സെപ്റ്റംബർ 11-ന് നടക്കാനിരിക്കുന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ, പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം. ശാഖകൾ വഴിയുള്ള നേരിട്ടുള്ള ഇടപാടുകൾ, ചെക്ക് ക്ലിയറൻസ്, പണം നിക്ഷേപിക്കൽ തുടങ്ങിയ സേവനങ്ങളെ സമരം ബാധിക്കാൻ സാധ്യതയുള്ളതിനാൽ, ഉപഭോക്താക്കൾ മുൻകൂട്ടി തങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുമെങ്കിലും, എ.ടി.എമ്മുകളിലെ പണലഭ്യതയും മറ്റ് അടിയന്തര സേവനങ്ങളും ഉറപ്പാക്കാൻ സഹായിക്കുന്ന പ്രധാന വിവരങ്ങൾ അറിയാം.
ആവശ്യങ്ങൾ അംഗീകരിക്കണം
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനംതടസ്സപ്പെടാൻസാധ്യതയുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകൾ വ്യക്തമാക്കി. സെപ്റ്റംബർ 11-ലെ ഒരു ദിവസത്തെ പണിമുടക്കിന് പുറമെ, സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ സമരം നടത്താനും, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനുമാണ് യൂണിയനുകളുടെ തീരുമാനം. ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുക, മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർക്കായി ബാങ്ക് തലത്തിൽ കൊണ്ടുവന്ന പുതിയ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് രീതിയിലെ വിവേചനങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ജീവനക്കാർമുന്നോട്ടുവെക്കുന്നത്.
ബാങ്ക് ഇടപാടുകൾ നേരെത്തെ നടത്തുക
പണിമുടക്ക് ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടിലുള്ള പണത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കില്ലെങ്കിലും, നേരിട്ട് ബാങ്ക് ശാഖകളിൽ എത്തി ചെയ്യേണ്ട സേവനങ്ങളെ കാര്യമായി ബാധിച്ചേക്കാം. പണം പിൻവലിക്കൽ, നിക്ഷേപിക്കൽ, ചെക്ക് ക്ലിയറൻസ്, ഡിമാൻഡ് ഡ്രാഫ്റ്റ്, പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യൽ, ലോക്കർ സേവനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ എത്തുന്നവർക്ക് സേവനങ്ങൾ ലഭിക്കാൻ താമസം നേരിട്ടേക്കാം. എസ്.ബി.ഐ ഉൾപ്പെടെയുള്ള ബാങ്കുകൾ ബ്രാഞ്ചുകളുടെ പ്രവർത്തനം തടസ്സമില്ലാതെ നടത്തുവാൻ ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ശാഖകളിലെ ദൈനംദിന പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ സാധ്യതയുണ്ട്.
ഡിജിറ്റൽ സേവനങ്ങൾ മുടങ്ങില്ല
ഈ സാഹചര്യം ഒഴിവാക്കാൻ, സെപ്റ്റംബർ 11-ന് മുൻപായി ബ്രാഞ്ച് വഴിയുള്ള പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. പണിമുടക്ക് സമയത്ത് ശാഖകളിലെ സേവനം തടസ്സപ്പെട്ടാലും യു.പി.ഐ , നെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പുകൾ, എ.ടി.എം തുടങ്ങിയ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമായിരിക്കും. എന്നാൽ എ.ടി.എമ്മുകളിൽ ക്യാഷ് ലഭ്യത കുറയാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ ചെലവുകൾക്കുള്ള തുക കയ്യിൽ കരുതുന്നതും, വരുന്ന ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് തിയതികൾ കൃത്യമായി ശ്രദ്ധിച്ച് സാമ്പത്തിക ഇടപാടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.




