ശുഭപ്രതീക്ഷകളോടെയാണ് ഇന്ത്യ 2025-26 സാമ്പത്തിക വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ലോകത്തിലെ സുപ്രധാന ഏജന്‍സികളെല്ലാം ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. 2025-ല്‍ 61/2-7 ശതമാനം വളര്‍ച്ചയാണ് മിക്ക ഏജന്‍സികളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷിക്കുന്നത്. ലോകത്തിലെ വമ്പന്‍ സാമ്പത്തികശക്തികളെ പോലും മറികടക്കുന്ന വേഗതയിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കുതിപ്പ്. ഇത് ആഭ്യന്തര ആസ്തികളിലുള്ള വിപണികളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
എങ്കിലും ആശങ്കപ്പെടാനുമുണ്ട് ചില കാര്യങ്ങള്‍. ആഭ്യന്തര ഉപഭോഗമാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കുതിപ്പേകുന്നത് എന്നതാണ് അതിലൊന്ന്. അതായത്, ഇന്ത്യയില്‍ തന്നെയുള്ള ജനങ്ങളുടെ ചിലവിടലും കമ്പനികളുടെ നിക്ഷേപവും സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുമാണ് വളര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകുന്നത്. കയറ്റുമതിയില്‍ വലിയ രീതിയിലുള്ള നേട്ടങ്ങള്‍ എടുത്തുപറയാനില്ല. പ്രതീക്ഷയ്ക്കൊത്ത് കയറ്റുമതി ഉയരുന്നില്ല എന്നും പറയാം. ടെക്സ്റ്റൈല്‍സ്, ആഭരണം, വാഹനഭാഗങ്ങള്‍ തുടങ്ങി കയറ്റുമതി നടക്കുന്ന, ധാരാളം തൊഴിലാളികള്‍ ഉള്ള വ്യാവസായിക മേഖലകളൊന്നും സാമ്പത്തിക വളര്‍ച്ചയുടെ സുഖമറിയുന്നില്ല. വ്യാപാര താരിഫുകളും ആഗോളതലത്തില്‍ ഉപഭോഗം കുറയുന്നതും ഇവര്‍ക്ക് വെല്ലുവിളിയാണ്. കൂടാതെ, ഭൗമരാഷ്ട്രീയ പ്രതിസന്ധികളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വെല്ലുവിളിയാണ്. അമേരിക്കന്‍ താരിഫുകള്‍, യുദ്ധം പോലുള്ള ആഗോള പ്രതിസന്ധികള്‍, വിതരണ ശൃംഖലകളിലെ മാറ്റം എന്നിവ വ്യാപാരത്തെയും എണ്ണവിലയെയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ബാധിക്കുന്ന ഘടകങ്ങളായതിനാല്‍ ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക വളര്‍ച്ചയെ അവ ബാധിക്കും.
IMF അനുമാനം
2025-26 വര്‍ഷത്തില്‍ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുമെന്നാണ് ആഗോള ഏജന്‍സികളുടെ പൊതുവെയുള്ള വിലയിരുത്തല്‍. 6.6 ശതമാനം ജിഡിപി വളര്‍ച്ചയാണ് ലോക സാമ്പത്തിക ഔട്ട്ലുക്ക് (WEO) റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര നാണ്യനിധി (IMF)പ്രവചിക്കുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഭീമന് താരിഫ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ആദ്യപാദത്തിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രകടനം വ്യക്തമാക്കുന്നതെന്നും IMF പറയുന്നു. ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോഴും ഇന്ത്യ പിടിച്ചുനില്‍ക്കുന്നതും ആഭ്യന്തരമായി ഉപഭോഗം ശക്തിപ്പെടുന്നതും കണക്കിലെടുത്താണ് ഏപ്രിലിലെ വളര്‍ച്ചാ അനുമാനം പരിഷ്കരിച്ചുകൊണ്ട് IMF ഇന്ത്യയ്ക്ക് കൂടുതല്‍ വളര്‍ച്ച പ്രവചിച്ചത്.
പുതിയ അനുമാനത്തോടെ ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളിലൊന്നായ ചൈനയെ കടത്തിവെട്ടിയിരിക്കുകയാണ് ഇന്ത്യ. 2025-26 വര്‍ഷത്തില്‍ ചൈനയ്ക്ക് 4.8 ശതമാനം വളര്‍ച്ചയാണ് IMF പ്രവചിക്കുന്നത്. ശക്തമായ ആഭ്യന്തര ഉപഭോഗം, നിര്‍മ്മാണ മേഖല വീണ്ടും ശക്തിയാര്‍ജ്ജിച്ചത്, സേവന മേഖലയുടെ വളര്‍ച്ച എന്നിവയാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ കരുത്തായി IMF ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം IMF 6.2 ശതമാനമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ആദ്യപാദത്തിലെ വളര്‍ച്ച അതേപോലെ തുടര്‍ന്നുകൊള്ളണമെന്നില്ല എന്ന അനുമാനത്തിലാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 6.5 ശതമാനം വളര്‍ച്ചയാണ് നേടിയത്. ആഗോളതലത്തില്‍ അനിശ്ചിതത്വങ്ങള്‍ വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ ഉയര്ത്തിക്കാട്ടിയത്് പോലെ 6.3-6.8 ശതമാനം വളര്‍ച്ച നേടാന്‍ ഇന്ത്യയ്ക്കായി.
ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഈ വര്‍ഷം 3.2 ശതമാനം വളര്‍ച്ചയാണ് IMF പ്രവചിക്കുന്നത്. അടുത്ത വര്‍ഷം അത് 3.1 ശതമാനമായി ചുരുങ്ങും. ലോകത്തിലെ വികസിത സമ്പദ് വ്യവസ്ഥകള്‍ക്ക് 1.6 ശതമാനം വളര്‍ച്ചയാണ് IMF കണക്കുകൂട്ടുന്നത്. അതേസമയം ഉയര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകള്‍ക്ക് 4.2 ശതമാനം ശരാശരി വളര്‍ച്ചയും സംഘടന കണക്കുകൂട്ടുന്നു. പ്രധാന സമ്പദ് വ്യവസ്ഥകളില്‍ സ്പെയിന് ആണ് അതിവേഗം വളരുന്ന ഒരു സമ്പദ് വ്യവസ്ഥ. 2.9 ശതമാനം വളര്‍ച്ചയാണ് സ്പെയിനിന് IMF പ്രതീക്ഷിക്കുന്നത്. അതേസമയം ജപ്പാന് (1.1 ശതമാനം), കാനഡ (1.2 ശതമാനം) എന്നീ രാജ്യങ്ങളില്‍ വളര്‍ച്ച പിന്നോട്ടുപോകും.
മറ്റ് പ്രവചനങ്ങള്‍
IMF-നെ കൂടാതെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള മറ്റ് പ്രധാന ഏജന്‍സികളുടെ വളര്‍ച്ചാ അനുമാനങ്ങള്‍ നോക്കാം.
IMF (WEO, Oct 2025): 6.6 ശതമാനം ജിഡിപി വളര്‍ച്ച
RBI (MPC, Oct 2025): 6.8 ശതമാനം വളര്‍ച്ച
Asian Development Bank (ADB -Sep 2025): 6.5 ശതമാനം വളര്‍ച്ച
ലോകബാങ്ക് (South Asia update, Oct 2025): 6.6 ശതമാനം വളര്‍ച്ച
എന്തുകൊണ്ട് ഇന്ത്യ വളര്‍ച്ചയില്‍ മറ്റ് രാജ്യങ്ങളെ മറികടക്കുന്നു
വലിയ അന്താരാഷ്ട്ര വിപണി
കയറ്റുമതിയെ വലിയ രീതിയില്‍ ആശ്രയിക്കുന്ന, ചെറിയ, തുറന്ന സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യയുടെ വളര്‍ച്ച പ്രധാനമായും ആഭ്യന്തരമായുള്ളതാണ്. സ്വകാര്യ ഉപഭോഗവും നഗരവല്‍ക്കരണവും വലിയ രീതിയിലുള്ള ഡിമാന്‍ഡാണ് സൃഷ്ടിക്കുന്നത്.
നിക്ഷേപരീതി
പൊതുമേഖലയിലെ സര്‍ക്കാര്‍ ചിലവിടലും സ്വകാര്യ മേഖലയിലെ വികസനപ്രവര്‍ത്തനങ്ങളും അടിസ്ഥാനസൗകര്യമേഖലയ്ക്കും നിര്‍മ്മാണമേഖലയ്ക്കും വലിയ രീതിയില്‍ നേട്ടമാകുന്നു. ഈ മേഖലകളില്‍ വളര്‍ച്ചയുണ്ടാകുന്നു.
സേവന മേഖല
ഐടി, പ്രൊഫഷണല്‍ സേവനങ്ങള്‍, ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ള ഇന്ത്യയിലെ സേവന കറ്റുമതി വലിയ രീതിയിലുള്ള താരിഫ് ഭീഷണി നേരിടുന്നില്ല. മാത്രമല്ല, ഇവയിലൂടെ വിദേശനാണയ വിനിമയനും നടക്കുന്നു.
പണമയയ്ക്കം, കറന്‍സി വിനിമയം
വിദേശത്തുള്ള ഇന്ത്യക്കാര്‍ വലിയ രീതിയില്‍ പണം നാട്ടിലേക്ക് അയക്കുന്നതും മതിയായ വിദേശ നാണയ ശേഖരവും സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകുന്നു.
നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍
ശക്തമായ ആഭ്യന്തര ഉപഭോഗം
വലിയ രീതിയിലുള്ള ഗാര്‍ഹിക ഉപഭോഗം- റീറ്റെയല്‍ ഉല്‍പ്പന്നങ്ങള്‍ മുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ വരെ, സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നു.
സര്‍ക്കാര്‍ ചിലവിടല്‍
അടിസ്ഥാനസൗകര്യമേഖലയിലെ ചിലവിടലിനും പൊതുമേഖലയിലെ മൂലധന ചിലവിടലിനും സര്‍ക്കാര്‍ മുന്‍ഗണന നല്കുന്നു. ഇതിനൊപ്പം തന്നെ കെട്ടിടനിര്‍മ്മാണം, യന്ത്രങ്ങള്‍, നിര്‍മ്മാണം എന്നീ മേഖലകളിലായി സ്വകാര്യമേഖലയില്‍ നിന്നും നിക്ഷേപങ്ങളുണ്ടാകുന്നു. ഈ നിക്ഷേപങ്ങള്‍ പലതരത്തില്‍ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കുന്നു.
സേവന കയറ്റുമതി
ബിസിനസ് സേവനങ്ങളുടെയും ഐടിയുടെയും ഉള്‍പ്പടെയുള്ള സേവന കയറ്റുമതി, പ്രവാസികളില്‍ നിന്നുമുള്ള സ്ഥിരതയുള്ള ധന ഒഴുക്ക് എന്നിവ പെട്ടെന്നുള്ള വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ നിന്ന് ഒരു പരിധിവരെ സംരക്ഷണമേകുന്നു.
താരിഫ് കാര്യമായി ബാധിച്ചില്ല
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കുത്തനെ താരിഫ് ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യയുടെ വ്യാപാരതാളം തെറ്റിച്ചു. 50 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യയുടെ കയറ്റുമതിയെ ആണ് അത് ബാധിച്ചത്. പല ആഗോള ഏജന്‍സികളും ഇതിന്റെ പ്രത്യാഘാതം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുമെന്ന് പ്രവചിച്ചു. അനുമാനം താഴ്ത്തി.
പക്ഷേ ഇതുവരെയും വലിയ രീതിയിലുള്ള ആഘാതം താരിഫ് വര്‍ധന മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടില്ല. 0.2-0.4 ശതമാനം പോയിന്റുകളുടെ വളര്‍ച്ച താരിഫ് മൂലം ഇന്ത്യയ്ക്ക് നഷ്ടപ്പെടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. പക്ഷേ ശക്തമായ ആഭ്യന്തര ഉപഭോഗം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്ന ഒരു സംഖ്യയല്ല അത്. ടെക്സ്റ്റൈല്‍സ്, അമൂല്യരത്നങ്ങള്‍, ആഭരണം, ചില ലെതര്‍ ഉല്‍പ്പന്നങ്ങള്‍, വാഹന ഭാഗങ്ങള്‍ തുടങ്ങിയ മേഖലകളിലെ കയറ്റുമതിയെ ആണ് താരിഫ് ആഘാതം ബാധിക്കുക.
സ്വപ്നമല്ല, യാഥാര്‍ത്ഥ്യമാണ് ഇന്ത്യയുടെ വളര്‍ച്ച
ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ഒരു സ്വപ്നമല്ല, ലോകം അത് തത്സമയം കണ്ടുകൊണ്ടിരിക്കുകയാണ്. 6.5 ശതമാനം മുതല്‍ 6.8 ശതമാനം വരെ വളര്‍ച്ച ഇന്ത്യ നേടുമെന്ന് ആഗോള ഏജന്‍സികളടക്കം പറയുന്നു. പക്ഷേ വെല്ലുവിളികള്‍ ഉണ്ടെന്നുമാത്രമല്ല, അവ നിസ്സാരവുമല്ല.


