ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ധനനയക്കമ്മിറ്റി യോഗങ്ങളില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന് മോര്ഗന് സ്റ്റാന്‍ലി. പലിശ നിരക്കുകളില്‍ 25 ബേസിസ് പോയിന്റുകളുടെ വ്യത്യാസമാണ് മോര്ഗന് സ്റ്റാന്‍ലി പ്രവചിക്കുന്നത്. ഇതിലൂടെ ടെര്‍മിനല്‍ പോളിസി റേറ്റ് 5 ശതമാനമാകും.
പണപ്പെരുപ്പം ലക്ഷ്യത്തില്‍ താഴെ തുടരുന്നതിനാല്‍ ആര്‍ബിഐക്ക് നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാഹചര്യമുണ്ടെന്നാണ് ആഗോള ബ്രോക്കറേജ് കമ്പനിയായ മോര്ഗന് സ്റ്റാന്‍ലി അഭിപ്രായപ്പെടുന്നത്. 2026 സാമ്പത്തികവര്‍ഷത്തില്‍ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ശരാശരി 2.4 ശതമാനത്തിലാകുമെന്നാണ് മോര്ഗന് സ്റ്റാന്‍ലിയുടെ പ്രവചനം.
ആര്‍ബിഐയുടെ പണപ്പെരുപ്പ ലക്ഷ്യം 4 ശതമാനത്തില്‍ താഴെയാണ്. മൊത്ത വിലസൂചിക 2.4 ശതമാനമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ആര്‍ബിഐക്ക് ഒക്ടോബറിലും ഡിസംബറിലും പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കാന്‍ സാധിക്കും. പണപ്പെരുപ്പത്തിലെ സൗമ്യമായ ഈ സ്ഥിതി ഭക്ഷ്യവില കുറയുന്നതിലൂടെയും ജിഎസ് ടി നിരക്കുകളില്‍ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതിലൂടെയും വില സമ്മര്‍ദ്ദത്തിന്റെ അഭാവത്തിലൂടെയും കൂടുതല്‍ അനുകൂലമാകുമെന്നും മോര്ഗന് സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന പണപ്പെരുപ്പം കഴിഞ്ഞ 22 മാസങ്ങളില്‍ 4 ശതമാനത്തില്‍ താഴെ തുടരുന്നുവെന്നതും നേട്ടമായി കരുതണം.
പണപ്പെരുപ്പ നിരക്ക് താഴേക്ക് പോകുന്നതും നോമിനല്‍ ജിഡി പി വളര്‍ച്ച ദുര്‍ബലമായി തുടരുന്നതും ആര്‍ബിഐക്ക് ഒക്ടോബറിലും ഡിസംബറിലും നിരക്കുകള്‍ കുറയ്ക്കുന്നതിന് ഒരു കാരണമാണ്. അതേസമയം പണപ്പെരുപ്പം കുറയുന്നത് തുടരുകയും കൂടുതല്‍ ആഴത്തിലുള്ള നിരക്കിളവുകള്‍ വേണ്ടിവരുകയും ചെയ്യുന്നത് അപകടകരമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിലക്കുറവിന്റെ പശ്ചാത്തലത്തില്‍ നോമിനല്‍ ജിഡിപി 2026 സാമ്പത്തിക വര്‍ഷത്തില്‍ 8.3 ശതമാനമായിരിക്കാനാണ് സാധ്യതയെന്ന് മോര്ഗന് സ്റ്റാന്‍ലി അഭിപ്രായപ്പെടുന്നു.




