അപ്രതീക്ഷിതമായി ജോലി പോയപ്പോള്‍ പിഎഫ് പിന്‍വലിച്ച് തത്കാലം ചിലവുകള്‍ നടത്താമെന്നാണ് അശ്വന്ത് കരുതിയത്. പക്ഷേ അതിനായി ഇറങ്ങിത്തിരിക്കും മുമ്പേ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ടിന്റെ (EPFO) വലിയൊരു പ്രഖ്യാപനം വന്നു. പിഎഫ് നിയമങ്ങള്‍ മാറാന്‍ പോകുന്നു. പുതിയ നിയമപ്രകാരം പിഎഫ് മുഴുവന്‍ പിന്‍വലിക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കണം, നേരത്തെ അത് രണ്ട് മാസമായിരുന്നു.
EPFO 3.0 എന്ന പേരില്‍ പിഎഫ് നിയമങ്ങളില്‍ വലിയ പരിഷ്കാരങ്ങളാണ് ഇപിഎഫ്ഒ ബോര്‍ഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പിഎഫ്, പെന്ഷന് എന്നിവ പിന്വലിക്കുന്നതിലടക്ക പിഎഫ് നയങ്ങള്‍ ലളിതമാക്കുക, ഡിജിറ്റല്‍ പ്രവര്‍ത്തനം എളുപ്പത്തിലാക്കുക, റിട്ടയര്മെന്് സമ്പാദ്യത്തെ ബാധിക്കുന്ന രീതിയില്‍ കാലാവധിയാകും മുമ്പ് തുക പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുക എന്നിവയെല്ലാമാണ് ഇപിഎഫ്ഒ 3.0-ലൂടെ ബോര്‍ഡ് ലക്ഷ്യമിടുന്നത്.
പുതിയ പിഎഫ് പരിഷ്കാരം അനുസരിച്ച് ഫണ്ട് പിന്‍വലിക്കുന്നതിലും മറ്റും എന്തെല്ലാം മാറ്റങ്ങളാണ് വന്നിട്ടുള്ളതെന്ന് നോക്കാം.
പുതിയ മാറ്റങ്ങള്‍
ഇപിഎഫ്, ഇപിഎസ് (പെന്ഷന് സ്കീം) പിന്‍വലിക്കലുകള്‍ സംബന്ധിച്ച് വലിയ മാറ്റങ്ങള്‍ക്കാണ് ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ ലളിതമാക്കുക, ഡിജിറ്റല്‍വല്‍ക്കരിക്കുക എന്നിവയാണ് മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പിന്‍വലിക്കുന്നതിനുള്ള സമയപരിധി മാറി
പിഎഫ് പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിമുതല്‍ കുറച്ചുകാലം കാത്തിരിക്കേണ്ടിവരും. ജോലി പോയതിന് ശേഷം മുഴുവന്‍ പിഎഫും പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി 12 മാസം കാത്തിരിക്കേണ്ടിവരും. നേരത്തെ ഇത് രണ്ട് മാസം മാത്രമായിരുന്നു. ഇപിഎസ് പദ്ധതി പ്രകാരം പെന്ഷന് പിന്‍വലിക്കുന്നതിനുള്ള സമയപരിധി ജോലി നഷ്ടപ്പെട്ടതിന് ശേഷം 36 മാസമാക്കി.
അതേസമയം ജോലി നഷ്ടപ്പെട്ട് പിഎഫ് പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും പിന്‍വലിക്കാനാണ് 12 മാസം കാത്തിരിക്കേണ്ടത്. ബാലന്‍സിന്റെ 75 ശതമാനം വരെ അവര്‍ക്ക് ഉടനടി പിന്‍വലിക്കാന്‍ സാധിക്കുമെന്ന് ഇപിഎഫ്ഒ വ്യക്തമാക്കി.
ഭാഗിക പിന്‍വലിക്കല്‍ എളുപ്പമാകും
അത്യാവശ്യങ്ങള്‍, ഗാര്‍ഹിക ആവശ്യം, പ്രത്യേക സാഹചര്യങ്ങള്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി പിഎഫ് പിന്‍വലിക്കല്‍ ലളിതമാക്കി. മുന്നിയപ്രകാരമുള്ള 13 നിബന്ധനകള്‍ ഒഴിവാക്കിയാണിത്.
100 ശതമാനവും പിന്‍വലിക്കാം
ചില സാഹചര്യങ്ങളില്‍ അംഗങ്ങള്‍ക്ക് ഇപിഎഫ് ബാലന്‍സിലെ അര്‍ഹമായ മുഴുവന്‍ തുകയും പിന്‍വലിക്കാം. പക്ഷേ, റിട്ടയര്‍മെന്റ് സമ്പാദ്യം ഉറപ്പാക്കാനായി 25 ശതമാനം തുക അക്കൗണ്ടില്‍ ബാക്കിവെക്കണം. ചുരുക്കത്തില്‍ അക്കൗണ്ട് ബാലന്‍സിന്റെ 75 ശതമാനം തുക വരെ പിന്‍വലിക്കാം.
തെളിവ് ആവശ്യങ്ങള്‍ ലളിതമാക്കി
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പത്ത് തവണയായി വരെ പിഎഫ് പിന്‍വലിക്കാം, വിവാഹത്തിന് 5 തവണ. ചില പ്രത്യേക സാഹചര്യങ്ങളില്‍ തുക പിന്‍വലിക്കുന്നതിന് തെളിവുകളുടെ ആവശ്യമില്ല.
ഓട്ടോ സെറ്റില്‍മെന്റ്
ഭാഗികമായി തുക പിന്‍വലിക്കുന്നതിന് ഓട്ടോ അപ്രൂവല്‍ നിലവില്‍ വരും. 5 ലക്ഷം രൂപ വരെ ഇങ്ങനെ പിന്‍വലിക്കാം. നേരത്തേ ഇത് ഒരു ലക്ഷം രൂപ ആയിരുന്നു.
പരിഷ്കാരത്തിന്റെ ലക്ഷ്യമെന്ത്
പിഎഫ് സേവനം ഉദാരമാക്കുക, റിട്ടയര്‍മെന്റ് സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പരിഷ്കാരത്തിലൂടെ ഇപിഎഫ്ഒ ലക്ഷ്യമിടുന്നത്. മാറ്റങ്ങളുടെ മറ്റുചില കാരണങ്ങള്‍ നോക്കാം,
പഴയ നിയമം അനുസരിച്ച്, അംഗങ്ങള്‍ കാലാവധി എത്തുന്നതിന് മുമ്പ് അവരുടെ മുഴുവന്‍ ഫണ്ടും പിന്‍വലിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. ഇത്തരം പ്രവണതകള്‍ വാര്‍ധക്യം പോലെ അവശ്യസമയത്ത് പണമില്ലാത്ത അവസ്ഥയ്ക്ക് കാരണമാകും.
സര്‍വ്വീസ് തുടരുന്നതിന് ക്രമഭംഗമുണ്ടാക്കുകയും പെന്ഷന് യോഗ്യതയ്ക്ക് തടസ്സമാകുകയും ചെയ്യുന്ന രീതിയില്‍ അടിക്കടി ഫണ്ട് പിന്‍വലിക്കുന്നത് തടയുക എന്ന ലക്ഷ്യവും പരിഷ്കാരത്തിന് പിന്നിലുണ്ട്.
സങ്കീര്‍ണ്ണവും, നിരവധി രേഖകള്‍ ആവശ്യമായതുമായ പിന്‍വലിക്കല്‍ നടപടി ലളിതമാക്കുക എന്നതും പരിഷ്കാരത്തിന് പിന്നിലെ കാരണമാണ്. 13 വ്യവസ്ഥകള്‍ മൂന്നാക്കി ചുരുക്കി, പിഎഫ് വ്യവസ്ഥ കൂടുതല്‍ സുതാര്യവും ഉപയോക്തൃസൗഹൃദവും ആക്കുകയാണ് ചെയ്തത്.
പിഎഫ് നടപടിക്രമങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുക, ഓട്ടോമേറ്റ് ചെയ്യുക, അതുസംബന്ധിച്ചുള്ള പരാതികളും തൊഴിലുടമയുടെ ഇടപെടലുകളും കുറച്ച് സെറ്റില്‍മെന്റിലെ കാലതാമസം കുറയ്ക്കുക എന്നതും പരിഷ്കാരത്തിന് പ്രേരിപ്പിച്ച ഘടകമാണ്.
നേട്ടം ആര്‍ക്കാണ്
അടിയന്തര ചികിത്സ, പഠനം, പാര്‍പ്പിടം, കുടുംബത്തിലെ മറ്റാവശ്യങ്ങള്‍ എന്നിവയ്ക്ക് പെട്ടെന്ന് പണം വേണ്ടവര്‍ക്ക് എളുപ്പത്തില്‍ പിഫ് ഭാഗികമായി പിന്‍വലിക്കാം.
ചെറിയ നഗരങ്ങളിലുള്ള അംഗങ്ങള്‍ക്ക് ഉദ്യോഗസ്ഥ ഇടപെടലുകള്‍ കൂടാതെ ഓട്ടോ സെറ്റില്‍മെന്റോ ഡിജിറ്റല്‍ സേവനങ്ങളോ ഉപയോഗിച്ച് തുക പിന്‍വലിക്കാം.
ആശങ്കകള്‍ എന്തെല്ലാം
ദീര്‍ഘകാലം ജോലി ഇല്ലാതിരിക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ 12 മാസം കാത്തിരിക്കേണ്ടിവരും. ചഞ്ചലമായ തൊഴില്‍വിപണിയില്‍ അത്തരം നയങ്ങള്‍ ആളുകളെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കും.
25 ശതമാനം തുക അക്കൗണ്ടില്‍ നിലനിര്‍ത്തണമെന്ന നിബന്ധന അവശ്യഘട്ടങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കും.
ഡിജിറ്റല്‍വല്‍ക്കരണം മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കുകയും ബാക്ക്എന്‍ഡ് പിന്തുണ ഉണ്ടാകുകയും ചെയ്തെങ്കിലേ ഓട്ടോ സെറ്റില്‍മെന്റ് സുഗമമായി നടക്കുകയുള്ളു.


