പത്ത് വര്‍ഷം മുന്‍പുവരെ ഇന്ത്യയില്‍ ഓഹരി വിപണി നിക്ഷേപമെന്നത് അങ്ങേയറ്റം തലവേദന പിടിച്ച പണിയായിരുന്നു. ഓഹരി വിപണി ഒരു ചൂതാട്ട കേന്ദ്രമാണെന്നും പണം അവിടെ സുരക്ഷിതമല്ലെന്നുമുള്ള ആശങ്കകള്‍ ഒരു വശത്ത്. ഈ ഭയാശങ്കകളെ മറികടന്ന് വിപണിയില്‍ നിക്ഷേപിക്കാന്‍ ആരെങ്കിലും തീരുമാനിച്ചാല്‍ പിന്നെ പേപ്പര്‍ വര്‍ക്കുകളുടെ കളിയാണ്. ഡീമാറ്റ് അക്കൗണ്ട് ഉണ്ടാക്കാനും അതിന് അപ്രൂവല്‍ ലഭിക്കാനും ദിവസങ്ങള്‍. നിരവധി തവണത്തെ ബാങ്ക് സന്ദര്‍ശനങ്ങള്‍. വഴിതെറ്റിക്കുന്ന ഏജന്റുമാര്‍ കൂടി ചേരുമ്പോള്‍ കഥ പൂര്‍ത്തിയായി. നിക്ഷേപിക്കാന്‍ ഇറങ്ങിയ വ്യക്തി ബാങ്ക് എഫ്ഡി മതിയെന്ന് തീരുമാനിക്കും.
സാഹചര്യം ഇന്ന് പൂര്‍ണമായും മാറിയിരിക്കുന്നു. കെവൈസി പൂര്‍ത്തിയാക്കിയ ഒരു ബാങ്ക് അക്കൗണ്ടും ഒരു സ്മാര്‍ട്ട്ഫോണും കൈയില്‍ സേവിംഗ്സിനായി അല്‍പ്പം പണവുമുണ്ടെങ്കില്‍ ആര്‍ക്കും ഇന്ന് ഒരു ഓഹരി വിപണി നിക്ഷേപകനാകാം. ഏതൊരാള്‍ക്കും ഏതാനും ക്ലിക്കുകളില്‍ ഓഹരി വിപണി ഇന്ന് പ്രാപ്തമാണ്. ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനങ്ങളാണ് ഓഹരി വിപണി നിക്ഷേപത്തെ ഇന്ന് കാണുന്നയത്ര ജനകീയമാക്കിയത്. അതില്‍ തന്നെ മുന്പന്തിയിലുണ്ട്് നിക്ഷേപ അവസരത്തിനൊപ്പം ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് സാമ്പത്തിക സാക്ഷരത കൂടി നല്കിയ ഗ്രോ ആപ്പ്.
ഫ്ളിപ്കാര്‍ട്ട് കാലം
ഐഐടി ബോംബെയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ ലളിത് കേശ്രെ, ഐഐടി ഡെല്‍ഹിയില്‍ നിന്ന് കമ്യൂണിക്കേഷന്‍ ടെക്നോളജിയില്‍ മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയ ഹര്‍ഷ് ജെയിന്, ബിറ്റ്സ് പിളാനിയില് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ ഇഷാന് ബന്‍സല്‍, ഗ്വാളിയര്‍ ഐടിഎം സര്‍വകലാശാലയില്‍ നിന്ന് ഐടിയില്‍ ബിരുദം നേടിയ നീരജ് സിംഗ് എന്നീ നാല്‍വര്‍ സംഘമാണ് ഗ്രോ ആപ്പിന്റെ പിന്നില്‍. ഇ-കൊമേഴ്സ് വമ്പനായ ഫ്ളിപ്കാര്ട്ടിലായിരുന്നു നാലു പേര്‍ക്കും ജോലി. ഇ-കൊമേഴ്സ്, വ്യാപാര രംഗത്തെ സമഗ്രമായി പരിവര്‍ത്തനം ചെയ്യുന്നതിന് സാക്ഷിയായ നാലുപേരും നിക്ഷേപ മേഖലയിലാണ് അടുത്ത വിപ്ലവത്തിന് സാധ്യതയെന്ന് വളരെവേഗം തിരിച്ചറിഞ്ഞു.
ഇന്ത്യയിലെ സാധാരണക്കാരുടെ കൈവശം ധാരാളം പണമുണ്ടെന്നും മികച്ച നിക്ഷേപ അവസരങ്ങളള്‍ അവരിലെക്കെത്തിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ലളിതും കൂട്ടരും മനസിലാക്കി. ഡിസ്പോസിബിള്‍ ഇന്‍കം അഥവാ എല്ലാ നികുതികള്‍ക്കും ശേഷമുള്ള, നിക്ഷേപിക്കാന്‍ സജ്ജമായ പണം കൈവശമുള്ള 20 കോടി ആളുകള്‍ ഇന്ത്യയിലുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇതില്‍ രണ്ട് കോടി ആളുകള്‍ മാത്രമാണ് സജീവമായി നിക്ഷേപങ്ങള്‍ നടത്തുന്നത്. എപ്രകാരം കൂടുതല്‍ ആളുകളെ ഓഹരി വിപണി കേന്ദ്രീകൃത നിക്ഷേപങ്ങളിലേക്ക് എത്തിക്കാമെന്നാണ് പിന്നീട് അവര്‍ ചിന്തിച്ചത്.
ഇന്ത്യന്‍ ഓഹരി വിപണിയെക്കുറിച്ചും നിക്ഷേപകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവര്‍ ആഴത്തില്‍ പഠനമാരംഭിച്ചു. സാധാരണക്കാരുടെ പണമാണ് നിക്ഷേപമായി വാങ്ങുന്നത്. സരളവും എന്നാല്‍ അങ്ങേയറ്റം സുരക്ഷിതുമായ ഒരു സംവിധാനമാണ് ഒരുക്കേണ്ടത്. ഇതിനായുള്ള ശ്രമമായിരുന്നു പിന്നീടുള്ള കാലം.
ഗ്രോ ആപ്പ് പിറക്കുന്നു
2016 ല്‍ ഒരു മ്യൂച്വല്‍ ഫണ്ട് വിതരണ പ്ലാറ്റ്ഫോമായി ബെംഗളൂരു കേന്ദ്രീകരിച്ച് ഗ്രോ ആപ്പ് പ്രവര്‍ത്തനമാരംഭിച്ചു. അഞ്ഞൂറോളം മ്യൂച്വല്‍ ഫണ്ട് പ്രൊഡക്റ്റുകളാണ് ഗ്രോ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ അവതരിപ്പിച്ചത്. മില്ലേനിയല്‍സാണ് ഗ്രോയുടെ ആദ്യഘട്ട ഉപഭോക്താക്കളായത്. അധികം വൈകാതെ ഒരു ജനകീയ പ്ലാറ്റ്ഫോമായി ഇത് മാറി. കമ്മീഷന് ഈടാക്കാതെ തികച്ചും സൗജന്യമായി മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കിയാണ് ഗ്രോ ഈ നേട്ടം കൈവരിച്ചത്. യാതൊരു ഹിഡന്‍ ഫീയുമില്ലാതെ
സാമ്പത്തിക സാക്ഷരതയുടെ അഭാവമാണ് ആളുകളെ ഓഹരി വിപണിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് സംരംഭകര്‍ മനസിലാക്കി. ഇതിന് പ്രതിവിധിയായി ഓഹരി വിപണിയെക്കുറിച്ച് സമഗ്രമായി അറിവ് പകരുന്ന വീഡിയോകളും ആര്‍ട്ടിക്കിളുകളുടെയും കൂറ്റന്‍ ലൈബ്രറി തന്നെ ഗ്രോ സജ്ജമാക്കി. വിവിധ പ്ലാറ്റ്ഫോമുകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഈ പാഠ്യപദ്ധതി ജനങ്ങളിലേക്കെത്തി. ജനങ്ങള്‍ സാമ്പത്തികമായി സാക്ഷരത നേടിയതിനൊപ്പം ബ്രോക്കറേജ് എന്ന നിലയില്‍ ഗ്രോ ആപ്പിന്റെ വിശ്വാസ്യതയും സ്വീകാര്യതയും ഇതിലൂടെ വര്‍ധിച്ചു.
മ്യൂച്വല്‍ ഫണ്ടുകള്‍ മാത്രം പോര, ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്താനുള്ള അവസരവും വേണമെന്ന് ഗ്രോയിലെ നിക്ഷേപകരില്‍ നിന്ന് ആവശ്യമുയരാന്‍ തുടങ്ങി. 2020 ല്‍ കോവിഡ് മഹാമാരിക്കാലത്താണ് ഓഹരി വിപണിയിലേക്ക് നേരിട്ട് നിക്ഷേപകര്‍ക്ക് പ്രവേശനം കൊടുക്കുന്ന പ്ലാറ്റ്ഫോമായി ഗ്രോ മാറിയത്. 2021 ല്‍ ഡിജിറ്റല്‍ ഗോള്‍ഡ്, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍, ഇന്‍ട്രാഡേ ട്രോഡിംഗ്, ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന് ട്രേഡിംഗ്, ഐപിഒകള്‍ എന്നിവ വളരെവേഗം പ്ലാറ്റ്ഫോമിന്റെ ഭാഗമായി. യുഎസ് ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരവും ഗ്രോ ആപ്പ് ഇപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്.
ഒളിച്ചുവെക്കാനൊന്നുമില്ല
അക്കൗണ്ട് തുറക്കാനോ മെയിന്റനന്സിനോ പണം നല്കേണ്ടെന്നതും കമ്മീഷനോ ഹിഡന്‍ ചാര്‍ജുകളോ ഈടാക്കുന്നില്ലെന്നതുമാണ് എതിരാളികളില്‍ നിന്ന് ഗ്രോയെ വ്യത്യസ്തവും ജനപ്രിയവുമാക്കുന്നത്. ചെറിയ ഒരു ഫീ മ്യൂച്വല്‍ ഫണ്ടുകളിള് ഗ്രോ ഈടാക്കുന്നുണ്ട്. എന്നാല്‍ ഇത് ഉപഭോക്താവല്ല, മ്യൂച്വല്‍ ഫണ്ട് കമ്പനിയാണ് നല്‍കുന്നത്. ഇക്വിറ്റി, എഫ് ആന്‍ഡ് ഓ ട്രേഡുകളില്‍ നിന്ന് ബ്രോക്കറേജ് മാത്രമാണ് ഈടാക്കുന്നത്.
സാങ്കേതികവിദ്യയെ എല്ലാ രീതിയിലും പ്രയോജനപ്പെടുത്തിയാണ് ഗ്രോയുടെ മുന്നേറ്റം. ഉപഭോക്തൃ അടിത്തറ വിശാലമാക്കാനും സാങ്കേതികവിദ്യയാണ് കമ്പനിയെ തുണയ്ക്കുന്നത്. പ്രവര്‍ത്തച്ചെലവ് പരമാവധി കുറയ്ക്കാനും സാങ്കേതിക വിദ്യയുടെ ഈ ഉപയോഗം കമ്പനിയെ തുണയ്ക്കുന്നുണ്ട്. ഇത്തരമൊരു ഫിന്‍ടെക് ആപ്ലിക്കേഷന്റെ ഭാഗമാകുന്ന ഒരു വ്യക്തി ദീര്‍ഘകാലം ആ പ്ലാറ്റ്ഫോമില്‍ തുടരുമെന്നത് ലോയല്‍ കസ്റ്റമേഴ്സിനെ നേടിയെടുക്കാനും കമ്പനിയെ സഹായിക്കുന്നു.
ബഹുദൂരം മുന്നില്‍
എതിരാളികളെയെല്ലാം കടത്തിവെട്ടുന്ന വളര്‍ച്ചയാണ് സാമ്പത്തികമായും ഉപഭോക്തൃ അടിത്തറയിലും ഗ്രോ നടത്തുന്നത്. 1.19 കോടി ഉപഭോക്താക്കളുമായി ഗ്രോയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബ്രോക്കറേജ്. 78 ലക്ഷം ഉപഭോക്താക്കളുമായി സിറോധയാണ് രണ്ടാമത്. 76 ലക്ഷം ഉപഭോക്താക്കളുമായി എയ്ഞ്ചല്വണ് മൂന്നാം സ്ഥാനത്തുണ്ട്. 53 ലക്ഷം ഉപഭോക്താക്കളുമായി 5പൈസ നാലാം സ്ഥാനത്തും 27 ലക്ഷം ഉപഭോക്താക്കളുമായി അപ്സ്റ്റോക്സ് അഞ്ചാമതുമാണ്.
വരുമാനത്തില്‍, 2025 സാമ്പത്തിക വര്‍ഷത്തില്‍ 4056 കോടി രൂപ വരുമാനമാണ് ഗ്രോ നേടിയത്. 1899 കോടി രൂപ ലാഭവും കമ്പനി നേടിയെടുത്തു. സ്ഥാപകരായ നാല്‍വര്‍ സംഘത്തിന് 28.04% ഓഹരിയാണ് കമ്പനിയിലുള്ളത്. വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ പീക്ക് എക്സ്വി പാര്‍ട്ട്ണേഴ്സ് ഇന്‍വെസ്റ്റ്മെന്റ്സ് 19.87 കോടി രൂപയുമായി ഗ്രോയുടെ ഏറ്റവും വലിയ നിക്ഷേപകരാണ്. സ്റ്റാര്ട്ടരപ്പുകളില് തുടക്കകാലത്ത് നിക്ഷേപം നടത്തുന്ന ആഗോള നിക്ഷേപക കമ്പനിയായ റിബിറ്റ് 14.78 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നു. ഇതേ നിക്ഷേപ സ്വഭാവമുള്ള വെഞ്ച്വര്‍ ഇന്‍വെസ്റ്റര്‍മാരായ വൈസിക്ക് 13.24 ശതമാനം ഓഹരി ഉടമസ്ഥതയുമുണ്ട്. 7 ബില്യണ്‍ ഡോളര്‍ മൂല്യമാണ് കമ്പനിക്ക് നല്‍കിയിരിക്കുന്നത്.
മികച്ച നിക്ഷേപ അവസരം
ഇതുകൊണ്ടെല്ലാം തന്നെ ഗ്രോ ഒരു മികച്ച നിക്ഷേപ അവസരമാണെന്നതിലും തര്‍ക്കമില്ല. സാധാരണക്കാരെ നിക്ഷേപിക്കാന്‍ പഠിപ്പിച്ച, നിക്ഷേപകരാക്കിയ കമ്പനി ഇപ്പോള്‍ തങ്ങളുടെ വളര്‍ച്ചാ കഥയില്‍ നിക്ഷേപിക്കാന്‍ എല്ലാവര്ക്കും അവസരമൊരുക്കുകയാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ. ആവേശകരമായ സ്വീകരണമാണ് ഗ്രോ ഐപിഒയ്ക്ക് ഓഹരി വിപണിയില്‍ ലഭിച്ചിരിക്കുന്നത്. ആദ്യ ദിനം തന്നെ നിക്ഷേപകര്‍ 57% ബുക്ക് ചെയ്തു. നവംബര്‍ രണ്ടാംവാരം ഗ്രോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ വളര്‍ച്ചാ കഥയുടെ അടുത്ത ഘട്ടത്തിനും തുടക്കമാകും. 6632 കോടി രൂപ ഐപിഒയിലൂടെ ലഭിക്കുന്ന പണം കമ്പനിയുടെ അടുത് ഘട്ട വികസനത്തിനായി ചെലവഴിക്കുമെന്നാണ് സംരംഭകര്‍ വ്യക്തമാക്കിയിരിക്കുന്നത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)


