1909 ല്‍ ടിഎസ് കല്യാണരാമ അയ്യര്‍ തൃശൂരില്‍ ആരംഭിച്ച ടെക്സ്റ്റൈല്‍സ് ബിസിനസ് 100 പൂര്‍ണ ചന്ദ്രന്മാര്ക്കിപ്പുറം 1993 ലാണ് ചെറുമകനായ ടി എസ് കല്യാണരാമന് വൈവിധ്യവല്‍ക്കരിച്ചത്. 75 ലക്ഷം രൂപ മുതല്‍മുടക്കില്‍ കല്യാണ്‍ ജ്വല്ലേഴ്സ് എന്ന പേരില്‍ ഒരു സ്വര്‍ണക്കട. മൂന്ന് പതിറ്റാണ്ടിനിപ്പുറം 300 ല്‍ ഏറെ സ്റ്റോറുകളുമായി ഇന്ത്യയിലും യുഎസിലും മിഡില്‍ ഈസ്റ്റിലുമെല്ലാം അതിശക്തമായ സാന്നിധ്യമാണ് കല്യാണ്‍. 75 ലക്ഷം രൂപയുടെ നിക്ഷേപം 51,188 കോടി രൂപ വിപണി മൂലധനമായാണ് വളര്‍ന്നിരിക്കുന്നത്. 3,29,617 കോടി രൂപ വിപണി മൂലധനമുള്ള ടാറ്റയുടെ ടൈറ്റാന്‍ കമ്പനിക്ക് പിന്നില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ജൂവലറി ബിസിനസ്.
ഇന്ത്യയിലെ ജൂവലറി മേഖലയില്‍ ടൈറ്റാന്‍ തന്നെയാണ് ഇപ്പോഴും ചക്രവര്‍ത്തി. ബിസിനസ് വലിപ്പത്തിലും മൂല്യത്തിലും എല്ലാം മുന്നില്‍. എന്നാല്‍ കേരളത്തില്‍ പിറന്ന് ലോകത്തേക്ക് വ്യാപിക്കുന്ന കല്യാണ്‍ ആ പട്ടത്തിന് വെല്ലുവിളിയുയര്ത്താല് എല്ലാ സാധ്യതകളും നിലനില്ക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ കല്യാണിന്റെ വരുമാനം 35% വര്‍ധിച്ച് 25,000 കോടി രൂപയിലേക്കെത്തി. ടൈറ്റന്റെ വരുമാന വളര്‍ച്ചയായ 18 ശതമാനത്തേക്കാള്‍ ഏകദേശം ഇരട്ടി വളര്‍ച്ച. പതിറ്റാണ്ടുകളോളം ദക്ഷിണേന്ത്യയില്‍ മാത്രം കേന്ദ്രീകരിച്ച ഒരു ബിസിനസിനെ സംബന്ധിച്ച് ഈ വളര്‍ച്ചാ കണക്കുകള്‍ വിസ്മയിപ്പിക്കുന്നതാണ്. 2012 ലാണ് ദക്ഷിണേന്ത്യക്ക് പുറത്ത് ആദ്യ സ്റ്റോര്‍ കല്യാണ്‍ ആരംഭിച്ചത്, അഹമ്മദാബാദില്‍.
2026 സാമ്പത്തിക വര്‍ഷത്തിലും കല്യാണ്‍ ഈ വളര്‍ച്ചാ വേഗം നിലനിര്‍ത്തുന്നു. ആദ്യ പാദത്തില്‍ (ജൂണ്‍) ആകെ വരുമാനം 31% ഉയര്‍ന്ന് 7268 കോടി രൂപയിലെത്തി. 2024 ജൂണ്‍ പാദത്തില്‍ 5528 കോടി രൂപയായിരുന്നു വരുമാനം. സ്റ്റോണുകളും മറ്റും പതിപ്പിച്ച സ്റ്റഡഡ് ജൂവല്‍റി വിഭാഗത്തിലെ വില്‍പ്പനയില്‍ 30% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ജൂവല്‍റി വിഭാഗത്തില്‍ 24% വളര്‍ച്ചയാണ് ടൈറ്റാന്‍ നേടിയത്.
കല്യാണിന്റെ ശക്തമായ വളര്‍ച്ച, മികച്ച ബിസിനസ് വ്യാപന തന്ത്രത്തിന്റെ ചിറകിയേറിയാണ്. ജനങ്ങളുടെ ആഗ്രഹങ്ങളും വാങ്ങല്‍ ശേഷിയും നിരന്തരം വര്‍ധിക്കുന്ന, എന്നാല്‍ ബ്രാന്‍ഡഡ് ജൂവല്‍റി സ്റ്റോറുകളില്ലാത്ത ചെറിയ നഗരങ്ങളിലാണ് കല്യാണ്‍ സ്റ്റോറുകള്‍ തുറക്കുന്നത്. ഫ്രാഞ്ചൈസി ബിസിനസിലൂടെയാണ് ഇന്ത്യയൊട്ടാകെ കല്യാണ്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഫ്രാഞ്ചൈസി ഉടമസ്ഥതയില്‍ കമ്പനി നടത്തുന്ന (എഫ്ഒസിഒ – ഫ്രാഞ്ചൈസി ഓണ്‍സ് കമ്പനി ഓപ്പറേറ്റഡ്) സ്റ്റോറുകളാണ് ഇവയെല്ലാം. ഈ മോഡലില്‍, കല്യാണിന് മൂലധനം കുറച്ചേ വേണ്ടിവരുന്നുള്ളൂ, റിസ്കും വീതംവെക്കലിലൂടെ കുറയുന്നു.
170 സ്റ്റോറുകള്‍ കൂടി
2026 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ 17 സ്റ്റോറുകളാണ് കല്യാണ്‍ പുതിയതായി തുറന്നത്. ഇന്ത്യയിലെ സ്റ്റോറുകളുടെ എണ്ണം ഇതോടെ 280 കടന്നു. ഫ്രാഞ്ചൈസി ബിസിനസില്‍ ലാഭം കുറയുമെങ്കിലും റിസ്കെടുക്കാനുള്ള കമ്പനിയുടെ കഴിവിനെ ഇത് വര്‍ധിപ്പിക്കുന്നു. ഒന്നാം പാദത്തില്‍ ലാഭം 0.47% കുറഞ്ഞ് 13.9% ആയെങ്കിലും കുറഞ്ഞ ചെലവുകള്‍, എബിറ്റ മാര്‍ജിന്‍ 75 ല്‍ നിലനിര്‍ത്താന്‍ സഹായിച്ചു.
സ്റ്റോറുകളുടെ എണ്ണം ഇതേ രീതിയില്‍ വര്‍ധിക്കുകയും ചെറിയ നഗരങ്ങളില്‍ ഉപഭോഗം ഉയരുകയും ചെയ്താല്‍ 2028 സാമ്പത്തിക വര്‍ഷം വരെ വരുമാനത്തിലും ലാഭത്തിലും 20% വളര്‍ച്ച നിലനിര്‍ത്തിപ്പോകാന്‍ കല്യാണിന് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കുറച്ച് അഗ്രസീവായിത്തന്നെയാണ് കല്യാണ്‍ മുന്നോട്ടു പോകുന്നത്. 170 സ്റ്റോറുകള്‍ ഈ വര്‍ഷം തുറക്കാനാണ് പദ്ധതി. ഇതില്‍ 90 എണ്ണം കല്യാണ്‍ ഔട്ട്ലെറ്റുകളായിരിക്കും. 80 സ്റ്റോറുകള്‍ കാന്‍ഡിയര്‍ സ്റ്റോറുകളും.
കാന്‍ഡിയര്‍ ബൈ കല്യാണ്‍
2017 ല്‍ ഇ-കൊമേഴ്സ് ജൂവല്‍റി പ്ലാറ്റ്ഫോമായ കാന്‍ഡിയറിനെ ഏറ്റെടുക്കാനുള്ള തീരുമാനം ബിസിനസ് വളര്‍ച്ചയെ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഓണ്‍ലൈനില്‍ മാത്രം ആഭരണങ്ങള്‍ വിറ്റിരുന്ന ഈ ബ്രാന്‍ഡിനെ ‘കാന്‍ഡിയര്‍ ബൈ കല്യാണ്‍ ജ്വല്ലേഴ്സ്’ എന്ന പേരില്‍ ഫിസിക്കല്‍ സ്റ്റോറുകളിലേക്കും കൊണ്ടുവന്നു. ബോളിവുഡ് നടന് ഷാഹ് രൂഖ് ഖാനാണ് കാന്‍ഡിയറിന്റെ ബ്രാന്‍ഡ് അംബാസഡര്‍. തൂക്കം കുറഞ്ഞ, ദൈനംദിന ഉപയോഗത്തിനാവശ്യമായ ആഭരണങ്ങളാണ് കാന്‍ഡിയര്‍ ബ്രാന്‍ഡിലൂടെ കല്യാണ്‍ വില്‍ക്കുന്നത്. യുവ ജനതയെ വലിതതോതില്‍ ആകര്‍ഷിക്കാന്‍ ഈ ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്.
നിക്ഷേപവും ഐപിഒയും
2014 ല്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസ് കല്യാണില്‍ നിക്ഷേപം നടത്തി. കമ്പനിയുടെ അടുത്തഘട്ട വളര്‍ച്ചയിലേക്കുള്ള നിര്‍ണായക ചവിട്ടുപടിയായി ഈ നിക്ഷേപം മാറി. 2021 ല്‍ കമ്പനി പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നടത്തി. സിംഗപ്പൂര്‍ ഗവണ്മെന്റ്, നോമുറ ഫണ്ട്, മോത്തിലാല്‍ ഓസ്വാള്‍, ഫ്രാങ്ക്ലിന് ഇന്ത്യ തുടങ്ങി പ്രമുഖ വിദേശ, ആഭ്യന്തര പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ കല്യാണിലെ ഓഹരിയുടമകളാണ്.
പ്രാദേശിക ബ്രാന്‍ഡ്
വളര്‍ച്ചയെ കൂടുതല്‍ പ്രാദേശികമാക്കാന്‍ ഒരു പ്രാദേശിക ബ്രാന്‍ഡ് കൂടി 2025 ല്‍ കല്യാണ്‍ ലോഞ്ച് ചെയ്യും. സോഴ്സിംഗിലും മറ്റും മൂന്നാം കക്ഷി വെന്‍ഡര്‍മാരെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ തൃശൂര്‍ ആസ്ഥാനമായി ഒരു ജൂവല്‍റി മാനുഫാക്ചറിംഗ് ഹബ്ബും കല്യാണ്‍ തയാറാക്കും.
മെട്രോ നഗരങ്ങളല്ല, ചെറു നഗരങ്ങള്‍ കേന്ദ്രീകരിച്ചാവും ഇന്ത്യയിലെ ജൂവല്‍റി വളര്‍ച്ച ഇനി നടക്കുകയെന്ന് മറ്റാരേക്കാളും മുന്‍പേ തിരിച്ചറിഞ്ഞാണ് കല്യാണ്‍ മുന്നോട്ടു പോകുന്നത്. തനിഷ്കും മിയയും പോലെയുൂള്ള ബ്രാന്‍ഡുകള്‍ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിടുമ്പോള്‍ മധ്യവര്‍ഗത്തിലെ പെണ്‍കുട്ടികളുടെ ആഭരണ സങ്കല്‍പ്പങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും തിളക്കം പകരുകയാണ് കല്യാണ്‍.
ശക്തമായ അടിത്തറ, മികച്ച വാല്യുവേഷന്
എല്ലാ ആവേശത്തിനും പുറമേ, കല്യാണിന്റെ മൂല്യനിര്‍ണ്ണയം സമ്പന്നമാണ്. പ്രൈസ് ടു ഏണിംഗ് അനുപാതം (പിഇ റേഷ്യോ) ഏകദേശം 63 ആണ്. ടൈറ്റാന്റെ പിഇ അനുപാതമാകട്ടെ 88 ഉം. കല്യാണിന് വളരാന്‍ ഇനിയും സ്പേസുണ്ടെന്നാണ് പിഇ റേഷ്യോ സൂചിപ്പിക്കുന്നത്.
പ്രധാന പ്രൊമോട്ടര്‍മാരായ കല്യാണരാമന് കുടുംബം കമ്പനിയുടെ ഏകദേശം 63% ഓഹരികള്‍ കൈവശെ വെച്ചിരിക്കുന്നു. അതില്‍ ഏകദേശം കാല്‍ഭാഗം ഓഹരികള്‍ പണയപ്പെടുത്തിയിരിക്കുന്നു. കമ്പനിയുടെ വികസനത്തിന് പണം കണ്ടെത്താനാണ് ഓഹരികള്‍ പ്ലെഡ്ജ് ചെയ്തിരിക്കുന്നത്.
2025 ജനുവരിയില്‍ 795 എന്ന സര്‍വകാല ഉയരത്തിലെത്തിയ ഓഹരിവില നിലവില്‍ വലിയ തിരുത്തലിനൊടുവില്‍ 495 എന്ന നിലയിലാണ്. ഉയര്‍ന്ന വാല്യുവേഷനല്ല ഇപ്പോള്‍ കമ്പനിയുടേത്. കല്യാണ്‍ സില്‍ക്സിന്റെ പരസ്യത്തില്‍ പറയുന്നതിപോലെ ഇപ്പോള്‍ വാങ്ങിയാല്‍ ഏകദേശം ഇരട്ടി ഓഹരികള്‍ വാങ്ങാനുള്ള അവസരമാണിത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)


