ഒരു വര്‍ഷക്കാലമായി നിക്ഷേപകരെ മാനസികമായും സാമ്പത്തികമായും തളര്‍ത്തിയ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശുഭസൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളില്‍ കഴിഞ്ഞയാഴ്ച മര്യാദ തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാവുമെന്നും ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അധിക താരിഫുകള്‍ അധികം വൈകാതെ പിന്‍വലിക്കപ്പെടുമെന്നുമുള്ള ശുഭാത്മകമായ ആത്മവിശ്വാസം ദലാള്‍ സ്ട്രീറ്റിലേക്ക് തിരികെയെത്തിയിട്ടുണ്ട്.
അധിക താരിഫുകള്‍ക്കുള്ള മറുപടിയെന്നവണ്ണം കൊണ്ടുവന്ന ജിഎസ്ടി നിരക്കിളവ് മികച്ച രീതിയില്‍ വിപണിയെ ഉത്തേജിപ്പിച്ചിട്ടുണ്ട്. വാഹന മേഖലയിലടക്കം ശക്തമായ ഉപഭോക്തൃ വികാരം പ്രകടമാണ്. സെപ്റ്റംബര്‍ പാദ ഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ വിപണി കൂടുതല്‍ ഉഷാറായി. ഇതിനൊപ്പമാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് നല്ല സൂചനയായി, ഒക്ടോബറില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്) തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. മൂന്ന് മാസത്തേക്ക് അറ്റ വില്‍പ്പനക്കാരായി തുടര്‍ന്നതിന് ശേഷം എഫ്പിഐകള് 1.65 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ ഓഹരികള്‍ കഴിഞ്ഞമാസം വാങ്ങി.
യഥാര്‍ത്ഥ മൂല്യം
ഇന്ത്യന്‍ ഓഹരി വിപണികളിലെ ഓവര്‍ വാല്യുവേഷന് കുറെക്കാലമായി നിക്ഷേപകരെ ആശങ്കയിലാക്കുന്ന ഒരു ഘടകമാണ്. ഇന്ത്യയിലെ ഓഹരികള്‍ വിറ്റ് വാല്യുവേഷന് കുറഞ്ഞ ചൈനീസ് ഓഹരികള്‍ വാങ്ങാനുള്ള ‘സെല്‍ ഇന്ത്യ, ബൈ ചൈന’ തന്ത്രവും ഇതിനിടെ എഫ്പിഐകള് അനുവര്‍ത്തിച്ചു. എന്നാല്‍ ഒരു വര്‍ഷത്തിലേറെക്കാലം നീണ്ടുനിന്ന കറക്ഷന് ശേഷം പല ഓഹരികളും ഇപ്പോള്‍ മികച്ചതും യാഥാര്‍ത്ഥ്യത്തിനോട് അടുത്തതുമായ മൂല്യത്തില്‍ ലഭ്യമാണ്. എഫ്പിഐകളുടെ താല്‍പ്പര്യം വര്‍ധിക്കാന്‍ ഇത് ഒരു പ്രധാന കാരണമാണ്.
ജിഡിപി വളര്‍ച്ചാ പ്രവചനം
ഇന്ത്യയ്ക്ക് മേല്‍ യുഎസ് പ്രഖ്യാപിച്ച ഉയര്‍ന്ന താരിഫുകള്‍ ഇന്ത്യന്‍ ജിഡിപി വളര്‍ച്ചയെ കാര്യമായി ബാധിക്കില്ലെന്ന് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും വിദഗ്ധരും ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.6% ആയി ഉയര്‍ത്തുകയാണ് ചെയ്തത്. ഇന്ത്യ 6.4% വളര്‍ച്ചാ വേഗതയാണ് 2025-26 ല്‍ കൈവരിക്കുകയെന്നായിരുന്നു ഐഎംഎഫിന്റെ മുന്‍ പ്രവചനം. ശക്തമായ സമ്പദ്വ്യവസ്ഥയുടെ സ്വാധീനം, സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് വരുമാനത്തില്‍ ദൃശ്യമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇത് എഫ്പിഐകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
ജിഎസ്ടി ഉത്തേജനം
ജിഎസ്ടി നിരക്ക് പരിഷ്കരണം ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുന്ന ഒരു പ്രധാന ഘടകമാണെന്ന് ഇക്വിനോമിക്സ് റിസര്‍ച്ചിന്റെ സ്ഥാപകനായ ജി ചൊക്കലിംഗം ചൂണ്ടിക്കാട്ടുന്നു. വാഹന വിപണിയിലെ വില്‍പ്പന കണക്കുകളില്‍ ഇത് ദൃശ്യമാണ്. ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് (ടിഎംപിവി) 74,705 യൂണിറ്റുകളും മഹീന്ദ്ര 66,800 യൂണിറ്റുകളും ഹ്യുണ്ടായ് 65,045 യൂണിറ്റുകളും ഒക്ടോബറില്‍ വിറ്റഴിച്ചു. സെപ്റ്റംബറിലേതിനേക്കാള്‍ മികച്ച പുരോഗതിയാണ് വാഹന വില്‍പ്പനയിലുണ്ടായിരിക്കുന്നത്. ടാറ്റ മോട്ടോഴ്സ് 41,151 യൂണിറ്റുകളും മഹീന്ദ്ര 37,659 യൂണിറ്റുകളും ഹ്യുണ്ടായ് 35,812 യൂണിറ്റുകളുമാണ് സെപ്റ്റംബറില്‍ വിറ്റഴിച്ചിരുന്നത്.
‘ജിഎസ്ടി നിരക്ക് കുറയ്ക്കലുകളും മൊത്തത്തിലുള്ള വില്‍പ്പനയിലെ വര്‍ധനവും കോര്‍പ്പറേറ്റ് വരുമാനം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ കോര്‍പ്പറേറ്റ് വരുമാനത്തില്‍ ഈ പോസിറ്റീവ് സ്വാധീനം കാണാന്‍ തുടങ്ങണം. എണ്ണവിലയിലെ ഇടിവും ഈ പുരോഗതിയെ പിന്തുണയ്ക്കും,’ ചൊക്കലിംഗം പറയുന്നു.
വരണം വ്യാപാര കരാര്‍
50% താരിഫാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ട്രംപ് ഇന്ത്യക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ‘താരിഫുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങള്‍ ലഘൂകരിക്കപ്പെടുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. യുഎസും ചൈനയും തമ്മിലുള്ള വരാനിരിക്കുന്ന വ്യാപാര കരാറിന്റെ പോസിറ്റീവ് സൂചനകളുടെ പിന്തുണയോടെ, ഇത് മറ്റൊരു വലിയ പ്രേരണയാണ്,’ റെലിഗെയര്‍ ബ്രോക്കിംഗിലെ ഗവേഷണ വിഭാഗം സീനിയര്‍ വൈവ്സ പ്രസിഡന്റ് അജിത് മിശ്ര പറയുന്നു. എന്നിരുന്നാലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചാഞ്ചാട്ട സ്വഭാവം കണക്കിലെടുക്കുമ്പോള്‍, അന്തിമഫലം അനിശ്ചിതത്വത്തിലാണ്. കരാര്‍ മികച്ച രീതിയില്‍ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ അത് ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുകയും വീണ്ടും എഫ്പിഐകള് ഇന്ത്യന്‍ ഓഹരികളില്‍ വന്‍ വിറ്റഴിക്കല്‍ നടത്തിയേക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ-ചൈന മല്‍സരം
ഇന്ത്യയും ചൈനയും വളര്‍ന്നുവരുന്ന വലിയ വിപണികളില്‍ രണ്ട് പ്രധാന കളിക്കാരായി തുടരുന്നു. രണ്ടു രാജ്യങ്ങളും വിദേശ നിക്ഷേപത്തിനായി മത്സരിക്കുന്നു. ചൈനയും യുഎസും തമ്മിലുള്ള സാധ്യമായ വ്യാപാര കരാര്‍ ഇന്ത്യയിലേക്കുള്ള ഒഴുക്കിനെ ബാധിക്കുമെന്ന് നിക്ഷേപകര്‍ ആശങ്കപ്പെടുന്നുണ്ടെങ്കിലും, വിശകലന വിദഗ്ധര്‍ ഈ സിദ്ധാന്തത്തിന് വലിയ വില കല്‍പ്പിക്കുന്നില്ല.
ഇന്ത്യ ഇപ്പോഴും വളര്‍ന്നുവരുന്ന ഒരു വിപണിയാണെന്നും, ചൈനയടക്കം മറ്റ് വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എഫ്പിഐകളുടെ സാന്നിധ്യം താരതമ്യേന ചെറുതാണെന്നും അജിത് മിശ്ര വിശദീകരിച്ചു. ‘ചൈന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കില്, അത് ഇന്ത്യയിലേക്കുള്ള എഫ്പിഐ ഒഴുക്കിനെ കാര്യമായി ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. നിക്ഷേപകര്‍ പരിഗണിക്കുന്ന പ്രധാന ഘടകങ്ങള്‍ മൂല്യനിര്‍ണ്ണയങ്ങളും വരുമാനവുമാണ്. ആ ആശങ്കകള്‍ ലഘൂകരിക്കുകയാണെങ്കില്‍ – അതായത് വരുമാന വളര്‍ച്ച വേണ്ടത്ര ശക്തമാണെങ്കില്‍ – ഇന്ത്യ ആകര്‍ഷകമായി തുടരും,’ അദ്ദേഹം അഭിപ്രായപ്പെട്ടു.
എഫ്പിഐ വാങ്ങല്‍ തുടരുമോ?
ഒക്ടോബറിലെ എഫ്പിഐ വാങ്ങല്‍ വിപണിയില്‍ ബുള്ളിഷ് വികാരം ജനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് നവംബറിലേക്കും തുടരുമോയെന്നത് കണ്ടറിയണം. 2024 നവംബറില്‍ 21,612 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് എഫ്പിഐകള് നടത്തിയത്. ഡിസംബറില്‍ 15446 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയെങ്കിലും ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എഫ്ഐഐ വിറ്റൊഴിയലാണ് 2025 ജനുവരിയിലുണ്ടായത്. 78027 കോടി രൂപയുടെ പിന്‍വലിക്കലാണ് ഒരു മാസത്തിനിടെ എഫ്ഐഐകള്‍ നടത്തിയത്. 2025 സെപ്റ്റംബര്‍ പാദത്തിന്റെ മൂന്ന് മാസങ്ങളിലും കൂടി സമാനമായി 78000 കോടി രൂപയുടെ അറ്റ വില്‍പ്പനയും എഫ്പിഐകള് നടത്തി. ഇന്ത്യന്‍ വിപണിയില്‍ മികച്ച അവസരത്തിനായി വിദേശ നിക്ഷേപകര്‍ കാത്തിരിക്കുന്നു എന്ന് ഇതിലൂടെ അനുമാനിക്കാം.
സ്ഥിരമായ വരുമാന വളര്‍ച്ച, മാക്രോ സ്ഥിരത, പോസിറ്റീവ് ആഗോള അന്തരീക്ഷം തുടങ്ങിയ ഘടകങ്ങള്‍ പ്രധാനമാണ്. വലിയ പന്തയങ്ങള്‍ നടത്തുന്നതിന് മുമ്പ് എഫ്പിഐകള് ആഗോള അപകടസാധ്യതകള്‍, പലിശ നിരക്ക് പ്രവണതകള്‍, ഇന്ത്യയുടെ നയപരമായ ദിശ എന്നിവയെക്കുറിച്ച് പരിശോധിക്കുമെന്നുറപ്പാണ്.
സൂചികകളില്‍ അനക്കം
എഫ്പിഐകളുടെ മടക്ക സൂചനക്കിടെ ഇന്ത്യന്‍ സൂചികകള്‍ ഏഴ് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിമാസ നേട്ടം ഒക്ടോബറില്‍ രേഖപ്പെടുത്തി. ബിഎസ്ഇ സെന്‍സെക്സ് 465.75 പോയിന്റ് അഥവാ 0.55% താഴ്ന്ന് 83,938.71 ലാണ് ഒക്ടോബര്‍ മാസത്തിന്റെ അവസാന വ്യാപാര ദിനം ക്ലോസ് ചെയ്തത്. എന്‍എസ്ഇ നിഫ്റ്റി 155.75 പോയിന്റ് അഥവാ 0.60% കുറഞ്ഞ് 25,722.10 ല്‍ വ്യാപാരം അവസാനിപ്പിച്ചു. മാസാവസാനം വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു, പ്രത്യേകിച്ച് മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളില്‍.
നിഫ്റ്റി 50 സൂചിക 25,700 മുതല്‍ 26,100 വരെയുള്ള ശ്രേണിയില്‍ പിടിച്ചുനില്‍ക്കുന്നുണ്ടെന്നും ഒരു റേഞ്ചിനുള്ളിലാണ് വ്യാപാരം നടക്കുന്നതെന്നും ചോയ്സ് ബ്രോക്കിംഗിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമിത് ബഗാഡിയ പറഞ്ഞു. ഈ ശ്രേണിയുടെ ഇരുവശങ്ങളുടെയും പരിധികള്‍ ബ്രേക്ക് ചെയ്താല്‍ ബുള്ളിഷ് അല്ലെങ്കില്‍ ബെയറിഷ് പ്രവണത അനുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പശ്ചാത്തലത്തില്‍ മികച്ച ഓഹരികള്‍ക്ക് പ്രാധാന്യം നല്കുന്ന സമീപനം നിലനിര്‍ത്താനും സാങ്കേതിക ചാര്‍ട്ടില്‍ ശക്തമായി കാണപ്പെടുന്ന ഓഹരികള്‍ നോക്കാനും ബഗാഡിയ നിക്ഷേപകരെ ഉപദേശിക്കുന്നു. ‘ബ്രേക്ക്ഔട്ട് സ്റ്റോക്കുകള്‍ നോക്കുന്നത് ഒരു നല്ല ഓപ്ഷനായിരിക്കും,’ എന്ന് അദ്ദേഹം പറയുന്നു. നവംബര്‍ ആദ്യവാരം വാങ്ങാന്‍ ഇത്തരത്തിലുള്ള മൂന്ന് മികച്ച ഓഹരികള്‍ അദ്ദേഹം ശുപാര്‍ശ ചെയ്യുന്നുണ്ട്. അടുത്തിടെ ബ്രേക്ക്ഔട്ട് ഉണ്ടായ ശ്രീറാം ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്സ് (ബിഇഎല്‍), കാനറ ബാങ്ക് എന്നീ മൂന്ന് ഓഹരികളാണ് സുമിത് ശുപാര്‍ശ ചെയ്യുന്നത്.
ശ്രീറാം ഫിനാന്‍സ്
വാങ്ങല്‍ വില: 748.90 | ലക്ഷ്യ വില: 825 രൂപ | സ്റ്റോപ്പ് ലോസ്: 705 രൂപ
ശ്രീറാം ഫിനാന്‍സ് നിലവില്‍ 748.90 എന്ന നിരക്കിലാണുള്ളത്. 100 പോയന്റിലേറെ മുന്നേറ്റമാണ് ഒരു മാസം കൊണ്ട് ഓഹരിയിലുണ്ടായിരിക്കുന്നത്. ആഴ്ച ചാര്‍ട്ടില്‍ ട്രയാംഗിള്‍ പാറ്റേണിന്റെ നിര്‍ണായകമായ ബ്രേക്ക് ഔട്ട് ദൃശ്യമാണ്. ഇത് ട്രെന്‍ഡിന്റെ തുടര്‍ച്ചയെ സൂചിപ്പിക്കുന്നു. ശക്തമായ ബുള്ളിഷ് ആവേഗവും സുസ്ഥിരമായ അപ്ട്രെന്ഡും പ്രതിഫലിപ്പിക്കുന്ന സ്റ്റോക്ക് അതിന്റെ പ്രധാന എക്സ്പോണന്‍ഷ്യല്‍ മൂവിംഗ് ആവറേജുകള്ക്കെല്ലാം (20, 50, 200 ഇഎംഎ) മുകളിലാണ് വ്യാപാരം നടത്തുന്നത്.
750 ന്റെ സമീപം വില സ്ഥിരത ഉയര്‍ന്ന നിലകളിലേക്ക് കൂടുതല്‍ മുന്നേറ്റം സാധ്യമാകും. 705 ന് സമീപം ശക്തമായ പിന്തുണ ഓഹരിക്കുണ്ട്. 825 രൂപ എന്ന ലക്ഷ്യത്തിന് 705 രൂപ സ്റ്റോപ്പ് ലോസോടെ നിലവിലെ നിരക്കില്‍ ഓഹരികള്‍ വാങ്ങാനാണ് സുമിതിന്റെ ശുപാര്‍ശ.
ഭാരത് ഇലക്ട്രോണിക്സ്
വാങ്ങല്‍ വില: 426.10 | ലക്ഷ്യ വില: 465 രൂപ | സ്റ്റോപ്പ് ലോസ്: 405 രൂപ
പ്രതിരോധ രംഗത്തെ ഓള്‍റൗണ്ടര്‍ കമ്പനിയായ ബിഇഎല്‍ നിലവില്‍ 426.10 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഡേ ചാര്‍ട്ടില്‍ ശക്തമായ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെടുത്തിയതിന് ശേഷം കരുത്തിന്റെ ലക്ഷണങ്ങള്‍ ഓഹരി കാണിക്കുന്നുണ്ട്. ഇടയ്ക്ക് ഒന്ന് ഇടിഞ്ഞെങ്കിലും ശക്തമായ തിരിച്ചുവരവാണ് ചാര്‍ട്ടില്‍ ഓഹരി നടത്തിയിരിക്കുന്നത്.
430-435 ലെവലില്‍ ശക്തമായ ഒരു റെസിസ്റ്റന്‍സ് ദൃശ്യമാണ്. ഈ ലെവല്‍ ഭേദിക്കുകയും അതിന് മുകളില്‍ സ്റ്റേബിള്‍ ആവുകയും ചെയ്താല്‍ വിലയില്‍ കൂടുതല്‍ കുതിപ്പുണ്ടാകും. സ്റ്റോക്ക് പ്രധാന മൂവിംഗ് ശരാശരികള്‍ക്ക് (20, 100 ദിവസത്തെ ഇഎംഎകള്‍ക്ക്) മുകളിലാണ് വ്യാപാരം നടത്തുന്നത്. ഇത് ട്രെന്‍ഡ് തുടര്‍ച്ചയെ സൂചിപ്പിക്കുന്നു. ആര്‍എസ്ഐ 65.89 ലാണ്. ഇതും ബുള്ളിഷ് മൊമന്റത്തെ സൂചിപ്പിക്കുന്നു. 405 രൂപയില്‍ സ്റ്റോപ്പ് ലോസ് നിലനിര്‍ത്തിക്കൊണ്ട് ഇപ്പോള്‍ ഓഹരി വാങ്ങാനാണ് സുമതി നിര്‍ദേശിക്കുന്നത്. ലക്ഷ്യവില 465 രൂപയാണ്.
കാനറ ബാങ്ക്
വാങ്ങല്‍ വില: 136.99 രൂപ| ലക്ഷ്യ വില: 152 രൂപ | സ്റ്റോപ്പ് ലോസ്: 129 രൂപ
ശക്തമായ ബ്രേക്ക് ഔട്ടിന് ശേഷം നിലവില്‍ 136.99 എന്ന വിലയിലാണ് കാനറ ബാങ്ക് വ്യാപാരം ചെയ്യുന്നത്. ദൈനംദിന ചാര്‍ട്ടില്‍ ഹയര്‍-ഹൈ ഹയര്‍-ലോ പാറ്റേണ്‍ രൂപീകരിക്കുന്നത് തുടരുന്നു. ഇത് സുസ്ഥിരമായ ശക്തിയും പോസിറ്റീവ് മൊമെന്റവും സൂചിപ്പിക്കുന്നു. അടുത്തിടെയാണ് കണ്സോളിഡേഷന് ഘട്ടത്തില്‍ നിന്ന് ഓഹരി ബ്രേക്ക് ഔട്ട് നല്‍കിയത്. ഏകദേശം 125 ലെവലിലായിരുന്നു ഈ ബ്രേക്ക് ഔട്ട്. ഈ ബ്രേക്ക്ഔട്ട് ബുള്ളിഷ് വികാരത്തെയും കൂടുതല്‍ ഉയര്‍ച്ചയ്ക്കുള്ള സാധ്യതയെയും എടുത്തുകാണിക്കുന്നു.
ഓഹരി അതിന്റെ പ്രധാന മൂവിംഗ് ആവറേജുകളായ 20, 50, 200 ദിവസ ഇഎംഎകള്‍ക്ക് മുകളില്‍ വ്യാപാരം നടത്തുന്നു. ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല ട്രെന്‍ഡുകളെല്ലാം പോസിറ്റീവാണ്. ആര്‍എസ്ഐയും ബുള്ളിഷ് വികാരത്തെ പിന്തുണക്കുന്നു. ശരിയായ റിസ്ക് മാനേജ്മെന്റ് നിലനിര്‍ത്തിക്കൊണ്ട്, 129 രൂപ സ്റ്റോപ്പ് ലോസും 152 ലക്ഷ്യവുമിട്ട് ഇപ്പോഴത്തെ നിയില്‍ ഓഹരി വാങ്ങാനാണ് സുമിത് ശുപാര്‍ശ ചെയ്യുന്നത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)


