‘ലോകത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള ട്രൂത്ത് എഞ്ചിന്’ – ഗ്രോക്കിപീഡിയ അവതരിപ്പിച്ചുകൊണ്ട് ഇലോണ്‍ മസ്ക് പറഞ്ഞത് അങ്ങനെയാണ്. എഐ അധിഷ്ഠിത എന്സ്ക്ലോപീഡിയ എന്ന ലേബലില്‍ ഇലോണ്‍ മസ്കിന്റെ xAI ടീം വികസിപ്പിച്ച ഗ്രോക്കിപീഡിയ, വിക്കിപീഡിയയെയാണ് ഉന്നംവെക്കുന്നത്. വിക്കിപീഡിയയുടെ ഇടതുപക്ഷ ചായ്വിനെ സദാ വിമര്‍ശിക്കുന്ന മസ്ക് ഗ്രോക്കിപീഡിയ അത്രയ്ക്ക് പക്ഷപാതപരമായിരിക്കില്ലെന്നും സത്യം പറയുമെന്നും അവകാശപ്പെടുന്നു. പക്ഷേ സത്യം, അല്ലെങ്കില്‍ നിഷ്പക്ഷത എന്നതിന് ഈ പുതിയ ഓണ്‍ലൈന്‍ വിജ്ഞാനകോശം കൊടുക്കുന്ന നിര്‍വ്വചനം ‘മസ്കിന്റെ ലോകവീക്ഷണം’ എന്നാണോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
വിക്കിപീഡിയയുടെ തനിപ്പകര്‍പ്പ് ആകാതെ, ആര്‍ട്ടിഫിഷ്യന്‍ ഇന്റെലിജന്സിന്റെ യുഗത്തില്‍ മനുഷ്യരില്‍ അറിവുകള്‍ സൃഷ്ടിക്കപ്പെടുന്നതും വസ്തുതകള്‍ ഉറപ്പിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയാണ് എന്നതിനെ പുനരാവിഷ്കരിക്കാനുള്ള ശ്രമമാണ് ഗ്രോക്കിപീഡിയ. മസ്ക് ഈ പ്ലാറ്റ്ഫോം ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെങ്കിലും ഇതിനകം തന്നെ ആളുകളുടെ ശ്രദ്ധയും വിമര്‍ശനവും ആകര്‍ഷിക്കാന്‍ ഗ്രോക്കിപീഡിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ധീരമായ അവകാശവാദങ്ങളും സുതാര്യമല്ലാത്ത എഐ പിന്തുണയും വിക്കിപീഡിയയുമായുള്ള അപൂര്‍വ്വ സാമ്യവുമൊക്കെയാണ് അതിനുള്ള കാരണങ്ങള്‍.
ഗ്രോക്കിപീഡിയയുടെ പിറവി
2025 ഒക്ടോബര്‍ 27-നാണ് ഗ്രോക്കിപീഡിയ ലൈവായത്. xAI യ്ക്ക് കീഴില്‍ മസ്കിന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ X (ട്വിറ്റര്‍)മായി സംയോജിപ്പിച്ചുകൊണ്ടാണ് ഗ്രോക്കിപീഡിയ അവതരിപ്പിച്ചിരിക്കുന്നത്. xAIയുടെ ചാറ്റ്ബോട്ടായ ഗ്രോക്കിന്റെ സ്വാഭാവികമായ തുടര്പതിപ്പാണ് ഗ്രോക്കിപീഡിയ എന്നുപറയാം. ‘നര്‍മ്മബോധവും സത്യവുമുള്ള എഐ അസിസ്റ്റന്റ്’ എന്ന രീതിയിലാണ് മസ്ക് ഗ്രോക്കിനെ പൊസിഷന്‍ ചെയ്തിരിക്കുന്നത്.
പ്രാരംഭ ഘട്ടത്തില്‍ ഏതാണ്ട് 885,000 ലേഖനങ്ങളാണ് ഗ്രോക്കില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തുടക്കം പരിഗണിക്കുമ്പോള്‍ ഇതൊരു വലിയ ശേഖരമാണെങ്കിലും വിക്കിപീഡിയയിലെ ലേഖന ശേഖരത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണിത്. Grokipedia v0.1 ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നതെന്നും ഭാവിയില്‍ വരാന്‍ പോകുന്ന v1.0 പതിപ്പ് ഇപ്പോഴത്തതിനേക്കാള്‍ പത്തിരട്ടി മികച്ചതായിരിക്കുമെന്നും മസ്ക് അവകാശപ്പെടുന്നു.
ശാസ്ത്രം, ചരിത്രം, സാങ്കേതികവിദ്യ, സമകാലികം എന്നീ വിഷയങ്ങളിലുള്ള വസ്തുതകള്‍ xAI മോഡലുകളിലൂടെ നിരന്തരമായി പാകപ്പെടുത്തിയെടുക്കുകയും അതിന്റെ സംഗ്രഹം തയ്യാറാക്കുകയും വിവരങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുകയും ചെയ്യുന്ന രീതിയിലാണ് ഗ്രോക്കിപീഡിയയുടെ പ്രവര്‍ത്തനം. മറ്റേത് സന്നദ്ധ സംഘടനകളേക്കാളും വേഗത്തില്‍ മനുഷ്യരുടെ അറിവ് വായിക്കാനും എഴുതാനും AIയ്ക്ക് സാധിക്കുമെന്നാണ് മസ്ക് പറയുന്നത്. സന്നദ്ധ സംഘടനകളാല്‍ എഡിറ്റുചെയ്യപ്പെടുന്ന വിജ്ഞാനകോശങ്ങളെ അപേക്ഷിച്ച് കാലതാമസം ഒഴിവാക്കാനും അസ്ഥിരത ഇല്ലാതാക്കാനും AI ഇടപെടലിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
സത്യത്തെ കുറിച്ചുള്ള മസ്കിന്റെ വീക്ഷണം
വിക്കിപീഡിയയേക്കാള്‍ പത്തിരട്ടി മെച്ചപ്പെട്ടതായിരിക്കണം ഗ്രോക്കിപീഡിയ എന്നതാണ് മസ്കിന്റെ ആഗ്രഹം. പക്ഷം പിടിക്കാത്ത, വേഗത്തില്‍ വിവരങ്ങള്‍ നല്കുന്ന വസ്തുനിഷ്ഠമായ ഒരു പ്ലാറ്റ്ഫോം ആയിരിക്കും ഗ്രോക്കിപീഡിയ എന്നും മസ്ക് അവകാശപ്പെടുന്നു. വിക്കിപീഡിയ രാഷ്ട്രീയപരമായി പക്ഷം പിടിക്കുന്നതും ആദര്‍ശപരമായി ലഘുവായതുമായ ഒരു പ്ലാറ്റ്ഫോമാണെന്ന് പലതവണ മസ്ക് ആരോപിച്ചിട്ടുണ്ട്. സത്യം എന്നത് ആരെങ്കിലും എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്ന ഒന്നാകരുതെന്നും അല്ഗോരിതമനുസരിച്ച് സൃഷ്ടിക്കേണ്ട ഒന്നാണെന്നും മസ്ക് അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ ഗ്രോക്കിപീഡിയ അഭിപ്രായ സംഘട്ടനങ്ങളുടെ വേദി ആയിരിക്കില്ലെന്നും പരിശോധിക്കപ്പെട്ട വസ്തുതകളുടെ എഞ്ചിനായിരിക്കുമെന്നുമാണ് മസ്ക് അവകാശപ്പെടുന്നത്.
പക്ഷേ ഈ AI യുഗത്തില്‍ ആരാണ് സത്യം പരിശോധിക്കുന്നവരുടെ സത്യസന്ധത പരിശോധിക്കുന്നത് എന്നതാണ് ചോദ്യം.
തുടക്കത്തിലേ വിവാദം പിടിച്ച ഗ്രോക്കിപീഡിയ
ലൈവായി മണിക്കൂറുകള്‍ക്കുള്ളില്‍ വിവാദങ്ങളിലൂടെയാണ് ഗ്രോക്കിപീഡിയ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഗ്രോക്കിപീഡിയയുടെ വലിയൊരു ശതമാനം ഉള്ളടക്കവും വിക്കിപീഡിയ ലേഖനങ്ങളുടെ തനിപ്പകര്‍പ്പാണെന്നും ചെറിയ ചില പദമാറ്റങ്ങള്‍ മാത്രമേ അതിലുള്ളുവെന്നും ചൂണ്ടിക്കാണിച്ച് ടെക്നോളജി അനലിസ്റ്റുകള്‍ രംഗത്തെത്തി. ക്വാണ്ടം മെക്കാനിക്സ്, രണ്ടാം ലോകമഹായുദ്ധം എന്നീ വിഷയങ്ങളില്‍ ഇരു പ്ലാറ്റ്ഫോമുകളിമുള്ള വിവരങ്ങള്‍ താരതമ്യപ്പെടുത്തിയിട്ടുള്ള ചില സ്ക്രീന്‍ഷോട്ടുകളും വൈറലായി. വിക്കിപീഡിയയിലെ ക്രിയേറ്റീവ് കോമണ്‍സ് പേജുകളിലെ വിവരങ്ങളിലെ വാക്യങ്ങള്‍ അതേപടി പകര്‍ത്തിയ രീതിയിലായിരുന്നു ഗ്രോക്കിപീഡിയയിലെ പല പേജുകളും.
ഇതോടെ പകര്‍പ്പവകാശം സംബന്ധിച്ച ചില ആശങ്കകളും ചര്‍ച്ചയായി. ക്രിയേറ്റീവ് കോമണ്‍സ് വിഭാഗത്തിലുള്ള വിക്കിപീഡിയ ഉള്ളടക്കം സ്വതന്ത്രമായി ആര്‍ക്കും ഉപയോഗിക്കാം. അതായത് അത് അതേപടി പകര്‍ത്തുന്നതിന് അനുവാദമുണ്ട്. അസേമയം പകര്ത്തുന്നവര് വിക്കിപീഡിയയ്ക്ക് ക്രെഡിറ്റ് നല്‍കണം. എന്നാല്‍ ചില ലേഖനങ്ങളില്‍ ഗ്രോക്കിപീഡിയ വിക്കിപീഡയയ്ക്ക് ക്രെഡിറ്റ് നല്‍കിയിട്ടുണ്ടെങ്കിലും ചിലതില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് പകര്‍പ്പവകാശ നിയമങ്ങളിലെ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍ അത്തരം വിമര്‍ശനങ്ങളെ മസ്ക് തള്ളിക്കളയുന്നു. പബ്ലിക് ഡാറ്റ (പൊതുവായി ലഭ്യമായ വിവരങ്ങള്‍) ഉപയോഗിക്കുന്നതില്‍ ഗ്രോക്കിപീഡിയ്യ്ക്ക് ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ഗുണമേന്മയില് മനുഷ്യരാല്‍ സൃഷ്ടിക്കപ്പെട്ട ഉള്ളടക്കത്തെ ഗ്രോക്കിപീഡിയ ഉള്ളടക്കം മറികടക്കുമെന്നും മസ്ക് പ്രതിരോധിക്കുന്നു. എന്നാലും സ്രോതസ്സിന് ക്രെഡിറ്റ് നല്കാതെയുള്ള AI പകര്‍ത്തലിന്റെ നിയമസാധുത പലരും ചോദ്യം ചെയ്യുന്നുണ്ട്.
AI പറയുന്നതോ മനുഷ്യന് പറയുന്നതോ സത്യം
കെട്ടിലും മട്ടിലും ഉദ്ദേശ്യശുദ്ധിയിലും സമാനതയുണ്ടെങ്കിലും നിയന്ത്രണ സംവിധാനത്തില്‍ വിക്കിപീഡിയയും ഗ്രോക്കിപീഡിയയും രണ്ട് വഴികളിലാണ്. വിക്കിപീഡിയ ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. ആര്‍ക്കും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാം, തിരുത്താം, അതില്‍ സംവാദങ്ങള്‍ നടത്താം. അതേസമയം ഗ്രോക്കിപീഡിയയിലെ ഉള്ളടക്കം AI നിര്‍മ്മിതമാണ്. അതില്‍ മനുഷ്യ ഇടപെടല്‍ ഇല്ല. അതിനാല്‍ തന്നെ വിവരങ്ങള്‍ പുറത്ത് നിന്നാര്‍ക്കും തിരുത്താന്‍ സാധിക്കില്ല.
വിഭാഗീതയ ഒഴിവാക്കാന്‍ ഈ നയം സഹായിക്കുമെന്ന് മസ്ക് അനുകൂലികള്‍ അവകാശപ്പെടുന്നു. യാന്ത്രികമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ കൃത്യത ഉറപ്പാക്കാമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കേന്ദ്രീകൃത നിയന്ത്രണ സംവിധാനമായാണ് വിമര്‍ശകര്‍ ഇതിനെ കാണുന്നത്. ഇവിടെ സത്യം നിശ്ചയിക്കുന്നത് അല്‍ഗോരിതമാണ്.
മനുഷ്യ ഇടപെടലാണ് വിക്കിപീഡിയയുടെ ശക്തിയെന്ന് ഐഐഎം ബെംഗളൂരുവിലെ ഇന്‍ഫര്‍മേഷന്‍ പോളിസി വിദഗ്ധയായ ഡോ. ഇഷ നാരായണന് അഭിപ്രായപ്പെടുന്നു. ചര്ച്ചാപേജുകളും കമ്മ്യൂണിറ്റി പരിശോധനകളും ചരിത്രത്തിന്റെ പല വശങ്ങളുമെല്ലാം മനുഷ്യ ഇടപെടലിലൂടെയാണ് സാധ്യമാകുന്നത്. എന്നാല്‍ AI ഇത് ചെയ്യുമ്പോള്‍, വേഗത്തില്‍ വിവരങ്ങള്‍ ലഭിക്കുമെങ്കിലും അതിന്റെ ആധികാരികതയും വിശ്വാസ്യതയും നഷ്ടപ്പെടുമെന്ന് ഇഷ പറയുന്നു.
വിജ്ഞാനമേഖലയിലും ആധിപത്യമോ മസ്കിന്റെ ലക്ഷ്യം
ഒരു വൈജ്ഞാനിക പദ്ധതി എന്നതിനപ്പുറം ഡിജിറ്റല്‍ രംഗത്തെ വിവരങ്ങളുടെ നിയന്ത്രണം കൂടിയാണ് ഗ്രോക്കിപീഡിയയിലൂടെ മസ്ക് ലക്ഷ്യമിടുന്നത് .. അഭിപ്രായങ്ങള്‍ തുറന്നെഴുതുന്നതിനുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ ഏറ്റെടുത്ത് തന്റെ ഇഷ്ടത്തിനൊത്ത് അതിനെ X എന്ന് നാമകരണം ചെയ്ത് പരിഷ്കരിച്ചതും xAI എന്ന AI പ്ലാറ്റ്ഫോമും സാറ്റലൈറ്റ് ഇന്റെര്‍നെറ്റ് പദ്ധതിയായ സ്റ്റാര്‍ലിങ്കും കംപ്യൂട്ടിംഗ് പ്ലാറ്റ്ഫോമായ xക്ലൗഡും അടക്കം ഡിജിറ്റല്‍ രംഗത്ത് സ്വാധീനം ചെലുത്താനുള്ള മസ്കിന്റെ പരിശ്രമത്തിന്റെ ഭാഗമാണ്.
ഗ്രോക്കിപീഡിയയെ X പ്ലാറ്റ്ഫോമില്‍ ‘എംബഡ്’ ചെയ്തതിലൂടെ തന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് പുറത്തുകടക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ചാറ്റ് ചെയ്യാനും വിവരങ്ങള്‍ തിരയാനും അതിലെ വസ്തുത പരിശോധിക്കാനും പബ്ലിഷ് ചെയ്യാനുമുള്ള ഒരു സംവിധാനം രൂപപ്പെടുത്തിയെടുക്കാനാണ് മസ്ക് ശ്രമിക്കുന്നത്. വിവരങ്ങള്‍ ശേഖരിക്കുന്നതും അതുമായി ആളുകള്‍ ഇടപെടുന്നതും തന്റെ നിയന്ത്രണത്തിലാക്കാനുള്ള മക്സിന്റെ ഗൂഢ ബിസിനസ് തന്ത്രം തന്നെയാണ് ഇവിടെ വെളിവാകുന്നത്. ഭാവിയില്‍ ഗ്രോക്കിപീഡിയയെ മോണറ്റൈസ് (പണം നല്കി ഉപയോഗിക്കുന്ന രീതിയില്‍) ചെയ്യാന്‍ ആലോചനയുണ്ടെന്നും മസ്ക് സൂചിപ്പിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ xAIയ്ക്ക് പുതിയൊരു വരുമാനസാധ്യതയാണ് അത് വഴിതുറക്കുന്നത്.
കൃത്യത, നിഷ്പക്ഷത
AI വിജ്ഞാനകോശങ്ങള്‍ വേഗത ഉറപ്പുനല്‍കുന്നുവെങ്കിലും ഒരു ചോദ്യം അവശേഷിപ്പിക്കുന്നു. പരിശോധിച്ചുറച്ച ഒരു വസ്തുതയും ആത്മവിശ്വാസത്തോടെ കെട്ടിച്ചമച്ച ഒരു കാര്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ AIയ്ക്ക് സാധിക്കുമോ എന്ന ചോദ്യം. വിവരങ്ങളുടെ സ്രോതസ്സ് വെളിപ്പെടുത്താതിരിക്കുമ്പോള്‍ AI നല്കുന്ന വിവരങ്ങളുടെ സത്യസന്ധത ഉറപ്പാക്കാന്‍ ആളുകള്‍ക്ക് സാധിക്കുമോ.
ഗ്രോക്കിപീഡിയയുടെ ആദ്യ ലേഖനങ്ങളില്‍ ഇത്തരത്തിലുള്ള പിഴവുകള്‍ ഉണ്ടെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചരിത്രസംഭവങ്ങളുടെ തീയതികളിലെ മാറ്റവും ശാസ്ത്രസംബന്ധിയായ വചനങ്ങള്‍ തെറ്റായി നല്കപ്പെട്ടതും അടക്കം. വിക്കിപീഡിയയില്‍ ഉള്ളതുപോലെ ഉപയോക്താക്കള്‍ക്ക് തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും അപ്പോള്‍ തന്നെ തിരുത്തല്‍ വരുത്താനും സാധിക്കില്ല എന്നതും ഗ്രോക്കിപീഡിയയുടെ പോരായ്മയാണ്. സുതാര്യമായ തിരുത്തല്‍ നടക്കാത്തതും ഗ്രോക്കിപീഡിയയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഘടകമാണ്.
പൂര്ണതയില്ലെങ്കിലും സുതാര്യതയിലൂടെ ലോകത്തിലെ ഏറ്റവും വിശ്വസ്തമായ വിജ്ഞാന പ്ലാറ്റ്ഫോം എന്ന സ്വീകാര്യത വിക്കിപീഡിയയ്ക്ക് ഉണ്ട്.
ഗ്രോക്കിപീഡിയയുടെ ഭാവി
2026-ല്‍ ഗ്രോക്കിപീഡിയ v1.0 അവതരിപ്പിക്കാനാണ് xAI യുടെ പദ്ധതി. അത് കൂടുതല്‍ പരിഷ്കരിച്ച മുഖമായിരിക്കും. വരാനിരിക്കുന്ന ഗ്രോക്കിപിഡീയ പതിപ്പുകള്‍ ഗ്രോക്കുമായി ബന്ധിപ്പിച്ചവയായിരിക്കുമെന്ന് മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോമുമായി സംവദിക്കാനുള്ള അവസരം അവയിലുണ്ടാകും. അതായത് ഒരു പന്ത്രണ്ടുവയസ്സുകാരന് മനസ്സിലാകുന്ന രീതിയില്‍ ക്വാണ്ടം മെക്കാനിക്സ് വിശദീകരിക്കാന്‍ പറഞ്ഞാല്‍ ആ രീതിയില്‍ റിസള്‍ട്ട് ലഭിക്കും.
വിഭാവനം ചെയ്ത രീതിയില്‍ തന്നെ ഗ്രോക്കിപീഡിയ പ്രവര്‍ത്തിച്ചാല്‍ വിവരങ്ങള്‍ ലഭിക്കുന്ന രീതിയിലും അത് ആളുകള്‍ സ്വീകരിക്കുന്ന രീതിയിലും ഉപയോഗിക്കുന്ന രീതിയിലും വലിയ മാറ്റമുണ്ടാകും. തിരച്ചിലും ആശയവിനിമയവും ആ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കലും ഒന്നിച്ച് സാധ്യമാക്കുക എന്നതാണ് ഗ്രോക്കിപീഡിയയിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ അത് പരാജയപ്പെട്ടാല്‍, മസ്കിന്റെ അമിത പ്രതീക്ഷകള്‍ കൊണ്ട് പൊളിഞ്ഞുപോയ ഒരു പ്രോജക്ടായി അത് മാറും.
വിക്കിപീഡിയയെ കടത്തിവെട്ടുമോ
മസ്കിന്റെ ഗ്രോക്കിപീഡിയ പെട്ടെന്നൊന്നും വിക്കിപീഡിയയ്ക്ക് ബദലാകില്ല. പക്ഷേ വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അതിന് സാധിക്കും. ചരിത്രങ്ങള്‍ എഴുതുന്നത് മനുഷ്യനാണോ മനുഷ്യരുടെ ഓര്‍മ്മ കൈകാര്യം പരിശീലനം ലഭിച്ച അല്‍ഗോരിതങ്ങള്‍ ആണോ എന്ന് ആലോചിക്കേണ്ട ഒരു സ്ഥിതിവിശേഷമാണ് ഗ്രോക്കിപീഡിയ പോലുള്ള AI അധിഷ്ഠിത പ്ലാറ്റ്ഫോമുകളിലൂടെ ഉണ്ടാകുന്നത്.


