സോഹോ സ്ഥാപകനായ ശ്രീധര്‍ വെമ്പു കഴിഞ്ഞ ദിവസം ഒരു കാര്യം പറഞ്ഞു – വിദേശത്തുള്ള ഇന്ത്യന്‍ പ്രൊഫഷണലുകള്‍ തിരികെ നാട്ടിലേക്ക് വന്ന് ശക്തവും സമൃദ്ധവുമായ ഭാരതത്തെ പടുത്തുയര്‍ത്താന്‍ സഹായിക്കണമെന്ന്. വെമ്പുവിന്റെ ഈ ആഹ്വാനം ഒരു പഴയ ഒരു ചര്‍ച്ചയ്ക്ക് വീണ്ടും തിരി കൊളുത്തിയിരിക്കുകയാണ്. ദശാബ്ദങ്ങളോളം വിദേശത്ത് പോയി വിയര്‍പ്പൊഴുക്കുകയും തലച്ചോറ് ആ നാടിന്റെ വളര്‍ച്ചയ്ക്കായി പുകയ്ക്കുകയും ചെയ്യുന്നത് അവസാനിപ്പിച്ച് വൈദഗധ്യമുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ എത്തിച്ച് നാടിന്റെ സമൃദ്ധിക്കായി അവരെ ഉപയോഗപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ എന്ന ചര്‍ച്ച.
ഇത് വൈകാരികമായി കാണേണ്ട ഒരു വിഷയമല്ല, സാമ്പത്തികമായും ജനസംഖ്യാപരമായും വളരെ പ്രസക്തമായ ഒരു വിഷയമാണിത്. ചില കണക്കുകളും ഗവേഷണ ഫലങ്ങളും ചൂണ്ടിക്കാട്ടിയാണ് വെമ്പു വിദേശത്തുള്ള ഇന്ത്യക്കാരോട് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെടുന്നത്. ലോകത്ത് ഇന്ത്യക്കാരുള്ള രാഷ്ട്രങ്ങളില്‍ അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവുമധികം സംഭാവനകള്‍ നല്‍കുന്നത് ഇന്ത്യക്കാരാണെന്ന് ഗവേഷണ റിപ്പോര്‍ട്ടുകളെ ആസ്പദമാക്കി വെമ്പു ചൂണ്ടിക്കാണിക്കുന്നു. ഇവരെയെല്ലാം തിരിച്ച് രാജ്യത്ത് എത്തിച്ചാല്‍ അത് നാടിന് നേട്ടമായി മാറുമെന്നാണ് വെമ്പു പറയുന്നത്.
വിദേശരാജ്യങ്ങള്‍ക്കായി വിയര്‍പ്പൊഴുക്കുന്ന ഇന്ത്യക്കാര്‍
2023 വരെയുള്ള കണക്കുകള്‍ പ്രകാരം ഏതാണ്ട് 2.9 ദശലക്ഷം ഇന്ത്യക്കാര്‍ അമേരിക്കയില്‍ താമസമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ താമസിക്കുന്ന വിദേശികളില്‍ ഏറ്റവുമധികവും ഇന്ത്യക്കാര്‍ തന്നെയെന്ന് അമേരിക്കയിലെ മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. യുഎഇ കഴിഞ്ഞാല്‍ ഏറ്റവുമധികം ഇന്ത്യക്കാര്‍ വസിക്കുന്ന വിദേശരാജ്യവും അമേരിക്കയാണ്. വികസിത രാജ്യങ്ങളില്‍ ഹൈ-സ്കില്‍ഡ് ആയ (വൈദഗ്ധ്യമുള്ള) ഇന്ത്യക്കാര്‍ എത്രത്തോളമുണ്ടെന്നുള്ളതിന് ഉദാഹരണമാണ് അമേരിക്ക.
അമേരിക്കയുടെ H-1B വിസ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളും ഇന്ത്യക്കാരാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് 283,397 ഇന്ത്യന്‍ പൗരന്മാര്ക്ക് H-1B വിസയ്ക്ക് അനുമതി ലഭിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അ വര്‍ഷം അനുവദിച്ച മൊത്തം H-1B വിസകളില്‍ 71 ശതമാനം വരുമിത്. ടെക് രംഗത്തെ ഇന്ത്യന്‍ കുടിയേറ്റമാണ് ഇത് വ്യക്തമാക്കുന്നത്.
അതേസമയം വിദേശത്തുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്കുന്ന ആശ്വാസവും ചെറുതല്ല. വര്‍ഷംതോറും അത് കൂടിവരുന്നു. ലോകബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് 2024-ലും പ്രവാസിപ്പണത്തില്‍ (പ്രവാസികള്‍ അവരുടെ രാജ്യത്തേക്ക് അയക്കുന്ന പണത്തില്‍) ലോകത്ത് ഒന്നാംസ്ഥാനത്ത് ഇന്ത്യ തന്നെയാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ച പണം പുതിയ റെക്കോര്‍ഡ് കുറിച്ചെന്ന് -135.5 ബില്യണ്‍ ഡോളര്‍, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകളും സൂചിപ്പിക്കുന്നു. വിദേശ വിനിമയത്തിന്റെയും ഗാര്‍ഹിക വരുമാനത്തിന്റെയും പ്രധാന സ്രോതസ്സ് പ്രവാസിപ്പണമാണെന്നത് വിസ്മരിച്ചുകൂടാ.
എന്നാല്‍ വിദേശത്ത് താമസമാക്കിയ ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന രാഷ്ട്രങ്ങളിലെ സമ്പദ് വ്യവസ്ഥയ്ക്ക് നല്കുന്ന സംഭാവനയുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പടെ മറ്റ് രാജ്യങ്ങളില്‍ നിന്നും കുടിയേറിയവര്‍ നല്കുന്ന ഫെഡറല്‍, സ്റ്റേറ്റ് നികുതികള്‍ അവരുടെ സമ്പദ് വ്യവസ്ഥകളെ കൊഴുപ്പിക്കുന്നു. അതുകൊണ്ടാണ് ശ്രീധര്‍ വെമ്പു പറയുന്നത്, ഇന്ത്യ അവരുടെ ഏറ്റവും മികച്ചയാളുകളെ വിദേശത്തേക്ക് അയക്കുന്നു, അവര്‍ക്ക് ആതിഥേയത്വം നല്കുന്ന രാജ്യങ്ങള്‍ അതുമൂലം മികച്ച സാമ്പത്തികനേട്ടം ഉണ്ടാക്കുന്നു. അമേരിക്കയിലെ കുടിയേറ്റ സമൂഹം മൊത്തത്തില്‍ 2.1 ട്രില്യണ്‍ ഡോളറിന്റെ വരുമാനം ഉണ്ടാക്കുന്നുവെന്ന് 2022-ലെ അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 382.9 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ നികുതിയായും 196.3 ബില്യണ്‍ ഡോളര്‍ സ്റ്റേറ്റ്, ലോക്കല്‍ നികുതികളായും അവര്‍ അമേരിക്കയ്ക്ക് തന്നെ നല്കുന്നു. ബാക്കി 1.6 ട്രില്യണ്‍ ഡോളറാണ് അവര്‍ക്ക് സ്വന്തമായി ചിലവഴിക്കാന്‍ കയ്യില്‍ ബാക്കിയാകുന്നത്. അതില്‍ വലിയൊരു ശതമാനം ആ രാജ്യത്ത് തന്നെ ചിലവഴിക്കപ്പെടുന്നു, ബാക്കിയാണ് അവര്‍ സ്വരാജ്യത്തേക്ക് അയക്കുന്നത്. അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. വിദേശികള്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുവെന്നും ഉപഭോക്താക്കളെന്ന നിലയില്‍ മാത്രമല്ല, നികുതിദായകര്‍ എന്ന നിലയിലും അവര്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നുവെന്നും പ്രസ്തുത വെബ്സൈറ്റിലെ ഒരു ലേഖനത്തില്‍ പറയുന്നു.
എന്തുകൊണ്ട് ഇന്ത്യക്കാര്‍ മടങ്ങിവരണം
തൊഴിലവസരങ്ങള്‍, ഇന്ത്യയുടെ വളര്‍ച്ച
ജനസംഖ്യയില്‍ ഏറിയ പങ്കും 15-64 വയസ്സിനുള്ളില്‍ (തൊഴില്‍ ചെയ്യാന്‍ കഴിയുന്നവര്‍) ആയിരിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ സാധ്യതകള്‍ വര്‍ധിക്കുന്നു. അങ്ങനെയൊരു വളര്‍ച്ചയിലേക്കാണ് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുന്നത്. പക്ഷേ അതിന് വലിയ രീതിയിലുള്ള, വൈദഗ്ധ്യവും നിലവാരവുമുള്ള തൊഴിലുകള്‍ സൃഷ്ടിക്കപ്പെടണം. വിദേശത്ത് നിന്നും രാജ്യത്തേക്ക് മടങ്ങിയെത്തുന്ന സംരംഭകര്‍ക്കും മുതിര്‍ന്ന സാങ്കേതിക വിദഗ്ധര്‍ക്കും രാജ്യത്ത് പുതിയ കമ്പനികള്‍ തുടങ്ങാനും ടീമുകള്‍ക്ക് വേണ്ടരീതിയില്‍ പരിശീലനം നല്കി വഴികാട്ടാനും നഗരങ്ങളില്‍ മാത്രമൊതുങ്ങാതെ രാജ്യത്തെ എല്ലായിടങ്ങളിലും പുതിയ തൊഴില്‍ ആവാസവ്യവസ്ഥകള്‍ക്ക് വിത്തുകള്‍ പാകാനും സാധിക്കും. മെഗാസിറ്റികള്ക്ക് പുറത്തേക്ക് രാജ്യത്തിന്റെ വികസനം വളര്‍ത്താന്‍ അത് സഹായകമാകും.
ആഗോള ശൃംഖലകള്‍, മൂലധനം
വിദേശരാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ ആന്താരാഷ്ട്ര ശൃംഖലകളും വിദേശത്തുള്ള മൂലധനവും വിപണി പരിജ്ഞാനവും കൂടിയാണ് ഒപ്പം കൊണ്ടുവരുന്നത്. ഇത് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ ആഗോള നിലവാരത്തിലേക്ക് ഉയരാന്‍ സഹായിക്കും.
ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളും ഉല്‍പ്പാദനക്ഷമതയും
നിര്‍മ്മാണ മേഖലയിലും സേവനശേഷികളിലുമുള്ള രാജ്യത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം തിരിച്ചെത്തുന്ന ഇന്ത്യക്കാരുടെ ആഗോള ടെക് കമ്പനികളിലും ഗവേഷണ-വികസന ലാബുകളിലും സര്‍വ്വകലാശാലകളിലും ഉള്ള അനുഭവ പരിജ്ഞാനം സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനും ഉല്‍പ്പാദനക്ഷമതയുടെ പുരോഗതിക്കും ആക്കം കൂട്ടും.
ആത്മനിര്‍ഭരത, ഉയര്‍ത്തെഴുന്നേല്‍ക്കല്‍
ഉന്നത വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ രാജ്യത്ത് തന്നെയുള്ള അവസ്ഥയില്‍ ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളിലെ പ്രൊഫഷണലുകളിലുള്ള ആശ്രിതത്വം കുറയ്ക്കാനാകും. ടെക് കയറ്റുമതി നിയന്ത്രണങ്ങള്‍, വിസ നയത്തിലുള്ള മാറ്റങ്ങള്‍ പോലെ ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തില്‍ ഇത് ഇന്ത്യയ്ക്ക് നേട്ടമാകും.
ഇന്ത്യന്‍ പ്രൊഫഷണലുകള്‍ മടങ്ങിവരാത്തതെന്ത്
കഴിവുള്ള ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങിവരുന്നത് രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമാണെങ്കിലും പല ഘടകങ്ങള്‍ അവരെ അതില്‍ നിന്നും തടയുന്നു. അവ എന്തെല്ലാമാണെന്ന് നോക്കാം.
ശമ്പളം
നികുതിയും ജീവിതച്ചിലവുകളുമെല്ലാം വെല്ലുവിളികള്‍ ആണെങ്കിലും നിരവധി ഹൈ-സ്കിഡ് ജോലിക്കാര്‍ക്ക് വിദേശങ്ങളില്‍ ആകര്‍ഷകമായ വരുമാനം നേടാന്‍ കഴിയുന്നു. സ്റ്റാര്‍ട്ടപ്പുകളിലും വലിയ കമ്പനികളിലും ശമ്പളത്തിനൊപ്പം മറ്റ് തൊഴില്‍ ആനുകൂല്യങ്ങളും ഓഹരി അവകാശങ്ങളും നേടാന്‍ ഇവര്‍ക്ക് സാധിക്കുന്നു.
ജീവിത നിലവാരം
വിദേശ രാജ്യങ്ങളിലെ ജീവിത നിലവാരം, ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയ പൊതു സേവനങ്ങള്‍, ജീവിക്കാനുള്ള സുഖം എന്നിവ ശമ്പളത്തിന് പുറമേ വിദേശത്ത് ജോലിയും താമസവും തിരഞ്ഞെടുക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന മറ്റ് ഘടകങ്ങളാണ്.
കരിയര്‍ വളര്‍ച്ച
ഗവേഷണ-വികസന മേഖലകളിലെ പ്രൊഫഷണലുകള്‍ക്കും അക്കാദമിക രംഗത്തെ വിദഗ്ധര്‍ക്കും വിദേശത്ത് സാധ്യതകള്‍ ഏറെയാണ്. ഉന്നത നിലവാരത്തിലുള്ള ഗവേഷണ സാധ്യതകളും അടിസ്ഥാന സൗകര്യങ്ങളും ഉള്ളതിനാല്‍ ഇവര്‍ക്ക് കരിയര്‍ വളര്‍ച്ചയ്ക്ക് വിദേശമാണ് നല്ലത്.
കുടുംബത്തോടെയുള്ള കുടിയേറ്റം
കുടുംബത്തിനൊപ്പം ഒരിക്കല്‍ വിദേശത്തേക്ക് താമസം മാറിക്കഴിഞ്ഞാല്‍ പിന്നീട് തിരിച്ചുപോരുക എളുപ്പമല്ല. കുട്ടികളുടെ പഠനം, പങ്കാളിയുടെ കരിയര്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് നാട്ടിലേക്കുള്ള മടക്കം എളുപ്പമാകില്ല.
വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചുവരുന്നതില്‍ പ്രവാസികള്‍ നേരിടുന്ന അടിസ്ഥാനപരമായ വെല്ലുവിളികള്‍ ഇവയൊക്കെയാണ്.
തിരിച്ചുവരവ് എങ്ങനെ ആകര്‍ഷകമാക്കാം
വിദേശത്തുള്ള പ്രെഫഷണലുകളുടെ തിരിച്ചുവരവ് എളുപ്പത്തിലാക്കാന്‍ ചില കാര്യങ്ങള്‍ ഭരണകൂടത്തിന് പരീക്ഷിക്കാവുന്നതാണ്
1 .സാമ്പത്തിക ആനുകൂല്യങ്ങള്‍
വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തുന്ന സംരംഭകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുക. നികുതി ആനുകൂല്യങ്ങള്‍, നിക്ഷേപ നിയമങ്ങളില്‍ ഇളവ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങള്‍ തിരിച്ചുവരാനുള്ള പ്രോത്സാഹനമേകും.
2. താമസം മാറ്റല്‍ എളുപ്പമാക്കാനുള്ള സഹായങ്ങള്‍
വിസ നടപടിക്രമങ്ങള്‍, വീട് വാങ്ങല്‍, സ്കൂള്‍ അഡ്മിഷന് തുടങ്ങി വിദേശത്ത് നിന്നും നാട്ടിലേക്ക് താമസം മാറ്റുമ്പോള്‍ വേണ്ടിവരുന്ന നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക.
3.ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുക
ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലാബുകളും മറ്റ് അടിസ്ഥാനകാര്യങ്ങളും ഒരുക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക. അതിന് ഗ്രാന്റുകളും സാമ്പത്തിക സഹായവും നല്‍കുക.
4.വികേന്ദ്രീകൃത ടൗണ്‍ഷിപ്പുകള്‍
ഉന്നത നിലവാരത്തിലുള്ള ചെറിയ നഗരങ്ങളും ടെക് ടൗണ്‍ഷിപ്പുകളും സ്ഥാപിക്കുക. ഇന്റെര്‍നാഷണല്‍ സ്കൂളുകളും ആശുപത്രികളും അടക്കം ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ അവിടെ ഒരുക്കുക. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ ഒന്നുമല്ലാതെ തിരക്കില്ലാത്ത ചെറുനഗരങ്ങളിലേക്ക് ചേക്കേറാന്‍ ആളുകള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.
5.പുനരധിവാസ പദ്ധതികള്‍
വിദേശത്ത് നിന്നും തിരിച്ചെത്തുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേക, ഹ്രസ്വകാല ഫെലോഷിപ്പുകളും പുനരധിവാസ പാക്കേജുകളും നല്‍കുക. അവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ബിസിനസ് പങ്കാളിത്തങ്ങള്‍ക്കും വേണ്ട സൗകര്യങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക.
6.നിയമങ്ങളിലെ സ്ഥിരത
നികുതി, തൊഴില്‍ നിയമങ്ങള്‍, ബിസിനസ് ചെയ്യാനുള്ള എളുപ്പം എന്നിവ സംബന്ധിച്ച് സ്ഥിരതയുള്ള ഒരു സാഹചര്യം രാജ്യത്ത് ഒരുക്കുക.
മേല്‍പ്പറഞ്ഞ പല കാര്യങ്ങളും ഇതിനകം തന്നെ രാജ്യത്ത് നിലവിലുള്ളവയാണ്. ഉദാഹരണത്തിന് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സെല്ലുകള്‍ എന്നിവ. പക്ഷേ ഇവ കുറേക്കൂടി കാര്യക്ഷമമാക്കുകയും വ്യാപകമാക്കുകയും വേണം.
ഒറ്റയടിക്കുള്ള തിരിച്ചുവരവല്ല വേണ്ടത്
വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഒറ്റയടിക്ക് രാജ്യത്തേത്ത് മടങ്ങിയെത്തുന്നത് സാധ്യമോ അഭികാമ്യമോ അല്ല. തിരിച്ചുവരവ് വലിയ രീതിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാത്ത വിഭാഗങ്ങളെ തിരിച്ചറിയുക. ഉദാഹരണത്തിന് മുതിര്‍ന്ന R&D ഗവേഷകര്‍, പേറ്റന്റുകള്‍ ഉള്ള ഫാക്കല്റ്റികള്, നിക്ഷേപകര്‍ അങ്ങനെയുള്ളവര്‍. അവരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക. തുടക്കമെന്നോണം ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ അത് നാട്ടിലുള്ളവര്‍ക്കും തൊഴിലവസരങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യവും ലഭിക്കാനിടയാകും. അങ്ങനെ ഘട്ടം ഘട്ടമായുള്ള മടങ്ങിവരവ് ലക്ഷ്യമിടണം.


