2025 അവസാനത്തിലേക്ക് എത്തുകയാണ്. പല സമ്പാദ്യ പദ്ധതികളും നിക്ഷേപ ലക്ഷ്യങ്ങളും മുന്‍നിര്‍ത്തി വര്‍ഷം ആരംഭിച്ച പലരും അതൊന്നും നടന്നില്ലല്ലോ എന്ന നിരാശയിലായിരിക്കും 2025നെ യാത്രയാക്കാന്‍ ഒരുങ്ങുന്നത്. പക്ഷേ തിരുത്താന്‍ ഇനിയും സമയമുണ്ട്. രണ്ട് മാസങ്ങള്‍ കൊണ്ട് വിചാരിച്ചത് പോലെ നിക്ഷേപങ്ങള്‍ നടത്താന്‍ ചിലപ്പോള്‍ സാധിച്ചെന്ന് വരില്ല, എന്നാല്‍ എവിടെയാണ് തെറ്റ് പറ്റിയതെന്നും എന്ത് തിരുത്തലാണ് വേണ്ടതെന്നും മനസ്സിലാക്കി എത്രയും പെട്ടെന്ന് തിരുത്തല്‍ വരുത്തിയാല്‍ 2026-ല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമായേക്കും.
വീട് വാങ്ങുക, 1 കോടി രൂപയുടെ ആസ്തി ഉണ്ടാക്കുക, സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നിങ്ങനെ നിങ്ങളുടെ ലക്ഷ്യം എന്തുമായിക്കൊള്ളട്ടെ, വിപണിയിലെ ചാഞ്ചല്യം കൊണ്ടോ, പണപ്പെരുപ്പം കൊണ്ടോ ജീവിതത്തില്‍ മുന്‍ഗണനകള്‍ മാറിയത് കൊണ്ടോ അതല്ല ജീവിതം തന്നെ മാറുന്ന സാഹചര്യമുണ്ടായത് കൊണ്ടോ നിക്ഷേപ ലക്ഷ്യങ്ങളും സമ്പാദ്യ പദ്ധതികളും താളം തെറ്റാം. ആ ലക്ഷ്യങ്ങളെ തിരിച്ച് ട്രാക്കിലേക്ക് എത്തിക്കാന്‍ എന്താണ് ഇനി ചെയ്യാന്‍ കഴിയുക എന്ന് നോക്കാം.
എവിടെയാണ് നില്‍ക്കുന്നതെന്ന് വിലയിരുത്താം
ശരിയായ രീതിയിലല്ല സാമ്പത്തിക ലക്ഷ്യങ്ങള്‍ പോകുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ടത് എവിടെയാണ് അബദ്ധം പറ്റിയതെന്ന് കണ്ടെത്തുകയാണ്. അതിന് വിലയിരുത്തല്‍ ആവശ്യമാണ്. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എവിടെയാണ് നിലവില്‍ നമ്മള് ഉള്ളതെന്ന് തിരിച്ചറിയുക. ആകെ ആസ്തി, നിലവില്‍ കൃത്യമായി നടത്തുന്ന നിക്ഷേപങ്ങള്‍, വായ്പകള്‍, നിക്ഷേപ ലക്ഷ്യങ്ങള്‍ തുടങ്ങിയവയുടെയെല്ലാം നിലവിലെ സ്ഥിതി വിലയിരുത്തുക.
നിങ്ങളുടെ നിക്ഷേപങ്ങള്‍ മികച്ച രീതിയിലുള്ള പ്രകടമാണോ കാഴ്ചവെക്കുന്നതെന്ന് തിരിച്ചറിയുക
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ – നിഫ്റ്റി 50യുമായോ സെന്സെക്സുമായോ താരതമ്യം ചെയ്യുക
കടപ്പത്രങ്ങള്‍ – ഒരു വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള കടപ്പത്ര വരുമാനവുമായി താരതമ്യം ചെയ്യുക
സ്വര്‍ണ്ണം അല്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് – ഇത്തരം നിക്ഷേപങ്ങളിലുണ്ടായ നേട്ടം പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുക
ആവശ്യമെങ്കില്‍ പോര്‍ട്ട്ഫോളിയോ ട്രാക്കിംഗ് ആപ്പുകളുടെ സേവനം ഉപയോഗപ്പെടുത്താം. അവ മൊത്തത്തിലുള്ള പ്രകടനം വിലയിരുത്താന്‍ സഹായിക്കും. നിങ്ങളുടെ സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്ക് 10-11 ശതമാനമാണ്, എന്നാല്‍ 12-14 ശതമാനം വളര്‍ച്ചയാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ നിങ്ങള്‍ നിക്ഷേപ ലക്ഷ്യങ്ങള്‍ പരിഷ്കരിക്കേണ്ടതുണ്ട്. ഒന്നുകില്‍ സിസ്റ്റമിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SIP) ഉയര്‍ത്തുക, അല്ലെങ്കില്‍ ആസ്തികള്‍ ബാലന്‍സ് ചെയ്തുകൊണ്ടുപോകുന്ന രീതി അവലംബിക്കുക.
ലക്ഷ്യങ്ങള്‍ പുനഃപരിശോധിക്കുക
പകര്‍ച്ചവ്യാധിക്ക് ശേഷം ഇന്ത്യയില്‍ ആളുകളുടെ വ്യക്തിഗത സാമ്പത്തിക മുന്‍ഗണനകളില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഒരു സാമ്പത്തിക ലക്ഷ്യം നേടുന്നതിന് മുമ്പ് 10 വര്‍ഷം സമയപരിധിയാണ് അന്നുണ്ടായിരുന്നതെങ്കില്‍ ഇന്നത്, 5 വര്‍ഷമാക്കി ചുരുക്കാമെന്ന് ആളുകള്‍ കരുതുന്നു.
അതുകൊണ്ട് ലക്ഷ്യങ്ങള്‍ അടിക്കടി പുനഃപരിശോധിക്കുന്നത് നല്ലതാണ്
ലക്ഷ്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണോ
വരുമാനത്തില്‍ മാറ്റമുണ്ടോ
പുതിയ ഉത്തരവാദിത്തങ്ങള്‍ എന്തെങ്കിലും വന്നോ
തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തുക. ഉദാഹരണത്തിന് 2035ഓടെ 50 ലക്ഷ്യം മക്കളുടെ വിദ്യാഭ്യാസത്തിനായി നീക്കിവെക്കണമെന്ന ലക്ഷ്യമാണ് നിങ്ങള്‍ക്ക് ഉണ്ടായിരുന്നതെന്ന് കരുതുക. അതിനായി മാസം 14.000 രൂപ 12 ശതമാനം പലിശ നിരക്കില്‍ നിങ്ങള്‍ നിക്ഷേപിക്കുന്നുണ്ടായിരുന്നുവെന്നിരിക്കട്ടെ. എന്നാല്‍ ഇടയ്ക്ക് എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് അത് മുടങ്ങിപ്പോയാല്‍ 14,000ത്തിന്റെ സ്ഥാനത്ത് 18.000 രൂപയോ 19,000 രൂപയോ നിക്ഷേപിക്കേണ്ടതായി വരും.
റീബാലന്‍സ് ചെയ്യുക
2025-ല്‍ ഇന്ത്യന്‍ ഇക്വിറ്റികള്‍ പൊതുവെ അസ്ഥിരമായിരുന്നു. മിഡ് ക്യാപ്പ്, സ്മോള്‍ ക്യാപ്പ് ഓഹരികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ ആഗോള ഓഹരികളും കടപ്പത്രങ്ങളും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. മിക്ക നിക്ഷേപകരും റിസ്ക് കൂടിയ നിക്ഷേപങ്ങളില്‍ കൂടുതലായി ആകൃഷ്ടരാകുന്നു.
അതുകൊണ്ട് വര്‍ഷത്തിലൊരിക്കല്‍ പോര്‍ട്ട്ഫോളിയോ റീബാലന്‍സ് ചെയ്യുക.
പ്രതീക്ഷയിലും വളരെ താഴേക്ക് പോയ മേഖലകളില്‍ നിക്ഷേപം കുറയ്ക്കുക.
ഇക്വിറ്റികളില്‍ നിന്നുള്ള നേട്ടങ്ങള്‍ സുരക്ഷിതമായ കടപ്പത്രങ്ങളിലോ ഹൈബ്രിഡ് ഫണ്ടുകളിലോ നിക്ഷേപിക്കുക.
വിപണിയില്‍ അസ്ഥിര സാഹചര്യം തുടരുന്ന അവസ്ഥയില്‍ ഹ്രസ്വകാല കടപ്പത്ര, ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപം വര്‍ധിപ്പിക്കുക.
SIP-കള്‍ പുനഃപരിശോധിക്കുക
റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ക്ക് ഇക്കാലത്ത് ഏറ്റവും മെച്ചപ്പെട്ട രീതിയെന്ന് പറയുന്നത് SIP ആണ്. പക്ഷേ പല നിക്ഷേപകരും SIP യെ മറക്കുന്നു. പണപ്പെരുപ്പം 5.6 ശതമാനത്തിലേക്ക് അധികരിക്കുന്ന അവസ്ഥയില്‍ ഇക്വിറ്റികളില്‍ നിന്നും റിട്ടേണ്‍ പ്രതീക്ഷിക്കുന്നത് പോലെ ലഭിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ SIP വര്‍ഷാവര്‍ഷം 10 ശതമാനം വര്‍ധിപ്പിച്ചാല്‍ നിങ്ങളുടെ ആസ്തിയില്‍ ലക്ഷങ്ങളുടെ മാറ്റമുണ്ടാകും.
ഉദാഹരണത്തിന്, 10,000 രൂപ 20 വര്‍ഷത്തേക്ക് 12 ശതമാനം പലിശയില്‍ SIP നിക്ഷേപം നടത്തുകയാണെങ്കില്‍ 99 ലക്ഷം രൂപ സമ്പാദ്യം നേടാം. അത് വര്‍ഷാവര്‍ഷം 10 ശതമാനം ഉയര്‍ത്തിയാല്‍ സമ്പാദ്യം 1.6 കോടി രൂപയാകും.
ചെറിയ, സ്ഥിരതയുള്ള നിക്ഷേപങ്ങള്‍ ആസ്തിയില്‍ വലിയ മാറ്റമുണ്ടാക്കും. കൂട്ടുപലിശയുടെ ഗുണമാണത്.
നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുക
നിക്ഷേപങ്ങള്‍ വൈവിധ്യവല്ക്കരിക്കുകയെന്നാല്, എല്ലാത്തിന്റെയും അല്‍പ്പം സ്വന്തമാക്കുകയെന്നല്ല, മെച്ചപ്പെട്ട ആസ്തികള്‍ സ്വന്തമാക്കുകയെന്നാണ്.
2025ല്‍ നിന്നും 2026ലേക്ക് കടക്കുമ്പോള്‍ നിങ്ങള്‍ക്ക് ആസ്തികളിലുള്ള നിക്ഷേപം ഇനിപ്പറയുന്നത് പോലെ വൈവിധ്യവല്‍ക്കരിക്കാം
ഇക്വിറ്റി- 60 ശതമാനം
കടപ്പത്രം – 25 ശതമാനം (കോര്‍പ്പറേറ്റ് ബോണ്ട്, ഹ്രസ്വകാലം)
ഗോള്‍ഡ്, റിയല്‍എസ്റ്റേറ്റ് – 10 ശതമാനം (പണപ്പെരുപ്പവുമായി തട്ടിച്ച് നോക്കിയിട്ട്)
പണമായിട്ട് – 5 ശതമാനം (അടിയന്തര ആവശ്യങ്ങള്‍ക്ക്)
ആര്‍ബിഐയുടെ ഏറ്റവും പുതിയ ബുള്ളറ്റിന് പ്രകാരം ഇന്ത്യയില്‍ സമ്പാദ്യത്തിന്റെ 40 ശതമാനവും ഇപ്പോഴും ആളുകള്‍ പലിശ കുറഞ്ഞ ബാങ്കുകളില്‍ നിക്ഷേപിക്കുന്നു. സമ്പത്ത് നേടുന്നതിന് വിഘാതമാണിത്. അതില്‍ ചെറിയൊരു ഭാഗം പോലും മ്യൂച്വല്‍ ഫണ്ടുകളിലും മറ്റും നിക്ഷേപിക്കാനായാല്‍ സമ്പത്തില്‍ വലിയ മാറ്റം വരും.
നികുതി ആനുകൂല്യങ്ങള്‍ മറക്കരുത്
പോര്‍ട്ട്ഫോളിയോ മാനേജ്മെന്റില്‍ നികുതി ആനുകൂല്യം ഉപയോഗപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണ്.
80C ആനുകൂല്യങ്ങള്‍ക്കും ഇക്വിറ്റി സംബന്ധിച്ച ആനുകൂല്യങ്ങള്‍ക്കുമായി ELSS ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുക
80 CCD(1B) വകുപ്പ് പ്രകാരം 50,000 രൂപ വരെ അധിക നേട്ടത്തിനായി NPS Tier 1 തിരഞ്ഞെടുക്കുക
കടപ്പത്ര മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നുണ്ടെങ്കില്‍ 2023 മുതലുള്ള പുതിയ നിയമങ്ങള്‍ മനസ്സിലാക്കി നിക്ഷേപിക്കുക.
നികുതി ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയാല്‍ പണം വെറുതെ പോകുന്നത് തടയാം.
പ്രൊഫഷണല്‍ സഹായം തേടുക
പല മാര്ഗ്ഗങ്ങളിലായാണ് നിങ്ങള്‍ നിക്ഷേപം നടത്തിയിട്ടുള്ളതെങ്കില്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു നിക്ഷേപക ഉപദേഷ്ടാവിന്റെ സഹായം തേടുക. സാമ്പത്തിക ലക്ഷ്യത്തില്‍ ഊന്നിയുള്ള പ്ലാനിംഗ് നടത്താന്‍ അവര്‍ സഹായിക്കും. അതിനായി വെറുതെ പണം ചിലവഴിക്കണ്ടേ എന്ന് വിചാരിക്കണ്ട, മനസമാധാനത്തിനും വ്യക്തമായ സാമ്പത്തിക ആസൂത്രണത്തിനും നിങ്ങള്‍ നടത്തുന്ന നിക്ഷേപമായി അതിനെ കണ്ടാല്‍ മതി.
2025ലും പ്രതീക്ഷിച്ചത് പോലെ ആസ്തി മെച്ചപ്പെടുത്താനായില്ല എന്ന നിരാശ നിങ്ങളെ ബാധിക്കാതിരിക്കാന്‍ ഇനിയും സമയമുണ്ട്. ശരിയായ പാതയിലാണോ എന്ന് അവലോകനം ചെയ്യുക, വേണ്ട മാറ്റങ്ങള്‍ ഉടന്‍ വരുത്തുക. വിപണികളുടെ ചാഞ്ചാട്ടം ഇനിയും തുടരും, പക്ഷേ അച്ചടക്കവും ക്ഷമയും അടിക്കടിയുള്ള വിലയിരുത്തലും നിങ്ങളെ മികച്ച നിക്ഷേപകനാക്കും. ആസ്തി പരിപാലനം പൂന്തോട്ട പരിപാലനം പോലെ തന്നെയാണ്. ചിലപ്പോള്‍ ചിലത് വെട്ടിയൊതുക്കാനും പിഴുതുകളയാനും പുതിയത് നടാനുമൊക്കെ കാണും. ആശങ്കപ്പെടാതെ അവ ചെയ്യുക. പിന്മാറാതെ നിക്ഷേപിച്ചുകൊണ്ടിരിക്കുക, സ്ഥിരത നിലനിര്‍ത്തുക, കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കുക. സമ്പത്ത് ഉണ്ടാക്കുന്നതിനുള്ള യാത്ര തുടങ്ങാനുള്ള ഏറ്റവും നല്ല സമയം ഇന്നലെ ആയിരുന്നു, അത് കഴിഞ്ഞാല്‍ ഇന്നാണ്. അതുകൊണ്ട് നാളേക്കായി കാത്തിരിക്കാതെ ഇന്ന് തന്നെ തുടങ്ങൂ.


