ആഗോള അനിശ്ചിതാവസ്ഥകള്‍ക്കിടയില്‍ രണ്ട് മാസത്തെ തിരുത്തല്‍ ഘട്ടത്തിന് ശേഷം ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ വീണ്ടും ശക്തി പ്രാപിച്ചുവരികയാണ്. സര്‍വകാല ഉയരത്തിലേക്കാണ് നിഫ്റ്റിയുടെ ഇനിയുള്ള പ്രയാണമെന്ന് ബജാജ് ബ്രോക്കിംഗ് പ്രവചിക്കുന്നു. നിഫ്റ്റി 50 സൂചിക 2026 മാര്‍ച്ചോടെ റെക്കോഡ് ഉയരത്തിലെത്തുമെന്നും 27,000 കടക്കുമെന്നും ബജാജ് ബ്രോക്കിംഗ് കണക്കാക്കുന്നു. ഇത് നിലവിലെ ലെവലില്‍ നിന്ന് 7% ത്തിലധികം ഉയര്‍ന്ന നിലവാരമാണ്.
വരും മാസങ്ങളില്‍ സൂചിക അതിന്റെ ബുള്ളിഷ് പാത നിലനിര്‍ത്തുകയും 26,277 എന്ന സര്‍വകാല ഉയരം വീണ്ടും പരീക്ഷിക്കുകയും ചെയ്യുമെന്ന് ബജാജ് ബ്രോക്കിംഗ് പ്രതീക്ഷിക്കുന്നു. ”ആ ലെവലിന് മുകളിലുള്ള നിര്‍ണായക ബ്രേക്ക് 2026 മാര്‍ച്ചോടെ 26,800-27,000 ലേക്കുള്ള ഒരു റാലിയിലേക്ക് നയിക്കും,” ബജാജ് ബ്രോക്കിംഗ് പറഞ്ഞു.
24400-24300 ല്‍ ശക്തമായ സപ്പോര്‍ട്ട്
സൂചികയ്ക്ക് 24,400-24,300 ലെവലില്‍ ശക്തമായ സപ്പോര്‍ട്ടുണ്ടെന്ന് ബജാജ് ബ്രോക്കിംഗ് നിരീക്ഷിക്കുന്നു. ഇത് തകര്‍ത്ത് നിഫ്റ്റി താഴേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഹ്രസ്വകാല പിന്തുണ 24,800-24,700 ആണ്. ഇത് നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ വാങ്ങല്‍ അവസരങ്ങള്‍ നല്കുന്നു.
‘ഈ സാഹചര്യത്തില്‍, ‘ബൈ-ഓണ്‍-ഡിപ്സ്’ (വില താഴുമ്പോള്‍ വാങ്ങുക) സമീപനം തന്ത്രപരമായി മികച്ചതായി തുടരുന്നു. 24,400-24,300 ലെവലിനടുത്ത് ശക്തമായ പിന്തുണ സ്ഥാപിച്ചിട്ടുണ്ട്, ഇത് അടുത്ത കാലത്ത് ലംഘിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രവചിക്കുന്നില്ല,’ ബ്രോക്കറേജ് കൂട്ടിച്ചേര്‍ത്തു.
വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും താരിഫ് പ്രശ്നങ്ങള്‍ക്കും ഇടയില്‍ വിപണികള്‍ അടുത്തിടെ ശ്രദ്ധേയമായ പ്രതിരോധശേഷിയോടെ ഏകീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആരോഗ്യകരമായ ഒരു തിരിച്ചുവരവിനെ സൂചിപ്പിക്കുന്നുവെന്നും കമ്പനി അഭിപ്രായപ്പെട്ടു.
ശ്രദ്ധേയമായ മേഖലകള്‍
ഭാവിയില്‍ ബാങ്കുകള്‍, ഓട്ടോ, ലോഹങ്ങള്‍, ഉപഭോക്തൃ മേഖലകള്‍ എന്നിവ കരുത്ത് കാണിക്കുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍, ടെലികോം, ക്യാപ്പിറ്റല്‍ ഗുഡ്സ് എന്നിവയുടെ ഓഹരികളിലെ അവസരങ്ങള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കണമെന്നും ബജാജ് നിര്‍ദ്ദേശിച്ചു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




