കോടിപതിയാകുക എന്നത് ഇന്നത്തെ കാലത്ത് സ്വപ്നമൊന്നുമല്ല, ആര്‍ക്കും സാധിക്കുന്ന ഒരു കാര്യമാണ്. നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും കൃത്യമായി ആസൂത്രണം നടത്തുകയും അച്ചടക്കത്തോടെ മുന്നേറുകയും ചെയ്താല്‍ കാലം നിങ്ങളെ കോടിപതിയാക്കും, തീര്‍ച്ച.
മാസാമാസം ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനായാലും ചെറിയൊരു ബിസിനസ് കൊണ്ടുനടക്കുന്ന ആളായാലും അതല്ല, കരിയറിന്റെ തുടക്കത്തിലുള്ള യുവാക്കളാണെങ്കില്‍ പോലും കോടിപതിയാകാനുള്ള യാത്രയ്ക്ക് വേണ്ടത് ഒരേയൊരു തീരുമാനമാണ്- ഇന്ന് തന്നെ അതിനുള്ള ശ്രമം തുടങ്ങുക എന്ന തീരുമാനം.
കോടിപതിയെന്ന സാമ്പത്തിക ലക്ഷ്യം
സാമ്പത്തികമായി കുതിക്കുന്ന ഒരു രാജ്യമാണ് ഇന്ന് ഇന്ത്യ. ഒരു കോടി രൂപയുടെ ആസ്തിയെന്നത് പലരുടെയും സാമ്പത്തിക ലക്ഷ്യമാണ്. സുരക്ഷിതത്വവും സ്വാതന്ത്ര്യവും നിരവധി അവസരങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു സംഖ്യയാണ് ഒരു കോടി രൂപ. ആശങ്കകളില്ലാത്ത വാര്‍ധക്യകാല ജീവിതം, കുട്ടികളുടെ ഉന്നത പഠനം, സ്വപ്ന ഭവനത്തിനുള്ള പണം അങ്ങനെ പല സ്വപ്നങ്ങള്‍ക്കും മുതല്‍ക്കൂട്ടാണ് ഒരു കോടി രൂപയുടെ ആസ്തി.
പക്ഷേ, പണപ്പെരുപ്പവും ജീവിതച്ചിലവുകളും സമ്പാദ്യത്തെ കാര്‍ന്നുതിന്നുന്ന ഇന്നത്തെ കാലത്ത് റിസ്കുകള്‍ ഒന്നുമില്ലാതെ എങ്ങനെ ഒരു കോടി രൂപയെന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നതാണ് പലരുടെയും ചോദ്യം.
സമയവും കൂട്ടുപലിശയും കാണിക്കുന്ന മാജിക്
കൂട്ടുപലിശ ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണെന്ന് ഒരിക്കല്‍ ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് പറഞ്ഞിട്ടുണ്ട്. കാലം പോകുന്നതിനനുസരിച്ച് അസാധാരണ സാമ്പത്തിക വളര്‍ച്ച നല്കാന് കെല്‍പ്പുള്ള ഒന്നാണ് അതെന്നുള്ള തിരിച്ചറിവിലാണ് അദ്ദേഹമത് പറഞ്ഞത്. വളരെ ലളിതമായ വാക്കുകളില്‍ പറഞ്ഞാല്‍, നിങ്ങളുടെ പണത്തിന് പലിശ ലഭിക്കും, കാലം പോകുന്നതിനനുസരിച്ച് ആ പലിശയ്ക്കും പലിശ ലഭിക്കും.
ഉദാഹരണത്തിന് എല്ലാ മാസവും നിങ്ങള്‍ 12 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 10,000 രൂപയുടെ നിക്ഷേപം നടത്തുന്നുണ്ടെന്നിരിക്കട്ടെ, കൂട്ടുപലിശ സംവിധാനത്തില്‍ 21 വര്‍ഷം കൊണ്ട് നിങ്ങള്‍ കോടിപതിയാകും. ഇനി നിക്ഷേപിക്കുന്ന തുക മാസം 15,000 ആക്കിയാല്‍ 17 വര്‍ഷം കൊണ്ട് ഒരു കോടി എന്ന ലക്ഷ്യത്തിലെത്താം.
ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നുവെച്ചാല്‍ എത്രയും വേഗം നിക്ഷേപിച്ചുതുടങ്ങുക എന്നതാണ്. കാരണം സമയം വളരെ പ്രധാനപ്പെട്ട ഘടകമാണ്.
എന്തെല്ലാം നിക്ഷേപമാര്‍ഗ്ഗങ്ങളെ ആശ്രയിക്കാം
ആസ്തി സ്വരുക്കൂട്ടുന്നതിന് നിരവധി നിക്ഷേപമാര്‍ഗ്ഗങ്ങള്‍ ഇന്ന് ഇന്ത്യയിലുണ്ട്. എല്ലാത്തിനും അതിന്റേതായ റിസ്കുകളും സാമ്പത്തിക നേട്ടങ്ങളും ഉണ്ട്. വളര്‍ച്ച, സുരക്ഷ, നികുതി കാര്യക്ഷമത എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള നിക്ഷേപ സമീപനമാണ് സ്വീകരിക്കേണ്ടത്.
1 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് (SIP)
സാധാരണക്കാരായ നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം ഏറ്റവും ലളിതവും എന്നാല്‍ കാര്യക്ഷവുമായ നിക്ഷേപ മാര്‍ഗ്ഗമാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്. സിസ്റ്റമിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലൂടെ (SIP) എത്ര ചെറിയ തുകയും നിങ്ങള്‍ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. RCV (റുപ്പി കോസ്റ്റ് ആവറേജിംഗ്) കൂട്ടുപലിശ എന്നിവയുടെ നേട്ടം അപ്പോഴുണ്ടാകും. ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ നിക്ഷേപിച്ചാല്‍ 10-14 ശതമാനം വാര്‍ഷിക പലിശ നേടാനാകും. 10-20 വര്‍ഷ കാലയളവിലായി ആസ്തി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ രീതി മികച്ചതായിരിക്കും.
2 ഡയറക്ട് ഇക്വിറ്റി (പ്രൊഫഷണല്‍ നിക്ഷേപകര്‍ക്ക്)
ബിസിനസുകളെ മനസ്സിലാക്കാന്‍ കഴിവും ദീര്‍ഘകാലം നിക്ഷേപിക്കാനുള്ള സാമ്പത്തിക സാഹചര്യവും ഉള്ളവര്‍ക്ക് മികച്ച ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്താം. ഈ രീതിയില്‍ കൂടുതല്‍ സാമ്പത്തിക നേട്ടം കൊയ്യാം. പക്ഷേ ക്ഷമയും ഗവേഷണം നടത്താന്‍ സമയവും അച്ചടക്കവും ഉള്ളവര്‍ക്കും പറഞ്ഞിട്ടുള്ള രീതിയാണിത്.
3 ദേശീയ പെന്ഷന് പദ്ധതി (NPS)
ദേശീയ പെന്ഷന് സംവിധാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരീക്ഷിക്കാവുന്ന നിക്ഷേപമാര്‍ഗ്ഗമാണ്. വാര്‍ധക്യകാല ജീവിതത്തിന് വേണ്ടിയുള്ള സമ്പാദ്യം എന്ന നിലയ്ക്കാണ് ദേശീയ പെന്ഷന് പദ്ധതി ചര്‍ച്ച ചെയ്യുപ്പെടുന്നത്. ഈ നിക്ഷേപമുള്ളവര്‍ക്ക് പ്രതിവര്‍ഷം 2 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കാം.
4 റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ്ണം
കൂട്ടുപലിശ രീതിയിലുള്ള നേട്ടം ഉറപ്പുപറയാന്‍ സാധിക്കില്ലെങ്കിലും ആസ്തിയും നിക്ഷേപവും വൈവിധ്യവല്‍ക്കരിക്കാന്‍ റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ സഹായിക്കും. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളിലൂടെ ചിലപ്പോള്‍ വാടക വരുമാനമായി ലഭിച്ചേക്കും, സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ സുരക്ഷിത സമ്പാദ്യമാണ്.
ഒഴിവാക്കേണ്ട അബദ്ധങ്ങള്‍
വൈകിത്തുടങ്ങരുത്
ആസ്തി സ്വരുക്കൂട്ടുന്നതില്‍ സമയം പ്രധാനമാണ്. എത്ര നേരത്തെ തുടങ്ങിയോ ലക്ഷ്യത്തിലേക്ക് എത്തല്‍ അത്രയും എളുപ്പമായിത്തീരും. കൂട്ടുപലിശ വ്യവസ്ഥ കണക്കിലെടുക്കുമ്പോള്‍ സമയം നമുക്ക് വെല്ലുവിളിയാണ്. നേരത്തെ തുടങ്ങിയാല്‍ ഓരോ മാസവും നിക്ഷേപിക്കുന്ന തുക കുറയ്ക്കാനാകും. ശരിയായ സമയത്തിനോ ഉയര്‍ന്ന ശമ്പളത്തിനോ കാത്തുനിന്നാല്‍ നിങ്ങളുടെ സാമ്പത്തിക പദ്ധതികളും പതുക്കെയാകും. ദീര്‍ഘകാലത്തേക്ക് സ്ഥിരതയുള്ള നിക്ഷേപങ്ങള്‍ നടത്താനായാല്‍ കൂട്ടുപലിശയുടെ സഹായത്തോടെ എളുപ്പത്തില്‍ ഒരു കോടി രൂപയുടെ ആസ്തി നേടാം.
ലക്ഷ്യം മനസ്സില്‍ വെച്ച് നിക്ഷേപം
ഒരു ലക്ഷ്യവുമില്ലാതെ അന്ധമായി നിക്ഷേപം തുടങ്ങുന്നത് എവിടെപ്പോകണമെന്ന് അറിയാതെ യാത്ര തുടങ്ങുന്നത് പോലെയാണ്. എത്രകാലം കൊണ്ട് ഒരു കോടി രൂപയെന്ന ലക്ഷ്യത്തിലെത്തണമെന്ന് തീരുമാനിച്ച് നിക്ഷേപം ആരംഭിക്കുക. ഉദാഹരണത്തിന് 15 , 20 വര്‍ഷം കൊണ്ട് ഞാന്‍ ലക്ഷ്യത്തിലെത്തും എന്നതുപോലെ. അതിനുശേഷം യോജിച്ച നിക്ഷേപമാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുക.
പെട്ടെന്നുള്ള ലാഭം കൊതിക്കരുത്
ചിലപ്പോള്‍ ഓഹരിവിപണി മോഹനവാഗ്ദാനങ്ങളിലൂടെ ഭ്രമിപ്പിക്കും. പക്ഷേ ഹ്രസ്വകാല സാമ്പത്തിക ലാഭങ്ങള്‍ക്ക് അതിന്റേതായ നഷ്ടസാധ്യതയും ഉണ്ട്. ഹോട്ട് സ്റ്റോക്ക്, ക്രിപ്റ്റോ പോലുള്ളവയില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇക്കാര്യം ഓര്‍ക്കുക. എപ്പോഴും കൂട്ടുപലിശയുടെ ആനുകൂല്യം ലഭിക്കുന്ന നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുക.
കൃത്യമായ വിലയിരുത്തലുകള്‍
വര്‍ഷത്തിലൊരിക്കലെങ്കിലും നിങ്ങളുടെ നിക്ഷേപയാത്ര ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്തുക. ലക്ഷ്യങ്ങളും അതിലേക്കുള്ള മാര്‍ഗ്ഗങ്ങളും വിലയിരുത്തുക. തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ അത് ചെയ്യുക.
വിപണിയുടെ ചാഞ്ചാട്ടത്തില്‍ ആശങ്കയുണ്ടാകരുത്
വിപണിയുടെ ചാഞ്ചാട്ടം ഒരിക്കലും നിലയ്ക്കില്ല. അതില്‍ ആശങ്കപ്പെടരുത്. വിപണി താഴേക്ക് പോകുമ്പോള്‍ ഭയപ്പാടില്‍ ഓഹരി വില്ക്കാന് നോക്കിയാല്‍ നഷ്ടം പിണയും. വിപണിയുടെ ചാഞ്ചാട്ടത്തെ കാര്യമാക്കാതെ നിക്ഷേപം നടത്തുന്നവരേ വിജയിക്കുകയുള്ളു. അവര്‍ക്ക് ദീര്‍ഘകാല നേട്ടം ഉണ്ടാകും.
പണപ്പെരുപ്പം കണ്ടില്ലെന്ന് നടിക്കരുത്
ഇന്ന് ഒരു കോടി രൂപയ്ക്ക് ഉള്ള മൂല്യമാകില്ല, 20 വര്‍ഷം കഴിയുമ്പോള്‍ അതിനുണ്ടാകുക. അതുകൊണ്ട് പണപ്പെരുപ്പം കണക്കാക്കിയിട്ട് വേണം നിക്ഷേപം നടത്താന്‍. 10 ശതമാനം റിട്ടേണ്‍ എന്നത് ആകര്ഷകമായിത്തോന്നാം. പക്ഷേ പണപ്പെരുപ്പം, നികുതി, ലാഭം എന്നിവ കൂടി കണക്കിലെടുത്താല്‍ അതത്ര ആകര്‍ഷകമായിരിക്കില്ല.
സാമ്പത്തിക അച്ചടക്കം
സ്ഥിരതയില്ലെങ്കില്‍ എത്ര മികച്ച നിക്ഷേപക പ്ലാനും നിങ്ങളെ ലക്ഷ്യത്തിലെത്തിച്ചേക്കില്ല. നിക്ഷേപങ്ങള്‍ കൃത്യമായ സമയങ്ങളില്‍ നടക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക. ചിലവുകള്‍ നിരീക്ഷിക്കുക, ജീവിതശൈലി പണപ്പെരുപ്പത്തെ മറികടക്കുക. ആസ്തി ഉണ്ടാക്കുന്നതും ഭാഗ്യവുമായി വലിയ ബന്ധമൊന്നുമില്ല. പക്ഷേ ദശാബ്ദങ്ങളോളം അച്ചടക്കത്തോടെ തുടരേണ്ടിവരും.
ചെറിയ തുടക്കങ്ങള്‍ നല്കുന്ന വലിയ ഭാവി
ഒരു കോടി രൂപയുടെ ആസ്തി ഉണ്ടാക്കുന്നതിന് തുടക്കത്തില്‍ വലിയ നിക്ഷേപം വേണമെന്നില്ല. പക്ഷേ സ്ഥിരത, ക്ഷമ, വിശ്വാസം എന്നിങ്ങനെ ചില ഗുണങ്ങള്‍ വേണം. ദിവസം 100 രൂപയോ 500 രൂപയോ മാറ്റിവെച്ചും നിങ്ങള്‍ക്ക് തുടങ്ങാം. വൈകാരികാവസ്ഥകള്‍ നിക്ഷേപത്തെ ബാധിക്കാതിരിക്കാന്‍ നിക്ഷേപത്തുക ഓട്ടോമേറ്റ് ചെയ്തുവെക്കാം. നിരവധി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ഇപ്പോള്‍ ലളിതമായി നിക്ഷേപം നടത്താനാകും. ആളുകള്‍ക്ക് ഭേദപ്പെട്ട ധനകാര്യജ്ഞാനവും ഇന്നുണ്ട്. വിപണി നഷ്ടത്തിലായാലും ലാഭത്തിലായാലും നിക്ഷേപം നടത്തുക.
നിക്ഷേപവുമായി ബന്ധപ്പെട്ട് എപ്പോഴും പറഞ്ഞുകേള്‍ക്കാറുള്ള കാര്യമാണ്, എത്ര നിക്ഷേപിക്കുന്നു എന്നതിലല്ല, എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നു എന്നതാണ് കാര്യമെന്നത്. 25-ാം വയസ്സില്‍ മാസം 10,000 രൂപ നിക്ഷേപിച്ച് തുടങ്ങുന്ന ഒരാള്‍ക്ക് 46 വയസ്സാകുമ്പോള്‍ ഒരു കോടി രൂപയുടെ ആസ്തി നേടാം. പത്തുവര്‍ഷം കഴിഞ്ഞാണ് നിക്ഷേപം തുടങ്ങിയതെങ്കില്‍ ഇതേ ലക്ഷ്യം നേടുന്നതിന് നിക്ഷേപിക്കുന്ന തുക ഇരട്ടിയാക്കേണ്ടിവരും.
ഒരു കോടി രൂപ വലിയ തുകയാണ്. പക്ഷേ, അച്ചടക്കവും ക്ഷമയും ഉണ്ടെങ്കില്‍ അധ്വാനവും ക്ഷമയും കൊണ്ട് അവിടെ എത്താനാകും. ഇന്നത്തെ കാലത്ത് ആര്‍ക്കും നേടിയെടുക്കാവുന്ന ഒരു സാമ്പത്തിക ലക്ഷ്യം തന്നെയാണ് ഒരു കോടി രൂപ എന്നത്. നിക്ഷേപം നടത്താന്‍ ശരിയായ സമയത്തിനായും കൂടുതല്‍ വരുമാനത്തിനായും കാത്തുനില്‍ക്കരുത്. ഇപ്പോള്‍ തന്നെ അതിനുള്ള ശ്രമമാരംഭിക്കുക.
നിക്ഷേപം ആരംഭിക്കുന്നതിന് നിങ്ങള്‍ ധനികനായിരിക്കണമെന്നില്ല, പക്ഷേ ധനികനാകണമെങ്കില്‍ നിങ്ങള്‍ നിക്ഷേപം നടത്തണം.


