പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയിലേക്ക് വമ്പന്‍ എന്‍ട്രിക്കൊരുങ്ങുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. നാല് വര്‍ഷം മുന്‍പ് റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി പ്രഖ്യാപിച്ച ‘ന്യൂ എനര്‍ജി’ ദൗത്യം ഗുജറാത്തിലെ കച്ചിലെ മരുഭൂമിയില്‍ യാഥാര്‍ഥ്യത്തോടടുക്കുന്നു. 5,50,000 ഏക്കറില്‍, വിസ്്തൃതിയില്‍ സിംഗപ്പൂരിനേക്കാള്‍ മൂന്നിരട്ടി വലിപ്പത്തില്‍ ഒരു സോളാര്‍ പാടം. 10 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ റിലയന്‍സിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്ന്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് സോളാര്‍ പ്രൊജക്റ്റ് അഥവാ ഒരൊറ്റയിടത്ത് സ്ഥാപിക്കപ്പെട്ട ഏറ്റവും വലിയ സോളാര്‍ പദ്ധതിയാണ് കച്ചില്‍ നിശബ്ദം പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. 20 ഗിഗാവാട്ട് പവര്‍ സോളാര്‍ വൈദ്യുതി ഇവിടെനിന്ന് ഉല്‍പ്പാദിപ്പിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. 100 ഗിഗാവാട്ട് അവര്‍ ബാറ്ററി ഗിഗാ-ഫാക്ടറി ശേഷിയും സ്ഥാപിക്കാനാണ് ലക്ഷ്യം. അടുത്ത ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ഊര്‍ജ ആവശ്യകതയുടെ 10% ഇവിടെ നിന്ന് സപ്ലൈ ചെയ്യാനാണ് റിലയന്‍സ് ലക്ഷ്യമിട്ടിരിക്കുന്നത്.
എണ്ണയില്‍ വളര്‍ന്ന കമ്പനി
പെട്രോളിയം ബിസിനസില്‍ തഴച്ചുവളര്‍ന്ന കമ്പനികളിലൊന്നാണ് റിലയന്‍സ്. ആകെ വരുമാനത്തിന്റെ 52% ല്‍ ഏറെ ഈ വിഭാഗത്തില്‍ നിന്നാണ്. എണ്ണക്കും പ്രകൃതിവാതകത്തിനുമായി പര്യവേക്ഷണം നടത്തുക, ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത് ശുദ്ധീകരിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്നിവയാണ് കമ്പനിയുടെ പ്രധാന ബിസിനസ്. പെട്രോകെമിക്കല്‍സ് ബിസിനസാണ് മറ്റൊരു കരുത്തുറ്റ വരുമാന മേഖല. ലോകത്തെ ഏറ്റവും വലിയ പോളിമര്‍, പോളിയെസ്റ്റര്‍ ഉല്‍പ്പാദകരിലൊന്നാണ് റിലയന്‍സ്.
എന്നാല്‍ പുതിയ കാലം ഹരിതോര്ജത്തിന്റേതാണ്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുത്ഭവിക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ വന്‍തോതില്‍ കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാക്കുകയും ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഹരിതോര്‍ജത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് ലോകം ശ്രമിക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ ഫോസില്‍ ഇന്ധന ഉപയോക്താവായ ഇന്ത്യയും 2035 ഓടെ പൂര്‍ണമായും കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കുക എന്ന വലിയ ലക്ഷ്യമാണ് പിന്തുടരുന്നത്.
ഇത്തരത്തില്‍ ബിസിനസിന്റെ നട്ടെല്ലായി നില്ക്കുന്ന പെട്രോളിയത്തിന്റെ പരിമിതികള്‍ പുതിയ കാലത്ത് നന്നായി തിരിച്ചറിഞ്ഞതുകൊണ്ടാണ് ഗ്രീന്‍ എനര്‍ജിയിലേക്ക് ഒരു ചുവടുമാറ്റം റിലയന്‍സ് ലക്ഷ്യമിടുന്നത്. ഗുജറാത്തില്‍ പണി പൂര്‍ത്തിയായി വരുന്ന വമ്പന്‍ സോളാര്‍ പാടവും അനുബന്ധ പദ്ധതികളും ഇതിന് സഹായകരമാകുമെന്ന് കണക്കാക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ സോളാര്‍ പ്ലാന്റ് കമ്മീഷന് ചെയ്യാനാണ് റിലയന്‍സ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ ഗ്രീന്‍ എനര്‍ജിയിലെ നിക്ഷേപം സോളാറില്‍ മാത്രം ഒതുക്കുന്നില്ല കമ്പനി.
ധീരുഭായ് അംബാനി ഗ്രീന്‍ എനര്‍ജി ഗിഗാ കോംപ്ലക്സ്
ഗുജറാത്തിലെ ജാംനഗറില്‍ 5000 ഏക്കര്‍ സ്ഥലത്ത് ഇതിനൊപ്പം സംയോജിത പുനരുപയോഗ ഊര്‍ജ്ജ നിര്‍മ്മാണ കേന്ദ്രമായ ധീരുഭായ് അംബാനി ഗ്രീന്‍ എനര്‍ജി ഗിഗാ കോംപ്ലക്സും റിലയന്‍സ് നിര്‍മിച്ചുവരികയാണ്. ടെസ്ലയുടെ ഗിഗാഫാക്ടറിയുടെ നാലിരട്ടി വലിപ്പമാണ് റിലയന്‍സിന്റെ ഈ ഗിഗാ ഫാക്ടറി സമുച്ചയത്തിനുണ്ടാവുക. 100 ഈഫല്‍ ടവറുകള്‍ക്ക് തുല്യമായ സ്റ്റീലും ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കും തിരിച്ച് ഭൂമിയിലേക്കുമുള്ള ദൂരത്തിന് സമാനമായ ദൈര്‍ഘ്യത്തില്‍ കേബിളുകളും ഈ ഗിഗാ ഫാക്ടറിയില്‍ ഉപയോഗിക്കുമെന്ന് ഈ വര്‍ഷത്തെ ഓഹരി ഉടമകളുടെ യോഗത്തില്‍ കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനി വെളിപ്പെടുത്തിയിരുന്നു. സോളാര്‍, ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം (ബെസ്), ഗ്രീന്‍ ഹൈഡ്രജന്‍, ഇലക്ട്രോലൈസേഴ്സ്, സെമികണ്ടക്റ്റര്‍ നിര്‍മാണം എന്നിവയെല്ലാം ഈ ഗിഗാ ഫാക്ടറിയില്‍ ഉള്‍ച്ചേര്‍ക്കും. ഗ്രീന്‍ ഹൈഡ്രജനും വ്യോമയാന ഇന്ധനവും ഉള്‍പ്പെടെയുള്ള റിലയന്‍സിന്റെ വിശാലമായ ഹരിത സംരംഭങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതില്‍ ഈ പദ്ധതി നിര്‍ണായക പങ്ക് വഹിക്കും.
സോളാര്‍, ബാറ്ററി നിര്‍മ്മാണ ശൃംഖല
സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് (പിവി) നിര്‍മ്മാണം, വൈദ്യുതി വന്‍തോതില്‍ ശേഖരിക്കാനാവുന്ന ബാറ്ററിയുടെ നിര്‍മാണം, ഹരിത ഹൈഡ്രജന്‍ ഉത്പാദനം എന്നിവ റിലയന്‍സിന്റെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. നിലവില്‍ റിലയന്‍സ് നാല് പിവി മൊഡ്യൂള്‍ ലൈനുകള്‍ കമ്മീഷന് ചെയ്തിട്ടുണ്ട്. അതിന്റെ ആദ്യ സെല്‍ ലൈന്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
തടസമില്ലാതെ വൈദ്യുതി
സോളാര്‍ മോഡ്യൂളുകള്‍ക്ക് ഊര്ജോല്പ്പാദനത്തിനാവശ്യമായ സൂര്യപ്രകാശം പകല്‍ സമയത്ത് മാത്രമേ ലഭ്യമാകൂ എന്നതിനാല്‍, 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി വന്‍തോതില്‍ ഊര്‍ജ സംഭരണം സാധ്യമാക്കുന്ന ഒരു ബാറ്ററി എനര്‍ജി സ്റ്റോറേജ് (ബെസ്) ഗിഗാ-ഫാക്ടറി നിര്‍മ്മിക്കുകയാണ് റിലയന്‍സ്. ഈ ഫെസിലിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. 40 ഗിഗാ വാട്ട് അവര്‍ ഉല്‍പ്പാദന ശേഷിയാണ് ഇതിനായി വികസിപ്പിച്ച വരുന്നത്.
പിഎല്‍ഐ ആനുകൂല്യങ്ങള്‍
സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവുകള്‍ (പിഎല്‍ഐ) സജീവമായി പ്രയോജനപ്പെടുത്തിയാണ് റിലയന്‍സ് മുന്നോട്ടുപോകുന്നത്. ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിനും ഇലക്ട്രോലൈറ്റ് നിര്‍മാണത്തിനും നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷനില്‍ നിന്ന് കമ്പനിക്ക് ഇന്‍സെന്റീവുകള്‍ ലഭിച്ചു. സോളാര്‍ മോഡ്യൂള്‍ ഉല്‍പ്പാദനത്തിന് പിഎല്‍ഐ സ്കീം വഴി രണ്ട് ഘട്ടങ്ങളായി 5000 കോടി രൂപയുടെ ഇന്‍സെന്റീവും കമ്പനിക്ക് ലഭിച്ചു.
ഇന്ത്യയുടെ സംശുദ്ധ ഊര്‍ജ്ജ ഭാവി
2032 ഓടെ പ്രതിവര്‍ഷം 3 ദശലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഇലക്ട്രോലൈസറുകള്‍, ബാറ്ററികള്‍ തുടങ്ങിയ നിര്‍ണായക ഘടകങ്ങളുടെ എന്‍ഡ്-ടു-എന്‍ഡ് ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും, ഇന്ത്യയ്ക്ക് സ്വയംപര്യാപ്തവും സുസ്ഥിരവുമായ ഊര്‍ജ്ജ ഭാവിക്ക് അടിത്തറയിടുകയാണ് റിലയന്‍സ്. ഗ്രീന്‍ ഹൈഡ്രജനൊപ്പം ഗ്രീന്‍ അമോണിയ, ഗ്രീന്‍ മെഥനോള്‍, സാഫ് (സുസ്ഥിര വ്യോമയാന ഇന്ധനം) എന്നിവയുടെ നിര്‍മാണത്തിന് ഇവിടെ നിന്നുള്ള ഗ്രീന്‍ എനര്‍ജി റിലയന്‍സ് പ്രയോജനപ്പെടുത്തും. ഇവയുടെയെല്ലാം ഉല്‍പ്പാദനത്തിന് ഹരിതോര്‍ജം അത്യന്താപേക്ഷിതമാണ്. ഹരിതോര്‍ജം ഉപയോഗിച്ച് വെള്ളത്തില്‍ ഇലക്ട്രോളിസിസ് പ്രവര്‍ത്തനം നടത്തിയാണ് ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മിക്കുന്നത്. ഗ്രീന്‍ ഹൈഡ്രജനും അന്തരീക്ഷത്തിലെ നൈട്രജനും ഉപയോഗിച്ചാണ് ഗ്രീന്‍ അമോണിയ നിര്‍മിക്കുന്നത്. വ്യോമയാന ഇന്ധനമായ സാഫിന്റെ ഉല്‍പ്പാദനത്തിനും ഗ്രീന്‍ ഹൈഡ്രജനോ മറ്റ് ഹരിതോര്ജങ്ങളോ ആവശ്യമാണ്.
ഈ ഹരിതോര്‍ജ്ജ ഉല്‍പ്പന്നങ്ങളെല്ലാം ലോകത്തെമ്പാടും കയറ്റിയയക്കാനാണ് റിലയന്‍സിന്റെ പദ്ധതി. റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള കാണ്ട്ല തുറമുഖമായിരിക്കും ഇതിന് സഹായിക്കുക. ഹരിത ഹൈഡ്രജന്റെ ആഗോള വിതരണക്കാരനായി ഇത് ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുമെന്ന് മുകേഷ് അംബാനി പറയുന്നു. 2032 ഓടെ പ്രതിവര്‍ഷം 3 ദശലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്റെ ഉല്‍പ്പാദനമാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.
മുകേഷ് അംബാനിയുടെ പരിസ്ഥിതി സൗഹൃദ ദര്‍ശനത്തിലൂന്നി റിലയന്‍സ് സ്വയം പരിവര്‍ത്തനം ചെയ്യുക മാത്രമല്ല, ലോകത്തെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെ ശക്തികേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം രൂപപ്പെടുത്തുകയും ചെയ്യുന്നു.


