ഷിറോസ് ഹാങ്ഔട്ട് ഒരുകൂട്ടം സംരംഭകരുടെ കഥയാണ്. തകർന്നടിഞ്ഞു വീണിടത്ത് നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ ഒരുകൂട്ടം സ്ത്രീകളുടെ കഥ. ആഗ്ര, ലക്നൗ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനം ആസിഡ് ആക്രമണത്തിന് വിധേയരായി ശരീരം വെന്തുരുകിയ ഒരുകൂട്ടം സ്ത്രീകളുടെ അതിജീവനത്തിന്റെ കഥയാണ്. ജീവിതം തിരികെപ്പിടിക്കാനും തുടർ ചികിത്സയ്ക്ക് വരുമാനം കണ്ടെത്താനുമൊക്കെയായി സംരംഭകത്വത്തെ കൂട്ടുപിടിച്ച ഒരു വിഭാഗത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ് തിരക്കിൽ നിന്നും തിരക്കിലേക്ക് കുതിക്കുന്ന ഷിറോസ് ഹാങ്ഔട്ട് .
അസ്ഥിയുരുക്കുന്ന ആസിഡ് ചൂട്

ഒരു വ്യക്തിയോട് ചെയ്യാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും ഹീനമായ കൃത്യമാണ് ആസിഡ് ആക്രമണം. ശരീരത്തിൽ വീഴുന്ന നിമിഷം മുതൽക്ക് അസ്ഥിയെപ്പോലും ഉരുക്കാന്‍ കഴിവുള്ള ആസിഡിന്റെ ശക്തി ഇല്ലാതാക്കിയ ജീവിതങ്ങള്‍ അനവധിയാണ്. ഇവയില്‍ ഏറെയും സ്ത്രീകളാണെന്നതാണ് എടുത്ത് പറയേണ്ട കാര്യം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ ആസിഡ് ആക്രമണത്തിന്റെ ഈറ്റില്ലങ്ങളാണ്. പ്രണയം നിഷേധിച്ചാൽ, വിവാഹത്തിൽ നിന്നും പിൻതിരിഞ്ഞാൽ അങ്ങനെ സ്ത്രീകളോട് ദേഷ്യം തോന്നിയാൽ ചെയ്യുന്ന പ്രതികാരം ആസിഡ് ആക്രമണത്തിന്റെ രൂപത്തിലാണ്.വീട്ടുകാർക്ക് എത്ര പ്രിയപ്പെട്ടവളാണെങ്കിലും ആസിഡ് ആക്രമണത്തിന് വിധേയയായി കഴിഞ്ഞാൽ വീട്ടുകാർക്ക് ആ വൈരൂപ്യം നിറഞ്ഞ മുഖവും ശരീരവും ഒരു ബാധ്യതയാകുന്നു.ഇത്തരത്തിൽ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഒറ്റപ്പെട്ടുപോയ, വൈരൂപ്യത്തിന്റെ നോവറിഞ്ഞ സ്ത്രീകൾ ഒത്തുചേർന്നു ഭംഗിയുള്ള ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. അതാണ് ഷിറോസ് ഹാങ്ഔട്ട് . സംരക്ഷിക്കാന്‍ വീട്ടുകാരോ ബന്ധുക്കളോ ഇല്ലാത്ത ഇവര്‍ സംരംഭകത്വത്തിലൂടെ പുതിയ ജീവിതം പടുത്തുയര്‍ത്തുകയാണ്. ആഗ്ര, ലക്നൗ എന്നീ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷിറോസ് ഹാങ്ഔട്ട് കഫെ ഇന്ന് ലോകത്തിനു മുന്നില്‍ ഇവര്‍ നിരത്തുന്ന അതിജീവനത്തിന്റെ മാതൃകയാണ്.
സ്റ്റോപ്പ് ആസിഡ് അറ്റാക്ക്! സംഘടനയല്ലിത് ആഹ്വാനം
ആസിഡ് ആക്രമണങ്ങളിൽ നിന്നും ജീവൻ തിരിച്ചു പിടിച്ച സ്ത്രീകൾക്ക് ജീവിതം തിരിച്ചു പിടിക്കുന്നതിനുള്ള മനക്കരുത്തും പിന്തുണയും നൽകുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് സ്റ്റോപ്പ് ആസിഡ് അറ്റാക്ക്. വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളിലെ നിരാലംബരായ ആസിഡ് ആക്രമണ ഇരകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്റ്റോപ്പ് ആസിഡ് അറ്റാക്ക്. പ്രണയം നിസാരസിച്ചതിനെ തുടര്‍ന്ന് ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്ന ലക്ഷ്മി എന്ന യുവതിയാണ് ഈ സംഘടനയ്ക്ക് പിന്നില്‍. ബാഹ്യസൗന്ദര്യം എന്നത് തികച്ചും ആപേക്ഷികം മാത്രമാണ് എന്നും ആന്തരീക സൗന്ദര്യത്തിന്റെ കരുത്തില്‍ ഉറച്ചു നിന്നുകൊണ്ട് ജീവിതത്തിലേക്ക് തിരിക്ക് വരണം എന്നും ഈ സംഘടന ആഹ്വാനം ചെയ്യുന്നു. 2012 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടനക്ക് കീഴില്‍നിരവധി വനിതകളാണ് അഭയം തേടിയിരിക്കുന്നത്.
” ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആസിഡ് ആക്രമണങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആക്രമണത്തിന് ഇരയാകുന്നവരില്‍ 90 ശതമാനവും സ്ത്രീകള്‍. നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും ഇന്ത്യയില്‍ അനധികൃത ആസിഡ് വില്പന തടസങ്ങള്‍ ഒന്നുമില്ലാതെ തുടരുകയാണ്, പ്രതിവര്‍ഷം പതിനായിരക്കണക്കിന് ആളുകളാണ് ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ആസിഡ് ആക്രമണത്തിന്റെ ഇരകളില്‍ നല്ലൊരു ശതമാനം മരണത്തിനു കീഴടങ്ങുന്നു, ശേഷിക്കുന്നവര്‍ വൈരൂപ്യത്തെ അതിജീവിക്കാനുള്ള മനക്കരുത്തില്ലാതെ ഇരുട്ടുമുറികളില്‍ അഭയം തേടുന്നു. ഒരിക്കല്‍ ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വരുന്ന വ്യക്തിക്ക് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനായി വേണ്ടി വരുന്നത് ലക്ഷക്കണക്കിന് രൂപയുടെ ചികിത്സയും വര്‍ഷങ്ങളുടെ പരിശ്രമവുമാണ്. എന്നിരുന്നാലും പൂര്‍ണമായും പഴയ രൂപത്തിലേക്ക് എത്തുക എന്നത് അസാധ്യമാണ്. ഇത്തരത്തിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ പ്രതീക്ഷയറ്റ് ജീവിക്കുന്നവർക്കുള്ള പ്രതീക്ഷയും പിന്തുണയുമാണ് സ്റ്റോപ്പ് ആസിഡ് അറ്റാക്ക് എന്ന സംഘടനാ നൽകുന്നത്” ആസിഡ് ആക്രമണത്തിന്റെ ഇരയും സംഘടനയുടെ സ്ഥാപകയുമായ ലക്ഷ്മി അഗർവാൾ പറയുന്നു.
ജീവിതം പൂര്‍ണമായും കൈവിട്ടു പോയ സ്ഥിതിയില്‍ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകള്‍ക്ക് തെരുവിലേക്ക് ഇറങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ല എന്നിടത്ത് നിന്നും ഇനിയും ജീവിക്കാനുള്ള അവസരങ്ങൾ ഒരുക്കുകയാണ് ഈ സംഘടനാ. സോഷ്യൽ ആക്ടിവിസ്റ്റായ അലോക് ദീക്ഷിതൊനൊപ്പം ചേർന്നണ് ലക്ഷ്മി 2013 ൽ സംഘടനക്ക് തുടക്കം കുറിക്കുന്നത്.
എന്ത്കൊണ്ട് കഫെ പോലൊരു സംരംഭം ?

ആസിഡ് ആക്രമണത്തിന് ഇരയായി ബാഹ്യസൗന്ദര്യം ഇല്ലാതാകുമ്പോൾ ആളുകൾക്ക് ആത്മവിശ്വാസം നശിക്കുന്നു.എന്നാൽ ഇത്തരത്തിൽ ഒരു വൈരൂപ്യം അനുഭവിക്കേണ്ടി വന്നത് അവരുടെ തെറ്റുകൊണ്ടല്ല. അത് മനസിലാക്കി സമൂഹത്തെ അഭിമുഖീകരിക്കാനും ആസിഡ് ആക്രമണത്തിന് എതിരായ സന്ദേശം നൽകാനും വേണ്ടിയാണ് സമൂഹവുമായി നേരിട്ട് സംവദിക്കുന്ന സംരംഭം എന്ന നിലയിൽ ഷിറോസ് ഹാങ്ഔട്ട് ആരംഭിച്ചത്.
തുടക്കത്തിൽ 6 പേരാണ് സംരംഭത്തിന്റെ ഭാഗമായിരുന്നത്. ചികിത്സയുടെ ഭാഗമായി ഉണ്ടായ വലിയ കടബാധ്യത താങ്ങാനാവാതെ വീട്ടുകാര്‍ ഉപേക്ഷിച്ചവര്‍ നിരവധിയായിരുന്നു. ഏത് വിധേനയും സ്വന്തം കാലില്‍ നില്‍ക്കുന്നതിനായി ഒരു വരുമാനം കണ്ടെത്തണം എന്ന് ആഗ്രഹിച്ച ഈ യുവതികള്‍ അതിനായി കണ്ടെത്തിയ മാര്‍ഗമായിരുന്നു ഷിറോസ് ഹാങ്ഔട്ട് . ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ആഗ്രയിലെ താജ്മഹലിനോട് ചേര്‍ന്ന് ആഗ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന ഒരു കഫെ, അതായിരുന്നു ഷിറോസ് ഹാങ്ഔട്ട്.തുടക്കം ഏറെശ്രമകരമായിരുന്നു എങ്കിലും ഇത്തരം ചെറുത്ത് നിൽപ്പുകളും സാമൂഹിക സംരംഭങ്ങളും നിലനിർത്തേണ്ടത് തങ്ങളുടെ കൂടി ഉത്തരവാദിത്വമാണ് എന്ന് നഗരത്തിലെത്തുന്ന ഓരോ വിനോദസഞ്ചാരിയും മനസിലാക്കി. അവിടെ ആരംഭിക്കുകയായിരുന്നു കഫെയുടെ വിജയം. ഇപ്പോൾ 11 വർഷങ്ങളായി കഫെ വിജയകരമായി നടന്നുപോകുന്നു. കൂടുതൽ അംഗങ്ങൾ ഈ കൂട്ടായ്മയിലേക്ക് വരാതിരിക്കട്ടെ എന്നാണു ഇവിടെയുള്ളവർ ആഗ്രഹിക്കുന്നത്.
നായകന്മാർ മാത്രമല്ല നായികമാരുമുണ്ട് !

ഈ ലോകത്ത് നായകന്മാര് മാത്രമല്ല, നായികമാരും ഉണ്ട് എന്നതിന്റെ പ്രതീകമായിട്ടാണ് സ്ഥാപനത്തിന് ഷിറോസ് ഹാങ്ഔട്ട് എന്ന പേര് നല്‍കിയത്. ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് വൈരൂപ്യം നിമിത്തം ഒരു സ്ഥാപനത്തില്‍ ജോലി കിട്ടുക വിഷമകരമായ സാഹചര്യത്തിലാണ് ഗീത, ഋതു , നീതു , രൂപ , ഡോളി എന്നീ യുവതികള്‍ ചേര്‍ന്ന് രുചികരമായ ഭക്ഷണങ്ങള്‍ വിദേശീയരും സ്വദേശീയരുമായ വിനോദസഞ്ചാരികള്‍ക്ക് എത്തിക്കുന്ന കഫെ ആരംഭിക്കാന്‍ തീരുമാനിച്ചത്. പിന്നീട് സമാനമായ അവസ്ഥയിലുള്ള പലരും കഫെയുടെ ഭാഗമായി. കഫെ നടത്തുന്നതും പാചകം ചെയ്യുന്നതും വിളമ്പുന്നതും എല്ലാം ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ തന്നെ. ആഗ്രയിൽ എത്തുന്ന ജനങ്ങളെ കാഴ്ചകൾക്കൊപ്പം നല്ല ഭക്ഷണം , പാനീയം വിശ്രമിക്കാനുള്ള അന്തരീക്ഷം , വായനക്കുള്ള സൗകര്യം എന്നിവ നൽകി ഇവർ സത്കരിക്കുന്നു.
” 2014 ല്‍ ആണ് ഞങ്ങൾ ഈ സംരംഭം ആരംഭിക്കുന്നത്. ബിസിനസ് ഞങ്ങൾക്ക് പറ്റുമോ ? ആളുകൾ ഞങ്ങളെ എങ്ങനെ ഉൾക്കൊള്ളും അങ്ങനെ പല ചിന്തകൾ അന്നുണ്ടായിരുന്നു.
ആഗ്ര നഗരത്തില്‍ ഉള്ള നൂറുകണക്കിന് കഫേകള്‍ പോലെയല്ല ഞങ്ങളുടെ സ്ഥാപനം. ഇവിടെ എത്തുന്നവരെ സ്വീകരിക്കുന്നതും അവര്‍ക്കു ഭക്ഷണം വിളമ്പുന്നതും എല്ലാം സാധാരണക്കാര്‍ക്ക് ഭയം ജനിപ്പിക്കുന്ന മുഖത്തോടു കൂടിയ ഞങ്ങളാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സമയം ഞങ്ങള്‍ക്ക് നിലനില്‍പ്പിനായി ഈ സ്ഥാപനം തുടങ്ങേണ്ടത് അനിവാര്യമായിരുന്നുതാനും. ചേർത്ത് നിർത്താനും ധൈര്യം പകരാനും വിരലിൽ എണ്ണാവുന്ന ആളുകൾ മുന്നോട്ട് വന്നതിന്റെ പിൻബലത്തിലാണ് ഇന്ന് ഈ സ്ഥാപനം വിജയകരമായി മുന്നോട്ട് പോകുന്നത്. ഞങ്ങളോട് അനുകമ്പയുള്ള ഒരു കൂട്ടം ആളുകള്‍ തന്ന മാനസിക സാമ്പത്തിക പിന്തുണയുടെ വെളിച്ചത്തിലാണ് ഷിറോസ് ഹാങ്ഔട്ട് ആരംഭിച്ചത്. എന്നാല്‍ അതിജീവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച ഞങ്ങളെ ജനങ്ങള്‍ പൂര്‍ണമായും പിന്തുണച്ചു. മാധ്യമങ്ങളും മികച്ച പിന്തുണ നല്കി.ഇപ്പോഴും ആ പിന്തുണ തുടരുന്നു. അതോടെ താജ്മഹല്‍ കാണാനെത്തുന്ന സഞ്ചാരികള്‍ ഞങ്ങളെയും സന്ദശിക്കുക പതിവായി. ഞങ്ങളുടെ കഥയിൽ നിന്നും ഊർജം ഉൾക്കൊണ്ട് സിനിമകൾ വരെയുണ്ടായി ” കഫെയുടെ സ്ഥാപകരായ രൂപയും ഡോളിയും രൂപ പറയുന്നു.
നോവായി സ്ഥാപകരുടെ ജീവിതം

കഫെയുടെ സ്ഥാപകരായ ഗീത, ഋതു , നീതു , രൂപ , ഡോളി എന്നിവര്‍ തികച്ചും അവിചാരിതമായാണ് ആസിഡ് ആക്രമണത്തിന് ഇരകളാകുന്നത്. അഞ്ചുപേരും ഉത്തര്‍പ്രദേശ് സ്വദേശികള്‍. രൂപക്ക് ഈ ഗതി വരുത്തിയത് പ്രണയത്തിൽ നിന്നും പിന്തിരിഞ്ഞതാണ് എങ്കിൽ. ഡോളിയെ ആക്രമിച്ചത് സ്വന്തം ഭർത്താവാണ്. അങ്ങനെ ഓരോരുത്തർക്കും ഓരോ കഥ. ഒടുവിൽ അവർ ലക്ഷ്മി അഗർവാളിന്റെ സ്റ്റോപ്പ് ആസിഡ് അറ്റാക്ക് വഴി പരസ്പരം കണ്ടുമുട്ടി. ഷിറോസ് ഹാങ്ഔട്ട് തങ്ങള്‍ക്ക് കിട്ടിയ മികച്ച അവസരമായിത്തന്നെ ഇവര്‍ കണ്ടു. സംരംഭകത്വത്തിന്റെ എല്ലാ സാധ്യതകളും ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതില്‍ ഇവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തി.
സംരംഭകത്വത്തെ യാഥാർഥ്യമാക്കിയ കഫെ
കഫെ നടത്താൻ ഗീത, ഋതു , നീതു , രൂപ , ഡോളി എന്നിവര്‍ തയ്യാറായതോടെ ലക്ഷ്മിയും അലോകും സുഹൃത്തും കാര്‍ട്ടൂണിസ്റ്റുമായ ഹാഷിം ത്രിവേദിയും ചേര്‍ന്ന ചാന്വ് എന്ന നോണ്‍ ഗവണ്മെന്റല് ഓര്ഗനൈസേഷന് ആണ് കഫെ തുടങ്ങുന്നതിനാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിന് മുന്നില്‍ നിന്നും പ്രവര്‍ത്തിച്ചത്. പല കോർപ്പറേറ്റുകളും ഇക്കാര്യത്തിൽ സഹായങ്ങൾ നൽകി. വെറുതെ ഭക്ഷണം കഴിക്കുന്നതിനു മാത്രമായുള്ള ഒരിടമാകരുത് ഷിറോസ് ഹാങ്ഔട്ട് എന്നകാര്യത്തില്‍ തുടക്കം മുതലേ നിര്‍ബന്ധം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ തീര്‍ത്തും വ്യത്യസ്തമായ തീമിലാണ് കഫെ ഒരുക്കിയത്. ചിന്തിക്കാനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ജീവിതം കണ്ടറിയാനുമുള്ള ഒരിടമായി കഫെ മാറണം എന്ന ചിന്തയിൽ നിന്നുമാണ് കഫെയുടെ തീം നിശ്ചയിച്ചത്.

അതിജീവനത്തിന്റെ കഥകള്‍ വെളിവാക്കുന്ന രീതിയിലുള്ള ഇന്റീരിയര്‍ ആയിരുന്നു ഷിറോസ് ഹാങ്ഔട്ട് കഫെയുടെ പ്രധാന പ്രത്യേകത. ഇന്ത്യന്‍, ചൈനീസ്,വിഭവങ്ങള്‍ വിളമ്പുന്ന കഫെയില്‍ എത്തുന്നവര്‍ക്ക് റിലാക്സ് ചെയ്യുന്നതിനായി ഒരു പ്രത്യേകമുറി സജ്ജീകരിച്ചിരുന്നു. ഇതിനു പുറമെ വിശാലമായ ഒരു ലൈബ്രറിയും തയ്യാറാക്കിയിട്ടുണ്ട്. ഓര്‍ഡര്‍ നല്‍കുന്നതിന് അനുസരിച്ചാണ് പാചകം. പാചകം ചെയ്യുന്ന സമയമത്രയും സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുകയോ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ വായിക്കുകയോ ചെയ്യാം. സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള ജേണലുകളും പുസ്തകങ്ങളും തന്നെയാണ് ഈ വായനാമുറിയുടെ പ്രധാന ആകര്‍ഷണം. ഇതിനു പുറമെ ലോകോത്തര ക്ലാസിക് പുസ്തകങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമായ ആഴ്ചപ്പതിപ്പുകളും മാസികകളും ഷിറോസ് ഹാങ്ഔട്ടിന്റെ ലൈബ്രറിയില്‍ തയ്യാറാക്കിയിരിക്കുന്നു.
തങ്ങളുടെ ആഗ്രയിലെ ആദ്യസംരംഭം വിജയം കണ്ടതോടെ ലക്നൗവില്‍ ഷിറോസ് ഹാങ്ഔട്ടിന്റെ രണ്ടാമത്തെ ബ്രാഞ്ചും ഇവര്‍ തുറന്നു. 2017 ൽ റോഡ് വികസനത്തിന്റെ ഭാഗമായി ഷിറോസ് ഹാങ്ഔട്ടിന്റെ ആഗ്രയിലെ കഫെ പൊളിച്ചു മാറ്റി എങ്കിലും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നഷ്ടപ്രതാപം വീണ്ടെടുത്ത് പുതിയ കഫെയുമായി ഷിറോസ് ഹാങ്ഔട്ട് പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ ദിനവും നൂറുകണക്കിന് ആളുകളാണ് ഷിറോസ് ഹാങ്ഔട്ടില്‍ ഉപഭോക്താക്കളായി എത്തുന്നത്. സന്ദര്‍ശകരായി എത്തുന്നവര്‍ അത്രയും ഈ യുവതികളുടെ മനോബലത്തിനും ആത്മധൈര്യത്തിനും മികച്ച പിന്തുണയാണ് നല്‍കുന്നത്. പരിസരവാസികള്‍ നല്കുന്ന പിന്തുണയും മറക്കാനാവില്ല. പുതിയ ഭക്ഷണങ്ങൾ , പാനീയങ്ങൾ എന്നിവയെല്ലാം ഇക്കാലയളവിൽ കഫെ പരീക്ഷിച്ചു.
കഫെക്കൊപ്പം ബൊട്ടീക്കും കരകൗശല വസ്തുക്കളും
വരുമാനത്തിനായി മാറുന്ന ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കുന്ന സംരംഭകരായി ഇവർ മാറിക്കഴിഞ്ഞു.കേവലം പാചകത്തില്‍ മാത്രമായി ഒതുക്കി നിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല ഈ യുവതികളുടെ കഴിവുകള്‍. രൂപയും ഗീതയും മികച്ച രീതിയില്‍ തയ്യല്‍ ജോലികള്‍ ചെയ്യുന്നവരാണ്. അതിനാല്‍ എംബ്രോയിഡറി ചെയ്തതും അല്ലാത്തതുമായ നിരവധി വസ്ത്രങ്ങള്‍ ഇവര്‍ നിര്‍മിച്ച് ഷിറോസ് ഹാങ്ഔട്ടിനോട് അനുബന്ധിച്ചു വില്‍ക്കുന്നു. കഫെയോട് ചേര്‍ന്ന് നടത്തുന്ന ഒരു ബൊട്ടീക്കിലൂടെയാണ് ഇത്തരം വസ്ത്രങ്ങളുടെ വില്പന. ഹാന്‍ഡ് പെയിന്റ് ചെയ്ത വസ്ത്രങ്ങള്‍ക്കും ഷോളുകള്‍ക്കും ഇവിടെ വലിയ ഡിമാന്‍ഡ് ആണെന്ന് ഗീത പറയുന്നു.

വസ്ത്രങ്ങള്‍ക്ക് പുറമെ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ഒരു സ്റ്റാളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ നിന്നുമാത്രമായി പ്രതിമാസം രണ്ടുലക്ഷം രൂപയുടെ വരുമാനമാണ് ഈ യുവതികള്‍ നേടുന്നത്. കഫെയില്‍ നിന്നും ഇതേ അളവില്‍ തന്നെ വരുമാനം ലഭിക്കുന്നുണ്ടെന്ന് രൂപ പറയുന്നു. ബൊട്ടീക്ക് ശ്രദ്ധേയമായതോടെ രൂപ താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ കോര്‍ത്തിണക്കി ഫാഷന്‍ ഷോകള്‍ സംഘടിപ്പിക്കാറുണ്ട്. അങ്ങനെ മെല്ലെ മെല്ലെ, ലോകത്തെ ഭയന്ന് ഇരുട്ടുമുറികളില്‍ അഭയം പ്രാപിച്ചിരുന്ന ഇവര്‍ ലോകത്തെ അഭിമുഖീകരിക്കാന്‍ തുടങ്ങി. ലോകം അതിജീവനത്തിന്റെ പര്യായമായ ഈ വനിതകളെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
ഇപ്പോള്‍ സ്വന്തം കാലില്‍ നിന്നും അധ്വാനിച്ചു വരുമാനം കണ്ടെത്തി ജീവിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ യുവതികള്‍. വരുമാനം ലഭിക്കുന്നതിനുള്ള വഴി കണ്ടെത്തിയതോടെ, തങ്ങളെ ആസിഡ് കൊണ്ട് ആക്രമിച്ചവര്‍ക്ക് നേരെ നിയമനടപടികളുമായി മുന്നോട്ട് പോകാനും ഇവര്‍ സജ്ജരായിക്കഴിഞ്ഞു. ആസിഡ് ആക്രമണങ്ങള്‍ക്ക് എതിരായുള്ള പോരാട്ടങ്ങളില്‍ ഇവര്‍ മുന്‍പന്തിയില്‍ ഉണ്ട്. ഇനി ഒരു സ്ത്രീയും ഇത്തരത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയാവരുത്.മാത്രമല്ല, നിലവിലെ ഇരകള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ തങ്ങളും ഷിറോസ് ഹാങ്ഔട്ടും പ്രചോദനമാകുകയും വേണം, ഈ രണ്ട് ലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായാണ് ഗീത, ഋതു , നീതു , രൂപ , ഡോളി എന്നിവര്‍ മുന്നോട്ട് പോകുന്നത്.
നിലവിൽ ഷിറോസ് ഹാങ്ഔട്ട് കേന്ദ്രീകരിച്ച് വിവിധങ്ങളായ സാംസ്കാരിക പരിപാടികൾ നടക്കുന്നുണ്ട്. സാംസ്കാരികമായ മുന്നേറ്റത്തിനായി ഒത്തുചേരുന്നതിനുള്ള ഇടമായി ഇന്ന് ആഗ്രയിലും ലഖ്നൗവിലും ഉള്ളവർ ഈ സ്ഥാപനത്തെ കാണുന്നു. മാറ്റങ്ങൾ ഉണ്ടാകേണ്ടത് സംരംഭകത്വത്തിലൂടെ തന്നെയാണ് എന്നതിനുള്ള ഉദാഹരണമായി തലയുയർത്തി നിൽക്കുന്നു ഷിറോസ് ഹാങ്ഔട്ട് .


