നാഷണല്‍ ഹൈഡ്രോഗ്രാഫിക് ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ കണക്കുസരിച്ച് 11,084.5 കിലോമീറ്റര്‍ കടല്‍ത്തീരമുണ്ട് ഇന്ത്യക്ക്. ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെ 9 വലിയ സംസ്ഥാനങ്ങള്‍ ഈ തീരം പങ്കിടുന്നു. എന്നിരുന്നാലും പരമ്പരാഗതമായി ലോകത്തെ മുന്‍പന്തിയിലുള്ള നാവിക രാജ്യങ്ങളുടെ ഇടയിലൊന്നും ഇന്ത്യയില്ല. ഇന്ത്യയുടെ ചരക്ക് കയറ്റുമതിയുടെ 90 ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്നത് വിദേശ കപ്പലുകളാണ്. മെര്സ്കും എംഎസ്സിയുമാണ് ഇതില്‍ മുന്നിലുള്ളത്. 75 ബില്യണ്‍ ഡോളറാണ് ഈ വിദേശ കപ്പല്‍ കമ്പനികള്‍ക്ക് ഇന്ത്യ ഓരോ വര്‍ഷവും ഫീസിനത്തില്‍ നല്‍കുന്നത്. ഏകദേശം ഇന്ത്യയുടെ പ്രതിരോധ ബജറ്റിനോളം!
ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പിലാണ് ഇന്ത്യ. 2047 ല്‍ വികസിത, സ്വയംപര്യാപ്ത ഭാരതമെന്ന സ്വപ്നം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നു. ലോകത്തിന്റെ ഉല്‍പ്പാദന, നിര്‍മാണ കേന്ദ്രമാകാനാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ശക്തമായിക്കൊണ്ടിരിക്കുന്ന കയറ്റുമതി മേഖലയെ പിന്തുണയ്ക്കാന്‍ ഇന്ത്യയുടെ കപ്പല്‍വ്യൂഹവും കരുത്തുറ്റതാകണം. കപ്പല്‍ നിര്‍മാണത്തിന്റെ നിര്‍ണായക പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
2030 ഓടെ ലോകത്തെ കപ്പല്‍ നിര്‍മാണ രാജ്യങ്ങളില്‍ ആദ്യ പത്തിലെത്താനും 2047 ഓടെ ഈ സ്ഥാനം ആദ്യ അഞ്ചിനുള്ളിലേക്ക് മെച്ചപ്പെടുത്താനും ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നു. ലോകത്തിന്റെ കപ്പല്നിര്മാണശാലയാനാവുള്ള ഇന്ത്യയുടെ വലിയ സ്വപ്നത്തിന്റെ നടുനായകസ്ഥാനമാണ് മലയാളിയുടെ അഭിമാനമായ കൊച്ചിന് ഷിപ്പ്യാര്ഡിന്. വളര്‍ച്ചയുടെ നോട്ടിക്കല്‍ മൈലുകള്‍ താണ്ടി മുന്നേറുകയാണ് കൊച്ചിന് ഷിപ്പ്യാര്ഡ്. 1972 ല്‍ കൊച്ചിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച കമ്പനി അഞ്ച് പതിറ്റാണ്ടിനിപ്പുറം വിമാനവാഹിനിക്കപ്പലുകളടക്കം നിര്‍മിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു. 2022 ല്‍ കൊച്ചിന് ഷിപ്പ്യാര്ഡ് സ്ഥാപിച്ചതിന്റെ സുവര്‍ണജൂബിലി വര്‍ഷത്തിലാണ് ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായ ഐഎന്‍എസ് വിക്രാന്ത് കമ്മീഷന് ചെയ്തത്. ഉഡുപ്പിയിലും ഹൂഗ്ലിയിലും കൊച്ചിന് ഷിപ്പ്യാര്ഡിന് ഉപസ്ഥാപനങ്ങളുണ്ട്. തമിഴ്നാട്ടില്‍ 15000 കോടി രൂപ നിക്ഷേപത്തില്‍ ഒരു കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം നിര്‍മിക്കാനുള്ള ധാരണാപത്രവും അടുത്തിടെ ഒപ്പിട്ടു കഴിഞ്ഞു.
പ്രകൃതിയോടിണങ്ങിയ കപ്പലുകള്‍
യുഎസിലെയും യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലെയും കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കുമായി ഏകദേശം 50 ല്‍ അധികം ഉയര്‍ന്ന ശേഷിയുള്ള, മികവുറ്റ കപ്പലുകള്‍ നിര്‍മിച്ചു നല്‍കിക്കഴിഞ്ഞു കൊച്ചി കപ്പല്‍ശാല. ഇത് അന്താരാഷ്ട്ര കപ്പല്‍ വിപണിയില്‍ ഏറ്റവും മികച്ച യാര്ഡുകളിലൊന്നായി കൊച്ചിയെ മാറ്റിയിട്ടുണ്ട്. ഗ്രീന്‍ ഷിപ്പ് ബില്‍ഡിംഗിന്റെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റുകയെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടനുസരിച്ചാണ് കൊച്ചിന് ഷിപ്പ്യാര്ഡിന്റെ പ്രവര്‍ത്തനം. ഇപ്പോള്‍ത്തന്നെ കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ഓര്‍ഡറുകളില്‍ പാതിയിലേറെ പ്രകൃതിസൗഹൃദമായ ഗ്രീന്‍ ഷിപ്പുകള്‍ക്കാണ്. പൂര്‍ണമായും കാര്‍ബണ്‍ ബഹിര്‍ഗമന രഹിതമായ കാര്‍ഗോ ഫെറികള്‍ അടുത്തിടെ ഒരു നോര്‍വേ കമ്പനിക്ക് നിര്‍മിച്ചുനല്‍കി. കൊച്ചി വാട്ടര്‍ മെട്രോയുടെ ഇലക്ട്രിക് ഹൈബ്രിഡ് ഫെറികളും നിര്‍മിച്ചത് കൊച്ചിന് കപ്പല്‍ശാലയാണ്. യുകെയിലെ നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിംഗ് കമ്പനിയുടെ ഹൈബ്രിഡ് വെസലുകളും നിര്‍മിക്കുന്നത് കൊച്ചിയിലാണ്.
നാവികസേനയുടെ കരുത്തുറ്റ പങ്കാളി
കപ്പല്‍ നിര്‍മാണവും അറ്റകുറ്റപ്പണിയും പ്രധാന വരുമാന മാര്‍ഗമാണെങ്കിലും കൊച്ചിന് ഷിപ്പ്യാര്ഡിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത് ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ അതിനുള്ള തന്ത്രപ്രധാനമായ സ്ഥാനമാണ്. നാവിക സേനയുടെ കരുത്തിന്റെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനവുമുണ്ട് ഇന്ത്യക്ക്. ഈ ശേഷിക്ക് പിന്നില്‍ കൊച്ചിന് ഷിപ്പ്യാര്ഡ്, മസഗാവ് ഡോക്ക്, കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പബില്ഡേഴ്സ് എന്നീ പൊതുമേഖലാ കമ്പനികളാണ്. പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത എന്ന ഇന്ത്യയുടെ സ്വപ്നത്തെയാണ് ഈ കമ്പനികള്‍ പിന്തുണയ്ക്കുന്നത്.
ഓപ്പറേഷന് സിന്ദൂറിന് ശേഷം പ്രതിരോധ മേഖലയിലെ ചെലവഴിക്കല്‍ ഇരട്ടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കുന്ന കമ്പനികളിലൊന്ന് കൊച്ചിന് ഷിപ്പ്യാര്ഡാണ്. ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണത്തിലൂടെ ശേഷി തെളിയിച്ച കപ്പല്‍ശാലക്ക് അന്തര്‍വാഹിനി വേധ കപ്പലുകളും (ആന്റി സബ്മറൈന് വാര്റഫെയര് ഷാലോ വാട്ടര്‍ ക്രാഫ്റ്റ്, എഎസ്ഡബ്ല്യു-എസ്ഡബ്ല്യുസി) അടുത്ത തലമുറ മിസൈല്‍ വെസലുകളുമടക്കം (എന്‍ജിഎംവി) വന്‍ ഓര്‍ഡറുകളാണ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. അന്തര്‍വാഹിനികളുടെ സാന്നിധ്യം തിരിച്ചറിയാനുതകുന്ന ഏറ്റവും ആധുനികമായ സെന്‍സറുകളാണ് എഎസ്ഡബ്ല്യു-എസ്ഡബ്ല്യുസി കപ്പലുകളില്‍ ഉണ്ടാവുക. ഇത്തരം ആറ് വെസലുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. നവംബറില്‍ ആദ്യത്തെ അന്തര്‍വാഹിനി വേധ കപ്പലായ ഐഎന്‍എസ് മാഹി, നാവികസേനക്ക് കൈമാറുമെന്ന് കൊച്ചിന് ഷിപ്പ്യാര്ഡ് ചെയര്‍മാനും എംഡിയുമായ മധു എസ് നായര്‍ പറയുന്നു.
രണ്ടാം വിമാനവേധ കപ്പലിനായി കാത്തിരിപ്പ്
ഏറെ വെല്ലുവിളികള്‍ നേരിട്ടിരുന്നെന്നും ഇപ്പോള്‍ അവയെല്ലാം മറികടന്ന് അനുഭവ പരിചയത്തിന്റെ പിന്തുണയോടെ കൂടുതല്‍ വേഗത്തില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് കൊച്ചിന് ഷിപ്പ്യാര്ഡെന്നും മധു എസ് നായര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വിമാന വേധ കപ്പലുകളുടെ സമഗ്ര അറ്റകുറ്റപ്പണി (റീഫിറ്റ്) നടത്തിവരുന്ന ഇന്ത്യയിലെ ഏക കപ്പല്‍ശാലയാണ് കൊച്ചിന് ഷിപ്പ്യാര്ഡെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎന്‍എസ് വിരാട്, ഐഎന്‍എസ് വിക്രമാദിത്യ എന്നിവയുടെ റീഫിറ്റും ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണവും വലിയ അനുഭവ പരിചയവും ക്ഷമതയുമാണ് കൊച്ചിന് ഷിപ്പ്യാര്ഡിന് നല്‍കിയത്. ഈ അനുഭവപരിചയത്തിന്റെയും വൈഗദ്ധ്യത്തിന്റെയും ആത്മവിശ്വാസത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണത്തിന് തയാറെടുക്കുകയാണ് കൊച്ചിന് ഷിപ്യാര്ഡ്. ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, 65000 ടണ്‍ ഭാരമുള്ള വിമാനവാഹിനിക്കപ്പലാണ് പദ്ധതിയിലുള്ളത്. ഇതിന്റെ അനുമതി പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. നിലവില്‍ റഷ്യയില്‍ നിര്‍മിച്ച വിക്രമാദിത്യയും കൊച്ചിയില്‍ നിര്‍മിച്ച വിക്രാന്തുമാണ് ഇന്ത്യയുടെ കടല്‍പ്പടയെ നയിക്കുന്നത്.
വ്യവസായങ്ങള്‍ക്ക് പിന്തുണ
ഇതോടൊപ്പം കടലുമായി ബന്ധപ്പെട്ട മറ്റ് വ്യവസായങ്ങളെ പിന്തുണക്കുന്ന യാനങ്ങളും കൊച്ചിന് കപ്പല്‍ശാല നിര്‍മിക്കുന്നുണ്ട്. ഡ്രഡ്ജിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്ക് വേണ്ടി 12000 ക്യുബിക് മീറ്റര്‍ ഹോപ്പര്‍ കപ്പാസിറ്റിയുള്ള മണ്ണുമാന്തിക്കപ്പല്‍ അടുത്തിടെ ഇവിടെ നിര്‍മിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുമാന്തിക്കപ്പലാണിത്. ഇത്തരത്തിലൊരു കപ്പല്‍ ആദ്യമായാണ് കൊച്ചിന് ഷിപ്പ്യാര്ഡ് നിര്‍മിക്കുന്നതും. പുറങ്കടലിലെ വിന്‍ഡ് ഫാമുകള്‍ക്ക് വേണ്ടിയുള്ള കമ്മീഷനിംഗ് സര്‍വീസ് ഓപ്പ
റേഷന്‍ വെസലും കഴിഞ്ഞമാസം നിര്‍മിച്ച് കമ്മീഷന് ചെയ്തു. തുറമുഖ രംഗത്തെ വമ്പനായ അദാനി പോര്‍ട്സ് ആന്‍ഡ് സെസിന്റെ പോര്‍ട്ടുകളില്‍ ഉപയോഗിക്കാനുള്ള എട്ട് ടഗ്ഗ് ബോട്ടുകളുടെ ഓര്‍ഡറും കൊച്ചിന് കപ്പല്ശാലക്കാണ് ലഭിച്ചത്. ഉപകമ്പനിയായ ഉഡുപ്പി കൊച്ചിന് ഷിപ്പ്യാര്ഡാണ് ഇത് നിര്‍മിക്കുക. എട്ട് ഫീഡര്‍ കണ്ടെയ്നര്‍ കപ്പലുകള്‍ നിര്‍മിക്കാന്‍ 2000 കോടി രൂപയുടെ കരാറും ഒരു യൂറോപ്യന്‍ ക്ലയന്റില്‍ നിന്ന് ലഭിച്ചതായി കമ്പനി അടുത്തിടെ ഫയലിംഗില്‍ വ്യക്തമാക്കിയിരുന്നു.
നിക്ഷേപകരുടെ വിശ്വാസം
ഭാവിയില്‍ ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ സ്ഥാപനങ്ങളിലൊന്നായി വളരാനുള്ള എല്ലാ ശേഷിയും സാധ്യതകളും കൊച്ചിന് ഷിപ്പ്യാര്‍ഡിനുണ്ട്. സര്‍ക്കാരിന്റെ ശക്തമായ പിന്തുണയുള്ള സ്ഥാപനമാണിത്. പ്രതിരോധ മേഖലയ്ക്കും ഒപ്പം ഡ്രഡ്ജിംഗടക്കം മറ്റ് വ്യവസായ മേഖലകള്‍ക്കും ചരക്ക്-യാത്രാ ഗതാഗത മേഖലകള്‍ക്കും വേണ്ടി കപ്പലുകളും യാനങ്ങളും നിര്‍മിക്കുന്നതിനാല്‍ വളരെ വിശാലവും വ്യത്യസ്തവുമായ ഉപഭോക്തൃ അടിത്തറയാണ് കമ്പനിക്കുള്ളത്. ഈ വൈവിധ്യം വളര്‍ച്ചക്ക് ഏറെ ഗുണകരമാവും. കൊച്ചിന് ഷിപ്പ്യാര്ഡിന്റെ സ്വദേശി വിജയകഥ ദീര്‍ഘകാലം വിശ്വസിച്ച് നിക്ഷേപം നടത്താനുള്ള മികച്ച അവസരം ഒരുക്കുന്നു.
2017 ലാണ് കൊച്ചിന് ഷിപ്പ്യാര്ഡ് ഓഹരികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. ഓഹരിയൊന്നിന് 461 രൂപയ്ക്കാണ് ലിസ്റ്റിംഗ് നടന്നത്. കോവിഡ് കാലത്ത് വിപണി ഇടിഞ്ഞപ്പോള്‍ 2020 മേയ് മാസത്തില്‍ 110 രൂപയിലേക്ക് വില താഴ്ന്നു. പിന്നീടുള്ള മാസങ്ങളില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപം നടത്താനുള്ള മികച്ച അവസരം തന്നെ ഓഹരി നല്കി. 2022 നവംബറില്‍ ഓഹരി വില 300 കടന്നു. 2023 ഓഗസ്റ്റില്‍ തുടങ്ങിയ കുതിപ്പ് 2024 ജൂലൈ 5ന് 2837 എന്ന സര്‍വകാല ഉയരത്തിലേക്ക് വിലയെ എത്തിച്ചു. മള്‍ട്ടിബാഗര്‍ ഓഹരിയായി വളര്‍ന്ന കൊച്ചിന് ഷിപ്പ്യാര്ഡില് നിന്ന് നിക്ഷേപകര്‍ക്ക് പലര്‍ക്കും ലഭിച്ചത് 30 ഇരട്ടിയോളം നേട്ടം.
ഇപ്പോഴും മികച്ച വാങ്ങല്‍ അവസരം നല്‍കുന്നുണ്ട് കമ്പനി. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി 800 കോടി രൂപയ്ക്ക് മുകളിലാണ് ലാഭം. കഴിഞ്ഞ വര്‍ഷം 30% ഡിവിന്റും കമ്പനി നിക്ഷേപകര്‍ക്ക് നല്കി. സാങ്കേതികമായി നോക്കിയാല്‍ 1590 ലെവലിലെ ഗ്യാപ്പ് ഫില്‍ ചെയ്ത് മുകളിലേക്കെത്തിയിരിക്കുകയാണ് ഓഹരി. പ്രതിമാസ ചാര്‍ട്ടില്‍ 1590-1600 ലെവലില്‍ ശക്തമായ സപ്പോര്‍ട്ട് ഓഹരിക്കുണ്ട്. 2000 ന് മുകളിലുള്ള ഒരു ബ്രേക്ക്ഔട്ട് ഓഹരി വിലയെ 2400 മുതല്‍ 2550 വരെ എത്തിച്ചേക്കാം. ീ ടാര്ഗറ്റിനായി നിക്ഷേപിക്കാന്‍ വിവിധ ബ്രോക്കറേജുകളും വിദഗ്ധരും ശുപാര്‍ശ ചെയ്യുന്നു.


