ഹോട്ട്മെയിലിന്റെ സഹസ്ഥാപകനായ സബീർ ഭാട്ടിയ ഇന്ത്യയിൽ 55 ശതമാനം പാരമ്പര്യ സ്വത്ത് നികുതി ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് ആഗോളതലത്തിൽ കൂടുതൽ മത്സരശേഷിയുള്ള രാജ്യമായി മാറണമെങ്കിൽ ഇത്തരമൊരു നികുതി അത്യാവശ്യമാണെന്ന് അദ്ദേഹം എക്സിൽ പറഞ്ഞു. പരമ്പരാഗതമായി ലഭിക്കുന്ന സ്വത്തിനേക്കാൾ, സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും ആളുകൾ കെട്ടിപ്പടുക്കുന്ന വിജയത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വാദം.
മക്കളെ അലസരാക്കുമോ?
സ്വത്ത് മാതാപിതാക്കളിൽ നിന്ന് നേരിട്ട് പാരമ്പര്യമായി ലഭിക്കുന്നത് കുട്ടികളെ സാമ്പത്തികമായി ദുർബലരും അലസരുമാക്കുമെന്നും, പകരം അവർക്ക് നല്ല വിദ്യാഭ്യാസവും മൂല്യങ്ങളുമാണ് നൽകേണ്ടതെന്നും സബീർ ഭാട്ടിയ വ്യക്തമാക്കി. സമ്പത്തിന്റെ അസമത്വം കുറയ്ക്കാനും കഴിവുള്ളവർക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കാനും ഇത്തരം ഒരു നികുതി സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഈ നിർദ്ദേശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
നിലവിൽ ഇന്ത്യയിൽ പാരമ്പര്യ സ്വത്തിന് നികുതിയൊന്നും ഈടാക്കുന്നില്ല. പണ്ട് ഇന്ത്യയിൽ എസ്റ്റേറ്റ് ഡ്യൂട്ടി എന്ന പേരിൽ 85% വരെ ഉയർന്ന നിരക്കിൽ സ്വത്ത് നികുതി നിലവിലുണ്ടായിരുന്നെങ്കിലും 1985-ൽ സർക്കാരാത് പൂർണ്ണമായി നിർത്തലാക്കുകയായിരുന്നു.
ഏതൊക്കെ രാജ്യങ്ങളിൽ സ്വത്ത് നികുതി?
ലോകത്ത് ഏകദേശം 40-ഓളം രാജ്യങ്ങളിൽ നിലവിൽ പാരമ്പര്യ സ്വത്ത് നികുതി ഈടാക്കുന്നുണ്ട്. പ്രധാനമായും ജപ്പാൻ, തെക്കൻ കൊറിയ, ഫ്രാൻസ്, യുകെ, അമേരിക്ക, ജർമ്മനി, ബെൽജിയം തുടങ്ങിയ വികസിത രാജ്യങ്ങളിലാണ് ഏറ്റവും ഉയർന്ന നിരക്കിൽ ഈ നികുതി നിലവിലുള്ളത്. ഇതിൽ ജപ്പാനിലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 55% നികുതി ഈടാക്കുന്നത്. തെക്കൻ കൊറിയയിൽ 50%-ഉം, ഫ്രാൻസിൽ 45%-ഉം, യുകെയിലും അമേരിക്കയിലും 40% വരെയുമാണ് പാരമ്പര്യമായി ലഭിക്കുന്ന വലിയ സ്വത്തുവകകൾക്ക് മേൽ നൽകേണ്ടി വരുന്ന നികുതി.
ഈ രാജ്യങ്ങളിൽ ഇല്ല
മറ്റ് യൂറോപ്യൻ രാജ്യങ്ങളായ നെതർലാൻഡ്സ്, സ്പെയിൻ, അയർലൻഡ്, ഡെൻമാർക്ക്, ഫിൻലാന്റ് എന്നിവിടങ്ങളിലും ബ്രസീൽ, ചിലി, ദക്ഷിണാഫ്രിക്ക, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിലും വ്യത്യസ്ത നിരക്കുകളിൽ സ്വത്ത് നികുതിയുണ്ട്. അതേസമയം ഇന്ത്യ ഇത് 1985-ൽ ഒഴിവാക്കി. ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, സ്വീഡൻ, സിംഗപ്പൂർ, യു.എ.ഇ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിലവിൽ ഇത്തരത്തിലുള്ള പാരമ്പര്യ സ്വത്ത് നികുതി ഏർപ്പെടുത്തിയിട്ടില്ല.




