ഒരു സംരംഭം തുടങ്ങുമ്പോൾ ലാഭത്തിനൊപ്പം നഷ്ടത്തിന്റെ കണക്കുകൾ കൂടി അകൗണ്ട് ബുക്കിൽ കയറുന്നത് സ്വാഭാവികമാണ്. എന്നാൽ നഷ്ടം കണ്ടയുടൻ സ്ഥാപനം പൂട്ടി മറ്റ് വരുമാനമാർഗങ്ങൾ തേടി പോകുന്നതിൽ അർത്ഥമില്ല. അക്കാര്യം അടിവരയിട്ട് തെളിയിക്കുകയാണ് പത്തോളം ഇന്ത്യൻ സംരംഭങ്ങൾ. ഇതിൽ സ്റ്റാർട്ടപ്പുകളും ഉൾപ്പെടുന്നു. 2023 -24 സാമ്പത്തിക വർഷത്തിൽ ലെഡ്ജർ ബുക്കിൽ നഷ്ടക്കണക്കുകൾ മാത്രം രേഖപ്പെടുത്തിയ വിവിധ മേഖലയിലുള്ള ഈ സംരംഭങ്ങൾ 2024-25 ൽ നഷ്ടക്കണക്കുകൾ പഴങ്കഥയാക്കി ഉയർത്തെഴുന്നേറ്റിരിക്കുകയാണ്.
സംരംഭത്തിന്റെ നഷ്ടത്തിനിടയാക്കിയ സാഹചര്യങ്ങളെ ശരിയായ രീതിയിൽ വിശകലനം ചെയ്ത് ബിസിനസ് സ്ട്രാറ്റജിയിൽ വരുത്തിയ മാറ്റങ്ങളാണ് 2025-ൽ പ്രതീക്ഷിക്കാത്ത രീതിയിൽ ലാഭത്തിലേക്ക് എത്താൻ ഇവരെ സഹായിച്ചത്. തന്ത്രപരമായ തീരുമാനങ്ങൾ, ചെലവു നിയന്ത്രണം, വിപണിയിലെ ശരിയായ ദിശാബോധം തുടങ്ങി നഷ്ടത്തെ ലാഭത്തിലാക്കാൻ പരീക്ഷിച്ചു വിജയിച്ച സ്ട്രാറ്റജികൾ നിരവധി. പരാജയഭീതി നേരിടുന്ന ഓരോ സംരംഭകനും മികച്ചൊരു റഫറൻസ് ഗൈഡ് ആയി മാറുകയാണ് ഈ സംരംഭങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ്.
ഇതാ സ്റ്റാർട്ടപ്പ് ഉൾപ്പെടെ 10 കമ്പനികളുടെ വിജയകഥകളും അവർ സ്വീകരിച്ച പ്രധാന തന്ത്രങ്ങളും.
1.ഫ്രാക്ടൽ ആനലിറ്റിക്സ്
2000-ൽ സ്ഥാപിതമായ ഒരു ആഗോള എഐ ആൻഡ് അനലിറ്റിക്സ് കമ്പനി ആണ് ഫ്രാക്ടൽ ആനലിറ്റിക്സ്.മുംബൈയും ന്യൂയോർക്കും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ കമ്പനി, ഡാറ്റ, എഐ/എംഎൽ, എൻജിനീയറിംഗ്, ഡിസൈൻ എന്നിവയുടെ സംയോജനത്തിലൂടെ സംരംഭങ്ങൾക്ക് പിന്തുണ നൽകുന്നു.പാക്കേജിംഗ് , റീട്ടെയിൽ, ഹെൽത്ത്ക്കെയർ, ഫിനാൻസ്, ടെക്നോളജി തുടങ്ങിയ രംഗങ്ങളിൽ സ്ഥാപനം സജീവമാണ്.ബിസിനസ് യൂസർമാർക്ക് ഡാറ്റ അനാലിറ്റിക്സ് എളുപ്പമാക്കുന്ന ഓഗ്മെന്റഡ് അനാലിറ്റിക്സ് പ്ലാറ്റ്ഫോം ആയ Cuddle.ai, വ്യത്യസ്ത ഡാറ്റ സ്രോതസുകളിൽ നിന്നുള്ള ഡാറ്റ ഏകീകരിക്കുകയും വിശകലനത്തിനായി ഏകീകരിക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോമായ Concordia , ടൈം-സീരീസ് അനാലിറ്റിക്സ് ഉപയോഗിച്ച് ബിസിനസ് ഫലങ്ങൾ പ്രവചിക്കുന്ന ഫോറ്കാസ്റ്റിംഗ് പ്ലാറ്റ്ഫോമായ Foresient എന്നിവയെല്ലാം ഇവരുടെ ഉൽപ്പന്നങ്ങളാണ്.
പക്ഷെ 2023-24 ൽ ഫ്രാക്ടൽ ആനലിറ്റിക്സ് തികഞ്ഞ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. എന്നാൽ തെറ്റുപറ്റിയത് എവിടെയാണ് എന്ന് മനസിലാക്കി മുന്നോട്ട് പോകാനായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം.തിരിച്ചുവരവിന്റെ ഭാഗമായി കമ്പനി വൻകിട എന്റർപ്രൈസ് ക്ലയന്റുകളെ ലക്ഷ്യമാക്കി, സ്ഥിരമായ സബ്സ്ക്രിപ്ഷൻ മോഡൽ പ്രോത്സാഹിപ്പിച്ചു. വരുമാനം വർദ്ധിച്ചതോടെ ഫിക്സഡ് ചെലവുകൾ ചുരുങ്ങി, അതുവഴി ഓപ്പറേറ്റിംഗ് ലെവറേജ് വർദ്ധിച്ചു. വിപണി വിപുലീകരണവും നിലവിലുള്ള ക്ലയന്റുകളിൽ നിന്ന് അധിക സേവനങ്ങൾ വിൽക്കുന്നതുമാണ് ലാഭത്തിലേക്ക് നയിച്ചത്.
2. കോൾട്ടെ-പാട്ടീൽ ഡെവലപ്പേഴ്സ്
1991-ൽ മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രീകരിച്ച് സ്ഥാപിതമായ റിയൽ എസ്റ്റേറ്റ് സ്ഥാപനമാണ് കൊൾട്ടെ‑പാട്ടിൽ ഡെവലപേഴ്സ്.NSE/BSE-ൽ ലിസ്റ്റുചെയ്യപ്പെട്ടിരിക്കുന്ന ഈ കമ്പനി മിഡ്‑ഇൻകം മുതൽ പ്രീമിയം സെഗ്മെന്റുകളിൽ ഉൾപ്പെടുന്നവർക്കായി റസിഡൻഷ്യൽ അപാർട്ട്മെന്റുകൾ, ഇന്റഗ്രേറ്റഡ് ടൗൺഷിപ്, കൊമേഴ്ഷ്യൽ കോംപ്ലക്സ്, ഐടി പാർക്ക്, റീഡെവലപ്മെന്റ് പ്രോജക്റ്റുകൾ എന്നിവയെല്ലാം നിർമിക്കുന്നു.കോൾട്ടെ-പാട്ടീൽ മിഡ്‑ഇൻകം സെഗ്മെന്റ്, 24K – പ്രീമിയം & ലക്സറി സെഗ്മെന്റ് എന്നിങ്ങനെ രണ്ട് സെഗ്മെന്റുകയായി തിരിച്ചാണ് നിർമാണപദ്ധതികൾ മുന്നോട്ട് പോകുന്നത്. 2 കോടിയിലധികം ചതുരശ്ര അടി വിസ്തൃതി വരുന്ന പ്രോജക്റ്റുകൾ ഇവർ വികസിപ്പിച്ചിട്ടുണ്ട്.
എന്നാൽ 2024 ൽ വില്പന കുറവായതോടെ സ്ഥാപനം നഷ്ട്ടത്തിലേക്ക് കൂപ്പുകുത്തി. ആളുകളുടെ പ്രതീക്ഷകൾക്കും താല്പര്യങ്ങൾക്കും അനുയോജ്യമാകാത്ത പ്രൊജക്റ്റുകളായിരുന്നു പ്രസ്തുതവർഷത്തെ നഷ്ടത്തിനുള്ള കാരണം. 2025-ൽ കമ്പനി പുതിയ പ്രോജക്റ്റുകൾ മികച്ച ലൊക്കേഷനുകളിൽ അവതരിപ്പിക്കുകയും, വിൽപ്പന വർധിപ്പിക്കുകയും ചെയ്തു. ഇതോടെ നഷ്ടം പടിപടിയായി കുറയ്ക്കാൻ സാധിച്ചു. കടബാധ്യത കുറയ്ക്കാൻ വർക്ക് ക്യാപിറ്റൽ നിയന്ത്രിച്ചു, കൺസ്ട്രക്ഷൻ ചെലവുകൾ ചുരുക്കി, വിലവർദ്ധനവിലൂടെ മാർജിനുകൾ മെച്ചപ്പെടുത്തി ഇത്തരത്തിൽ കൃത്യമായ ബിസിനസ് സ്ട്രാറ്റജിയിലൂടെയാണ് സ്ഥാപനം വളർച്ച പ്രാപിച്ചത്.
3.ലെൻഡൻക്ലബ്
2015-ൽ മുംബൈ നഗരത്തിൽ സ്ഥാപിതമായ ഒരു പീയർ‑ടു‑പീയർ (P2P) ഫിൻടെക്ക് സ്റ്റാർട്ടപ്പാണ് ലെൻഡൻക്ലബ് . ബവിൻ പട്ടേൽ , ദീപേഷ് കക്രി എന്നിവർ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്.
ലെൻഡൻക്ലബ് ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമായാണ് പ്രവർത്തിക്കുന്നത്. ഹ്രസ്വകാല , ദീർഘകാല വായ്പകൾ ഇവർ ലഭ്യമാക്കുന്നു.₹600 കോടി രൂപയുടെ വളർച്ച കൈവരിച്ച സ്ഥാപനം 2024 ൽ നേരിട്ടത് വൻ തകർച്ചയാണ്.
പൂർണമായും P2P ലെൻഡിംഗിൽ നിന്ന് മാറി, ടെക്നോളജി സേവനങ്ങൾ B2B ആയി വിൽക്കാൻ തുടങ്ങി. അതുവഴി വരുമാന സ്രോതസ്സുകൾ കൂടുതൽ വൈവിധ്യമാക്കി, മാർക്കറ്റിംഗ് ചെലവുകൾ കുറച്ച്, ക്രെഡിറ്റ് ഓപ്പറേഷനുകളിൽ കാര്യക്ഷമത നേടി.ഒറ്റ വർഷം കൊണ്ട് സ്ഥാപനം നഷ്ടപ്രതാപം വീണ്ടെടുക്കുകയും ചെയ്തു.
4. ഡീഹത്ത്
ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട കാർഷിക സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ഡീഹത്ത്. 2012-ൽ ഐഐടി ഡൽഹിയിലെ മുൻവിദ്യാർത്ഥിയായ ശശാങ്ക് കുമാർ കർഷകരെ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച സ്ഥാപനമാണിത്.കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് വിതരണ ശൃംഖലയുടെ അഭാവമാണ്. അത് മനസിലാക്കി ഗുണമേന്മയുള്ള വിത്തുകള്‍, രാസവളങ്ങള്‍, എന്നിവ സമയനുസൃതമായി ലഭ്യമാക്കി കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങി വിപണിയിൽ എത്തിക്കുക എന്നതാണ് ഡീഹത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്.എന്നാൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വന്ന സ്ഥാപനം 2024 സാമ്പത്തികമായ തിരിച്ചടികൾ നേരിട്ടു.
ഉൽപ്പാദനച്ചെലവ് വർധിച്ചതായിരുന്നു നഷ്ടത്തിനുള്ള കാരണം. 2024-ലെ വലിയ നഷ്ടത്തിനു ശേഷം ചെലവുകൾ വെട്ടിക്കുറച്ച്, കൂടുതൽ ലാഭകരമായ കാർഷിക സേവനങ്ങളിലേക്കാണ് സ്ഥാപനം ശ്രദ്ധ തിരിച്ചത്. കൂടുതൽ മാർജിൻ ലഭിക്കുന്ന ഉൽപ്പന്നങ്ങൾക്കും ഡിജിറ്റൽ സേവനങ്ങൾക്കും സ്ഥാപനം മുൻഗണന നൽകി. കൃത്യമായി പദ്ധതി നടപ്പാക്കപ്പെട്ടതോടെ സ്ഥാപനം വിജയത്തിലേക്ക് എത്തുകയും ചെയ്തു.
5. ഭാരത് പേ
2018‐ൽ സ്ഥാപിതമായ ഒരു ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ് ആണ് ഭാരത് പേ. ഡിജിറ്റൽ പണമിടപാട് സംവിധാനം ശക്തമാക്കുക എന്നതാണ് ഭാരത് പേയുടെ സ്ഥാപിത ലക്ഷ്യം. NBFC‑കളുമായുള്ള പങ്കാളിത്തത്തോടെ വായ്പകൾ ലഭ്യമാക്കുന്നതിലും ഭാരത് പേ മുന്നിലായിരുന്നു. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് സ്വീകരിക്കുന്ന POS മഷീന് 2020 ൽ പുറത്തിറക്കി.300 ൽ പരം ഇന്ത്യൻ നഗരങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച സ്ഥാപനം 2024 ൽ കാലിടറി വീണു.
ഓപ്പറേഷണൽ നഷ്ടങ്ങളായിരുന്നു ഇവയിൽ പ്രധാനം. ഇത് പരിഹരിക്കുന്നതിനായി സ്ഥാപനം മാനേജ്മെന്റ് മാർക്കറ്റിംഗ് ചെലവുകൾ വെട്ടിക്കുറച്ചു, ലെൻഡിംഗ് ബിസിനസ് പുനഃസംഘടിപ്പിച്ചു, പേയ്മെന്റ്-ലെൻഡിംഗ്, ക്രോസ്സ് സെല്ലിംഗ് എന്നിവ ശക്തിപ്പെടുത്തി. കൃത്യം പതിനൊന്നാം മാസത്തിൽ സ്ഥാപനം കടബാധ്യതകളിൽ നിന്നും പൂർണമായി മുക്തി നേടി.
6. ഡെലിവറി
ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ കമ്പനിയാണ് ഡെലിവറി. 2011 മെയ് മാസത്തിൽ സാഹിത് ബറുവ, മോഹിത് ടണ്ഠൻ , ഭവേഷ് മംഗലാനി , സൂരജ് സഹാറൻ , കപിൽ ഭാരതി എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപിതമായ സ്ഥാപനം ഹരിയാനയിലെ കാർഗം കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. എക്സ്പ്രസ് പാഴ്സൽ ഡെലിവറിയാണ് സ്ഥാപനത്തിന്റെ പ്രത്യേകത. ഇന്ത്യയിലെ 40 മുൻനിര നഗരങ്ങളിലായി ഡെലിവറിയുടെ വെയർഹൗസിംഗ് / ഫുൾഫില്‍മെന്റ് സെന്ററുകൾ എന്നിവ പ്രവർത്തിക്കുന്നു.സപ്ലൈ ചെയിൻ സൊല്യൂഷന്‍സ്, റിവേഴ്സ് ലോജിസ്റ്റിക്സ്, പേയ്മെന്റ് കളക്ഷന്‍ , പ്രോസസിംഗ് എന്നിവ കൃത്യമായി ചെയ്തിരുന്ന സ്ഥാപനം 2023 -24 സാമ്പത്തിക വർഷത്തിൽ നഷ്ടത്തിലായി.
എന്നാൽ മാർക്കറ്റിംഗ് വിപുലപ്പെടുത്തുകയാണ് ഡെലിവറി ഈ ഘട്ടത്തിൽ ചെയ്തത്. കൂടുതൽ ഷിപ്പ്മെന്റുകൾ കൊണ്ട് ആസ്തിയുടെ ഉപയോഗം മെച്ചപ്പെട്ടു, അതുവഴി ചെലവുകൾ കുറയുകയും മാർജിൻ വർദ്ധിക്കുകയും ചെയ്തു. ഈ മാറ്റങ്ങൾ ചേർന്നാണ് കമ്പനി 2025-ൽ ലാഭത്തിലേക്ക് തിരിച്ചെത്തിയത്.
7. അൾട്രാഹ്യൂമൻ
അൾട്രാഹ്യൂമൻ ബെംഗളൂരു ആസ്ഥാനമായ ഒരു ഹെൽത്ത്‑ടെക് സ്റ്റാർട്ടപ്പാണ്.ആരോഗ്യകരമായ ലൈഫ് സ്റ്റൈൽ പിന്തുടരുന്നതിനായി ഉപഭോക്താക്കളെ സജ്ജമാക്കുന്ന സ്ഥാപനമാണിത്.വിപണി പിടിക്കാനുള്ള ശ്രമങ്ങൾ പാളിയതോടെ സ്ഥാപനം നഷ്ടത്തിലേക്ക് വീണു. എന്നാൽ കൃത്യമായ മാനേജ്മെന്റ് സ്ട്രാറ്റജിയാണ് ഇവിടെ സ്ഥാപനം അവലംബിച്ചത്. ഉൽപ്പന്ന വിൽപ്പനയിൽ വൻ വളർച്ചയുണ്ടായതോടെ റിസർച്ച്, മാർക്കറ്റിംഗ് തുടങ്ങിയ സ്ഥിര ചെലവുകൾ വിൽപ്പനയിൽ വ്യാപിച്ചു. കൂടാതെ കമ്പനി നികുതി ഇളവുകളും സബ്സിഡികളും പ്രയോജനപ്പെടുത്തി.
8. അർബൻകമ്പനി
2014 നവംബറില്‍ അർബൻ ക്ലാപ് എന്ന പേരിൽ ആരംഭിച്ച് പിന്നീട് അർബൻകമ്പനിയായി മാറിയ സ്ഥാപനം വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സൗന്ദര്യവത്കരണം , പ്ലബിംഗ് ഇലക്ട്രിക്കൽ വർക്കുകൾ തുടങ്ങി അനേകം സേവനങ്ങൾ ഇവർ ലഭ്യമാക്കുന്നു. അഭിരാജ് സിംഗ് ഭാൽ , വരുൺ കൈത്താൻ, രാഘവ് ചന്ദ്ര എന്നിവരാണ് സ്റ്റാർട്ടപ്പിന് പിന്നിൽ. ഉപഭോക്താവിന് മൊബൈല്‍ ആപ്പ്/വെബ്സൈറ്റ് ഉപയോഗിച്ച് സ്ലോട്ട് ലഭ്യമാക്കി സേവനങ്ങള്‍ നൽകുന്ന രീതിയാണ് ഇവർക്കുള്ളത്.2021 ഏപ്രില്‍ യൂണിക്കോണ്‍ ഫണ്ടിങ് വഴി 188 മില്ല്യണ്‍ ഡോളർ ഫണ്ടിംഗ് നേടി. സ്ഥാപനത്തിന്റെ വിജയത്തിന്റെ പിന്നിൽ പ്രധാനമായും മാർക്കറ്റ്പ്ലേസ് മോഡൽ മാതൃകയാണ്.
2023 ൽ അപ്രതീക്ഷിതമായ കാരണങ്ങൾ കൊണ്ട് സാമ്പത്തിക നഷ്ടമുണ്ടായതോടെ സ്ഥാപനം അടിമുടി ബിസിനസ് സ്ട്രാറ്റജി മാറ്റിപ്പിടിച്ചു.കൂടുതൽ മാർജിൻ ലഭിക്കുന്ന സേവനങ്ങൾക്ക് മുൻഗണന നൽകി, സർവീസ് ഫീസും ടെക്ക് റേറ്റും ഉയർത്തി. പാർട്ണർ റിട്ടൻഷൻ മെച്ചപ്പെടുത്തുകയും, കസ്റ്റമർ ആക്വിസിഷൻ ചെലവുകൾ കുറയ്ക്കുകയും ചെയ്തു. ഇതോടെ 2024 -2025 സാമ്പത്തിക വർഷത്തിൽ സ്ഥാപനം ലാഭത്തിലേക്ക് കരകയറി.
9. വി വർക് ഇന്ത്യ
വി വർക് ഇന്ത്യ 2017‑ൽ ഇന്ത്യയിലെ ഫ്ലെക്സിബിൾ വര്‍ക്ക്സ്പേസ് വിപണിയിൽ പ്രവേശിച്ച ഒരു പ്രധാന സംഘടനയാണ്. ബെംഗളൂരു, മുംബൈ, നോയ്ഡ , ഹൈദരാബാദ് ,പൂനെ തുടങ്ങിയ പ്രധാന നഗരങ്ങളിൽ വിവിധ ശ്രേണികളിൽ ഉൾപ്പെട്ട കോ വർക്കിംഗ് സ്പേസുകൾ ഇവർ ലഭ്യമാക്കുന്നു. 2022–23 കാലയളവിൽ ₹1,314 കോടി രൂപയായിരുന്നു ഇവരുടെ മൂല്യം. എന്നാൽ തൊട്ടടുത്ത സാമ്പത്തിക വർഷം സ്ഥാപനം നഷ്ടത്തിലായി. എന്നാൽ മാർക്കറ്റിംഗ് പ്ലാനുകൾ വിപുലപ്പെടുത്തിയതോടെ സ്ഥാപനം കൂടുതൽ അറിയപ്പെട്ടു. ഓഫീസ് സ്പേസ് ആവശ്യകത വർദ്ധിച്ചതോടെ ഓക്യുപൻസി മെച്ചപ്പെട്ടു. വാടക കരാറുകൾ പുനഃപരിശോധിച്ച് ചെലവുകൾ കുറച്ചു. ചില അക്കൗണ്ടിംഗ് ക്രെഡിറ്റുകൾ കൂടി പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമാക്കിയതോടെ സ്ഥാപനം ലാഭത്തിലെത്തുകയും ഐപിഒക്ക് തയ്യാറെടുക്കുകയും ചെയ്തു.
10. ഇന്ത്യ സിമന്റ്സ്
1946‑ൽ സ്ഥാപിതമായ സിമന്റ് ഉത്പാദക കമ്പനിയാണ് ഇന്ത്യ സിമന്റ്സ്. കേരള, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലായി വിവിധ സംയോജിത പ്ലാന്റുകള്‍, ഗ്രൈന്‍ഡിങ് യൂണിറ്റുകള്‍ എന്നിവ പ്രവർത്തിക്കുന്നു. വിപണി താഴെപോയതിന്റെ ഭാഗമായാണ് 2023 -24 സാമ്പത്തിക വർഷത്തിൽ സ്ഥാപനം നഷ്ടങ്ങൾ ഏറ്റുവാങ്ങിയത്. എന്നാൽ സിമന്റ് വ്യവസായം 2025-ൽ വളർച്ച പ്രാപിച്ചപ്പോൾ കൃത്യമായ ചില ബിസിനസ് സ്ട്രാറ്റജി സ്ഥാപനം നടപ്പിലാക്കി.ചെലവ് നിയന്ത്രണം, ഫ്യൂവൽ ഓപ്റ്റിമൈസേഷൻ, ട്രാൻസ്പോർട്ട് ചിലവുകൾ കുറയ്ക്കൽ എന്നിവയിലൂടെ മാർജിൻ ഉയർത്തി.ഇതിലൂടെ കമ്പനി നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് നീങ്ങി.
എന്താണ് ഈ സ്ഥാപനങ്ങളുടെ വിജയം കണ്ട ബിസിനസ് സ്ട്രാറ്റജി
1. മികച്ച മാർജിനുള്ള ബിസിനസുകൾ
ഉയർന്ന മാർജിൻ ലഭിക്കുന്ന വരുമാനത്തിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോഴാണ് വരുമാനം വർധിച്ചത്. ഇതിലൂടെ വിൽപ്പന വർദ്ധിപ്പിക്കലല്ല, ലാഭകരമായ വരുമാന സ്രോതസ്സുകളിലേക്കാണ് കാമ്പയിനുകൾ നടത്തേണ്ടതെന്ന് കമ്പനി മനസിലാക്കി.
2. ചെലവ് നിയന്ത്രണം
ബിസിനസിലെ ചെലവുകൾ പലപ്പോഴും അറിയാതെ പോകുന്നവയാണ്. സൂഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ ഇവയിൽ നിയന്ത്രണങ്ങൾ സാധ്യമാകൂ.മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേഷൻ, ജീവനക്കാരുടെ ചിലവുകൾ എന്നിവ കർശനമായി നിയന്ത്രിച്ചു. പ്രോഡക്റ്റിവിറ്റി വർധിപ്പിച്ചു.
3. ഓപ്പറേഷണൽ ലെവറേജ് പ്രയോജനപ്പെടുത്തി
വിൽപ്പന ഉയർന്നതോടെ സ്ഥിര ചെലവുകൾ അനുപാതികമായി കുറഞ്ഞു. അതുവഴി ലാഭം വർദ്ധിച്ചു.പലപ്പോഴും സംരംഭങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ് ഇവ
4. സാമ്പത്തിക പുനഃക്രമീകരണം
കടബാധ്യത കുറച്ച്, നികുതി ഇളവുകൾ അല്ലെങ്കിൽ അക്കൗണ്ടിംഗ് ഗെയിനുകൾ പ്രയോജനപ്പെടുത്തി ചെലവുകൾ പുനഃക്രമീകരിക്കുക വഴി സാമ്പത്തികമായി നേട്ടങ്ങളുണ്ടാക്കാൻ പല സ്ഥാപനങ്ങൾക്കും കഴിഞ്ഞു.
5. മാർക്കറ്റ് റി അലൈന്മെന്റ്
വിപണിയിൽ എല്ലായ്പ്പോഴും പുതുമ നിലനിർത്തുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്കിടയിൽ സർവേ നടത്തി അനുയോജ്യമായ പുതിയ സേവനങ്ങൾ അവതരിപ്പിച്ച്, പഴയതിൽ നിന്ന് മാറ്റം വരുത്തി, വിപണിയിൽ സജീവമായി.


