ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് വീണ്ടും കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇറാൻ. എല്ലാ ഓയിൽ ടാങ്കറുകളും ഇറാൻ അംഗീകരിച്ച നാവിക പാതകൾ മാത്രം ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം ‘കടുത്ത പ്രതികരണം’ നേരിടേണ്ടിവരുമെന്നുമാണ് പുതിയ നിർദ്ദേശം. ഇറാന്റെ സംയുക്ത സൈനിക കമാൻഡായ ഖത്തം അൽ-അൻബിയയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇറാൻ നിശ്ചയിച്ച പാതകൾ മാത്രം ഉപയോഗിക്കണമെന്നും നിർദേശിച്ച പാതയിൽ നിന്ന് വ്യതിചലിക്കുകയോ തങ്ങൾ നിശ്ചയിച്ച നാവിഗേഷൻ പ്രോട്ടോക്കോളുകൾ അവഗണിക്കുകയോ ചെയ്യുന്ന കപ്പലുകൾക്കെതിരെ സായുധ സേന ഉടൻതന്നെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഖത്തം അൽ-അൻബിയ വ്യാഴാഴ്ച സർക്കാർ ടെലിവിഷനിലൂടെ മുന്നറിയിപ്പ് നൽകി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള ക്രൂഡ് ഓയിൽ വിതരണത്തിന്റെ ഏകദേശം 20% കടന്നുപോകുന്നതും ഈ വഴിയാണ്. അതിനാൽത്തന്നെ ഇറാന്റെ പുതിയ നിയന്ത്രണ നീക്കം ആഗോള വിപണിയെ നേരിട്ട് ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കപ്പലുകൾ അംഗീകൃത റൂട്ടുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് ഇറാന്റെ നിലപാട്. അതേസമയം, അമേരിക്കൻ യുദ്ധവിമാനങ്ങൾ തുടർച്ചയായി ഹോർമൂസ് കടലിടുക്കിനു മുകളിലൂടെ പോകുന്നത് മേഖലയിലെ സുരക്ഷയെ തകർക്കുന്നുവെന്നും, ഇത് പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇറാൻ ആരോപിച്ചു.
ഇറാന്റെ ഈ മുന്നറിയിപ്പ് ആഗോള ഊർജ വിപണിയെയും ഇന്ത്യയുടെ ഇറക്കുമതി ചെലവിനെയും സ്വാധീനിക്കാൻ സാധ്യതയുള്ള വലിയ സാമ്പത്തിക മുന്നറിയിപ്പായാണ് കാണുന്നത്.




