടെ കർശനമായ നിയമങ്ങളും, ഭവന നിർമ്മാണ മന്ത്രാലയം മുതിർന്ന പൗരന്മാരുടെ പാർപ്പിടങ്ങൾക്കായി കൊണ്ടുവന്ന പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും ഉപഭോക്താക്കളുടെ വിശ്വാസ്യത വർദ്ധിപ്പിച്ചു. കൃത്യമായ മാനദണ്ഡങ്ങളോടെ പ്രവർത്തിക്കുന്ന പ്രൊഫഷണൽ സ്ഥാപനങ്ങൾ രംഗത്തെത്തിയതോടെ, പഴയകാലത്തെ ‘അനാഥാലയങ്ങൾ’ എന്ന സങ്കൽപ്പത്തിൽ നിന്ന് മാറി, ആത്മാഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാവുന്ന ഒരു വിരമിക്കൽ ജീവിതശൈലിയായി സീനിയർ ഹൗസിംഗ് മാറിയിരിക്കുന്നു.
പ്രായമായ മാതാപിതാക്കൾക്ക് ഒറ്റയ്ക്ക് താമസിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സുരക്ഷാ ആശങ്കകളും ഏകാന്തതയും പരിഹരിക്കാൻ, അവർക്ക് അനുയോജ്യമായ പ്രത്യേക സൗകര്യങ്ങളുള്ള മുതിർന്ന പൗരന്മാരുടെ ഹൗസിംഗ് പ്രോജക്ടുകൾക്ക് വലിയ ഡിമാൻഡാണ് നിലവിൽ വിപണിയിലുള്ളത്.




