ബിസിനസ് മേഖലയില്‍ കമ്പനികള്‍ പേര് മാറ്റുന്നതും സൗകര്യപ്രദമായ പേരുകള്‍ ഉപയോഗിക്കുന്നതുമെല്ലാം സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ ഒരു ചെറിയ പേരുമാറ്റം ഒരു കമ്പനിയെ തന്നെ തകര്‍ച്ചയുടെ വക്കലെത്തിച്ചിരിക്കുന്നു. ഇന്ത്യന്‍ ബിയര്‍ ബ്രാന്‍ഡായ ‘ബിറ 91’ ആണ് ഇത്തരമൊരു പ്രതിസന്ധിയില്‍ പെട്ടിരിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തിലെ കണക്ക് പുറത്തുവന്നപ്പോള്‍ 1904 കോടി രൂപ നഷ്ടത്തിലേക്കാണ് ബി9 ബവ്റിജസ് എന്ന കമ്പനി വീണിരിക്കുന്നത്. കമ്പനിയുടെ ബാധ്യതകള്‍ 619 കോടി രൂപയിലേക്കും ഉയര്‍ന്നിരിക്കുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 824 കോടി രൂപ വരുമാനം നേടിയ കമ്പനി 2024 ല്‍ 638 കോടി രൂപ വരുമാനത്തിലേക്ക് ചുരുങ്ങി. പ്രതിസന്ധി രൂക്ഷമായതോടെ കമ്പനി സ്ഥാപകനായ അങ്കൂര്‍ ജയിനിനെ പുറത്താക്കാനുള്ള നീക്കവും സജീവമാണ്.
ലാഭത്തിലോടിക്കൊണ്ടിരുന്ന, ബിസിനസ് ഗണ്യമായി വളര്‍ത്തിക്കൊണ്ടിരുന്ന ഒരു കമ്പനി പെട്ടെന്ന് ഇത്തരത്തിലൊരു നഷ്ടത്തിലേക്ക് വീഴാനുള്ള കാരണം ഒരു കോര്‍പ്പറേറ്റ് മണ്ടത്തരമാണ്. 2023 ല്‍ ഒരു ഐപിഒ കൊണ്ടുവരാന്‍ ബി9 ബവ്റിജസ് എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. ഇതിന് മുന്നോടിയായി ബി9 ബവ്റിജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലെ പ്രൈവറ്റ് എന്ന ഭാഗം ഒഴിവാക്കി. സാങ്കേതികമായി ഒരു ചെറിയ മാറ്റം. 2024 ജനുവരിയില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി), ബി9 ബവ്റിജസ് ലിമിറ്റഡ് എന്ന പേരിലേക്കുള്ള കമ്പനിയുടെ മാറ്റം അംഗീകരിച്ചു.
ഈ തീരുമാനം നടപ്പാക്കുമ്പോഴും പഴയ പേരുള്‍പ്പെടുത്തിയ ലേബല്‍ പതിച്ച ലക്ഷക്കണക്കിന് ബിയര്‍ കേസുകള്‍ കമ്പനിയുടെ വെയര്ഹൗസുകളിലുണ്ടായിരുന്നു. പാക്കേജിംഗിലും ലേബലുകളിലും ലൈസന്‍സിലുമെല്ലാം പഴയ പേര്. ഇവിടെയാണ് അപ്രതീക്ഷിത തിരിച്ചടിയേറ്റത്. പുതിയ പേരിന്റെ അടിസ്ഥാനത്തില്‍ കമ്പനിയെ പുതിയ ഒരു കമ്പനിയായി പരിഗണിച്ച് നിരവധി സംസ്ഥാനങ്ങള്‍ ബിറ 91 ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു. പുതിയതായി സര്‍ക്കാര്‍ അംഗീകാരവും ലൈസന്‍സും ലേബല്‍ അനുമതിയും പ്രൊഡക്റ്റ് രജിസ്ട്രേഷനും നേടാന്‍ കമ്പനിയോട് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഇതോടെ വിതരണവും വില്‍പ്പനയും പൂര്‍ണമായും തടസപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വെയര്‍ഹൗസുകളില്‍ കെട്ടിക്കിടപ്പായി. ഉല്‍പ്പാദനവും നിലച്ചു. ഇന്‍ഡസ്ട്രി കണക്കനുസരിച്ച് 80 കോടി രൂപയുടെ ബിയറാണ് കമ്പനിക്ക് വില്‍ക്കാനാവാതെ പോയത്.
2024 ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ ബിറ 91 ന്റെ വില്‍പ്പന 25% ഇടിഞ്ഞു. 2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 748 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. വരുമാനം വെറും 638 കോടി രൂപയിലേക്ക് വീണു. പടിപടിയായി ബി9 ബവ്റിജസ് എല്ലാ അനുമതികളും ലൈസന്‍സും പുതിയതായി നേടിയെടുത്തു. 2025 ന്റെ തുടക്കത്തില്‍ ബിയര്‍ ഉല്‍പ്പാദനം പുനരാരംഭിച്ചു. എന്നിരുന്നാലും പടിപടിയായി നേടിയെടുത്ത ‘ബ്രാന്‍ഡ് മൊമന്റം’ അപ്പോഴേക്കും നഷ്ടമായിരുന്നു. 2023 ല്‍ പദ്ധതിയിട്ട ഐപിഒയും മരവിപ്പിക്കപ്പെട്ടു.
കംപ്യൂട്ടര്‍ എന്‍ജിനീയര്‍ തുടങ്ങിയ ബിയര്‍ ബ്രാന്‍ഡ്
2015 ലാണ് ഹെല്‍ത്ത്കെയര്‍ ടെക് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കംപ്യൂട്ടര്‍ എന്‍ജിനീയറായ അങ്കുര്‍ ജയിന്, ബിറ 91 എന്ന പേരില്‍ ഒരു ക്രാഫ്റ്റ് ബിയര്‍ ബ്രാന്‍ഡ് ആരംഭിക്കുന്നത്. ചെറുകിട ബ്രൂവറികള്‍ ഫ്ളേവറിനും വ്യത്യസ്തതക്കും വളരെ നൂതനമായ ബ്രൂവിംഗ് മാര്‍ഗങ്ങളുമുപയോഗിച്ച് തയാറാക്കുന്ന ബിയറുകളാണ് ക്രാഫ്റ്റ് ബിയറുകള്. വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന ബിയറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്ളേവറുകളും മറ്റും ഇവയെ വ്യത്യസ്തമാക്കി നിര്‍ത്തുന്നു. സെറീന ബവ്റിജസ് എന്ന പേരില്‍ ഒരു കമ്പനിയിലൂടെ യൂറോപ്പില്‍ നിന്നും യുഎസില്‍ നിന്നും ക്രാഫ്റ്റ് ബിയറുകള് ഇറക്കുമതി ചെയ്യുന്ന ഒരു ബിസിനസ് അങ്കുറിനുണ്ടായിരുന്നു. ക്രാഫ്റ്റ് ബിയറുകളുടെ സാധ്യത ഇതിലൂടെ തിരിച്ചറിഞ്ഞാണ് സ്വന്തമായി ഒരു ഇന്ത്യന്‍ ക്രാഫ്റ്റ് ബിയര്‍ ബ്രാന്‍ഡ് എന്ന ആശയത്തിലേക്ക് അദ്ദേഹം എത്തിയത്.
തുടക്കത്തില്‍ ബെല്‍ജിയത്തില്‍ ബിറ 91 ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയിലേക്കെത്തിക്കുകാണ് കമ്പനി ചെയ്തത്. ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന വിലാസം ലഭിക്കാന്‍ വൈകാതെ ബിയര്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റി. പേരിലെ ’91’ ഇന്ത്യയുടെ കണ്ട്രി കോഡാണ്. യുവജനതയെ കേന്ദ്രീകരിച്ചാണ് നൂതനമായ ഫ്ളേവേഡ് ബിയറുകള് ബി9 ബവ്റിജസ് മാര്‍ക്കറ്റ് ചെയ്തത്. ഇതിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.
ഉള്ളിലെ കുരങ്ങന്മാര്
കുരങ്ങന്മാരെ വെച്ചാണ് ബിറ 91 ന്റെ ബ്രാന്‍ഡ് ഐഡന്റിറ്റി, അങ്കുര്‍ തയാറാക്കിയത്. ഓരോരുത്തരുടെയും ഉള്ളിലെ കുസൃതിക്കുരങ്ങന്മാരെ പുറത്തെത്തിക്കാമെന്നാണ് ബിറ വാഗ്ദാനം ചെയ്യുന്നത്.
നിക്ഷേപകര്‍
മികച്ച ചില നിക്ഷേപകരെയും ഇതിനിടെ കമ്പനിക്ക് ആകര്‍ഷിക്കാന്‍ സാധിച്ചു. ജപ്പാനിലെ കിരിന്‍ ഹോള്‍ഡിംഗ്സും പീക്ക് എക്സ്പി പാര്‍ട്ട്ണേഴ്സും (മുന്‍പ് സെക്കിയ കാപ്പിറ്റല്‍) ബെല്‍ജിയത്തിലെ സൊഫിനയും ഗണ്യമായ നിക്ഷേപം നടത്തി. ഇത് കമ്പനിയുടെ മുന്നേറ്റത്തിന് കരുത്തും നല്കി. പ്രസിദ്ധമായ ജാപ്പനീസ് ബിയറായ കിരിന്‍ ഇച്ചിബാന് ബിയര്‍, ബി9 ബവ്റിജസിലൂടെ കിരിന്‍ ഹോള്‍ഡിംഗ്സ് ഇന്ത്യയില്‍ മാര്‍ക്കറ്റ് ചെയ്തു. അനികട്ട് കാപ്പിറ്റലാണ് മറ്റൊരു പ്രധാന നിക്ഷേപകര്‍.
ചുവപ്പുനാടക്കുരുക്ക്
കോര്‍പ്പറേറ്റ് തലത്തിലെ ഒരു ചെറിയ പിഴവ്, നന്നായി പോവുകയായിരുന്ന ഒരു ബ്രാന്‍ഡിന്റെ അന്ത്യം കുറിച്ചേക്കാവുന്ന അനിശ്ചിതാവസ്ഥകളിലേക്ക് പോയതിന് സ്ഥാപകനായ അങ്കുര്‍ ജയിനിനെ പഴി ചാരാനാവില്ല. സര്‍ക്കാര്‍ തലത്തില്‍ നിലനില്‍ക്കുന്ന സാങ്കേതികതകളും റെഡ് ടേപ്പിസവുമാണ് ബിറയെ ഈ സ്ഥിതിയിലേക്കെത്തിക്കാന്‍ മുഖ്യ പങ്ക് വഹിച്ചത്. പരിഹരിക്കാവുന്ന ഒരു സാങ്കേതിക പ്രശ്നം വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഇടപെട്ട് സങ്കീര്‍ണമാക്കി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന് എല്ലാവരും സംസാരിക്കുമ്പോഴും ചുവപ്പുനാടക്കുരുക്കുകള്‍ ഇപ്പോഴും അവശേഷിക്കുന്നു.
അങ്കുര്‍ പ്രശ്നത്തില്‍
നിലവില്‍ അങ്കുര്‍ ജയിനിന്റെ സാഹചര്യം അത്ര മെച്ചമല്ല. ഏകദേശം 17 ശതമാനം ഓഹരിയുടമസ്ഥാവകാശമുള്ള അദ്ദേഹം കമ്പനിയുടെ ചുമതലകളില്‍ നിന്ന് പുറത്താവാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. ശമ്പളം കൃത്യമായി ലഭിച്ചില്ലെന്ന് 600 ഓളം വരുന്ന ജീവനക്കാര്‍ നിക്ഷേപകരോട് പരാതിപ്പെട്ടിരിക്കുന്നു. ഏകദേശം 50 കോടിയോളം രൂപ വരും ശമ്പളക്കുടിശിക. കമ്പനി നടത്തിപ്പിലെ പിഴവാണ് ജയിന്റെ മേല്‍ ആരോപിക്കപ്പെടുന്നത്. ഏതായാലും അങ്കുര്‍ ജയിനിന് പകരക്കാരനെ കണ്ടെത്താന്‍ നിക്ഷേപകര്‍ ആലോചന തുടങ്ങിക്കഴിഞ്ഞു.
കൂടുതല്‍ നിക്ഷേപം
പ്രതിസന്ധികള്‍ക്കിടെ കൂടുതല്‍ നിക്ഷേപം കമ്പനിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളും സജീവമാണ്. 1100 കോടി രൂപ സമാഹരിക്കാനാണ് ബിറ ലക്ഷ്യമിടുന്നത്. ആഗോള നിക്ഷേപക ഗ്രൂപ്പായ ജിഇഎം (ഗ്ലോബല്‍ എമേര്‍ജിംഗ് മാര്‍ക്കറ്റ്സ്) ഒരു പ്രധാന നിക്ഷേപകരമായി വന്നേക്കാം. ശമ്പളക്കുടിശികയും വെണ്ടര്‍മാര്‍ക്ക് നല്‍കാനുള്ള കുടിശികയും കൊടുത്തുതീര്‍ക്കാനും ഉല്‍പ്പാദനം പൂര്‍ണതോതില്‍ പുനരാരംഭിക്കാനും കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വിതരണം വര്‍ധിപ്പിക്കാനും ഈ ഫണ്ട് ഉപയോഗിക്കും.
ഹരിയാനയടക്കം നേരത്തെ മികച്ച സാന്നിധ്യമുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും ഇപ്പോഴും കമ്പനിക്ക് ലൈസന്‍സ് ലഭിച്ചിട്ടില്ല. ഇത്തരം നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൂടുതല്‍ പ്രദേശങ്ങളിലേക്ക് സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പുതിയ ഫണ്ടിംഗും ഒരുപക്ഷേ പുതിയ നേതൃത്വവും കമ്പനിക്ക് ഗുണകരമായേക്കും.
ഡിയാജിയോയുടെ വഴി
2012 ല്‍ വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സിനെ ഏറ്റെടുത്ത ശേഷം ബ്രിട്ടീഷ് ബവ്റിജസ് കമ്പനിയായ ഡിയാജിയോ സ്വീകരിച്ച തന്ത്രങ്ങള്‍ വാസ്തവത്തില്‍ ബിറ 91 ന് വഴികാട്ടിയാവേണ്ടതായിരുന്നു. 140 ല്‍ ഏറെ ബ്രാന്‍ഡുകളാണ് യുണൈറ്റഡ് സ്പിരിറ്റ്സിന് കീഴില്‍ ഉണ്ടായിരുന്നത്. യുണൈറ്റഡ് സ്പിരിറ്റ്സിന്റെ 54% ഓഹരികള്‍ സ്വന്തമാക്കിയതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മദ്യക്കമ്പനിയായി ഡിയാജിയോ മാറി. എന്നാല്‍ യുണൈറ്റഡ് സ്പിരിറ്റ്സ് എന്ന പേരും ലൈസന്ഡസും മറ്റും നിലനിര്‍ത്തുകയും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടി ഇതിന് കീഴേക്ക് കൊണ്ടുവരികയും ചെയ്യുകയാണ് ബ്രിട്ടീഷ് കമ്പനി ചെയ്തത്. ഡിയാജിയോ ഇന്ത്യ ലിമിറ്റഡ് എന്ന് പേര് മാറ്റാമെന്ന നിര്‍ദേശം വന്നെങ്കിലും കമ്പനി സിഇഒ ഹിന നടരാജന് അതിന് വഴങ്ങിയില്ല. വലിയ പ്രശ്നങ്ങളാണ് ഇതിലൂടെ ഒഴിവായതെന്ന് ഇന്ന് ബിറ 91 അകപ്പെട്ട പ്രതിസന്ധി കാണുമ്പോള്‍ വ്യക്തമാകും.


