രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നീളുന്ന കഠിനാധ്വാനം ഉയർന്ന ശമ്പളവും മികച്ച കരിയറും നൽകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ, ഈ 9 to 9 ജീവിതശൈലി നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, സാമ്പത്തിക ഭദ്രതയെയും മെല്ലെ തകർത്തുകൊണ്ടിരിക്കുകയാണ്. അമിത ജോലിഭാരം കാരണം ഉണ്ടാകുന്ന രോഗങ്ങൾക്കുള്ള ചികിത്സാ ചെലവുകൾ, ക്ഷീണം മൂലമുള്ള വരുമാന നഷ്ടം, പുറത്തുനിന്നുള്ള ഭക്ഷണത്തിനും സൗകര്യങ്ങൾക്കുമായി ചെലവാകുന്ന പണം എന്നിവ നിങ്ങളുടെ മാസവരുമാനത്തിന്റെ വലിയൊരു പങ്കാണ് കവരുന്നത്. 12 മണിക്കൂർ ജോലി സംസ്കാരം നിങ്ങളുടെ സമ്പാദ്യത്തെയും ഭാവി സുരക്ഷിതത്വത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് സാമ്പത്തിക ലെൻസിലൂടെ ഒന്ന് നോക്കാം
ചികിത്സാ ചെലവുകൾ
തുടർച്ചയായി 12 മണിക്കൂറിലധികം ജോലി ചെയ്യുന്നത് ഉറക്കമില്ലായ്മ, അമിത മാനസിക സമ്മർദ്ദം, ഹൃദ്രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, നടുവേദന തുടങ്ങിയ നിരവധി ശാരീരിക-മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. ചെറുപ്പത്തിൽ തന്നെ ഇത്തരം രോഗങ്ങൾ പിടിപെടുന്നത് വ്യക്തികളുടെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ആശുപത്രി ചെലവുകൾക്കും മരുന്നുകൾക്കുമായി മാറ്റിവെക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ പോലും വലിയ തുക സ്വന്തം കയ്യിൽ നിന്ന് ചെലവാക്കേണ്ടി വരുന്നത് വ്യക്തിഗത സാമ്പത്തിക ഭദ്രത തകർക്കുകയും, ദീർഘകാല സമ്പാദ്യങ്ങളും നിക്ഷേപ ലക്ഷ്യങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു.
ഉൽപ്പാദനക്ഷമതയിലെ ഇടിവും വരുമാന നഷ്ടവും
കൂടുതൽ സമയം ജോലി ചെയ്യുന്നത് തുടക്കത്തിൽ ഉയർന്ന വരുമാനമോ പ്രമോഷനോ നൽകിയേക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് വ്യക്തികളെ മാനസിക തകർച്ചയിലേക്ക് നയിക്കുന്നു. ഇത് ജോലിയിലുള്ള ശ്രദ്ധ കുറയ്ക്കുകയും ഉൽപ്പാദനക്ഷമത ഇല്ലാതാക്കുകയും ചെയ്യുന്നു. ജോലിസ്ഥലത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ വരുന്നത് ഭാവിയിലെ കരിയർ വളർച്ചയെയും വരുമാന വർദ്ധനവിനെയും പ്രതികൂലമായി ബാധിക്കും. കൂടാതെ, ശാരീരിക അസ്വസ്ഥതകൾ കാരണം തുടർച്ചയായി അവധിയെടുക്കേണ്ടി വരുന്നത് പ്രൊഫഷണൽ മുന്നേറ്റത്തെയും സാമ്പത്തിക നിലയെയും ദോഷകരമായി ബാധിക്കുന്നു.
മറഞ്ഞിരിക്കുന്ന ജീവിതശൈലി ചെലവുകൾ
രാവിലെ മുതൽ രാത്രി വരെ ജോലി ചെയ്യുന്നവർക്ക് പാചകം ചെയ്യാനോ, വ്യായാമം ചെയ്യാനോ സമയം ലഭിക്കാത്തതിനാൽ, അവർ പൂർണ്ണമായും പുറത്തുനിന്നുള്ള ഭക്ഷണത്തെയും റെഡി-ടു-ഈറ്റ് ഉൽപ്പന്നങ്ങളെയുമാണ് ആശ്രയിക്കുന്നത്. ദിവസവും പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നതും, സമ്മർദ്ദം കുറയ്ക്കാൻ അനാവശ്യമായി പണം ചെലവഴിക്കുന്നതും വലിയൊരു തുക പ്രതിമാസം നഷ്ടപ്പെടുത്തുന്നു. കൂടാതെ, വ്യക്തിപരമായ കാര്യങ്ങളും വീട്ടുജോലികളും ചെയ്യാൻ മറ്റ് ഏജൻസികളെയോ ആളുകളെയോ പണം നൽകി ഏൽപ്പിക്കേണ്ടി വരുന്നത് ദൈനംദിന ജീവിതച്ചെലവുകൾ കുത്തനെ ഉയർത്തുകയും സമ്പാദ്യ നിരക്ക് വളരെ കുറയ്ക്കുകയും ചെയ്യുന്നു.
കൂടുതൽ ജോലി ചെയ്താൽ കൂടുതൽ സമ്പാദിക്കാം എന്ന് വിചാരിക്കുന്നവർക്ക് ജീവിതത്തിൽ വളരെ പതുക്കെ മാത്രമേ ഈ കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ജോലിയും ജീവിതവും തമ്മിൽ ബാലൻസ് ചെയ്യാൻ ശ്രമിക്കുമ്പോൾ ചെലപ്പോൾ ജോലി കൂടുകയും, ആയുസ്സ് ചുരുങ്ങുകയും ചെയ്യുന്നത് നല്ല കാര്യമാണോ?




