വനനശീകരണവും നഗരവത്കരണവും വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, പരിസ്ഥിതിയെ സംരക്ഷിക്കുകയും പച്ചപ്പിനെ പുനരുദ്ധരിക്കുകയും ചെയ്യാനുള്ള ശ്രമങ്ങൾ ശക്തമാവുകയാണ്. അത്തരത്തിൽ ഏറെ ശ്രദ്ധ നേടുന്ന ഒരു മോഡലാണ് ജാപ്പനീസ് ശാസ്ത്രജ്ഞൻ അകിറ മിയാവാക്കി അവതരിപ്പിച്ച മിയാവാക്കി വനരൂപീകരണ രീതി. ഈ രീതി പ്രകാരം, നാടൻ ചെടികളും മരങ്ങളും ചേർത്ത് വളരെ ചെറിയ സ്ഥലത്ത് ഒരു വനത്തിന്റെ മാതൃക സൃഷ്ടിക്കാം. വെറും 2 മുതൽ 3 വർഷത്തിനുള്ളിൽ തന്നെ ഈ രീതിയിൽ രൂപപ്പെട്ട കാടുകൾ സ്വാഭാവികമായി വളർന്ന് പൂർണ്ണമായ പരിസ്ഥിതി സന്തുലിതാവസ്ഥ ഉണ്ടാക്കുന്നു.ഇന്ന് ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും മിയാവാക്കി മാതൃക വ്യാപകമാണ്. ഇന്ത്യയിൽ മിയാവാക്കി രീതി വ്യാപകമാകുന്നതിൽ വലിയ പങ്ക് കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും അവരുടെ സിഎസ്ആർ പദ്ധതികൾക്കുമുണ്ട്. നിരവധി പ്രമുഖ കമ്പനികൾ ഈ രീതിയെ ഉൾക്കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനായി വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തുന്നു. അടുത്തറിയാം ഇന്ത്യൻ കോർപ്പറേറ്റുകൾ ചേർത്ത് പിടിക്കുന്ന മിയാവാക്കി വനങ്ങൾക്ക് പിന്നിലെ വളർച്ചയുടെ കഥ.
- അടുത്തറിയാം വനങ്ങളുടെ പ്രാധാന്യം
- എന്താണ് മിയാവാക്കി മാതൃക ?
- മരം നടുന്ന രീതി വ്യത്യസ്തം
- മിയാവാക്കി വനങ്ങള്‍ ഇന്ത്യയിലും സജീവം
- കോർപ്പറേറ്റുകളും മിയാവാക്കിയും
- ടൊയോട്ട കിർലോസ്കർ മോട്ടോർ
- ടൈറ്റൻ കമ്പനി ലിമിറ്റഡ്
- വേകൂൾ ഫുഡ്സ്
- ആവാസ് ഫിനാൻഷ്യേഴ്സ്
- സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ്
- കോസ്മോ ഫസ്റ്റ് ലിമിറ്റഡ്
- English Summary
അടുത്തറിയാം വനങ്ങളുടെ പ്രാധാന്യം
വനങ്ങള്‍, മനുഷ്യന്റെയും മറ്റ് സകല ജന്തുജാലങ്ങളുടെയും ആദ്യഗൃഹം. കാറ്റിനും മഴക്കും പ്രകൃതിയിലെ ഓരോ ഭാവവ്യത്യസങ്ങള്ക്കും കരണഭൂതമായ, അനേകായിരം സസ്യജന്തുജാലങ്ങളുടെ വാസസ്ഥലമായ ഇടം. വനങ്ങളിലെങ്കില് മനുഷ്യനില്ല. സാങ്കേതികവിദ്യയും ശാസ്ത്രവും ഏറെ പുരോഗമിച്ചെങ്കിലും വനത്തിന് ഒരു ബദല്‍മാര്‍ഗം കണ്ടെത്താനായിട്ടില്ല. വികസനത്തിന്റെ പേരുപറഞ്ഞു വനങ്ങള്‍ കയ്യേറി മനുഷ്യര്‍ വരുത്തിവയ്ക്കുന്ന വിനകളാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമെല്ലാം. പ്രതിവര്‍ഷം രാജ്യത്ത് ഹെക്ടറുകണക്കിന് വനഭൂമിയാണ് ഇല്ലാതായിവരുന്നത്. വനഭൂമിയുടെ അളവില്‍ വരുന്ന കുറവ് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും അതിലൂടെ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകുകയും ചെയ്തതോടെ വനങ്ങള്‍ നിര്‍മിച്ച് പ്രകൃതിയെ തിരിച്ചു പിടിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ജനങ്ങള്‍. ഇതിന് കരണമാകുന്നതോ മിയാവാക്കി വനങ്ങള്‍ എന്ന ജാപ്പനീസ് മാതൃകയും
വനം കയ്യേറ്റവും മറ്റ് കാരണങ്ങളും കൊണ്ട് ഓരോ വര്‍ഷവും 53.8 ദശലക്ഷം ഏക്കര്‍ വനങ്ങള്‍ കുറഞ്ഞുവരുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ഭൂമിയുടെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഴക്കാടുകളും ഉള്‍പ്പെടുന്നു. പ്രകൃതി കാലങ്ങളുടെ പരിശ്രമം കൊണ്ട് ഒരുക്കിയെടുത്ത വനങ്ങളാണ് മനുഷ്യര്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വെട്ടിവെളുപ്പിക്കുന്നത്. കാലാന്തരത്തില്‍ ഇതിന് വലിയ വില നല്‍കേണ്ടതാണ് വരുന്നു. വനമേഖല കൂടുതലായുള്ള രാജ്യങ്ങളില്‍ വനപ്രദേശങ്ങള്‍ കുറഞ്ഞു വരുന്നതിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു.ഇത് രാജ്യത്തെ കൃഷിയെയും മറ്റും വിപരീതമായി ബാധിക്കുന്നു.മാത്രമല്ല, മണ്ണിടിച്ചില്‍ , ഉരുള്‍പൊട്ടല്‍, ജലക്ഷാമം തുടങ്ങിയ അവസ്ഥകള്‍ക്കും വനങ്ങള്‍ കുറയുന്നത് കാരണമാകുന്നു.
വനനശീകരണം തിരിച്ചടിയായി മാറിത്തുടങ്ങിയതോടെയാണ് വനസംരക്ഷണം മനുഷ്യന്റെ നിലനില്‍പ്പിന് ആവശ്യമാണ് എന്ന ചിന്ത വന്നത്. ഇതിന്റെ ഭാഗമായി പലരാജ്യങ്ങളിലും വനഭൂമി കയ്യേറുന്നത് നിയമം മൂലം നിരോധിച്ചു.എന്നാല്‍ അതുകൊണ്ടൊന്നും നഷ്ടപ്പെട്ട വനഭൂമി തിരിച്ചു പിടിക്കാന്‍ ആവില്ലല്ലോ. അധികം കാലതാമസം കൂടാതെ വനഭൂമികള്‍ സൃഷിച്ചെടുത്ത് അവിടെ പ്രകൃതിക്ക് ചേര്‍ന്ന ആവാസവ്യവസ്ഥയുണ്ടാക്കുക എന്ന ചിന്തയില്‍ നിന്നുമാണ് മിയാവാക്കി വനങ്ങള്‍ എന്ന ആശയം ജന്മമെടുക്കുന്നത്. മനുഷ്യരുടെ ഇടപെടല്‍മൂലം കൈമോശം വന്ന വനഭൂമിയെ പുനഃസൃഷ്ടിക്കുന്ന നടപടിയാണിത്. മരങ്ങള്‍ നട്ടുപിടിപ്പിച്ചു വനങ്ങള്‍ നിര്‍മിക്കുക എന്ന രീതി കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായിതോന്നുമെങ്കിലും വിവിധലോകരാജ്യങ്ങളിലായി ആയിരക്കണക്കിന് മിയാവാക്കി വനങ്ങളാണ് വിവിധ ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥ സമ്മാനിച്ചുകൊണ്ട് വളര്‍ന്നു നില്‍ക്കുന്നത്.
എന്താണ് മിയാവാക്കി മാതൃക ?
മിയാവാക്കി എന്നു പറയുന്നത് ജാപ്പനീസ് മാതൃകയിലുള്ള ഒരു പ്ലാന്റിംഗ് രീതിയാണ്. ഈ രീതിയുപയോഗിച്ച് ചെറിയ സ്ഥലത്ത് ധാരാളം മരങ്ങള്‍ നട്ടുണ്ടാക്കുക എന്നതാണ് മിയാവാക്കി വനങ്ങളുടെ അടിസ്ഥാന തത്വം. ഇത് പ്രകാരം അരസെന്റ് ഭൂമിയില്‍ പോലും വനതുല്യമായ ഒരു ആവാസവ്യവസ്ഥയുണ്ടാക്കിയെടുക്കാന് കഴിയും. ജപ്പാനീസ് പ്രൊഫസര്‍ ആയ അകിര മിയാവാക്കിയാണ് ഇത്തരത്തില്‍ ഒരു രീതി പരീക്ഷിച്ചു വിജയിച്ചതും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അത് പരിചയപ്പെടുത്തിയതും.കുറഞ്ഞ സമയം കൊണ്ട് കുറച്ച് സ്ഥലത്ത് ധാരാളം വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി സ്വാഭാവിക വനത്തിനു സമാനമായ ഒരു കാട് വളര്‍ത്തി എടുക്കുന്ന ഒരു രീതിയാണ് ഇത്.ജപ്പാനില്‍ അടിക്കടിയുണ്ടാകുന്ന സുനാമിയുടെ ആക്രമണത്താല്‍ അവിടെ ധാരാളം മരങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. അതിനാല്‍ വളരെ പെട്ടെന്ന് മരങ്ങള്‍ വളര്‍ത്തുന്നതിനായി കണ്ടെത്തിയ ഒരു മാര്‍ഗ്ഗമാണ് മിയാവാക്കി. വീടിനടുത്തായി ഒരു അരസെന്റ് സ്ഥലം ഇതിനായി മാറ്റിവയ്ക്കാനുണ്ടെങ്കില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മിയാവാക്കി വനങ്ങള്‍ സൃഷ്ടിക്കാം.
മരം നടുന്ന രീതി വ്യത്യസ്തം
യഥാര്‍ത്ഥ വനങ്ങളുടെ ഘടനയും രീതിയും മരങ്ങളുടെ വ്യത്യസ്തതയുമെല്ലാം നന്നായി മനസിലാക്കിയ ഒരു വ്യക്തിക്ക് മാത്രമേ മിയാവാക്കി വനങ്ങള്‍ നടാനാകൂ. ഒരിക്കല്‍ തരിശൂഭൂമി എന്ന് പറഞ്ഞു എഴുതിത്തള്ളിയ ജപ്പാനിലെ ഭൂമിയിലാണ് അക്കിരോ മിയാവാക്കി ആദ്യമായി തന്റെ വനനിര്‍മാണ പരീക്ഷണം നടത്തിയത്. മരങ്ങള്‍ സാധാരണയായി നേടുന്നതില്‍ നിന്നും ഏറെ വ്യത്യസപ്പെടുത്തിയാണ് മിയാവാക്കി വനങ്ങള്‍ക്കായി നടുന്നത്. മൂന്നുകൊല്ലം കൊണ്ട് അക്കിരോയുടെ പരീക്ഷണത്തിന് പൂര്‍ണ ഫലം കണ്ടു നല്ല ഉഗ്രന്‍ വനങ്ങള്‍. .അതോടെ ജപ്പാന്റെ പലഭാഗങ്ങളിലും ഇത്തരത്തില്‍ വനനിര്‍മാണം ആരംഭിച്ചു.
സാധാരണയായി നാം എങ്ങനെയാണു ഒരു ചെടി അല്ലെങ്കില്‍ മരം നടുന്നത്? ഒരു കുഴി കുത്തി അതില്‍ നടും. വെള്ളവും വളവും നല്‍കും. എന്നാല്‍ ഇങ്ങനെയല്ല മിയാവാക്കി രീതിപ്രകാരമുള്ള മരം നടല്‍. മിയാവാക്കി രീതി പ്രകാരം ചെടികള്‍ നേടേണ്ട സ്ഥലത്ത് കൃത്യമായി മാര്‍ക്ക് ചെയ്തിട്ട് ജെസിബി ഉപയോഗിച്ച് ഏകദേശം അഞ്ചടിയോളം താഴ്ചയില്‍ കുഴി എടുക്കുന്നു.അതിനുശേഷം ഒരു ടാങ്ക് പോലെ കിടക്കുന്ന ആ കുഴിയില്‍ ആദ്യം ലെയര്‍ ആയി ചാണകവും ബാക്കി കമ്പോസ്റ്റു വളവുമെല്ലാം നിറക്കുന്നു.ഇത് യന്ത്രസഹായത്തോടെ മാത്രം ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തിയാണ്.അതിനു ശേഷം ഒരു മീറ്റര്‍ ആഴത്തില്‍ മണ്ണിളക്കി വിവിധയിനം വൃക്ഷതൈകള്‍ നടുന്നു.മൂന്നു വര്‍ഷം കൊണ്ടു മരങ്ങള്‍ക്ക് 30 അടി ഉയരം, 20 വര്‍ഷം കൊണ്ട് ,100 വര്‍ഷം പഴക്കമുള്ള കാടിന്റെ രൂപം ലഭിക്കുമെന്ന് സാരം. എന്നാല്‍ മിയുടെയും മണ്ണിന്റെയും സ്വഭാവമനുസരിച്ച് പല സ്ഥലങ്ങളിലും പല അളവുകളിലായിരിക്കും കുഴി കുത്തുന്നതും വളം ചേര്‍ക്കുന്നതുമൊക്കെ. ഒരു ചതുരശ്ര മീറ്ററില്‍ മൂന്ന് മുതല്‍ അഞ്ചുവരെ തൈകള്‍ വരുന്ന രീതിയില്‍ ഇടതിങ്ങിയാണ് ഇതില്‍ മരങ്ങള്‍ നടുന്നത്. ഏകദേശം ആറുമാസം മതി മനുഷ്യനേക്കാള്‍ പൊക്കത്തില്‍ മരങ്ങള്‍ വളരുന്നു.
മിയാവാക്കി വനങ്ങള്‍ ഇന്ത്യയിലും സജീവം
ജപ്പാനില്‍ നിന്നാണ് ഉദയമെങ്കിലും മിയാവാക്കി വനങ്ങള്‍ ഇന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെയും ഭാഗമാണ്. ബെംഗളൂരു ആസ്ഥാനമായ അഫോറസ്റ്റ് എന്ന സ്ഥാപനം ഇത്തരത്തില്‍ മിയാവാക്കി വന്നാണ് നിര്‍മിക്കുന്നതില്‍ ശ്രദ്ധയൂന്നുന്നു. ടോയോട്ടയിലെ വൈറ്റ്കോളര്‍ ജോലി വേണ്ടെന്ന് വച്ചാണ് അഫോറസ്റ്റ് സ്ഥാപകനായ സുബേന്ദു ശര്‍മ്മ വനനിര്മാണത്തിന് പിന്നാലെ ഇറങ്ങിത്തിരിച്ചത്.ആഗോളതലത്തില്‍ ഓരോ മിനിട്ടിലും 114 കാറുകള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍, 36 ഫുഡ്ബോള്‍ കളിക്കളത്തിന് തതുല്യമായ വനം ഭൂമുഖത്ത് നിന്നും തുടച്ചുനീക്കപ്പെടുന്നു എന്ന തിരിച്ചറിവാണ് സുബേന്ദു ശര്‍മ്മയെ മിയാവാക്കിയിലേക്ക് നയിച്ചത്. എന്നാല്‍ അകിരയുടെ രീതികളില്‍ നിന്നും വ്യത്യസ്തമായി ശര്‍മ്മ തന്നെ ഗവേഷണം നടത്തി വികസിപ്പിച്ചെടുത്ത രീതിയാണ് ഇവിടെ പരീക്ഷിക്കുന്നത്.
ഉത്തരാഖണ്ഡിലുള്ള തന്റെ വീടിന്റെ പിന്നാമ്പുറത്തുള്ള 93 ചതുരശ്ര മീറ്ററിലാണ് ശര്‍മ്മ ആദ്യ പരീക്ഷണം നടത്തിയത്. ഒരു വര്‍ഷം കൊണ്ട് ഒരു ഹരിത വനം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.ഈ പരീക്ഷണം വിജയിച്ചതില്‍ നിന്നും ലഭിച്ച ആത്മവിശ്വാസമാണ് മിയാവാക്കി വനനിര്മാണത്തെ ഒരു സംരംഭമാക്കി മാറ്റാന്‍ ശര്‍മയ്ക്ക് പ്രചോദനമായത്.അതോടെ ശര്‍മ്മ ടൊയോട്ടയിലെ ജോലി ഉപേക്ഷിക്കുകയും വാണിജ്യ അടിസ്ഥാനത്തില്‍ സൂക്ഷ്മ വന ജൈവവ്യവസ്ഥ ചെറിയ നിക്ഷേപങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നിര്‍മിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു.ഇന്ന് കര്‍ഷകര്‍ മുതല്‍ വ്യവസായ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ശര്‍മ്മയുടെ ഉപഭോക്താക്കളാണ്.ഇന്ത്യയില്‍ ഇതിനകം 33 ഇടപാടുകാര്‍ക്കായി ശര്‍മ്മ 43,000 വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചുകഴിഞ്ഞു. അഞ്ച് വ്യത്യസ്ത നഗരങ്ങളിലായി 17 സ്വഭാവിക വനങ്ങള്‍. മുന്‍ തൊഴില്‍ ദാതാവായ ടൊയോട്ട ഉള്‍പ്പെടെയുള്ളവര്‍ ഇദ്ദേഹത്തിന്റെ ഇടപാടുകാരാണ്.
കേരള ڊ തമിഴ്നാട് അതിര്‍ത്തിയായ ആനക്കട്ടിയിലുള്ള ടഞ ജംഗിള്‍ റിസോര്‍ട്ടില്‍ ഇത്തരത്തില്‍ മിയാവാക്കി വന്നാണ് നിര്‍മിക്കപ്പെട്ടിട്ടുണ്ട്.റിസോര്‍ട്ടില്‍ എത്തുന്ന വ്യക്തികള്‍ക്ക് ഒരേ സമയം അത്ഭുതവും ആവേശവുമാണ് ഇത്തരം വനങ്ങള്‍. വന്യമൃഗങ്ങളുടെ സാമീപ്യമില്ലാതെ വനത്തെ അടുത്തറിയാനുള്ള അവസരം ലഭിച്ചാല്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്.ഈ റിസോര്‍ട്ടിലേക്ക് സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം കൂടിയാണ് ഇന്ന് മിയാവാക്കി വനങ്ങള്‍.
ബെംഗളൂരിവില്‍ തുടക്കം കുറിച്ച ഇന്ത്യന്‍ മിയാവാക്കി വനങ്ങള്‍ തമിഴ്നാടും പിന്നിട്ട് കേരളത്തിലും സജീവമായിക്കഴിഞ്ഞു. തിരുവനന്തപുരം നഗരഹൃദയമായ തമ്പാനൂരില്‍ നിന്നു 15 കിലോമീറ്റര്‍ മാത്രമകലെ പുളിയറക്കോണം മൂന്നാംമൂട്ടിലെ മൂന്നു സെന്റില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട് ഒരു മിയാവാക്കി വനം.
കോർപ്പറേറ്റുകളും മിയാവാക്കിയും
പരിമിതമായ സ്ഥലത്ത് കൂടുതൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാം എന്നതാണ് കോർപ്പറേറ്റുകളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്. മരങ്ങൾ വേഗത്തിൽ വളരുന്നതിനാൽ ഫലം കാണാൻ വർഷങ്ങൾ കാത്തിരിക്കേണ്ടതില്ല.മാത്രമല്ല ഇത് കമ്പനികൾക്ക് കാർബൺ ക്രെഡിറ്റ് നേടാനും ‘ഗ്രീൻ ഇമേജ്’ ഉറപ്പാക്കാനും സഹായിക്കുന്നു.അതോടൊപ്പം ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ (CSR) യഥാർത്ഥ അർത്ഥം നടപ്പിലാക്കുന്നു.
ടൊയോട്ട കിർലോസ്കർ മോട്ടോർ
കർണാടകയിലെ ബിദദിയിലെ ടൊയോട്ടയുടെ ഫാക്ടറി പരിസരത്ത് മിയാവാക്കി രീതിയിൽ പലയിടങ്ങളിലായി തനത് നാടൻ ഇനം മരങ്ങൾ മിയാവാക്കി മാതൃകയിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ‘ഗ്രീൻ വേവ്’ (Green Wave) എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ടൊയോട്ട പരിസ്ഥിതി സൗഹൃദത്വത്തിന്റെ മാതൃക സൃഷ്ടിച്ചു. ജീവനക്കാരുടെ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.
ടൈറ്റൻ കമ്പനി ലിമിറ്റഡ്
ടൈറ്റന്റെ “Go Green” പരിപാടിയുടെ ഭാഗമായി ഹോസൂരിലും പരിസര പ്രദേശങ്ങളിലുമായി മിയാവാക്കി വനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വൃക്ഷങ്ങൾ ഉൾപ്പെടുന്ന ഈ വനങ്ങൾ സ്ഥാപനത്തിന്റെ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുന്നതിലും വായു ഗുണമേന്മ മെച്ചപ്പെടുത്തുന്നതിലും സഹായകമായി.
വേകൂൾ ഫുഡ്സ്
തമിഴ്നാട്ടിലെ പെരുങ്കുടിയും കോയമ്പത്തൂരും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വേകൂൾ ഫുഡ്സ് മിയാവാക്കി രീതിയിൽ വനവത്കരണം നടത്തി. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി ആയതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് അവരുടെ ബിസിനസിന്റെ ഭാഗമാക്കി മാറ്റുകയാണ്. കാർബൺ ക്രെഡിറ്റ് വർധിപ്പിക്കുന്നതിന് ഇത് കാരണമായി.
ആവാസ് ഫിനാൻഷ്യേഴ്സ്
സിഎസ്ആർ പദ്ധതിയുടെ ഭാഗമായി, ബിഎസ്എഫ് (BSF) ക്യാമ്പസുകളിലും സിആർപിഎഫ് (CRPF) പ്രദേശങ്ങളിലും ആവാസ് ഫിനാൻഷ്യേഴ്സ് മിയാവാക്കി രീതിയിൽ വനങ്ങൾ സൃഷ്ടിച്ചു. ബാങ്കിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി പരിസ്ഥിതിയുടെ നിലനിൽപ്പിനായി ഈ നവീന രീതി സ്വീകരിച്ചത് ശ്രദ്ധേയമാകുകയും .
സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ്
കോൾ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SECL, ഖനന പ്രദേശങ്ങളിലെ പരിസ്ഥിതി പുനരുദ്ധാരണത്തിനായി മിയാവാക്കി രീതി സ്വീകരിച്ചു. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും നിരവധി സ്ഥലങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കാനായി 169 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. ഖനന മേഖലയിലെ പരിസ്ഥിതി ബാധ കുറയ്ക്കാൻ ഇതൊരു വലിയ നീക്കമാണ്.
കോസ്മോ ഫസ്റ്റ് ലിമിറ്റഡ്
കമ്പനിയുടെ സിഎസ്ആർ വിഭാഗമായ കോസ്മോ ഫൗണ്ടേഷൻ ഗുരുഗ്രാമിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സുമായി (BSF) ചേർന്ന് മിയാവാക്കി വനരൂപീകരണം ആരംഭിച്ചു. സ്ഥാപന പരിസരത്തെ ഹരിത പ്രദേശങ്ങൾ വർധിപ്പിക്കാനും ജീവനക്കാരെ പരിസ്ഥിതി ബോധവൽക്കരിക്കാനും ഈ പദ്ധതി സഹായിക്കുന്നു.


