കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും വഴി നേടിയ അനുഭവസമ്പത്ത് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും എത്തിക്കാന്‍ പുതിയ ബിസിനസ് പദ്ധതികള്‍ പ്രഖ്യാപിച്ച് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (CIAL). സിയാല്‍ ഏസസ് (Aviation Consultancy and Expert Services) എന്ന പേരില്‍ വിമാനത്താവള കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കാണ് കമ്പനി തുടക്കമിട്ടത്. സിയാലിന്റെ 32-ാമത് വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വിമാനത്താവളങ്ങളുടെ ആസൂത്രണം, വികസനം, റണ്‍വേകളുടെ വികസനം, കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് സിയാല്‍ ഏസസ് കണ്‍സള്‍ട്ടന്‍സി നല്‍കുക. സ്വന്തം വിമാനത്താവളത്തില്‍ വര്‍ഷങ്ങളായി വികസിപ്പിച്ചെടുത്ത സാങ്കേതിക പരിജ്ഞാനവും പ്രവര്‍ത്തനപരിചയവും പുതിയ വിപണികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് വിമാനത്താവള അടിസ്ഥാനസൗകര്യ മേഖലയില്‍ അടുത്ത വര്‍ഷങ്ങളില്‍ വലിയ നിക്ഷേപം പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് സിയാലിന്റെ പുതിയ നീക്കം. പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരുടെ പരിശോധനാ സംവിധാനമാണ് സിയാല്‍ ഏസസിന്റെ ആദ്യ പദ്ധതി.
സിയാലിന്റെ പുതിയ ബിസിനസ് നീക്കത്തിന് പിന്നില്‍ ശക്തമായ പ്രവര്‍ത്തന അടിത്തറയുമുണ്ട്. 2025-26 സാമ്പത്തിക വര്‍ഷം 1,220 കോടി രൂപ വരുമാനവും 502 കോടി രൂപ ലാഭവുമാണ് സിയാല്‍ നേടിയത്. 73,134 വിമാന സര്‍വീസുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിമാനത്താവളത്തില്‍ രേഖപ്പെടുത്തി. യാത്രക്കാരുടെ എണ്ണം 1.14 കോടിയായിരുന്നു. തുടര്‍ച്ചയായ നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കൊച്ചി വിമാനത്താവളത്തിന് കഴിഞ്ഞത് നേട്ടമാണ്.
വികസന പദ്ധതികള്‍ പുരോഗമിക്കുന്നു
അതേസമയം, വിമാനത്താവളത്തിന്റെ സ്വന്തം വികസന പദ്ധതികളും മുന്നേറുകയാണ്. അടുത്ത 25 വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി അടുത്ത തലമുറ കാര്‍ഗോ വില്ലേജ് സ്ഥാപിക്കാനും സിയാല്‍ പദ്ധതിയിടുന്നു. ഡിജിറ്റല്‍വല്‍ക്കരണം, സുരക്ഷ, വിതരണശൃംഖല കാര്യക്ഷമത, സുസ്ഥിരത എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് പദ്ധതി. ഭാവിയിലെ ടെര്‍മിനലുകള്‍, ടാക്സിവേകള്‍, ഏപ്രണുകള്‍, എയര്‍ഫീല്‍ഡ് ലൈറ്റിങ്, നാവിഗേഷന്‍, ഇന്ധന അടിസ്ഥാനസൗകര്യം, റോഡ്-റെയില്‍ ബന്ധം, മെട്രോ കണക്ടിവിറ്റി, ഹെലിപോര്‍ട്ട് എന്നിവയും മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ്.
നിക്ഷേപകര്‍ക്ക് നേട്ടം
2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ഓഹരി ഉടമകള്‍ക്ക് 55 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശയും വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. നിലവില്‍ 450 രൂപയാണ് സിയാലിന്റെ അണ്‍ലിസ്റ്റഡ് ഓഹരികളുടെ വില.




