മെഴ്സര്, സിഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2025-ലെ ആഗോള പെന്ഷന് സൂചിക പുറത്തിറങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാനൊന്നുമില്ല, അപമാനിക്കാന്‍ ഏറെയുണ്ടുതാനും. ലോകത്തിലെ 65 ശതമാനം ജനസംഖ്യയെ ഉള്‍ക്കൊള്ളുന്ന 52 രാജ്യങ്ങളിലെ പെന്ഷന് സംവിധാനങ്ങള്‍ വിലയിരുത്തി തയ്യാറാക്കിയ സൂചികയില്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഏറ്റവും മോശമായ D ഗ്രേയ്ഡാണ്.
A, B+,B,C+,C,D,E എന്നിങ്ങനെ ഏഴ് ഗ്രേയ്ഡുകളിലൂടെയാണ് വിവിധ രാജ്യങ്ങളിലെ പെന്ഷന് സംവിധാനത്തെ മെഴ്സര് റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരിക്കുന്നത്. അതില്‍ ഏറ്റവും മോശം ഗ്രേയ്ഡ് ലഭിച്ച നാല് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആകര്‍ഷകമായ ചില കാര്യങ്ങളുണ്ടെങ്കിലും ശ്രദ്ധ നല്‍കേണ്ട തരത്തില്‍ വലിയ രീതിയിലുള്ള ദുര്‍ബലതകളോ അവഗണനയോ ഉള്ള പെന്ഷന് സംവിധാനങ്ങള്‍ക്കാണ് D ഗ്രേഡ് നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മെച്ചപ്പെടുത്തലുകള്‍ ഉണ്ടായില്ലെങ്കില്‍ ആ രാജ്യങ്ങളിലെ പെന്ഷന് സംവിധാനത്തിന്റെ കാര്യക്ഷമതയും സ്ഥിരതയും സംശയത്തിന്റെ നിഴലിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
എന്തെല്ലാം ന്യൂനതകളാണ് ഇന്ത്യയുടെ പെന്ഷന് വ്യവസ്ഥയില്‍ ഉള്ളതെന്ന് ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്താം.
സൂചികയുടെ മാനദണ്ഡങ്ങള്‍
ക്ഷമത (40%), സ്ഥിരത (35%), സമഗ്രത (25%) എന്നിങ്ങനെ പ്രധാനമായും മൂന്ന് കാര്യങ്ങളെ ആസ്പദമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.
പെന്ഷന് ആനുകൂല്യങ്ങള്‍, സംവിധാനത്തിന്റെ രൂപം, സമ്പാദ്യം, സര്‍ക്കാര്‍ പിന്തുണ, സ്വന്തമായി വീട്, ആസ്തി എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പെന്ഷന് സംവിധാനത്തിന്റെ ‘ക്ഷമത’ വിലയിരുത്തുന്നത്. എത്രത്തോളം ആളുകള്‍ പെന്ഷന് കീഴില്‍ വരുന്നു, രാജ്യത്തിന്റെ മൊത്തത്തിലുള്ള ആസ്തി, ജനസംഖ്യ, പൊതു ചിലവിടല്‍, സര്‍ക്കാരിന്റെ കടം, സാമ്പത്തിക വളര്‍ച്ച എന്നിവയാണ് പെന്ഷന് വ്യവസ്ഥയുടെ ‘സ്ഥിരത’ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍. നിയമങ്ങള്‍, ഭരണസംവിധാനം, സംരക്ഷണം, ആശയവിനിമയം, പ്രവര്‍ത്തനച്ചിലവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ‘സമഗ്രത വിലയിരുത്തപ്പെടുന്നത്. ഇവയില്‍ പെന്ഷന് സംവിധാനത്തിന്റെ ക്ഷമതയില്‍ ഇന്ത്യയ്ക്ക് E ഗ്രെയ്ഡാണ്, സ്ഥിരതയില്‍ D ഗ്രെയ്ഡും സമഗ്രതയില്‍ c ഗ്രെയ്ഡും. നൂറില്‍ 43.8 ആണ് ഇന്ത്യയുടെ മൊത്തത്തിലുള്ള സൂചിക സ്കോര്‍. ആഗോള ശരാശരി 64.5 ആണ്.
ഇന്ത്യയിലെ പ്രശ്നങ്ങള്‍
വരുമാനവുമായി ബന്ധപ്പെട്ടുള്ള എംപ്ലോയീസ് പെന്ഷന് പദ്ധതി, തൊഴിലാളിയും തൊഴില്‍ ദായകരും നിശ്ചിത തുക മാറ്റിവെക്കുന്ന തരത്തിലുള്ള എംപ്ലോയി പ്രോവിഡന്റ് ഫണ്ട്, സമാനരീതിയില്‍ തൊഴില്ദായകര് നിയന്ത്രിക്കുന്ന പെന്ഷന് പദ്ധതികള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയിലെ റിട്ടയര്‍മെന്റ് വരുമാന വ്യവസ്ഥ.
തൊഴിലാളികള്‍ക്കുള്ള പ്രോവിഡന്റ് ഫണ്ട് (EPFO), പെന്ഷന് സ്കീം (EPS), അനൗപചാരിക തൊഴിലാളികള്‍ക്കുള്ള പരിമിതമായ സാമൂഹിക സുരക്ഷ പദ്ധതികള്‍ എന്നിങ്ങനെ പല ഘടകങ്ങളായുള്ള ഇന്ത്യയിലെ പെന്ഷന് വ്യവസ്ഥ ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സമഗ്രമായ ഒരു പെന്ഷന് സംവിധാനത്തിന്റെ അഭാവം രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും വിരമിക്കലിന് ശേഷമുള്ള സുരക്ഷിത ജീവിതത്തിന് തടസ്സമാകുന്നു.
റിപ്പോര്‍ട്ട് പ്രകാരം പെന്ഷന് സംവിധാനത്തിന്റെ ക്ഷമത തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം. ഈ വിഭാഗത്തില്‍ D ഗ്രേയ്ഡാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ജോലിയില്‍ നിന്നും വിരമിച്ചവര്‍ക്ക് വളരെ താഴ്ന്ന നിലവാരത്തിലുള്ള വരുമാനമാണ് ലഭിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രായമായവര്‍ക്ക് വളരെ പരിമിതമായ സാമൂഹിക പിന്തുണയാണ് രാജ്യത്ത് ലഭിക്കുന്നത്.
പെന്ഷന് സംവിധാനത്തിന്റെ സ്ഥിരതയില്‍ ഇന്ത്യയ്ക്ക് E ഗ്രേയ്ഡാണ് ലഭിച്ചിരിക്കുന്നത്. ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്കിടയില്‍ സ്ഥിരത, അനൗപചാരിക തൊഴിലാളികളുടെ പങ്കാളിത്തം, പരിമിത സമ്പാദ്യം എന്നിവയാണ് വെല്ലുവിളികള്‍.
സമഗ്രതയില്‍ ഇന്ത്യയ്ക്ക് C ഗ്രേയ്ഡാണ്. മറ്റ് രണ്ട് ഘടകങ്ങളെ അപേക്ഷിച്ച് സമഗ്രതയില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലാണെങ്കിലും കുറച്ചുകൂടി ശക്തമായ നിയന്ത്രണസംവിധാനവും മേല്‍നോട്ടവും സുതാര്യതയും ഇന്ത്യയിലെ പെന്ഷന് സംവിധാനത്തിന് ആവശ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്വകാര്യ, തൊഴിലധിഷ്ഠിത പെന്ഷന് പദ്ധതികളില്‍ ആളുകള്‍ക്ക് വിശ്വാസം വരണമെങ്കില്‍ അത് ആവശ്യമാണ്്.
എല്ലാവര്ക്കും പെന്ഷന് ലഭിക്കുന്ന സംവിധാനം വേണ്ടേ
രാജ്യത്തെ പെന്ഷന് സംവിധാനത്തില്‍ പരിഷ്കാരങ്ങള്‍ ആവശ്യമാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പ്രായമായവരും, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുമായ ആളുകള്‍ക്ക് ഏറ്റവും കുറഞ്ഞ രീതിയിലെങ്കിലും പെന്ഷന് ലഭിക്കുന്ന തരത്തിലുള്ള സംവിധാനം വരണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. പെന്ഷന് ആനുകൂല്യം അസംഘടിത മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുക, റിട്ടയര്‍മെന്റ് സമ്പാദ്യം സുരക്ഷിതമാക്കുന്നതിന് പിന്‍വലിക്കുന്നതിനുള്ള കുറഞ്ഞ പ്രായം കൊണ്ടുവരിക, സ്വകാര്യ, സ്വയാര്‍ജ്ജിത പെന്ഷന് പദ്ധതികളിലെ നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നു.
റിട്ടയര്‍മെന്റ് പ്ലാനിംഗിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുന്നതാണ് ഇന്ത്യയിലെ പ്രശ്നമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ സാമൂഹികമായ സുരക്ഷ, അതായത് എല്ലാവര്ക്കും ഏതെങ്കിലും രീതിയിലുള്ള വരുമാനം ലഭ്യമാകുന്ന അവസ്ഥ നിലവില്‍ ഇന്ത്യയ്ക്ക് താങ്ങാവുന്ന ഒന്നല്ല, എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും നിയന്ത്രണ സംവിധാനങ്ങള്‍ ശക്തമാക്കുന്നതും നിക്ഷേപകരില്‍ റിട്ടയര്‍മെന്റ് പ്ലാനിംഗ് സംബന്ധിച്ച അവബോധം മെച്ചപ്പെടുത്തുന്നതും പെന്ഷന് സംവിധാനത്തെ ശക്തിപ്പെടുത്തുന്ന നടപടികളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പെന്ഷന് സൂചികയില്‍ നില മെച്ചപ്പെടുത്താന്‍ ഇത്തരം നടപടികള്‍ ഇന്ത്യയെ സഹായിക്കും. സിംഗപ്പൂര്‍ പോലുള്ള ഒരു വികസിത രാജ്യത്തിന് പോലും 16 വര്‍ഷങ്ങള്‍ കൊണ്ടുമാത്രമേ സി ഗ്രേയ്ഡില്‍ നിന്നും മെച്ചപ്പെട്ട ഗ്രേയ്ഡിലേക്ക് എത്താന്‍ സാധിച്ചിട്ടുള്ളുവെന്ന് ഗ്രാന്റ് തോണ്ടണ് ഭാരതിലെ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് റിസ്ക് അഡൈ്വസറി ലീഡറായ വിവേക് അയ്യര്‍ പറയുന്നു.
പെന്ഷന് ലഭിക്കുന്നത് മൂന്നിലൊന്ന് ആളുകള്‍ക്ക് മാത്രം
ഇന്ത്യയില്‍ 29 ശതമാനം പ്രായമായവര്‍ക്ക് മാത്രമാണ് പെന്ഷന് ലഭിക്കുന്നതെന്ന് ഗിവ് ഗ്രാന്റ്സ് എന്ന ബിസിനസ് കണ്‍സള്‍ട്ടിംഗ് സര്‍വ്വീസിന്റെ India’s Ageing Society: The Landscape Today – എന്ന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് 60 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകളുടെ എണ്ണം അസാധാരണരീതിയില്‍ വര്‍ധിച്ചുവരികയാണെന്നും നിലവില്‍ മൊത്തം ജനസംഖ്യയുടെ 10 ശതമാനം അവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2050ഓടെ ഇത് 20 ശതമാനം, അഥവാ 34.7 കോടി എന്ന സംഖ്യയിലേക്ക് എത്താം. എന്നാല്‍ ഇവരുടെ സാമ്പത്തിക അരക്ഷിതാവസ്ഥ, കുടുംബത്തില്‍ നിന്നുള്ള പിന്തുണയുടെ കുറവ്, ആരോഗ്യസംവിധാനത്തിലെ വിടവുകള്‍ എന്നീ കാര്യങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നുമില്ല.
ശുപാര്‍ശകള്‍
- പെന്ഷന് സൂചികയില്‍ മുന്നേറുന്നതിന് മെഴ്സര് ഇന്ത്യയ്ക്കായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്.
- സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന, പ്രായമായവര്‍ക്ക് കുറഞ്ഞ രീതിയിലെങ്കിലും സാമ്പത്തിക സഹായം ലഭ്യമാക്കുക.
- അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പെന്ഷന് സൗകര്യങ്ങള്‍ വിപുലമാക്കി അവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുക.
- പെന്‍ഷനും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും പിന്‍വലിക്കുന്നതിന് കുറഞ്ഞ പ്രായപരിധി വെക്കുക. സമ്പാദ്യം വാര്‍ധക്യകാലത്ത് ഉപകാരപ്പെടാന്‍ ആ നയം സഹായിക്കും.
- സ്വകാര്യ പെന്ഷന് സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക.
2024-ലെ 44.0 എന്ന സ്കോറില്‍ നിന്നുമാണ് ഇന്ത്യ ഈ വര്‍ഷം 43.8 എന്ന സ്കോറിലേക്ക് എത്തിയിരിക്കുന്നത്. അതിനാല്‍ ഓരോ വര്‍ഷവും ഇന്ത്യയിലെ പെന്ഷന് വ്യവസ്ഥ നില മെച്ചപ്പെടുത്തി സൂചികയില്‍ മുന്നേറുമെന്ന് പ്രത്യാശിക്കാം.


