ഏത് കഥ പറയുമ്പോഴും നൊസ്റ്റാള്‍ജിയയില്‍ തുടങ്ങുന്നതാണ് നമ്മള് മലയാളികള്‍ക്ക് ഇഷ്ടം. പണ്ടുപണ്ട്…ആ വാക്ക് നമ്മളെ അത്രയേറെ സ്വാധീനിച്ചതാണ്. പതിവുതെറ്റിക്കാതെ ആ വാക്കില്‍ നിന്നുതന്നെ തുടങ്ങാം. പണ്ട്, അതായത് ഒരു മുപ്പത് വര്‍ഷം മുമ്പ് ഒരു നീണ്ട കടലാസില്‍ വാങ്ങാനുള്ള പലചരക്ക് സാധനങ്ങളുടെ ലിസ്റ്റ് എഴുതി ഒരു സഞ്ചിയും എടുത്ത് അച്ഛന്റെ കയ്യിലേല്‍പ്പിക്കുന്നു അമ്മ. അതുമായി ഒരു പത്ത് മിനിട്ട് നടന്നോ, അതുകഴിഞ്ഞ് ഓട്ടോ പിടിച്ചോ ബസ് കയറിയോ ഒക്കെ കടയിലെത്തി സാധനങ്ങളെല്ലാം വാങ്ങി തിരിച്ചും വണ്ടി പിടിച്ചോ നടന്നോ ഒക്കെ അച്ഛന് വീട്ടിലെത്തുന്നു. കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂറിന്റെ അധ്വാനം. എന്തെങ്കിലും സാധനങ്ങള്‍ തീര്‍ന്നുപോയാല്‍ അതില്ലാതെ ഭക്ഷണം വെക്കുകയെന്നേയുള്ളു, പെട്ടെന്നുപോയി വാങ്ങിക്കുക നടക്കുന്ന കാര്യമല്ല. കാലങ്ങള്‍ക്കിപ്പുറം വീടിനടുത്ത് കടകള്‍ വന്നു. അപ്പോഴും എല്ലാ സാധനങ്ങളും കിട്ടിയെന്നൊന്നും വരില്ല. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സാധനങ്ങള്‍ കടക്കാര് വേണമെങ്കില്‍ വീട്ടിലെത്തിച്ചുതരുന്ന അവസ്ഥ വന്നു. ഇ-കൊമേഴ്സ് വ്യാപകമായി. വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമെല്ലാം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തിത്തുടങ്ങി. അപ്പോഴും പലചരക്ക് സാധനങ്ങളുടെ ഡെലിവറിയ്ക്ക് അത്ര കാര്യക്ഷമമായ സംവിധാനമുണ്ടായിരുന്നില്ല. പിന്നെയും വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. കോവിഡ് മഹാമാരി വന്നു. സാധനം വാങ്ങാന്‍ പോയിട്ട് ഒന്ന് ശ്വാസം വിടാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത കാലമെത്തി. മാസങ്ങള്‍ വീട്ടിനുള്ളില്‍ അടച്ചിട്ട കാലം.
വിരസമായ ആ ലോക്ക്ഡൗണ്‍ കാലത്ത് മുംബൈ നഗരത്തിലെ രണ്ട് ചെറുപ്പക്കാരുടെ മനസ്സില്‍ ഒരു ആശയമുദിച്ചു. പലചരക്ക് സാധനങ്ങള്‍ക്കായി ഇത്രയേറെ സമയം കാത്തിരിക്കേണ്ട അവസ്ഥയാണ് അവരെ ഇരുത്തിച്ചിന്തിപ്പിച്ചത്. മൂന്നുവര്ഷത്തിനിപ്പുറം അവരുടെ ആശയം വന്‍ വിജയമാണ്. സെപ്റ്റോയെന്ന അവരുടെ സ്റ്റാര്‍ട്ടപ്പ് കുറഞ്ഞകാലം കൊണ്ട് ഒരു ബില്യണ്‍ ഡോളര്‍ വിപണിമൂല്യത്തിലെത്തിയ (യൂണികോണ്‍) സ്റ്റാര്‍ട്ടപ്പാണ്. ബ്ലിങ്കിറ്റും ഇന്‍സ്റ്റാമാര്‍ട്ടും ബിഗ് ബാസ്കറ്റുമടക്കം ശക്തമായ എതിരാളികളുള്ള ക്യുക്ക് കൊമേഴ്സ് (അതിവേഗ ഡെലിവറി) രംഗത്ത് സെപ്റ്റോ അതിവേഗം മുന്നേറുന്നു. പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) തയ്യാറെടുക്കുന്ന സെപ്റ്റോയുടെ സ്ഥാപകര്‍ക്ക് വയസ്സ് വെറും 22 ആണ്. പക്ഷേ ആസ്തി 4500, 5000 കോടിയോളമാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരര്‍ എന്ന നേട്ടവും ഈ യുവാക്കള്‍ക്കാണ്. അവരുടെ കഥയറിയാം, ഒപ്പം സെപ്റ്റോയുടെ വിജയഗാഥയും.
പത്ത് മിനിട്ടില്‍ തുടങ്ങിയ ബില്യണ്‍ ഡോളര്‍ സ്റ്റോറി
ഒരു ചായ കുടിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ പാലോ പഞ്ചസാരയോ ചായപ്പൊടിയോ വീട്ടിലില്ലാത്ത സ്ഥിതി ആലോചിച്ചുനോക്കൂ. കടയില്‍ പോയി അതുവാങ്ങി വരുമ്പോഴേക്കും ചായ കുടിക്കാനുള്ള ആഗ്രഹം പോയിട്ടുണ്ടാകും. ഈ അവസ്ഥയില്‍ ഒരു മാറ്റമുണ്ടാകണമെന്നാണ് ആദിത് പാലിച്ചയും കൈവല്യ വോറയും ആഗ്രഹിച്ചത്. അവര്‍ക്ക് കോഡിംഗ് അറിയാം, സോഫ്റ്റ്വെയര് വികസിപ്പിക്കാനറിയാം, പക്ഷേ പാലോ പഞ്ചസാരയോ ചായപ്പൊടിയോ പെട്ടെന്ന് വീട്ടിലെത്താന്‍ അതുമാത്രം പോരല്ലോ. അപ്പോഴുള്ള ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങള്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കൊണ്ടേ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കൂ. ഈ കാലതാമസമാണ് ഇന്ത്യയിലെ ക്യുക്ക് കൊമേഴ്സ് ചരിത്രത്തെ തന്നെ മാറ്റിയെഴുതുന്ന ഒരു ആശയത്തിലേക്ക് വഴിതുറന്നത്.
മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ നഗരങ്ങളിലൂടെ കുതിച്ചുപായുന്ന സെപ്റ്റോയുടെ ഡെലിവറി ഏജന്റുമാര്‍ സമയത്ത് സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നു. പത്തുമിനിട്ടില്‍ എന്തും വീട്ടിലെത്തും എന്ന വാഗ്ദാനത്തോട് അവര്‍ ഏറെക്കുറേ നീതിപുലര്‍ത്തുന്നു. പക്ഷേ ലളിതമായ ആ വാഗ്ദാനത്തിന് പിന്നിലെ സംവിധാനം ഏറെ സങ്കീര്‍ണ്ണമാണ്. കൃത്യത, സമയനിഷ്ഠ, സാങ്കേതികത, യുവത്വത്തിന്റെ ചുറുചുറുക്ക് ഇവയെല്ലാം ഒന്നിക്കുമ്പോഴോണ് പത്തുമിനിട്ടില്‍ വീട്ടില്‍ ചായയ്ക്ക് വേണ്ടതെല്ലാം എത്തുന്നതും ചായക്കൊതി മാറുംമുമ്പ് നിങ്ങള്‍ക്ക് ആത്മനിര്വൃതിയുണ്ടാകുന്നതും.
വേഗതയുടെ പിറവി
2021-ല്‍ കോവിഡിനെ തുടര്‍ന്ന് ലോകം ഇഴഞ്ഞുനീങ്ങിയപ്പോള്‍, സെപ്റ്റോ കുതിക്കാന്‍ തീരുമാനിച്ചു.de സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ സഹപാഠികളും പഠനം പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങിയവരുമായിരുന്നു ആദിതും കൈവല്യയും. പ്രായം അന്ന് ഇരുപത് തികഞ്ഞിട്ടുപോലുമില്ല. പലചരക്ക് ഡെലിവറി രംഗത്തുള്ള കാലതാമസം അവര്‍ ഒരു അവസരമായിക്കണ്ടു. അപ്പോഴും ക്യുക്ക് കൊമേഴ്സ് ഒരു പുതിയ കാര്യമൊന്നുമായിരുന്നില്ല. സ്വിഗ്ഗിയും സൊമാറ്റോയും ഗ്രോഫേഴ്സും (ഇപ്പോഴത്തെ ബ്ലിങ്കിറ്റ്) അതിവേഗ ഡെലിവറിയില്‍ ചില പരീക്ഷണങ്ങള്‍ നടത്തുന്ന സമയമായിരുന്നു. പക്ഷേ സെപ്റ്റോ അവരുടെ ‘സമയം’ നിശ്ചയിച്ചു.
കൃത്യമായ ലക്ഷ്യത്തിലൂന്നി മുന്നേറുക എന്നതായിരുന്നു സെപ്റ്റോയുടെ സമീപനം. വെയര്‍ഹൗസുകളില്‍ നിന്ന് സാധനങ്ങള്‍ പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിലെ താമസവും ഇന്ത്യന്‍ നഗരങ്ങളിലെ ട്രാഫിക്ക് ബ്ലോക്കുകളും കാരണം അതിവേഗ ഡെലിവറി എത്ര വേഗത്തിലാക്കാനാകുമെന്നത് സംശയമുനയിലായിരുന്നു. പക്ഷേ, മിന്നല്‍ വേഗത്തിലുള്ള ഡെലിവറി എന്ന്തായിരുന്നു സെപ്റ്റോ മുന്നില്‍ കണ്ടത്. 10 മിനിട്ട് മുതല്‍ 30 മിനിട്ട് വരെ ശരാശരി ഡെലിവറി സമയം മനസ്സില്‍ വെച്ചുകൊണ്ട് അവര്‍ മുന്നിട്ടിറങ്ങി. രാജ്യത്തെ പലചരക്ക് നീക്കത്തിലെ സങ്കീര്‍ണ്ണതയും വലുപ്പവും കണക്കിലെടുക്കുമ്പോള്‍ സെപ്റ്റോയുടേത് വളരെ ധീരമായ ഒരു ലക്ഷ്യമായിരുന്നു.
തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായി സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള വലിയ വെയര്‍ഹൗസുകള്‍ എന്ന ആശയത്തിന് പകരം ഡാര്‍ക് സ്റ്റോറുകളുടെ ശൃംഖലയാണ് സെപ്റ്റോ നിര്‍മ്മിച്ചത്. താമസ സ്ഥലങ്ങള്‍ക്ക് അടുത്ത് സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ചെറിയ കേന്ദ്രങ്ങളായിരുന്നു ഡാര്‍ക് സ്റ്റോറുകള്‍. എല്ലാ സ്റ്റോറുകളിലും സശ്രദ്ധം നിത്യോപയോഗ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തു. ‘ചുറ്റുവട്ടത്തിലുള്ള വീടുകളിലേക്ക് വേണ്ട സാധനങ്ങളെല്ലാം’ എന്നതായിരുന്നു സ്റ്റോക്കിംഗിന്റെ മാനദണ്ഡം. മാത്രമല്ല, ഊഹങ്ങളെ അടിസ്ഥാനമാക്കിയല്ല, ആവശ്യകത സംബന്ധിച്ച അല്‍ഗോരിതം അനുസരിച്ചാണ് എവിടെ, എന്തെല്ലാം സ്റ്റോക്ക് ചെയ്യണമെന്ന് തീരുമാനിച്ചത്.
ഉപഭോക്താക്കള്‍ സംബന്ധിച്ച കൃത്യമായ ബോധ്യവും സെപ്റ്റോയ്ക്ക് ഉണ്ടായിരുന്നു. നഗരങ്ങളിലുള്ള, ടെക്നോളജിയെ കൂടുതലായി ആശ്രയിക്കുന്ന, സൗകര്യവും സുഖവും നോക്കി കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെയാണ് സെപ്റ്റോ ലക്ഷ്യമിട്ടത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഫ്രഷ് ആയ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാനാണ് അവര്‍ ആഗ്രഹിച്ചത്. സമയത്തെ വെല്ലുവിളിച്ചുകൊണ്ട് ഡെലിവറി ഏജന്റുമാര്‍ അവരുടെ ഓര്‍ഡറുകള്‍ക്ക് പിന്നിലായി പാഞ്ഞു. പത്തുമിനിട്ടില്‍ പലചരക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്യുക അസാധ്യമാണെന്ന ധാരണയെ വെല്ലുവിളിച്ച് സെപ്റ്റോ വിജയിച്ചു.
തുടക്കത്തിലെ വെല്ലുവിളികള്‍
എല്ലാ സ്റ്റാര്‍ട്ടപ്പുകളെയും പോലെ തുടക്കത്തില്‍ സെപ്റ്റോയും പല പ്രതിസന്ധികളും നേരിട്ടു. വേഗത, ആശ്രിയാക്കാനാകുന്നത്, സാധനങ്ങളുടെ വേഗത്തിലുള്ള നീക്കം എന്നിവ ഉറപ്പാക്കുന്ന ഒരു പ്ലാറ്റ്ഫോം കെട്ടിപ്പടുക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. പരമ്പരാഗത ഇ-കൊമേഴ്സ് പോലെ ഒരു വെയര്‍ഹൗസില്‍ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച് എവിടേക്ക് വേണമെങ്കിലും ഡെലിവര്‍ ചെയ്യുക എന്നത് പലചരക്ക് ഡെലിവറിയില്‍ അത്ര എളുപ്പമുള്ള കാര്യമല്ല. വേഗത്തില്‍ ഡെലിവര്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ ഓര്‍ഡറുകള്‍ വരുന്നതിനടുത്തായി തന്നെ സൂക്ഷിക്കാന്‍ കഴിഞ്ഞെങ്കിലേ അതിവേഗ ഡെലിവറി സാധ്യമാകുമായിരുന്നുള്ളു. അതിനായി നൂതനമായ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയും വേഗത്തിലുള്ള, മെച്ചപ്പെട്ട ചരക്കുനീക്ക സംവിധാനം സ്ഥാപിക്കുകയും വേണ്ടിയിരുന്നു.
തുടക്കത്തില്‍ ബിഗ് ബാസ്കറ്റില്‍ നിന്നും ആമസോണ്‍ പാന്ട്രിയില് നിന്നും സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ നിന്നുമെല്ലാം കടുത്ത മത്സരമാണ് സെപ്റ്റോ നേരിട്ടത്. പക്ഷേ വേഗത എന്ന മുഖമുദ്രയിലൂന്നി സെപ്റ്റോ അവയില്‍ നിന്നും വേറിട്ടുനിന്നു.
പത്ത് മിനിട്ട് വിപ്ലവം
2022ന്റെ പകുതി ആയപ്പോഴേക്കും വാക്കുപാലിച്ചുകൊണ്ട് അതിവേഗം സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന കമ്പനിയായി സെപ്റ്റോ വളര്‍ന്നുകഴിഞ്ഞിരുന്നു. മുംബൈ, ഡെല്‍ഹി, ബെംഗളൂരു പോലുള്ള നഗരങ്ങളിലായിരുന്നു സെപ്റ്റോ പയറ്റിത്തെളിഞ്ഞത്. സെപ്റ്റോയുടെ കസ്റ്റമര്‍ റിറ്റെന്‍ഷന്‍ നിരക്ക് (ഉപഭോക്താക്കളെ നിലനിര്‍ത്തുന്ന നിരക്ക്) ചില ഫുഡ് ഡെലിവറി കമ്പനികളെ പോലും മറികടന്നു.
പിന്നീടുള്ള വര്‍ഷങ്ങളിലും സെപ്റ്റോ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. വിതരണശൃംഖലകള്‍ ശക്തമാക്കുന്നതിലും ഡെലിവറി വേഗത്തിലാക്കുന്നതിലുമാണ് സ്ഥാപകര്‍ ശ്രദ്ധയൂന്നിയത്. സാങ്കേതികവിദ്യയില്‍ കമ്പനി വലിയ രീതിയിലുള്ള നിക്ഷേപങ്ങള്‍ നടത്തി. സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഡെലിവറി റൂട്ടുകളിലും ഉപഭോക്തൃ അനുഭവത്തിലും എഐ പരിഹാരങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇങ്ങനെ അതിവേഗത്തില്‍ ഡെലിവറി നടത്താനും പ്രവര്‍ത്തനച്ചിലവ് കുറയ്ക്കാനും ലാഭം കൂട്ടാനും കമ്പനിക്ക് സാധിച്ചു.
വിപണിമൂല്യത്തിലും അതിവേഗം മുന്നേറി
2021, 2022 വര്‍ഷങ്ങള്‍ സെപ്റ്റോയ്ക്ക് വലിയരീതിയിലുള്ള വളര്‍ച്ചയേകി. നിക്ഷേപ സമാഹരണത്തിലൂടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള ഫണ്ടിംഗ് കമ്പനി നേടി. 2021-ലെ സീരീസ് A ഫണ്ടിംഗ് റൗണ്ടില്‍ 60 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ സെപ്റ്റോയ്ക്ക് കഴിഞ്ഞു. 2022 ലെ നിക്ഷേപ സമാഹരണങ്ങളിലും കമ്പനി വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചു. മുംബൈയില്‍ നിന്നും മറ്റ് മെട്രോ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിച്ചു.
പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ പലതവണയായുള്ള നിക്ഷേപ സമാഹരണങ്ങളിലൂടെ 900 ദശലക്ഷം ഡോളര്‍ വിപണിമൂല്യത്തിലേക്ക് സെപ്റ്റോ എത്തി. Y കോമ്പിനേറ്റര്, നെക്സസ് വെന്‍ച്വര്‍ പാര്‍ട്ണേഴ്സ് പോലെ വമ്പന്‍ നിക്ഷേപകരെയാണ് കമ്പനി ആകര്‍ഷിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയുള്ള സ്റ്റാര്‍ട്ടപ്പുകളിലൊന്നായി സെപ്റ്റോ വളര്‍ന്നു. 2023-ല്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ (കുറഞ്ഞ കാലം കൊണ്ട് നേട്ടമുണ്ടാക്കുന്ന) യൂണികോണ്‍ (ഒരു ബില്യണ്‍ ഡോളര്‍ വിപണിമൂല്യം) ഉള്ള കമ്പനിയായി സെപ്റ്റോ.
2025-ല്‍ വിപണിമൂല്യത്തില്‍ 40 ശതമാനം വര്‍ധനയാണ് സെപ്റ്റോയ്ക്ക് ഉണ്ടായിരിക്കുന്നത്.
ഇരുപതുകളില്‍ ശതകോടീശ്വരരായ സ്ഥാപകര്‍
സെപ്റ്റോ ആരംഭിക്കുന്നതിന് മുമ്പ് മുംബൈ ആസ്ഥാനമായ ഗോപൂള്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ ഭാഗമായിരുന്നു ആദിത്. ദുബായില്‍ സ്കൂളില്ഡ നിന്ന് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവരാന്‍ കാര്‍പൂളിംഗ് (ഒന്നിച്ച് കാര്‍ വിളിക്കുക) നടത്താന്‍ സഹായിക്കുന്ന ആപ്ലിക്കേഷനായിരുന്നു അത്. ഇപ്പോള്‍ സെപ്റ്റോയുടെ സിഇഒ ആണ് ആദിത പാലീച്ച.
കമ്പനിയുടെ സിടിഒ ആയ കൈവല്യ ബെംഗളൂരു സ്വദേശി ആണെങ്കിലും വളര്‍ന്നത് ദുബൈയിലാണ്. 2025-ലെ M3M ഹുരുണ്‍ ഇന്ത്യ സമ്പന്ന പട്ടികയില്‍ 4,480 കോടി രൂപയുടെ മൂല്യവുമായി ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണ് കൈവല്യ. രണ്ടാംസ്ഥാനത്ത് ആദിത് പാലിച്ചയാണ്. 5,380 കോടി രൂപയാണ് ആദിതിന്റെ ആസ്തി.
ഭാവി പദ്ധതികള്‍
നിലവില്‍ 200 ഡാര്‍ക് സ്റ്റോറുകളാണ് സെപ്റ്റോയ്ക്ക് രാജ്യത്തുള്ളത്. 40 ശതമാനം അധിക സ്റ്റോറുകളാണ് കമ്പനി വിഭാവനം ചെയ്യുന്നത്. ഈ വര്‍ഷം പ്രഥമ ഓഹരി വില്‍പ്പന നടത്താനും കമ്പനി ആലോചിക്കുന്നുണ്ട്.


