എന്തായാലും കഠിനമായ വ്യാപാരയുദ്ധത്തിലേക്ക് പ്രതിസന്ധികള്‍ എത്തിയില്ല. ദക്ഷിണ കൊറിയയിലെ ആഴത്തിലുള്ള വിലപേശലുകള്‍ക്കൊടുവില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൈകൊടുത്തുപിരിഞ്ഞു. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് ഇരുകൂട്ടരും പറഞ്ഞു. താരിഫ് കുറയ്ക്കാനും റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും ചൈനയുമായി ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചു. ഇതോടെ ആഗോള സമ്പദ് വ്യവസ്ഥയെ ഭീഷണയിലാഴ്ത്തിയ വ്യാപാരയുദ്ധത്തിന് അയവുണ്ടാകുകയാണ്.
ദക്ഷിണ കൊറിയയില്‍ വെച്ച് നടന്ന അപെക് (ഏഷ്യ പെസഫിക് ഇക്കണോമിക് കോര്പ്പറേഷന്) ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ബസനിലെ ജിംഹേ വ്യോമത്താവളത്തില്‍ ചൈനീസ് പ്രസിഡന്റും അമേരിക്കന്‍ പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയത്. 2019-ന് ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും നേരില്‍ കാണുന്നത് എന്ന പ്രത്യേകതയും ഈ കൂടിക്കാഴ്ചയ്ക്കുണ്ടായിരുന്നു.
ഒരു വര്‍ഷം കഴിഞ്ഞ് കാണാം
ഇരുകൂട്ടരും വളരെ മികച്ച തീരുമാനങ്ങള്‍ എടുത്തെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞത്. ഒരു വര്‍ഷത്തേക്കുള്ള കരാറാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വൈകാതെ തന്നെ കരാറില്‍ ഒപ്പുവെച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. അധികം വാചാലനായിട്ടല്ലെങ്കിലും പ്രശ്നങ്ങള്‍ തത്കാലത്തേക്ക് അവസാനിച്ചതായി ഷി യും സൂചന നല്‍കിയിട്ടുണ്ട്. അമേരിക്കയുടെയും ചൈനയുടെയും സാമ്പത്തിക, വ്യാപാര കാര്യങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നുവെന്നും പ്രശ്നപരിഹാരത്തിന് ധാരണയിലെത്തിയെന്നും ഷിയെ ഉദ്ധരിച്ച് ചൈനയിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സഹകരണത്തിലൂടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കാണ് ഇരുകൂട്ടരും പ്രാധാന്യം നല്‍കേണ്ടതെന്നും ഷി പറഞ്ഞു.
നിയന്ത്രണം നീങ്ങും, താരിഫ് കുറയും
താത്കാലിക വ്യാപാര ഉടമ്പടി അനുസരിച്ച് റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതി നിയന്ത്രണവുമായി ചൈന മുന്നോട്ടുപോകില്ല. ഇതിന് പ്രതികാരമായി അമേരിക്ക ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 100 ശതമാനം താരിഫ് പിന്‍വലിക്കുകയും ചെയ്യും. റെയര്‍ എര്‍ത്ത് പ്രതിസന്ധി ഉച്ചകോടിക്ക് ശേഷം അവസാനിച്ചതായി ട്രംപും പറഞ്ഞു.
കുറച്ചുകാലത്തേക്ക് റെയര്‍ എര്‍ത്ത് എന്നത് തങ്ങളുടെ പദപ്രയോഗത്തില്‍ നിന്നും അപ്രത്യക്ഷമാകുമെന്നായിരുന്നു എയര്‍ഫോഴ്സ് വണ്ണില്‍ ദക്ഷിണ കൊറിയയില്‍ നിന്നും യാത്ര തിരിക്കവെ ട്രംപ് പറഞ്ഞത്. റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ ഒരു തരിമ്പ് പോലും ഉള്ള ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ഏത് കമ്പനിയുടെ ലൈസന്‍സ് നേടണമെന്നായിരുന്നു ചൈനയുടെ നേരത്തത്തെ തീരുമാനം. ഇത് ആഗോള വിതരണ ശൃംഖലകളില്‍ വലിയ രീതിയിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. സ്മാര്‍ട്ട്ഫോണ്‍ മുതല്‍ യുദ്ധവിമാനങ്ങള്‍ വരെ നിര്‍മ്മിക്കുന്നതിന് അത്യാവശ്യമായ റെയര്‍ എര്‍ത്തില്‍ ആര്‍ക്കും തകര്‍ക്കാനാകാത്ത കുത്തകയാണ് ചൈനയ്ക്കുള്ളത്.
റെയര്‍ എര്‍ത്തിലെ നിയന്ത്രണം നീക്കാന്‍ ചൈന തയ്യാറായതോടെ താരിഫിലെ കടുംപിടിത്തം ഉപേക്ഷിക്കാന്‍ അമേരിക്കയും തയ്യാറായി. ഫെന്റനൈല്‍ ഒഴുക്കിനെ തുടര്‍ന്ന് പ്രഖ്യാപിച്ച താരിഫ് 20 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. വെനസ്വലേ വഴി ചൈന അമേരിക്കയിലേക്ക് വ്യാപകമായി ഫെന്റനൈല്‍ കടത്തുന്നുവെന്ന് നേരത്തെ ട്രംപ് ആരോപിച്ചിരുന്നു. ഒപിയോയിഡ് നാര്‍ക്കോട്ടിക് വേദനസംഹാരിയാണ് ഫെന്റനൈല്‍. വളഞ്ഞവഴിയിലൂടെ കടത്തുന്നതിനാല്‍ അമേരിക്കയ്ക്ക് ലഭിക്കേണ്ട തീരുവ ലഭിക്കുന്നില്ലെന്നും കോടികളുടെ നഷ്ടമുണ്ടാകുന്നുവെന്നും ട്രംപ് അന്ന് കുറ്റപ്പെടുത്തിയിരുന്നു. സിന്തറ്റിക് ഒപ്പിയേറ്റിന്റെ ഒഴുക്ക് തടയാന്‍ പരിശ്രമിക്കുമെന്ന് ഷിയില്‍ നിന്നും ഉറപ്പുലഭിച്ചതായി ട്രംപ് പറഞ്ഞു. മറ്റ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവയില്‍ മാറ്റമുണ്ടാകില്ല. നിലവില്‍ 47 ശതമാനം താരിഫാണ് അമേരിക്ക ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന 32 ശതമാനം താരിഫ് ചുമത്തുന്നുണ്ട്.
കാര്‍ഷിക വ്യാപാരം
ഉടന്‍ തന്നെ ചൈന അമേരിക്കന്‍ സോയാബീന്‍ വാങ്ങുന്നത് പുനരാരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു. താരിഫ് യുദ്ധത്തെ തുടര്‍ന്ന് താളം തെറ്റിയ കാര്‍ഷികരംഗത്തെ സഹകരണം ഇരുരാജ്യങ്ങളും വീണ്ടെടെക്കുന്നുവെന്ന സൂചനയാണ് അത് നല്‍കുന്നത്. സോയാബീനും മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങളും വന്‍തോതില്‍ ചൈന വാങ്ങും, ഇത് സംബന്ധിച്ച് പ്രസിഡന്റ് ഷി ജിന്‍പിംഗ് അനുമതി നല്‍കിക്കഴിഞ്ഞു, അതിനെ താന്‍ അഭിനന്ദിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ബന്ധം മെച്ചപ്പെടുമോ
മാസങ്ങള്‍ നീണ്ട വ്യാപാര അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം അമേരിക്ക-ചൈന സാമ്പത്തിക ബന്ധത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ഷിയുമായുള്ള കൂടിക്കാഴ്ചയെ 0-10 സ്കെയിലില്‍ 12 ആയാണ് ട്രംപ് റേറ്റ് ചെയ്തിട്ടുള്ളത്. അതായത് ബന്ധം പഴയപടിയാക്കാമെന്ന് ട്രംപിന് ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് അത് സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.


