പാക്കിസ്ഥാനികള്‍ക്ക് തക്കാളി ഇപ്പോള്‍ കിട്ടാക്കനിയാണ്. ഒരു നല്ല തക്കാളിക്കറി കൂട്ടാന്‍ സമ്പന്നരാകേണ്ട സ്ഥിതി. സാധാരണക്കാര്‍ക്ക് ഒന്നോ രണ്ടോ തക്കാളി കിട്ടിയാലും സന്തോഷം. കാരണം ഇവിടെ തക്കാളിക്ക് ഇപ്പോള്‍ കിലോയ്ക്ക് 600 പാക്കിസ്ഥാനി രൂപയാണ് വില. അതായത് ഏകദേശം 188 ഇന്ത്യന്‍ രൂപ. ഏതാണ്ട് 400 ശതമാനം വിലക്കയറ്റമാണ് തക്കാളിക്ക് ഉണ്ടായിരിക്കുന്നത്. തക്കാളിക്ക് മാത്രമല്ല, ആപ്പിളിന് വില കുത്തനെ കയറുകയാണ്.
പണപ്പെരുപ്പം മാത്രമല്ല പാക്കിസ്ഥാനിലെ തക്കാളി വിലക്കയറ്റത്തിന് പിന്നിലെ കാരണം, ആഴത്തിലുള്ള ഭൗമരാഷ്ട്രീയ പ്രതിസന്ധികളുടെ പ്രതിഫലനവും ദുര്‍ബലമായ വ്യാപാരബന്ധങ്ങളുടെയും ഫലമാണ് പാക്കിസ്ഥാനിലെ തക്കാളി വിലക്കയറ്റവും അതിലൂടെ വെളിപ്പെടുന്ന സാമ്പത്തിക അനിശ്ചിതത്വവും.
ഉലയുന്ന ബന്ധം
അഫ്ഗാന് അതിര്‍ത്തികള്‍ അടയ്ക്കാനുള്ള പാക് തീരുമാനമാണ് ഇരുരാജ്യങ്ങളിലും നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരാനുള്ള പ്രധാനകാരണം. മാസത്തിന്റെ തുടക്കത്തില്‍ പാക്- അഫ്ഗാന് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത് മുതല്‍ പാക്കിസ്ഥാനില്‍ തക്കാളിക്ക് അഞ്ചരട്ടിയോളം വിലയുയര്‍ന്നു.
ഒക്ടോബര്‍ 11 മുതല്‍ക്ക് പാക്-അഫ്ഗാന് അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. 2021-ല്‍ താലിബാന് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ഇരുരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന ഏറ്റവും വലിയ സംഘര്‍ഷമാണിത്. 2600 കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന തര്‍ക്കഭൂമിയില്‍ കര, വ്യോമ സംഘട്ടനങ്ങള്‍ നടന്നു. ഏറ്റുമുട്ടലില്‍ ഇരൂരാജ്യങ്ങള്ക്കും നിരവധി ജീവനുകള്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച് ഇരുരാജ്യങ്ങള്‍ക്കിടയിലെ അതിര്‍ത്തി അടച്ചിട്ടതോടെ ദിവസ വ്യാപാരത്തിലൂടെ ഒരു മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചരക്കുകളുമായി എത്തിയ 5000 കണ്ടെയ്നറുകളാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്.
തക്കാളി പ്രതിസന്ധി
പാക്കിസ്ഥാന് ഭക്ഷണത്തില്‍ സുപ്രധാനപങ്കുള്ള തക്കാളി അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. അതിര്‍ത്തി അടച്ചതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തക്കാളിവരവ് നിലച്ചു. ഇതോടെ വിപണിയില്‍ തക്കാളിക്ഷാമം രൂക്ഷമായി. വില കുതിച്ചുകയറി. കിലോയ്ക്ക് 100 പാക്കിസ്ഥാന് രൂപ ആയിരുന്നിടത്ത് വില 600 രൂപയായി കുതിച്ചുകയറി. കാപ്സിക്കത്തിന്റെ വിലയും കിലോഗ്രാമിന് 300 പാക്കിസ്ഥാന് രൂപയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുക്കളപ്രശ്നമല്ല
തക്കാളിയിലും ആപ്പിളിലും കാപ്സിക്കത്തിലും ഒതുങ്ങിനില്ക്കുന്ന നിസ്സാര അടുക്കള പ്രശ്നമല്ല ഇത്. ഭക്ഷ്യ മേഖലയിലെ ചെറുകിട ബിസിനസുകള്‍ അടക്കം പ്രതിസന്ധിയുടെ വേദനയറിയുന്നുണ്ട്. ഹോട്ടലുടമകളും വഴിയോര കച്ചവടക്കാരും വിലക്കയറ്റം കാരണം ലാഭത്തില്‍ ഇടിവ് നേരിടുകയാണ്. ചിലര്‍ കട അടച്ചുവെന്നുവരെ റിപ്പോര്‍ട്ടുകളുണ്ട്. ഇതിനകം തന്നെ പണപ്പെരുപ്പ ഭീഷണി നേരിടുന്ന ശരാശരി ഉപഭേക്താക്കള്‍ ഇപ്പോള്‍ ഇരുട്ടടി കിട്ടിയ അവസ്ഥയിലായി.
അതിര്‍ത്തിപ്രശ്നത്തില്‍ തകരുന്ന വ്യാപാരം
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയില്‍ പ്രതിവര്‍ഷം 2.3 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 20,174 കോടി രൂപയുടെ) വ്യാപാരം നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍, ധാതുക്കള്‍, മരുന്നുകള്‍, ഗോതമ്പ്, പഞ്ചസാര, അരി, മാംസം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വ്യാപാരമാണ് പ്രധാനമായും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്നത്.
അതിര്‍ത്തി അടച്ചിട്ട ഓരോ ദിവസവും കടന്നുപോകുമ്പോള്‍ 1 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഇരുരാജ്യങ്ങള്‍ക്കും സംഭവിക്കുന്നതെന്ന് കാബൂളിലെ പാക്-അഫ്ഗാന് ചേംബര്‍ ഓഫ് കൊമേഴ്സ് മേധാവി ഖാന് ജാന്‍ അലോകോസെയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസം 500 കണ്ടെയ്നര്‍ പച്ചക്കറികള്‍ പാക്കിസ്ഥാനിലേക്ക് കയറ്റി അയക്കാറുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അതെല്ലാം നശിച്ചുപോകുകയാണെന്നും അദ്ദേഹം പറയുന്നു. ഇരുവശങ്ങളിലുമായി 5000ത്തോളം ചരക്ക് നിറച്ച കണ്ടെയ്നറുകള്‍ അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുകയാണെന്ന് പാക്കിസ്ഥാനിലെ തോര്ക്ഹാം അതിര്‍ത്തിയിലെ മറ്റൊരു ഉദ്യോഗസ്ഥന് പറയുന്നു.
നിലവില്‍ ഇറാന്, സിന്ധ് എന്നിവിടങ്ങളില്‍ നിന്നുമാണ് തക്കാളി വരുന്നതെന്ന് ഇസ്ലാമാബാദിലെ തക്കാളി വ്യാപാരിയെ ഉദ്ധരിച്ച് അറബ് ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിമാന്‍ഡ് ഇടിഞ്ഞിട്ടില്ല, വില കൊടുത്തും ആളുകള്‍ തക്കാളി വാങ്ങുന്നുണ്ട്, പക്ഷേ സാധനം ഇല്ലാത്തതാണ് പ്രശ്നമെന്ന് അദ്ദേഹം പറയുന്നു.
അതേസമയം ബദല്‍ വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിച്ചതായും ഉടന്‍ തന്നെ സ്ഥിതിഗതികള്‍ സാധാരണഗതിയിലെത്തുമെന്നും ഇസ്ലാമാബാദിലെ മാര്‍ക്കറ്റ് കമ്മിറ്റി ചെയര്മാന് പറഞ്ഞതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സംഘര്‍ഷത്തിനിടയിലും പ്രതീക്ഷയുണര്‍ത്തുന്ന ചില വാര്‍ത്തകളും ഉയരുന്നുണ്ട്. പ്രശ്നം പരിഹരിക്കാന്‍ നയതന്ത്രതലത്തില്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഖത്തര്‍, തുര്‍ക്കി ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സമൂഹം പ്രശ്നം ഒത്തുതീര്‍ക്കാനും അതിര്‍ത്തി തുറന്ന് വ്യാപാരം പുനരാരംഭിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.


