സൗദി അറേബ്യയും പാകിസ്ഥാനും പ്രതിരോധ കരാറില്‍ ഒപ്പിട്ടിരിക്കുന്നു. യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ മാതൃകയില്‍ ‘ഒരു രാജ്യത്തെ ആക്രമിച്ചാല്‍ മറ്റേ രാജ്യത്തെയും ആക്രമിക്കുന്നതായി’ കണക്കാക്കും എന്നാണ് കരാറില്‍ പറയുന്നത്. തന്ത്രപരമായ പരസ്പര പ്രതിരോധ കരാര്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സ്വാഭാവികമായും ഉയരുന്ന ചോദ്യം, ഒരു ഇന്ത്യ-പാക് സംഘര്‍ഷം ഉണ്ടാവുകയും ഓപ്പറേഷന് സിന്ദൂര്‍ പോലെ ഒരു സൈനിക നടപടി ഇന്ത്യ കൈക്കൊള്ളുകയും ചെയ്താല്‍ ഈ പ്രതിരോധ ഉടമ്പടി പ്രകാരം സൗദി ഇടപെടുമോ എന്നതാണ്.
പാകിസ്ഥാന് അങ്ങനെ സ്വപ്നം കാണാന്‍ അവകാശമുണ്ട്. സൗദിയുമായുള്ള കരാര്‍ കാട്ടി അസിം മുനീറിനും മറ്റും ഇന്ത്യയെ ഒന്ന് വെല്ലുവിളിക്കുകയുമാവാം. എന്നാല്‍ പാകിസ്ഥാന്റെ ഫാന്റസികളും സൗദി അറേബ്യയുടെ താല്‍പ്പര്യങ്ങളും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്നതാണ് വാസ്തവം.
ഇന്ത്യ-സൗദി സൗഹൃദം
ഇന്ത്യയുമായുള്ള ബന്ധം മുന്‍പെന്നത്തേക്കാളും ഊഷ്മളമാണെന്നും ഇത് കൂടുതല്‍ ദൃഢമാക്കാന്‍ പ്രയത്നിച്ചു വരികയാണെന്നും പ്രതിരോധ കരാറിന്റെ പശ്ചാത്തലത്തില്‍ സൗദി വ്യക്തമാക്കുന്നു. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി. തിരിച്ച് സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2024-25 ല്‍ ഉഭയകക്ഷി വ്യാപാരം 42 ബില്യണ്‍ യുഎസ് ഡോളറിന്റേതായിരുന്നു. മറുവശത്ത് പാകിസ്ഥാനും സൗദിയുമായുള്ള ഉഭയകക്ഷി വ്യാപാരം വെറും 3-4 ബില്യണ്‍ ഡോളര്‍ മാത്രമാണ്.
പതിറ്റാണ്ടുകളായി അനൗദ്യോഗികമായി നിലനിന്ന ഒരു പ്രതിരോധ ബന്ധത്തെ ഇപ്പോള്‍ ഇരു രാജ്യങ്ങളും ഔദ്യോഗികമാക്കിയിരിക്കുന്നു എന്നാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്. പാകിസ്ഥാനുമായി സൗദിക്ക് കാലാകാലങ്ങളായി പ്രതിരോധ സഹകരണം ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ പാകിസ്ഥാന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യക്കെതിരെ സൗദി നീങ്ങിയിട്ടില്ല. സമീപകാലത്ത് പാക്-സൗദി പ്രതിരോധ ബന്ധം തണുത്തുറയുകയും ചെയ്തിരുന്നു.
ലക്ഷ്യം ഇസ്രയേല്‍?
പിന്നെ എന്തിനാണ് ഇത്തരമൊരു കരാര്‍? കരാര്‍ കൊണ്ട് പാകിസ്ഥാന് ലക്ഷ്യമിടുന്നത് ഇന്ത്യയെയാണെങ്കിലും സൗദി ലക്ഷ്യമിടുന്നത് ഇസ്രയേലിനെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമീപകാലത്ത് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അപായ സിഗ്നല്‍ നല്‍കിയിരിക്കുന്നത്. യെമന്‍, ഇറാന്, സിറിയ, ലെബനണ്‍ എന്നിവയ്ക്ക് ശേഷം ഖത്തറിലേക്ക് ഇസ്രയേലിന്റെ കൈകള്‍ നീണ്ടതാണ് സൗദിയെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്.
സംശയ നിഴലില്‍ യുഎസും
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറിവോടെയാണ് ദോഹയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് സൗദി സംശയിക്കുന്നു. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തങ്ങളുടെ രക്ഷിതാവായി കാണുന്ന യുഎസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നയം അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഏക മുസ്ലീം ആണവ രാജ്യമായ പാകിസ്ഥാനെ സൗദി വീണ്ടും അടുപ്പിക്കുന്നത്. ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഒരു ആക്രമണമുണ്ടായാല്‍ പാകിസ്ഥാന്റെ സഹായം ഉറപ്പാക്കുന്നതാണ് ഈ പ്രതിരോധ ഇടപാട്.
റിയാല്‍ തേടി പാകിസ്ഥാന്
ഒരു തരത്തിലും ഇന്ത്യയെ പിണക്കാന്‍ സൗദി തയാറാവില്ലെന്ന വസ്തുത ഒരു ഭാഗത്തു നില്‍ക്കെ പാകിസ്ഥാന് ഈ കരാര്‍ കൊണ്ട് ഗുണമെന്തെന്നതാണ് ചോദ്യം. സൗദി റിയാലാണ് ഇതില്‍ പാകിസ്ഥാന്റെ താല്‍പ്പര്യം. പാകിസ്ഥാന്റെ ആണവ പരിപാടിക്ക് രഹസ്യമായി സൗദി അറേബ്യ പണം മുടക്കിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ പാക് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. പാപ്പരായ പാകിസ്ഥാന് ഈ കരാറിലൂടെ സൗദിയില്‍ നിന്ന് കാര്യമായ ധനസഹായം നേടിയെടുക്കാമെന്ന് കരുതുന്നു. അതേസമയം നേരിട്ട് സൗദി പങ്കാളികളാവുന്ന എല്ലാ സംഘര്‍ഷത്തിലും ഇനി പാകിസ്ഥാനും പങ്കെടുക്കേണ്ടി വരികയും ചെയ്യും. യെമനിലെ ഹൂത്തികള്‍ക്കെതിരായി സൗദിയുടെ നേതൃത്വത്തില്‍ നടന്ന സൈനിക നടപടിയില്‍ നിന്ന് പാകിസ്ഥാന് വിട്ടുനിന്നിരുന്നു. ഇനി അത്തരം വിട്ടുനില്ക്കലുകള് ഇസ്ലാമാബാദിന് സാധിക്കില്ല.




