ലംബോര്‍ഗിനി എന്ന പേര് കേള്‍ക്കുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളില്‍ നിരത്തിലൂടെ ചീറിപ്പാഞ്ഞുപോകുന്ന, കാണാന്‍ നല്ല ചന്തമുള്ള ഒരു സൂപ്പര്‍ കാര്‍ അല്ലേ മനസ്സില്‍ വരുന്നത്. സാംസങ് എന്ന് കേള്‍ക്കുമ്പോള്‍ സ്മാര്‍ട്ട്ഫോണുകളും ഇലക്ട്രോണിക്സ് സാധനങ്ങളും നോക്കിയ എന്ന് കേള്‍ക്കുമ്പോള്‍ ഒരു കാലഘട്ടത്തെ അടക്കിഭരിച്ച കുഞ്ഞന്‍ മൊബീല്ഫോണുകളും മനസ്സില്‍ വരുന്നത് സ്വഭാവികമാണ്. കാരണം നമുക്ക് ആ കമ്പനികളെ അറിയുന്നത് അവരുടെ ഈ ഉല്‍പ്പന്നങ്ങളിലൂടെയാണ്. എന്നാല്‍ ഈ കമ്പനികളുടെയൊന്നും തുടക്കം അവരെ പ്രശസ്തരാക്കിയ ഇത്തരം ഉല്‍പ്പന്നങ്ങളിലൂടെ ആയിരുന്നില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. അത് സത്യമാണ്, ഒരേസമയം അമ്പരപ്പും അതേസമയം സംരംഭകര്‍ക്ക് വളരെ പ്രചോദനവും നല്കുന്ന വളരെ ലളിതമായ തുടക്കമാണ് ഇന്ന് ലോകത്തില്‍ അറിയപ്പെടുന്ന പല കമ്പനികള്‍ക്കും ഉണ്ടായിരുന്നത്. ഒരു ഉല്‍പ്പന്നം കൊണ്ട് ബിസിനസ് വിജയിപ്പിക്കുക എന്നതല്ല, പുതിയ ആശയങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ചുകൊണ്ടിരിക്കുക എന്നതാണ് ഒരു ബിസിനസിന്റെ വിജയരഹസ്യം എന്ന വസ്തുതയാണ് ഈ ബിസിനസുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
- ട്രാക്ടറില്‍ നിന്ന് സൂപ്പര്‍കാറിലേക്ക് എത്തിയ ലംബോര്‍ഗിനി
- ടോയ്ലെറ്റ് പേപ്പറും റബ്ബറും പരീക്ഷിച്ച് ഫോണിലെത്തിയ നോക്കിയ
- ഉണക്കമീനില്‍ തുടങ്ങിയ സാംസങിന്റെ ഡിജിറ്റല്‍ വിപ്ലവം
- ഫേഷ്യല്‍ ക്രീമില്‍ തുടങ്ങിയ LG
- റൈസ് കുക്കറില്‍ പരാജയപ്പെട്ട സോണി
- ടൊയോട്ടയുടെ തയ്യല്‍ മെഷീന്
- പെന്നിലൂടെ ഫര്‍ണിച്ചറിലേക്ക് കളം മാറിയ ഐക്കിയ
- പൊരുത്തപ്പെടുക, വളരുക, ശക്തിപ്പെടുക
- ആധുനിക സംരംഭകര്‍ക്കുള്ള പാഠം
- English Summary
ലോകത്തില്‍ ഇന്ന് അറിയപ്പെടുന്ന കമ്പനികളുടെ വളരെ രസകരമായ ചില തുടക്കങ്ങളെ കുറിച്ച് അറിയാം, അതില്‍ നിന്നും സംരംഭകര്‍ പഠിക്കേണ്ട പാഠങ്ങളും അറിയാം.
ട്രാക്ടറില്‍ നിന്ന് സൂപ്പര്‍കാറിലേക്ക് എത്തിയ ലംബോര്‍ഗിനി
ഇറ്റാലിയന്‍ മെക്കാനിക്കും സംരംഭകനുമായ ഫെറൂഷിയോ ലംബോര്‍ഗിനി 1948ലാണ് ട്രാക്ടറുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. ബാക്കിവന്ന മിലിട്ടറി ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. ലംബോര്‍ഗിനി ട്രട്ടോറി എന്ന അദ്ദേഹത്തിന്റെ കമ്പനി 1960കളുടെ തുടക്കത്തില്‍ ഇറ്റലിയിലെ പ്രീമിയര്‍ കാര്‍ഷികോപകരണ നിര്‍മ്മാതാക്കളായി. അതിനിടെ ഫെറാറി കാറിന്റെ ക്ലച്ചിന്റെ തകരാറിനെ കുറിച്ച് പറഞ്ഞ ഫെറീഷിയോ ലംബോര്‍ഗിനിയെ എന്‍സോ ഫെറാറി ആക്ഷേപിച്ചു. ഇതില്‍ പ്രകോപിതനായ ഫെറീഷിയോ 1963-ല്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മ്മാണത്തിലേക്ക് ഇറങ്ങി. 350 GT ആയിരുന്നു ആദ്യ മോഡല്‍. അതിനുശേഷം നിരവധി ക്ലാസിക് മോഡസലുകള്‍ കമ്പനി ഇറക്കി. പിന്നീട് ലോകം കണ്ടത് ഓട്ടോമോട്ടീവ് രംഗത്ത് ലംബോര്‍ഗിനി പുതുചരിത്രമെഴുതുന്നതാണ്.
ടോയ്ലെറ്റ് പേപ്പറും റബ്ബറും പരീക്ഷിച്ച് ഫോണിലെത്തിയ നോക്കിയ
വളരെ അമ്പരപ്പിക്കുന്ന തുടക്കമാണ് ഒരു കാലത്ത് മൊബീല്‍ഫോണിന്റെ പര്യായമായിരുന്ന നോക്കിയയുടേതും. 1865-ല്‍ ഫിന്‍ലന്‍ഡുകാരനായ എഞ്ചിനീയര്‍ ഫ്രെഡറിക് ഇഡെസ്റ്റാം ആണ് നോക്കിയയ്ക്ക് തുടക്കമിട്ടത്. ടോയ്ലെറ്റ് പേപ്പറും കാര്‍ഡ്ബോര്‍ഡും നിര്‍മ്മിക്കുന്ന പള്‍പ്പ് മില്‍ ആയിട്ടായിരുന്നു തുടക്കം. പിന്നീട് റബ്ബര്‍ ബൂട്ടുകളിലേക്കും കേബിളുകളിലേക്കും കമ്പനി ചുവടുമാറ്റി. ടെലികമ്മ്യൂണിക്കേഷന്‍ മേഖല കൂടുതല്‍ വികാസം പ്രാപിച്ച കാലയളവില്‍ നോക്കിയ വീണ്ടും കാലത്തിനൊത്ത പരിഷ്കാരം നടപ്പിലാക്കി. മൊബീല്ഫോണെന്നാല് നോക്കിയ എന്ന രീതിയില്‍ നോക്കിയയുടെ പ്രതിച്ഛായ മാറി. നിരന്തരമായി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് കാലോചിതമായി മാറ്റങ്ങള്‍ കൊണ്ടുവന്ന കമ്പനിയെന്ന നിലയില്‍ നോക്കിയയുടെ ചരിത്രം സംരംഭകര്‍ പഠിക്കേണ്ട ഒന്നുതന്നെയാണ്.
ഉണക്കമീനില്‍ തുടങ്ങിയ സാംസങിന്റെ ഡിജിറ്റല്‍ വിപ്ലവം
1938-ല്‍ ദക്ഷിണകൊറിയയില്‍ ഉണക്കമീനും പഴങ്ങളും ന്യൂഡില്‍സും അടക്കം പലചരക്കുസാധനങ്ങള്‍ വ്യാപാരം ചെയ്തിരുന്ന ഒരു ട്രേഡിംഗ് കമ്പനി ആയിട്ടായിരുന്നു സാംസങിന്റെ തുടക്കം. ലീ ബ്യുങ്-ചുള് ആയിരുന്നു കമ്പനിയുടെ സ്ഥാപകന്‍. പക്ഷേ ദശാബ്ദങ്ങള്‍ക്കുള്ളില്‍ കമ്പനി വളര്‍ന്നു. ടെക്സ്റ്റൈല്‍സ്, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ പേരെടുത്ത ശേഷം ഇലക്ട്രോണിക്സിലേക്ക് രംഗപ്രവേശം ചെയ്തു. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക്നോളജി കമ്പനികളിലൊന്നാണ് സാംസങ് എന്ന് പറയേണ്ടതില്ലല്ലോ. പുതിയ മേഖലകളിലേക്ക് രംഗപ്രവേശം ചെയ്യാനും പരീക്ഷണങ്ങള്‍ നടത്താനും ബിസിനസുകള്‍ക്ക് മടിയുണ്ടാകരുത് എന്നതിന് ഉദാഹരണമാണ് സാംസങിന്റെ വളര്‍ച്ച.
ഫേഷ്യല്‍ ക്രീമില്‍ തുടങ്ങിയ LG
ഇന്ന് ടെലിവിഷനും വാഷിംഗ് മെഷീനും അടക്കം ഗൃഹോപകരണങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡ് ആയി അറിയപ്പെടുന്ന ദക്ഷിണ കൊറിയന്‍ കമ്പനിയായ LG 1947-ല്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ”Lak-Hui’ (ലക്കി എന്നാണ് ഉച്ചാരണം) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മുഖത്ത് തേക്കുന്ന ലേപനങ്ങളും വീട്ടുസാധനങ്ങളും ആയിരുന്നു ഉല്‍പ്പന്നങ്ങള്‍. പിന്നീട് ഈ കമ്പനി ഇലക്ട്രോണിക്സ് കമ്പനിയായ ഗോള്ഡ്സ്റ്റാറുമായി ലയിച്ചു. അങ്ങനെയാണ് LG ഉണ്ടാകുന്നത്. ആദ്യകാലത്ത് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളിലായിരുന്നു കമ്പനിയുടെ ശ്രദ്ധ. പിന്നീട്, വീട്ടുപകരണങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയിലേക്ക് ചുവടുമാറ്റുകയും ഈ രംഗത്തെ അതികായരായി മാറുകയുമായിരുന്നു.
റൈസ് കുക്കറില്‍ പരാജയപ്പെട്ട സോണി
1940കളുടെ അവസാനങ്ങളില്‍ തുടങ്ങിയ സോണിയുടെ ആദ്യ ഉല്‍പ്പന്നം ഇലക്ട്രിക് റൈസ് കുക്കര്‍ ആയിരുന്നു. പക്ഷേ അരി വേവുന്നതിന് പകരം കരിയുന്നത് കൊണ്ട് ഈ ഉല്‍പ്പന്നം അമ്പേ പരാജയപ്പെട്ടു. പക്ഷേ കമ്പനി സ്ഥാപകരായ മസാരു ഇബുകയും അകിയോ മോറിട്ടയും തകര്‍ന്നില്ല. അവര്‍ വീണ്ടും പരീക്ഷണങ്ങള്‍ നടത്തി, പുതിയ അറിവുകള്‍ നേടി, ഇലക്ട്രോണിക്സ് മേഖലയിലേക്ക് രംഗപ്രവേശം നടത്തി. വര്‍ഷങ്ങള്‍ക്കുള്ളില്‍ ജപ്പാനിലെ ആദ്യത്തെ ടേപ്പ് റിക്കോര്‍ഡര്‍ നിര്‍മ്മിച്ച് സോണി പേരെടുത്തു. ശേഷം ടെലിവിഷന്‍, വാക്ക്മാന്, പ്ലേസ്റ്റേഷന്സ് എന്നിവയിലൂടെ സോണി ലോകത്തില്‍ വിനോദാനുഭവങ്ങളുടെ പുതിയ പേരായി മാറി. പക്ഷേ പരാജയപ്പെട്ട ആദ്യ ഉല്‍പ്പന്നമായിരുന്നു അവരുടെ വിജയത്തിലേക്കുള്ള ആദ്യപടി.
ടൊയോട്ടയുടെ തയ്യല്‍ മെഷീന്
ടൊയോട്ട ഇന്ന് പലരുടെയും ഇഷ്ട ഓട്ടോ ബ്രാന്‍ഡ് ആണ്. പക്ഷേ കാറുകള്‍ക്ക് മുമ്പ് ടൊയോട്ട അറിയപ്പെട്ടിരുന്നത് ഒരു ടെക്സ്റ്റൈല്‍ കമ്പനി ആയിട്ടാണ്. സാകിച്ചി ടോയോഡ ആണ് ടൊയോട്ട സ്ഥാപിച്ചത്. ഓട്ടോമാറ്റിക് തയ്യല്‍ യന്ത്രം അവതരിപ്പിച്ച് നെയ്ത്തില്‍ പുതിയ വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ടൊയോട്ട. സാകിച്ചി ടൊയോഡയുടെ മകന് കിചിരോ ടൊയോഡ കമ്പനിയുടെ എഞ്ചിനീയറിംഗ് മികവ് മുതല്‍ക്കൂട്ടാക്കി ഓട്ടോമൊബീല്‍ നിര്‍മ്മാണത്തിലേക്ക് കടക്കുകയായിരുന്നു. മെക്കാനിക്കല്‍ രംഗത്തെ ശേഷികള്‍ പുതിയൊരു മേഖലയില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ അറിയപ്പെടുന്ന വാഹനനിര്മ്മാതാക്കളായി ടൊയോട്ട മാറി.
പെന്നിലൂടെ ഫര്‍ണിച്ചറിലേക്ക് കളം മാറിയ ഐക്കിയ
പെന്‍, പേഴ്സ്, സോക്സ് പോലുള്ള ചെറിയ വീട്ടുപകരണങ്ങള്‍ വിറ്റുപോന്നിരുന്ന ഐക്കിയ 1943ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്‍ഗ്വര്‍ കംപ്രാഡ് ആയിരുന്നു കമ്പനിയുടെ സ്ഥാപകന്‍. അഞ്ചുവര്‍ഷം വരെ അവര്‍ ഈ രംഗത്ത് തുടര്‍ന്ന്. അതിനുശേഷമാണ് ഫര്‍ണിച്ചര്‍ രംഗത്തേക്ക് ഐക്കിയ പ്രവേശിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഐക്കിയയുടെ ഫര്‍ണിച്ചര്‍ ഇഷ്ടപ്പെട്ടു. എളുപ്പത്തില്‍ കൂട്ടിയോജിപ്പിക്കാവുന്ന തരത്തിലുള്ള ഫര്‍ണിച്ചര്‍ (flat-packed) ആഗോളതലത്തില്‍ തന്നെ തരംഗമായി. ഇന്ന് 60 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഫര്‍ണിച്ചര്‍ ബ്രാന്‍ഡ് ആണ് ഐക്കിയ. പക്ഷേ അവരുടെ ആദ്യ ഉല്‍പ്പന്നം ഫര്‍ണിച്ചര്‍ ആയിരുന്നില്ലതാനും.
പൊരുത്തപ്പെടുക, വളരുക, ശക്തിപ്പെടുക
മേല്‍പ്പറഞ്ഞ കമ്പനികളെല്ലാം ഇന്ന് ലോകത്തെ അറിയപ്പെടുന്ന കമ്പനികളാണ്. പക്ഷേ കാലങ്ങള്‍ കൊണ്ടാണ് അവര്‍ അവരുടെ ഉല്‍പ്പന്ന നിര വിപുലപ്പെടുത്തിയതും ഇന്ന് കാണുന്നത് പോലെ അവരുടെ മേഖലയില്‍ ആധിപത്യമുണ്ടാക്കിയതും. വളരെ ലളിതമായ ആദ്യ ഉല്‍പ്പന്നങ്ങളില്‍ നിന്നും ആഗോളതലത്തില്‍ അറിയപ്പെടുന്ന രീതിയിലേക്ക് അവര്‍ വളര്‍ന്നത് സംരംഭകര്‍ക്ക് ഏറ്റവും ആവശ്യമായ മൂന്ന് കഴിവുകള്‍ – പൊരുത്തപ്പെടല്‍, കണ്ടുപിടിത്തം, ദാര്‍ശനികമായ ചിന്തകള്‍ എന്നിവ അവര്‍ക്കുണ്ട് എന്നതിന് തെളിവാണ്.
ഇവരുടെ ആരുടെയും ആദ്യ ഉല്‍പ്പന്നങ്ങളല്ല അവരെ പ്രശസ്തരാക്കിയത്. അവര്‍ ലോകത്തിന്റെ മാറ്റം നിരീക്ഷിച്ചു, സാങ്കേതികവിദ്യയിലെ മാറ്റം അറിഞ്ഞു, വിപണിയുടെ ഒഴുക്ക് അറിഞ്ഞു, അതിനൊത്ത് അവരുടെ മനം മാറി, ഉല്‍പ്പന്നങ്ങള്‍ മാറി.
ഓരോ ഉദ്യമങ്ങള്‍ക്കും അതിന്റേതായ റിസ്കുകള്‍ ഉണ്ടായിരുന്നു. ട്രാക്ടറില്‍ നിന്നും ആഡംബര കാറുകളിലേക്കും പേപ്പറില്‍ നിന്ന് ടെലികോമിലേക്കും റൈസ് കുക്കറില്‍ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളിലേക്കും മാറുമ്പോള്‍ വിജയം ഉറപ്പായിരുന്നില്ല. പക്ഷേ മാറ്റത്തിനായി അവര്‍ കാണിച്ച ധൈര്യം ആണ് ചരിത്രത്താളുകളില്‍ നിന്നും മറഞ്ഞുപോയ മറ്റ് കമ്പനികളില്‍ നിന്ന് അവരെ വ്യത്യസ്തരാക്കുന്നത്.
പുതിയ കണ്ടെത്തലുകള്‍ നടത്തുക എന്നാല്‍ തങ്ങളുടെ ശേഷികളെ കൂടുതല്‍ വിനിയോഗിക്കുക എന്നുകൂടിയാണ്. ടൊയോട്ട തങ്ങളുടെ എഞ്ചിനീയറിംഗ് വൈഭവവും നോക്കിയ നിര്‍മ്മാണ പാടവവും LG ഉപഭോക്താക്കളെ മനസ്സിലാക്കാനുള്ള കഴിവും വേണ്ടവിധം വിനിയോഗിച്ചു.
ആധുനിക സംരംഭകര്‍ക്കുള്ള പാഠം
ലോകം ഇന്ന് അതിവേഗമാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കൂണുപോലെ മുളച്ചുപൊന്തുന്ന സ്റ്റാര്‍ട്ടപ്പുകളും വ്യാപാരയുദ്ധങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞ ഇക്കാലത്ത് മേല്‍പ്പറഞ്ഞ കഥകള്‍ കൂടുതല്‍ പ്രസക്തമാണ്. ആദ്യ ദിവസം മുതല്‍ എല്ലാം ശരിയായി പോകുമെന്ന് പ്രതീക്ഷിക്കുകയും അല്ലാതെ വരുമ്പോള്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുകയും ചെയ്യുന്നവരാണ് ഇന്നത്തെ സംരംഭകര്‍. പക്ഷേ പല വലിയ കമ്പനികളുടെയും തുടക്കം അവരുടെ ഇന്ന് കാണുന്ന രൂപത്തില്‍ ആയിരുന്നില്ല. തുടക്കമല്ല, അതിനുശേഷം ഉണ്ടാകുന്ന അനുഭവങ്ങളും അവ നല്കുന്ന പാഠങ്ങളും, അവസരം വരുമ്പോള്‍ പുതിയ മേഖലകളിലേക്ക് കടക്കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനുമുള്ള ധൈര്യവും ആണ് ഒരു സംരംഭത്തെ വിജയത്തിലെത്തിക്കുന്നത്.
ഒരു ഉല്‍പ്പന്നം പരാജയപ്പെട്ടു എന്നുകരുതി നിരാശരാകേണ്ടതില്ല. പുതിയ ഒരു ഉല്‍പ്പന്നം കണ്ടെത്തുന്നതിനുള്ള വിത്തായി മാറാം ആ പരാജയ അനുഭവം. ഒരു ചെറിയ പലചരക്ക് കടയ്ക്ക് സാംസങിനെ പോലെ വലിയൊരു ടെക് കമ്പനിയായും ഒരു പേപ്പര്‍മില്ലിന് ടെലികോം ബ്രാന്‍ഡ് ആയും റൈസ് കുക്കര്‍ കമ്പനിക്ക് സോണിയെ പോലെ നൂതന ആശയങ്ങളുടെ പ്രമുഖ കമ്പനിയായും മാറാമെങ്കില്‍ ഇച്ഛാശക്തിയും മാറാനുള്ള മനസ്സും ഉണ്ടെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഏത് സംരംഭകര്‍ക്കും കഴിയും.
വിപണികള്‍ ഇന്ന് മാറ്റങ്ങളുടെ ലോകത്താണ്. എഐ, കാലാവസ്ഥ സാങ്കേതികവിദ്യ, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ ആശയങ്ങള്‍ വിപണികളെ മാറ്റത്തിലൂടെ കൊണ്ടുപോകുകയാണ്. അടുത്ത ദശാബ്ദത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന കമ്പനികള്‍ ഇന്ന് തികച്ചും വ്യത്യസ്തമായ ഒരു ഉല്പ്പനവുമായി ഇവിടെ തന്നെ ഉണ്ടായിരിക്കും. ഭാവി പ്രവചിക്കുക എന്നതല്ല വിജയരഹസ്യം, ഭാവിക്കായി തയ്യാറെടുക്കുക എന്നതാണ്.
ഉണക്കമീനില്‍ നിന്ന് ഡിജിറ്റല്‍ ചിപ്പുകളിലേക്കും തയ്യല്‍ മെഷീനില്‍ നിന്ന് ഹൈബ്രിഡ് എഞ്ചിന് കാറുകളിലേക്കും വളര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ വിജയമാതൃകകളായ കമ്പനികള്‍ ആരെങ്കിലും തെളിച്ച വഴിയിലൂടെ പോകുകയല്ല ചെയ്തത് അവര്‍ അവരുടേതായ വഴി വെട്ടിത്തെളിച്ചു. മാറ്റത്തെ ഉള്‍ക്കൊണ്ട് മാറാന്‍ ധൈര്യം കാണിച്ചു.
ഓരോ തുടക്കവും അത് എത്ര ചെറുതാണെന്നിരിക്കിലും അപ്രതീക്ഷിതമാണെന്നിരിക്കിലും മഹത്തായ ആശയമായി മാറാനുള്ള ഒരു അവസരമാണ്. എവിടെ നിന്ന് തുടങ്ങുന്ന എന്നതല്ല, കാലോചിതമായി മാറാന്‍ എത്ര ധൈര്യം കാണിക്കുന്നു എന്നതാണ് സംരംഭകരുടെ വിജയം നിര്‍ണ്ണയിക്കുന്ന പ്രധാനഘടകം.


