കടക്കെണിയിലേക്ക് കൂപ്പുകുത്തി ഇന്ത്യയിലെ സംസ്ഥാനങ്ങള്‍. ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ കടം മൂന്നിരട്ടിയായി പെരുകിയെന്ന് ആശങ്കപ്പെടുത്തുന്ന സിഎജി റിപ്പോര്‍ട്ട്. ഇതാദ്യമായാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) ഇത്തരമൊരു അവലോകനം നടത്തുന്നത്. 2013-14 കാലയളവിനെ അപേക്ഷിച്ച് 2022-23 കാലയളവില്‍ സംസ്ഥാനങ്ങളുടെ കടം 17.57 കോടി രൂപയില്‍ നിന്നും 59.60 ലക്ഷം കോടി രൂപയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്തുവര്‍ഷത്തിനിടെ കടത്തില്‍ 3.3 മടങ്ങായി ഉയര്‍ന്നു. ഇത്തരത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ കാര്‍ന്നുതിന്നുകയാണ് കടം.
മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കടം 2013-14 കാലഘട്ടത്തിലെ 16.66 ശതമാനത്തില്‍ നിന്നും 2023-2024 ആയപ്പോള്‍ 23 ശതമാനമായാണ് ഉയര്‍ന്നത്. സംസ്ഥാന ധന സെക്രട്ടറിമാരുടെ യോഗത്തിലാണ് സിഎജി സഞ്ജയ് മൂര്‍ത്തി ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കടത്തില്‍ മുന്നില്‍ ആരെല്ലാം
എല്ലാ സംസ്ഥാനങ്ങളും ഒരുപോലെ കടക്കെണിയില്‍ വീണുകിടക്കുന്നില്ല. 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പഞ്ചാബ് രാജ്യത്തെ ഏറ്റവും കടമുള്ള സംസ്ഥാനമായി മാറി. പഞ്ചാബിന്റെ കടം-ജിഎസ്ഡിപി അനുപാതം 40 ശതമാനമാണ്. നാഗലാന്‍ഡ് – 37.1 ശതമാനം, പശ്ചിമ ബംഗാള്‍ – 33.70 ശതമാനം എന്നിവരാണ് പിന്നാലെ. അതേസമയം കടം-ജിഎസ്ഡിപി അനുപാതം ഏറ്റവും കുറവ് ഒഡീഷയിലാണ്-8.45 ശതമാനം. മഹാരാഷ്ട്ര- 14.64 ശതമാനം, ഗുജറാത്ത് – 16.37 ശതമാനം എന്നീ സംസ്ഥാനങ്ങളും കടത്തില്‍ പിന്നിലാണ്.
മൊത്തത്തില്‍ എട്ട് സംസ്ഥാനങ്ങളിലാണ് പൊതുകടം ജിഎസ്ഡിപിയുടെ 30 ശതമാനത്തിന് മുകളിലുള്ളത്. ആറ് സംസ്ഥാനങ്ങളില്‍ അത് 20 ശതമാനത്തില്‍ താഴെയും ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുമാണ്. 2023ലെ കണക്കനുസരിച്ച് സംസ്ഥാനങ്ങളുടെ സംയോജിത കടം ഇന്ത്യയുടെ ജിഡിപിയുടെ 22.17 ശതമാനമാണ്.




