ജാഗ്രതയോടെയുള്ള സമ്പാദ്യശീലത്തിന് പേരുകേട്ടവരായിരുന്നു ഇന്ത്യക്കാര്‍. പക്ഷേ ഇപ്പോഴത്തെ ചില കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ കുടുംബങ്ങളില്‍ കടം പെരുകുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരമുള്ളത്. ഇന്ത്യക്കാരുടെ കടബാധ്യത കുത്തനെ ഉയര്‍ന്ന് 2024 അവസാനത്തോടെ ജിഡിപിയുടെ 42 ശതമാനം വരെയെത്തിയെന്ന് ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2019-20 കാലഘട്ടം മുതല്‍ക്ക് ഇന്ത്യയിലെ കുടുംബങ്ങളുടെ വാര്‍ഷിക കടം അവരുടെ ആസ്തിയേക്കാള്‍ വേഗത്തില്‍ വളരുകയാണെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2010നും 2025നും ഇടയില്‍ ഓരോ വര്‍ഷവും കൂട്ടിച്ചേര്‍ക്കപ്പെടുന്ന ആസ്തി 48 ശതമാനമായി ഉയര്‍ന്നുവെങ്കിലും വാര്‍ഷിക കടബാധ്യത ഇതേകാലയളവില്‍ 102 ശതമാനമായി കൂടി.
കടം കൂടുന്നു
കൊറോണക്കാലത്തിന് മുമ്പുള്ള സ്ഥിതിയെ അപേക്ഷിച്ച് ഇന്ത്യയിലെ കുടുംബങ്ങളില്‍ കടം വേഗത്തില്‍ പെരുകുകയാണ്. 2019-20 കാലഘട്ടത്തില്‍ 24.1 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ഇന്ത്യന്‍ കുടുംബങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. 2024-25 വര്‍ഷത്തില്‍ അത് 35.6 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഏതാണ്ട് 48 ശതമാനത്തിന്റെ വര്‍ധനയാണ് ഈ കാലയളവില്‍ ഗാര്‍ഹിക ആസ്തിയിലുണ്ടായത്. അതേസമയം 2024-25 വര്‍ഷത്തില്‍ 15.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യതകള്‍ ഇന്ത്യയിലെ കുടുംബങ്ങളില്‍ പുതിയതായി ഉണ്ടായി. 2019-20 വര്‍ഷത്തിലെ 7.5 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വായ്പാബാധ്യതയില് 102 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
ജിഡിപിയിലെ പ്രതിഫലനം
2019-20 വര്‍ഷത്തില്‍ ജിഡിപിയുടെ 12 ശതമാനമായിരുന്നു ഗാര്‍ഹിക ആസ്തിയെങ്കില്‍ 2024-25 വര്‍ഷത്തില്‍ ഇത് 10.8 ശതമാനമായി കുറഞ്ഞു. അതേസമയം 2019-20ല്‍ ജിഡിപിയുടെ 3.9 ശതമാനമായിരുന്ന സാമ്പത്തിക ബാധ്യത 2024-25ല്‍ 4.7 ശതമാനമായി. 2023-24 വര്‍ഷത്തില്‍ ഇത് 6.2 ശതമാനം വരെ എത്തിയിരുന്നു. പക്ഷേ കഴിഞ്ഞ വര്‍ഷം 4.7 ശതമാനമായി കുറഞ്ഞുവെന്നത് ആശ്വാസകരമാണ്.
സമ്പാദ്യരീതി മാറുന്നു
ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യരീതിയിലും നിക്ഷേപരീതിയിലും മാറ്റം വന്നതായും ആര്‍ബിഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ബാങ്ക് ഡിപ്പോസിറ്റുകളായിരുന്നു മുമ്പ് ഇന്ത്യക്കാരുടെ പ്രധാന സമ്പാദ്യരീതി. പക്ഷേ അടുത്ത കാലത്തായി മ്യൂച്വല്‍ ഫണ്ടുകളിലുള്ള നിക്ഷേപം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
2019-20 വര്‍ഷത്തില്‍ മൊത്തത്തിലുള്ള ഗാര്‍ഹിക ആസ്തിയുടെ 32 ശതമാനം വാണിജ്യ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു. 2024-25 വര്‍ഷത്തില്‍ അത് 33.3 ശതമാനമായി കൂടി.
അതേസമയം മ്യൂച്വല്‍ ഫണ്ടുകളിലുള്ള നിക്ഷേപം 2019-20 കാലഘട്ടത്തിലെ 2.6 ശതമാനത്തില്‍ നിന്നും 2024-25 വര്‍ഷമായപ്പോഴേക്കും 13.1 ശതമാനമായി ഉയര്‍ന്നു. 2024-25 വര്‍ഷം പുതിയ മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 655 ശതമാനം ഉയര്‍ന്ന് 4.7 ലക്ഷം കോടിയായി. 2019-20 വര്‍ഷത്തിലെ 61,686 കോടി രൂപയില്‍ നിന്നുമാണ് പുതിയ മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങള്‍ ഇത്രയധികമായി ഉയര്‍ന്നത്.
ലൈഫ് ഇന്‍ഷുറന്‍സ് ഫണ്ടുകള്‍, പ്രോവിഡന്റ്, പെന്ഷന് ഫണ്ടുകള്‍, ഇക്വിറ്റി, ചെറിയ സമ്പാദ്യ പദ്ധതികള്‍ എന്നിങ്ങനെയുള്ള മറ്റ് നിക്ഷേപ, സമ്പാദ്യ പദ്ധതികളിലെ നിക്ഷേപങ്ങളില്‍ വലിയ മാറ്റമില്ല.
നിശബ്ദമായി കുന്നുകൂടുന്ന കടം
2015-ല്‍ ജിഡിപിയുടെ 26 ശതമാനം മാത്രമായിരുന്നു ഗാര്‍ഹിക കടം. പത്തുവര്‍ഷത്തിനിടെ അത് 42 ശതമാനമായി ഉയര്‍ന്നു. ഏതാണ്ട് മൂന്നിരട്ടിയിലധികം വര്‍ധനയാണ് മൊത്തത്തിലുള്ള ഗാര്‍ഹിക കടത്തില്‍ ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ഒരു വ്യക്തിയുടെ ശരാശരി കടത്തില്‍ രണ്ട് വര്‍ഷത്തിനിടെ ഏതാണ്ട് 23 ശതമാനം വര്‍ധനയുണ്ടായി. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ദേശീയ വരുമാനത്തിലുള്ള വര്‍ധനയുടെ ഇരട്ടി വേഗതയില്‍ ഒരു വ്യക്തിയുടെ വായ്പ വര്‍ധിക്കുന്നു.
വായ്പയില്‍ 55 ശതമാനത്തോളം തുക പാര്‍പ്പിടേതര റീറ്റെയ്ല്‍ വായ്പകളാണ്. അതായത് ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, പേഴ്സണല്‍ ലോണ്‍, വാഹന വായ്പ, സ്വര്‍ണ്ണപ്പണയ വായ്പ എന്നിങ്ങനെ. മൊത്തത്തിലുള്ള ഗാര്‍ഹിക വായ്പയുടെ 29 ശതമാനം മാത്രമാണ് പാര്‍പ്പിട വായ്പകള്‍ വരുന്നത്. അതിനാല്‍ തന്നെ ഗാര്‍ഹിക കടത്തിലുള്ള വര്‍ധന ആസ്തികള്‍ വാങ്ങുന്നതിനായി ഉപയോഗിക്കുന്നുവെന്ന് കരുതാനാകില്ല. ദൈനംദിന ആവശ്യങ്ങള്‍ക്കായി ആളുകള്‍ കടങ്ങള്‍ വാങ്ങിക്കൂട്ടുന്നുവെന്നാണ് അത് സൂചിപ്പിക്കുന്നത്.
വളര്‍ച്ചയ്ക്ക് വെല്ലുവിളിയാകും
മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഗാര്‍ഹിക കടം വര്‍ധിക്കുന്നത് അത്ര നല്ല സൂചനയല്ല. പ്രത്യേകിച്ച് നിക്ഷേപങ്ങള്‍ക്ക് വേണ്ടിയല്ല, ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ വായ്പ വിനിയോഗിക്കപ്പെടുന്നത് എന്നത് കണക്കിലെടുക്കുമ്പോള്‍. അത് ഇന്ത്യയുടെ ദീര്‍ഘകാല സുസ്ഥിര വളര്‍ച്ചയെ തകിടം മറിക്കും. മറ്റ് വികസിത രാജ്യങ്ങളുടെ വായ്പ-ജിഡിപി അനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ നില ഭേദമാണ്. ഓസ്ട്രേലിയ, കാനഡ പോലുള്ള രാജ്യങ്ങളില്‍ ഇത് 100 ശതമാനത്തിനും മുകളിലാണ്. പക്ഷേ ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി ഈ രാജ്യങ്ങളില്‍ വിപുലമായ സാമൂഹിക സുരക്ഷ പദ്ധതികളും പ്രായമായവര്‍ക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികളും ഉണ്ട്. അതുകൊണ്ട് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി അവിടെയുള്ളവര്‍ക്ക് വായ്പയെടുക്കേണ്ടി വരുന്നില്ല.
വായ്പയില്ലാതെ ജീവിക്കാന്‍ വയ്യ
എന്തുകൊണ്ടാണ് ഇന്ത്യയില്‍ വായ്പയെടുക്കല്‍ അനുദിനം വര്‍ധിച്ചുവരുന്നത്. പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോള്‍, ഗ്രാമീണമേഖലകളില്‍ വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല. നഗരങ്ങളിലാണെങ്കില്‍ ജീവിതച്ചിലവുകള്‍ വര്‍ധിച്ചുവരുന്നു. ഈ സാഹചര്യങ്ങളില്‍ സാധാരണക്കാര്‍ക്ക് വായ്പയാണ് ആശ്രയം. ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യം കുറയുന്നു എന്നതാണ് മറ്റൊരു ആശങ്ക. മൊത്തം സമ്പാദ്യം 2021 സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനമായിരുന്നത് 2023 എത്തിയപ്പോഴേക്കും 5 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ സ്ഥിതി അല്‍പ്പം കൂടി ഭേദപ്പെട്ടിട്ടുണ്ട്. ഗാര്‍ഹിക സമ്പാദ്യം വീട്ടിലുള്ള ആളുകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. സര്‍ക്കാരിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്കും കമ്പനികളുടെ വായ്പ ആവശ്യങ്ങള്‍ക്കും പരോക്ഷമായി അത് സഹായമാകുന്നുണ്ട്. ഗാര്‍ഹിക സമ്പാദ്യം കുറയുമ്പോള്‍ മൊത്തത്തിലുള്ള ചിലവിടല്‍ ക്ലേശകരമാകും.


