കൊച്ചി: പ്രമുഖ വെയര്‍ഹൗസ് ആന്‍ഡ് ലോജിസ്റ്റിക്സ് കമ്പനിയായ അവിഗ്ന 150 കോടിയുടെ നിക്ഷേപവുമായി കേരളത്തിലേക്ക്. അങ്കമാലി പുളിയനത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ലോജിസ്റ്റിക് പാര്‍ക്കിന്റെ ഉദ്ഘാടനം നവംബര്‍ മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയുടെ കേരളത്തിലെ ആദ്യ പാര്‍ക്കാണ് അങ്കമാലിയിലേത്. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ഈ പദ്ധതിയിലൂടെ 1500 പേര്‍ക്ക് പ്രത്യക്ഷമായും 250-ലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിച്ചേക്കും.
21.35 ഏക്കറില്‍ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടകം ആമസോണ്‍, ഡിപി വേള്‍ഡ്, ഫ്ളിപ്കാര്‍ട്ട്, റെക്കിറ്റ്, സോണി, ഫ്ളൈജാക്ക് തുടങ്ങിയ ആഗോള വന്‍കിട കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിക്ക് തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ ഉണ്ട്. ഹൊസൂറിലെ 200 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 6 ദശലക്ഷം (60 ലക്ഷം) ചതുരശ്രയടി വിസ്തൃതിയിലുള്ള പാര്‍ക്കാണ് അവിഗ്നയുടെ രാജ്യത്തെ ഏറ്റവും വലിയ പദ്ധതി. 50 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള അവിഗ്ന ഗ്രൂപ്പിന് ടെക്സ്റ്റൈല്‍സ്, വിദ്യാഭ്യാസം, റിയല്‍എസ്റ്റേറ്റ് എന്നീ മേഖലകളിലും പങ്കാളിത്തമുണ്ട്.


