ബഹിരാകാശ നിലയം 2035 ല്‍
ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ക്ക് പുതിയ ദിശ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2035ഓടെ ഇന്ത്യന്‍ സ്പേസ് സ്റ്റേഷന് (Bharatiya Antariksh Station) സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പാരീസില്‍ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് പ്രഖ്യാപനം. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്യാന് ദൗത്യത്തിന് പിന്നാലെ ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ പദ്ധതിയുടെ അടുത്ത വലിയ ഘട്ടമായിരിക്കും സ്പേസ് സ്റ്റേഷന്. ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപവും അന്താരാഷ്ട്ര സഹകരണവും ശക്തിപ്പെടുത്താനും ഇന്ത്യ ലക്ഷ്യമിടുന്നു.
എന്‍എസ്ഇ ഐപിഒ പ്രൈസ് ബാന്‍ഡ് നാളെ
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എന്‍എസ്ഇ) ഐപിഒയുടെ പ്രൈസ് ബാന്‍ഡ് നാളെ പ്രഖ്യാപിച്ചേക്കും. സെബിയുടെ അന്തിമ അനുമതി ലഭിച്ചതിന് പിന്നാലെയാണ് നടപടികള്‍ വേഗത്തിലായത്. ഏകദേശം 1700-1,800 രൂപ നിലവാരത്തിലായിരിക്കും ഓഹരി വിലയെന്നാണ് വിപണിയിലെ റിപ്പോര്‍ട്ടുകള്‍. ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ ആയിരിക്കും. നിലവിലെ ഓഹരിയുടമകള്‍ ഓഹരികള്‍ വിറ്റഴിക്കും. രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഐപിഒയായതിനാല് റീട്ടെയില്‍ നിക്ഷേപകരുടെ വലിയ താല്പര്യമാണ് പ്രതീക്ഷിക്കുന്നത്.
എസ്ഐപികളില്‍ കുതിച്ചുചാട്ടം
ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് SIP നിക്ഷേപം ഓഗസ്റ്റില്‍ പുതിയ റെക്കോഡിലെത്തി. പ്രതിമാസ SIP സംഭാവന 32,297 കോടി രൂപയായി ഉയര്‍ന്നു. ജൂലൈയിലെ ഏകദേശം 31,423 കോടി രൂപയില്‍ നിന്നാണ് വര്‍ധന. തുടര്‍ച്ചയായ ഓഹരി വിപണി ചാഞ്ചാട്ടത്തിനിടയിലും നിക്ഷേപകര്‍ SIP വഴി സ്ഥിരമായി പണം നിക്ഷേപിക്കുന്നത് തുടരുന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. SIP സ്റ്റോപ്പേജ് റേഷ്യോ 0.85 ആയി കുറഞ്ഞു. പുതിയ നിക്ഷേപകരുടെ പങ്കാളിത്തവും ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാനുള്ള താല്പര്യവും വര്‍ധിക്കുന്നതിന്റെ സൂചനയായാണ് റെക്കോഡ് SIP ഒഴുക്ക് വിലയിരുത്തപ്പെടുന്നത്.
ഷി ശനിയാഴ്ചയെത്തും
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ശനിയാഴ്ച ഇന്ത്യയിലെത്തും. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷിയുടെ ഇന്ത്യാ സന്ദര്‍ശനം. BRICS ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചകളും ഷി നടത്തും. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍, വ്യാപാരം, നിക്ഷേപം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിലെ പുതിയ നീക്കങ്ങള്‍ക്ക് സന്ദര്‍ശനം നിര്‍ണായകമായേക്കും.
കുട്ടികള്‍ക്ക് സോഷ്യല്‍ മിഡിയ വിലക്ക്: കേന്ദ്രത്തിന്റെ പ്രതികരണം തേടി കോടതി
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍നിന്ന് വിലക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടി സുപ്രീം കോടതി. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ, സ്വകാര്യത, സൈബര്‍ ബുള്ളിയിംഗ്, ഹാനികരമായ ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പൂര്‍ണമായി നിരോധിക്കണോ അതോ പ്രായപരിശോധനയും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോ എന്നതിലാണ് ഇനി ശ്രദ്ധ. കോടതി കേന്ദ്രത്തിന്റെ മറുപടി പരിഗണിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുക.




