പുതിയ നാഴികക്കല്ല് പിന്നിട്ട് കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യ കരമാർഗ (ലാൻഡ് ബേസ്ഡ്) ബുക്കിംഗ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്. കരവഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും ഈ മാസം തുടങ്ങാനിരിക്കെയാണ് ഹൂസ്റ്റണിലേക്കുള്ള ആദ്യ ബുക്കിംഗ് ലഭിച്ചത്. ഇതോടെ ട്രാൻസ്ഷിപ്മെന്റ് കേന്ദ്രമെന്ന നിലയിൽ നിന്ന് സമഗ്ര കയറ്റുമതി-ഇറക്കുമതി (EXIM) ഹബ്ബായി മാറുന്നതിലേക്കുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ യാത്രയിൽ നിർണായക മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
കൊച്ചിയിലെ വ്യവസായ സ്ഥാപനത്തിൽ നിന്ന് റോഡ് മാർഗം വിഴിഞ്ഞം തുറമുഖത്തിലെത്തിച്ച കണ്ടെയ്നറാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ ബുക്ക് ചെയ്തിരിക്കുന്നത്. ഇതുവരെ കേരളത്തിൽ നിന്നുള്ള നിരവധി കയറ്റുമതി ചരക്കുകൾ കൊളംബോ, സിംഗപ്പൂർ തുടങ്ങിയ വിദേശ ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളെ ആശ്രയിച്ചായിരുന്നു. ഇത്തരം സാഹചര്യത്തിൽ വിഴിഞ്ഞം വഴി നേരിട്ടുള്ള കയറ്റുമതി ആരംഭിക്കുന്നത് ലോജിസ്റ്റിക്സ് മേഖലയ്ക്ക് വലിയ നേട്ടമാണെന്നാണ് വിലയിരുത്തൽ.
വിഴിഞ്ഞം തുറമുഖത്തിൽ സമ്പൂർണ കയറ്റുമതി-ഇറക്കുമതി (EXIM) സേവനങ്ങൾ ഈ മാസം ആരംഭിക്കാനിരിക്കുകയാണ്. ഇത് കേരളത്തിലെ കയറ്റുമതിക്കാർക്ക് നിരവധി നേട്ടങ്ങൾ സമ്മാനിക്കും. ചരക്ക് കൈമാറ്റ സമയം കുറയുന്നതിനൊപ്പം ഗതാഗതച്ചെലവ് നിയന്ത്രിക്കാനും ആഗോള വിപണികളിലേക്കുള്ള പ്രവേശനം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സാധ്യമാക്കാനും ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ സംസ്ഥാനത്തെ വ്യവസായം, ലോജിസ്റ്റിക്സ്, തൊഴിൽ മേഖലകൾക്കും ഇത് പുതിയ അവസരങ്ങൾ സൃഷ്ടിച്ചേക്കും.
അതേസമയം, ഇന്ത്യയിലെ ആദ്യ ഡീപ്-വാട്ടർ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര ഷിപ്പിംഗ് പാതയ്ക്ക് വളരെ സമീപത്തായതിനാൽ വൻ മദർഷിപ്പുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. ആധുനിക അടിസ്ഥാനസൗകര്യങ്ങളും തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും തുറമുഖത്തെ ഇന്ത്യയുടെ പ്രധാന സമുദ്രവ്യാപാര കവാടങ്ങളിലൊന്നാക്കി മാറ്റുമെന്നാണ് പ്രതീക്ഷ.
English Summary
Vizhinjam International Seaport has achieved another major milestone. The port has secured its first-ever land-based (road cargo) booking in its history, with the shipment destined for Houston, USA. The booking comes ahead of the launch of the port's full-fledged land-based export and import (EXIM) operations later this month. This marks a significant step in Vizhinjam's transformation from being primarily a transshipment hub to a comprehensive export-import (EXIM) gateway, further strengthening its position in global maritime trade.




