ഒരിക്കല്‍ കൂടി ടൊയോട്ട വാഹന പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നു! നൊസ്റ്റാള്‍ജിയ തട്ടിയുണര്‍ത്തി, ഭാവിയിലേക്ക് കണ്ണെറിഞ്ഞുകൊണ്ട് ഏറെ നാളത്തെ സസ്പെന്‍സ് അവസാനിപ്പിച്ച് ആ വാര്‍ത്ത വന്നിരിക്കുന്നു. ബേബി ലാന്‍ഡ് ക്രൂയിസര്‍ വരുന്നു! അടുത്തവര്‍ഷം പകുതിയോടെ ജപ്പാനില്‍ കുഞ്ഞന്‍ ലാന്‍ഡ് ക്രൂയിസര്‍ പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു. ഒക്ടോബര്‍ 30ന് നടക്കുന്ന ജപ്പാന് മോണ്ബിലിറ്റി ഷോയില്‍ ആദ്യമായി ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ FJയെ ലോകം കാണും.
കമ്പനിയുടെ ഐതിഹാസിക മോഡലായ ലാന്‍ഡ് ക്രൂയിസറിന്റെ പൈതൃകം നിലനിര്‍ത്തിക്കൊണ്ട് കുഞ്ഞന്‍ ലാന്‍ഡ് ക്രൂയിസറാണ് (Baby Land Cruiser) വരാന്‍ പോകുന്നത്. ലാന്‍ഡ് ക്രൂയിസര്‍ FJ എന്ന പേരിലായിരിക്കും കക്ഷി പുറത്തിറങ്ങുക. കാഴ്ചയില്‍ ലാന്‍ഡ് ക്രൂയിസറിന്റെ കുഞ്ഞനെ പോലെ തോന്നുന്നത് കൊണ്ടാണ് ബേബി ലാന്‍ഡ് ക്രൂയിസറെന്ന പേര്. പരുക്കന്‍ പരിവേഷം നിലനിര്‍ത്തിക്കൊണ്ട്, ഒതുങ്ങിയ ലുക്കില്‍ വരുന്ന ബേബി ലാന്‍ഡ് ക്രൂയിസര്‍ കീശയിലൊതുങ്ങുന്ന ലാന്‍ഡ് ക്രൂയിസറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മോഡേണ്‍ ക്ലാസിക്ക് ബ്ലെന്‍ഡ്
1960-കളിലെ ടൊയോട്ടയുടെ സൂപ്പര്‍ഹിറ്റ് മോഡലായ FJ40യുടെ തെറ്റില്ലാത്ത പകര്‍പ്പായിരിക്കും പുതിയ FJ. ബോക്സി ലുക്കില്‍, കിടിലന്‍ ഓഫ്റോഡ് അനുഭവമായിരിക്കും കുഞ്ഞന്‍ ലാന്‍ഡ് ക്രൂയിസറും നല്‍കുക. FJ-യെ ടൊയോട്ടുയുടെ ഐതിഹാസിക മോഡലാക്കിയ ടഫ് ലുക്കും, സര്‍ക്കുലാര്‍ LED ഹെഡ്ലാമ്പുകളും ഫ്ളാറ്റ് ബോണറ്റും സ്ക്വയര്‍ ആകൃതിയിലെ വീല്‍ ആര്‍ക്കുകളും പുറകിലെ മൗണ്ടഡ് സ്പെയര്‍ വീലും ബേബി ലാന്‍ഡ് ക്രൂയിസറിന് ആ പഴയ FJ പ്രതാപം നല്കുന്നു. അതേസമയം ഒതുങ്ങിയ LED ലൈറ്റിംഗും സ്കള്‍പ്റ്റഡ് പാനലും പ്രീമിയം ഡീറ്റൈലിംഗും ബേബി ലാന്‍ഡ് ക്രൂയിസറിന് മോഡേണ്‍ ലുക്കും നല്കുന്നു.
ടൊയോട്ടയുടെ TNGA-F പ്ലാറ്റ്ഫോമിലാണ് ലാന്‍ഡ് ക്രൂയിസര്‍ FJ നിര്‍മ്മിച്ചിരിക്കുന്നത്. ലാന്‍ഡ് ക്രൂയിസര്‍ 300, പ്രാഡോ എന്നിവയെ വേറിട്ട് നിര്‍ത്തുന്ന ബോഡി-ഓണ്‍- ഫ്രെയിം ഘടന അത്യുഗ്രന്‍ ഓഫ് റോഡ് പ്രകടനം ഉറപ്പുനല്‍കുന്നു. ടഫ് ലുക്കിലെ ചെറിയൊരു എസ്യുവി എന്ന് ബേബി ലാന്‍ഡ് റോവറിനെ കുറച്ചുകാണേണ്ട, സാഹസികതയ്ക്ക് നിങ്ങളുടെ ഒപ്പം നില്ക്കുന്ന തരത്തിലാണ് ടൊയോട്ട ഈ കുഞ്ഞനെ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
പെര്‍ഫോമന്‍സ്, പവര്‍
വണ്ടിയുടെ പവര്‍ സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും ടൊയോട്ടയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെങ്കിലും 2.4 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആയിരിക്കും ബേബി ലാന്‍ഡ് ക്രൂയിസറിലെന്നാണ് ആഗോള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ ടൊയോട്ട ടകോമയിലും പ്രാഡോയിലും ഇതാണ്. ഓഫ്റോഡ് ടോര്‍ക്കിനും കാര്യക്ഷമമായ ദൈനംദിന ഉപയോഗത്തിനും ഇടയിലെ ബാലന്‍സ് ഉറപ്പാക്കാന്‍ ഈ സെറ്റപ്പിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫ് റോഡര്‍ ഇമേജും അതേസമയം ഇലക്ട്രിക് വാഹനമെന്ന ഭാവിയും ഒന്നിച്ചുകൊണ്ടുവരാന്‍ ടൊയോട്ട ശ്രമിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ ബേബി ലാന്‍ഡ് ക്രൂയിസര്‍.
ലോ-റേഞ്ച് ഗിയറിംഗോടുകൂടിയ ഓള്-വീല്‍-ഡ്രൈവ് സിസ്റ്റവും നൂതനമായ ട്രാക്ഷന്‍ മാനേജ്മെന്റും പഴയ FJയുടെ ഓഫ് റോഡ് അനുഭവം തന്നെ ബേബി ലാന്‍ഡ് ക്രൂയിസര്‍ നല്‍കുമെന്നാണ് വാഹനപ്രേമികളുടെ കണക്കുകൂട്ടല്‍.
ഇന്റീരിയര്‍, സാങ്കേതികവിദ്യ
ഉള്ളില്‍ പ്രവര്‍ത്തനത്തിലും ഈടിലും ലാന്‍ഡ് ക്രൂയിസറിന്റെ പാരമ്പര്യം തന്നെയാകും FJയും നിലനിര്‍ത്തുക. വലിയ ഫിലിക്കല്‍ കണ്ട്രോളുകള്, ഈസി ക്ലീനിംഗ് പ്രതലങ്ങള്‍, അപ്റൈറ്റ് ഡാഷ്ബോര്‍ഡ് എന്നീ രീതിയില്‍ റഗ്ഗ്ഡ് സിംപ്ലിസിറ്റി (ലളിതമായ പരുഷലുക്ക്) എന്ന ഫിലോസഫിയിലാണ് ബേബി ലാന്‍ഡ് ക്രൂയിസര്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ആധുനിക സൗകര്യങ്ങളില്‍ ഒരു പിശുക്കും വണ്ടിയിലുണ്ടാകില്ല. വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ്സ് സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, ടൊയോട്ടയുടെ ഏറ്റവും പുതിയ സേഫ്റ്റി സെന്‍സ് സ്യൂട്ട് എന്നിവയും കുഞ്ഞന്‍ ലാന്‍ഡ് ക്രൂയിസറില്‍ ഉണ്ടാകും.
ഗ്ലോബല്‍ പൊസിഷനിംഗ്, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി
ബേബി ലാന്‍ഡ് ക്രൂയിസറിന്റെ ആഗോള പൊസിഷനിംഗ് വളരെ നിര്‍ണ്ണായകമാണ്. കോംപാക്റ്റ് അഡ്വെഞ്ചര്‍ SUV വിഭാഗത്തില്‍ കൂടുതല്‍ കരുത്തരാകാനുള്ള ടൊയോട്ടയുടെ ശ്രമത്തിന്റെ ഭാഗമാണ് ബേബി ലാന്‍ഡ് ക്രൂയിസര്‍. ഫോര്‍ഡ് ബ്രോണ്‍കോ സ്പോര്‍ട്ട്, ജീപ്പ് റാന്‍ഗ്ലര്‍ 4xe, സുസുക്കി ജിമ്മി എന്നീ കാറുകളാണ് ഈ ശ്രേണിയില്‍ ഇപ്പോള്‍ വിലസുന്നത്. ചെറിയ, താരതമ്യേന കുറഞ്ഞ വിലയിലുള്ള ഓഫ്-റോഡ് വണ്ടി പുറത്തിറക്കുന്നതിലൂടെ തനതായ 4X4 അനുഭവം തേടുന്ന യുവാക്കളായ വാഹനപ്രേമികളെയാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.
ഇന്ത്യയിലേക്ക് എപ്പോഴെത്തും
ഇന്ത്യയിലെ SUV പ്രേമികള്‍ കാത്തിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. ഇന്ത്യയില്‍ കോംപാക്റ്റ് അര്‍ബന്‍ ക്രൂയിസര്‍ ഹൈര്ദര് മുതല്‍ ലാന്‍ഡ് ക്രൂയിസര്‍ 300 വരെയുള്ള വണ്ടികളാണ് ടൊയോട്ട വില്‍ക്കുന്നത്. എന്നാല്‍ ഫോര്‍ച്യൂണറിനും അള്‍ട്രാ ലക്ഷ്വറി LC300 നും ഇടയില്‍ വലിയൊരു വിടവ് ഉണ്ട്. ഇവിടെ പുതിയ FJ കൃത്യമായിരിക്കും.
അതേസമയം ഇന്ത്യയില്‍ ബേബി ലാന്‍ഡ് ക്രൂയിസര്‍ പുറത്തിറങ്ങുന്നതിന് വെല്ലുവിളികള്‍ ഇല്ലാതില്ല. നിര്‍മ്മാണം പൂര്‍ത്തിയായ രീതിയില്‍ ഇറക്കുമതി ചെയ്താല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം വില 45 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയില്‍ പോകാനിടയുണ്ട്. ഇത് മറികടക്കാന്‍ ടൊയോട്ട പ്രാദേശികമായി വാഹനം അസംബ്ലി ചെയ്യുകയോ പ്രാദേശിക നിര്‍മ്മാണത്തെ കുറിച്ച് ചിന്തിക്കുകയോ വേണ്ടിവരും.
ഇന്ത്യയില്‍ ലൈഫ്സ്റ്റൈല്‍ SUV കള്‍ക്ക് ഡിമാന്‍ഡ് ഉയരുകയാണ്. ഥാര്‍, ജിമ്മി എന്നിവയുടെ വിജയവും ജനസ്വീകാര്യതയും തന്നെ ഉദാഹരണം. ഓഫ്-റോഡ് വിഭാഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളും പുറത്തിറങ്ങാനിരിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വിപണി ബേബി ലാന്‍ഡ് ക്രൂയിസറിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് തന്നെ കരുതണം.
ടൊയോട്ടയ്ക്ക് നിര്‍ണ്ണായകം ഈ കുഞ്ഞന്‍
ആഗോളതലത്തില്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ ബ്രാന്‍ഡിന് കീഴിലായി SUV ശ്രേണിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. ബേബി ലാന്‍ഡ് ക്രൂയിസറിനെ പ്രാഡോയ്ക്കും LC300നും അനുപൂരകമായാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇതിലൂടെ ഓഫ്-റോഡ് വിഭാഗത്തിലും ഇലക്ട്രിക് വാഹന വിഭാഗത്തിലും സാന്നിധ്യം വിപുലപ്പെടുത്തുകയാണ് കമ്പനി. കീശ കാലിയാകാതെ ലാന്‍ഡ് ക്രൂയിസര്‍ റൈഡിംഗ് അനുഭവം ആഗ്രഹിക്കുന്നവരെയാണ് കമ്പനി ലക്ഷ്യമിടുന്നത്.
FJ ക്രൂയിസര്‍ അഥവാ ബേബി ലാന്‍ഡ് ക്രൂയിസര്‍ നൊസ്റ്റാള്‍ജിയയ്ക്കും അപ്പുറമാണ്. ആഗോളതലത്തില്‍ SUV വിഭാഗത്തില്‍ കരുത്ത് കൂട്ടുക എന്ന ലക്ഷ്യത്തിലാണ് ടൊയോട്ട ഈ വാഹനം അവതരിപ്പിക്കുന്നത്. പാരമ്പര്യം, നൂതന എഞ്ചിനീയറിംഗ്, ഹൈബ്രിഡ് സാങ്കേതികവിദ്യ എന്നിവയിലൂടെ ലാന്‍ഡ് ക്രൂയിസര്‍ തറവാട്ടില്‍ നിന്നുള്ള അടുത്ത തലമുറയായിരിക്കും ഈ കുഞ്ഞന്‍ എന്ന് കരുതാം


