ഇന്ത്യയെ സംബന്ധിച്ച് ക്രിക്കറ്റ് എന്നത് കേവലം ഒരു കായിക ഇനം മാത്രമല്ല. അത് ഒരു സംസ്കാരവും മതവും ദേശീയതയുടെ ചിഹ്നവും വികാരവും ഒക്കെയാണ്. ലോകത്തെ ഏത് ഗ്രൗണ്ടിലും ആ നീല ജഴ്സിയുമിട്ട് 11 പേര് കളിക്കാനിറങ്ങിയാല് ഗ്യാലറിയില്‍ ഒരു നീലക്കടല്‍ പിന്തുണയുമായി ആര്ത്തുവിളിക്കുന്നുണ്ടാകും. ക്രിക്കറ്റ് പോലെ ഇന്ത്യക്കാരെ ആഴത്തില്‍ സ്വാധീനിച്ച ഒരു കായിക ഇനവുമില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകള്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ ഈ അസൂയാവഹമായ ജനപിന്തുണയ്ക്ക് ഒരു കാരണമാണ്. ലോകത്തെ ഏറ്റവും ജനപ്രിയമായ ഏത് കായികയിനങ്ങളോടും കിടപിടിക്കുന്ന ഫാന്‍ ഫോളോയിംഗ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുണ്ട്.
ഈ ആവേശത്തെ നഗരാടിസ്ഥാനത്തില്‍ ഒന്നു വൈവിധ്യവല്‍ക്കരിച്ചപ്പോള്‍ ലോകത്തെ രണ്ടാമത്തെ വലിയ കായിക ലീഗും പിറന്നു, ഐപിഎല്‍. 9.5 ബില്യണ്‍ ഡോളറാണ് 2023 ലെ ഐപിഎലിന്റെ വരുമാനം. 17 ബില്യണ്‍ ഡോളറോളം വരുമാനമുള്ള യുഎസിലെ നാഷണല്‍ ഫുട്ബോള്‍ ലീഗ് (എന്‍എഫ്എല്‍) മാത്രമാണ് ഇക്കാര്യത്തില്‍ ഐപിഎലിന് മുന്നിലുള്ളത്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നായി ഇത് ബിസിസിഐയെ (ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്ട്രോള് ഇന്‍ ഇന്ത്യ) മാറ്റിയിട്ടുണ്ട്.
2025-26 സാമ്പത്തിക വര്‍ഷത്തിലെ ബിസിസിഐ ബജറ്റ് വിലയിരുത്തുമ്പോള്‍ സുശക്തമായ സാമ്പത്തിക അടിത്തറയാണ് വെളിവാകുന്നത്. 6700 കോടി രൂപയുടെ അറ്റ മിച്ചമാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. 2018 ലേതിനേക്കാള്‍ പത്തിരട്ടിയാണിത്. 2017-18 ല്‍ 666 കോടി രൂപ മാത്രമായിരുന്നു ബിസിസിഐക്ക് മിച്ചം പിടിക്കാനായിരുന്നത്.
കാശുവാരുന്ന ഐപിഎല്‍
ബിസിസിഐയുടെ ഖജനാവിനെ സമ്പന്നമാക്കുന്നതില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും ഐപിഎലില്‍ നിന്നുള്ള വരുമാനം സമീപ വര്‍ഷങ്ങളില്‍ ഇടിയുന്നത് ബോര്‍ഡില്‍ ആശങ്ക പരത്തിയിരിക്കുന്നു. ക്രിക്കറ്റ് സംപ്രേഷണാവകാശത്തിനായി മല്‍സരിച്ചിരുന്ന എതിരാളികളായ ജിയോയും സ്റ്റാറും കഴിഞ്ഞ വര്‍ഷം ലയിച്ചതിനുശേഷം ഐപിഎല്ലിന്റെ മൂല്യനിര്‍ണ്ണയം ഗണ്യമായി കുറഞ്ഞു. സംപ്രേഷണ കരാറിന്റെ മൂല്യം ഇടിഞ്ഞതാണ് ഇതിന് കാരണം. ഡി ആന്‍ഡ് പി അഡൈ്വസറി റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഐപിഎല്ലിന്റെ മൂല്യനിര്‍ണ്ണയം 16000 കോടി രൂപ കുറഞ്ഞു.
മികച്ച സംപ്രേഷണ അവകാശ കരാറുകളിലൂടെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) നിന്നുള്ള വരുമാന വിഹിതത്തിലൂടെയും 2018-19 മുതല്‍ ഐപിഎല്ലിന്മേലുള്ള ആശ്രയത്വം കുറയ്ക്കാന്‍ ബോര്‍ഡ് ശ്രമിച്ചു വരുന്നുണ്ട്. ഇത് കുറെയൊക്കെ വിജയം കണ്ടിട്ടുമുണ്ട്. 2018-19 ല്‍ ബിസിസിഐയുടെ അറ്റ മിച്ചത്തിന്റെ 95 ശതമാനം സംഭാവന ചെയ്തത് ഐപിഎലായിരുന്നു. 2100 കോടി രൂപയാണ് ആ വര്‍ഷം ബിസിസിഐ മിച്ചത്തില്‍ ഐപിഎലിന്റെ സംഭാവന. അതേസമയം ഇത്തവണ ബിസിസിഐയുടെ 6700 കോടി രൂപ മിച്ചത്തില്‍ ഏകദേശം 5000 കോടി രൂപയാണ് ഐപിഎല്‍ സംഭാവന ചെയ്തിരിക്കുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു മത്സരത്തിനുള്ള സംപ്രേഷണ അവകാശ ഫീസ് ഏകദേശം 27% വര്‍ദ്ധിച്ചെന്ന് ബിസിസിഐ ബജറ്റ് വ്യക്തമാക്കുന്നു.2025-26-ല്‍ ബിസിസിഐക്ക് 20%, ഐപിഎല്ലിന് 76%, ഡബ്ല്യുപിഎല്ലിന് 4% എന്നിങ്ങനെയാണ് സംപ്രേഷണ വിഹിതത്തിന്റെ അനുപാതം. അതേസമയം 2024-25 ലെ ബജറ്റില്‍, ബജറ്റ് അടിസ്ഥാനമാക്കി ഈ അനുപാതം ബിസിസിഐക്ക് 24%, ഐപിഎല്ലിന് 72%, ഡബ്ല്യുപിഎല്ലിന് 4% എന്നിങ്ങനെയായിരുന്നു.
ബെറ്റിംഗ് ആപ്പുകളുടെ നിരോധനം തിരിച്ചടി
സ്പോണ്‍സര്‍ഷിപ്പിന്റെ ഗണ്യമായ ഒരു ഭാഗം കൊണ്ടുവന്നിരുന്ന റിയല്‍ മണി ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളുടെ നിരോധനം ബോര്‍ഡിന് തിരിച്ചടിയായിട്ടുണ്ട്. ഡ്രീം ഇലവണടക്കമുള്ള കമ്പനികളില്‍ നിന്ന് ഗണ്യമായ നേട്ടം ബിസിസിഐക്ക് ലഭിച്ചിരുന്നു. ഐപിഎല്‍ അടക്കം ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് മല്‍സരങ്ങളുടെ സംപ്രേഷണ കരാറുകള്‍ പ്രകാരമുള്ള വരുമാനം മന്ദഗതിയിലായേക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ട്രോഫി കിട്ടിയില്ലെങ്കിലും മികച്ച വരുമാനം
കഴിഞ്ഞ മാസം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മല്‍സരങ്ങള്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരങ്ങള്‍ പരസ്പരം കൈകൊടുക്കാതെ ആരംഭിച്ച വിവാദങ്ങള്‍ ഒടുവില്‍ പാകിസ്ഥാന്‍കാരനായ എസിസി പ്രസിഡന്റ് ട്രോഫിയുമായി സ്ഥലം വിടുന്നതിലാണ് കലാശിച്ചത്. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ തലവനും പാകിസ്ഥാന് ആഭ്യന്തര മന്ത്രിയുമായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് മൊഹ്സിന്‍ നഖ്വി, ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ട്രോഫിയുമായി മൈതാനം വിടുകയായിരുന്നു.
ഏഷ്യ കപ്പ് ട്രോഫി കിട്ടിയില്ലെങ്കിലും ടൂര്‍ണമെന്റിന്റെ ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ 100 കോടി രൂപയിലേറെ ബിസിസിഐക്ക് ലഭിച്ചു. ഏഷ്യാ കപ്പ് ഹോസ്റ്റിംഗ് ഫീസ്, സംപ്രേഷണാവകാശ തുക, ഐസിസി ടി20 ലോകകപ്പ് പങ്കാളിത്ത ഫീസ് എന്നിവയിലൂടെ അന്താരാഷ്ട്ര ടൂറുകളില്‍ നിന്നുള്ള മിച്ചത്തില്‍ 109.04 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കപ്പെടുന്നു. സംപ്രേഷണ അവകാശങ്ങളിലൂടെ 138.64 കോടി രൂപയുടെ വര്‍ദ്ധനവും അറ്റ മിച്ചത്തില്‍ പ്രതീക്ഷിക്കുന്നു.
ചെലവുകള്‍ ഇങ്ങനെ
വനിതാ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കായി ബിസിസിഐ 96 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. ഇത് വുമണ്‍സ് പ്രീമിയര്‍ ലീഗിലൂടെ മാത്രം ലഭിക്കുന്ന മിച്ചത്തിന്റെ 26 ശതമാനം മാത്രമാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നുള്ള സംപ്രേഷണ അവകാശ ഫീസ് കണക്കിലെടുത്തിട്ടില്ല. വുമണ്‍സ് പ്രീമിയര്‍ ലീഗ് 350 കോടിയിലധികം രൂപയുടെ മിച്ചം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം, ഡബ്ല്യുപിഎല്‍ 390 കോടി രൂപയുടെ മിച്ചം ഉണ്ടാക്കിയിരുന്ന. 2025-26 വര്‍ഷത്തില്‍ ബോര്‍ഡ് 358 കോടി രൂപയുടെ മിച്ചമാണ് ഡബ്ല്യുപിഎലില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ഏതായാലും വരവിനനുസരിച്ചുള്ള പ്രോല്‍സാഹനം വനിതകള്‍ക്ക് ഇപ്പോഴും കിട്ടുന്നില്ല എന്ന് വിലയിരുത്താം.
വനിതാ ക്രിക്കറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാരുടെ ആഭ്യന്തര ക്രിക്കറ്റിനായി ബിസിസിഐ 344 കോടി രൂപ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നു. രഞ്ജി ട്രോഫിക്ക് മാത്രം 111 കോടി രൂപയാണ് ചെലവ്. രഞ്ജി ട്രോഫി പോലെയുള്ള ഒരു ഘടനാപരമായ ഇന്റര്‍-സ്റ്റേറ്റ് ഫസ്റ്റ്-ക്ലാസ് ടൂര്‍ണമെന്റ് വനിതാ ക്രിക്കറ്റിനില്ല. ബിസിസിഐ ഒരു ഇന്റര്‍-സോണല്‍ ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് മാത്രം. നിലവില്‍ എല്ലാ വനിതാ വിഭാഗം മല്‍സരങ്ങളും ഏകദിന, ടി-20 ഫോര്‍മാറ്റുകളിലാണ് നടക്കുന്നത്.
ജൂനിയര്‍ ക്രിക്കറ്റ്
ക്രിക്കറ്റില്‍ പുതിയ ടാലന്റുകളെ പ്രോല്‍സാഹിപ്പിക്കാനും വളര്‍ത്തിയെടുക്കാനും ഗണ്യമായ തുക ചെലവിടാനാണ് ബിസിസിഐയുടെ പദ്ധതി. ഇന്ത്യ എ, ജൂനിയര്‍ ക്രിക്കറ്റ് തുടങ്ങിയ വികസന പരിപാടികള്‍ക്കുള്ള ചെലവ് ബിസിസിഐ ഏകദേശം മൂന്നര മടങ്ങ് വര്‍ദ്ധിപ്പിച്ചു. ബജറ്റ് അനുസരിച്ച്, കഴിഞ്ഞ വര്‍ഷത്തെ 12.9 കോടി രൂപയെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം 42 കോടി രൂപ ചെലവഴിക്കാന്‍ ബോര്‍ഡ് പദ്ധതിയിടുന്നു. 2021 ല്‍ രാഹുല്‍ ദ്രാവിഡിനെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെയും ജൂനിയര്‍ ടീമുകളുടെയും ചുമതലയില്‍ നിന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ഉയര്‍ത്തിയതിനുശേഷം ജൂനിയര്‍ തലത്തിലുള്ള വികസന പരിപാടികളില്‍ കുത്തനെ ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് ബിസിസിഐ തിരിച്ചറിഞ്ഞു. 2020 ല്‍ കോവിഡ് -19 മഹാമാരിക്ക് മുമ്പ്, ബിസിസിഐ പതിവായി ഇന്ത്യ എ, യൂത്ത് ടൂറുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത് അനുഭവ സമ്പത്തും ടാന്റുമുള്ള മികച്ച താരങ്ങളുടെ ഒരുവ പൂള് സൃഷ്ടിക്കാന്‍ സഹായിച്ചിരുന്നു.
നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) നിലവിലെ തലവന്‍ വിവിഎസ് ലക്ഷ്മണും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഈ വര്‍ഷം ഇന്ത്യ എ ടീമിന്റെ ടൂറുകള്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്.
താരങ്ങള്‍ക്ക് കൈനിറയെ
കേന്ദ്ര കരാറുകളിലൂടെയും മാച്ച് ഫീകളിലൂടെയും കളിക്കാര്‍ക്ക് ഗണ്യമായ തുക ബിസിസിഐ നല്‍കുന്നുണ്ട്. സീനിയര്‍ പുരുഷ ടീം കളിക്കാര്‍ക്ക് അവരുടെ ഗ്രേഡ് അനുസരിച്ച് പ്രതിവര്‍ഷം 1 കോടി മുതല്‍ 7 കോടി രൂപ വരെയാണ് ശമ്പളം. ഗ്രേഡ് എ+ ല്‍ വരുന്ന താരങ്ങള്‍ക്ക് 7 കോടി രൂപയാണ് വാര്‍ഷിക ശമ്പളം. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് ഈ ലിസ്റ്റിലുള്ളത്. ഗ്രേഡ് എ താരങ്ങള്‍ക്ക് 5 കോടി, ഗ്രേഡ് ബിയില്‍ 3 കോടി, േ്രഗഡ് സിയില്‍ 1 കോടി രൂപ എന്നിങ്ങനെയാണ് വാര്‍ഷിക ശമ്പളം. ഇതിന് പുറമേ, കളിക്കാര്‍ക്ക് ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം, ഒരു ഏകദിന മത്സരത്തിന് 6 ലക്ഷം, ഒരു ടി20 ഐക്ക് 3 ലക്ഷം രൂപ എന്നിങ്ങനെ മാച്ച് ഫീസും ലഭിക്കുന്നു. ആഭ്യന്തര ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, പെന്‍ഷനുകള്‍, ഇന്‍ഷുറന്‍സ്, യാത്ര തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ബോര്‍ഡ് നല്കുന്നു.


