അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി 1 ലക്ഷം കോടിയിലധികം മൂല്യമുള്ള സാമ്പത്തിക പ്രതിസന്ധിയിലായ പദ്ധതികൾ ഏറ്റെടുത്ത് വൻകിട ഇൻഫ്രാസ്ട്രക്ചർ സാമ്രാജ്യമാക്കി മാറ്റുന്നുണ്ട്. എങ്ങിനെയാണ് അങ്ങേയറ്റം പ്രതിസന്ധിയിലായ പ്രോജെക്റ്റുകളെ പുനരുജ്ജീവിപ്പിക്കുന്നത്?
മാർഗം ലേലം
ഇന്ത്യയിലെ ബാങ്കുകളിൽ വായ്പ കുടിശ്ശിക വരുത്തുകയും സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്ത ഊർജ്ജം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, സിമൻ്റ്, മീഡിയ തുടങ്ങിയ മേഖലകളിലെ ഇരുപതിലധികം കമ്പനികളും പദ്ധതികളുമാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. 2004-2008 കാലഘട്ടത്തിൽ ബാങ്കുകൾ നൽകിയ ഭീമമായ വായ്പകൾ തിരിച്ചടയ്ക്കാനാകാതെ പാപ്പരായ കമ്പനികളെ, ഇൻസോൾവൻസി അധിഷ്ഠിത ലേലങ്ങളിലൂടെയും കടം തീർക്കൽ വിൽപ്പനയിലൂടെയുമാണ് അദാനി ഏകദേശം 1,03,006 കോടി മുടക്കി സ്വന്തമാക്കിയത്.
തന്ത്രങ്ങൾ അനവധി
ഇത്തരം നഷ്ടത്തിലായ പദ്ധതികളെ വിജയകരമായി തിരിച്ചുപിടിക്കാൻ അദാനി ഉപയോഗിച്ചത് കൃത്യമായ തന്ത്രങ്ങളാണ്. ഇന്ധന ലഭ്യത, വൈദ്യുതി വിതരണം, ഗതാഗതം, തുറമുഖങ്ങൾ എന്നിവയെല്ലാം ഒരുമിച്ച് ബന്ധിപ്പിക്കുന്ന ഒരു ഇന്റഗ്രേറ്റഡ് ബിസിനസ് മോഡൽ അദാനി നടപ്പിലാക്കി. ഇതോടെ ഉൽപ്പാദനച്ചെലവ് കുറയുകയും പ്രവർത്തനക്ഷമത വർദ്ധിക്കുകയും ചെയ്തു. പ്രത്യേകിച്ച്, മുൻപ് നഷ്ടത്തിലായിരുന്ന താപവൈദ്യുത നിലയങ്ങൾ ഉയർന്ന ലാഭത്തിലേക്കും കൂടുതൽ വികസനത്തിലേക്കും വഴിമാറി.
ഈ പദ്ധതികളിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ്ജ-ഗതാഗത ശൃംഖല കെട്ടിപ്പടുക്കാൻ അദാനിക്ക് സാധിച്ചു. നഷ്ടത്തിലായ സ്ഥാപനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും, സ്വന്തം വിഭവങ്ങളും അനുബന്ധ ബിസിനസുകളും ഉപയോഗിച്ച് അവയെ ഉയർന്ന ലാഭമുണ്ടാക്കുന്ന വൻകിട അടിസ്ഥാനസൗകര്യ ആസ്തികളാക്കി മാറ്റുകയുമായിരുന്നു അദാനിയുടെ ബിസിനസ് തന്ത്രം.
പ്രതിസന്ധിയിലായ സ്ഥാപനങ്ങളെയും പ്രൊജക്ടുകളെയും ബിസിനസ് ഗ്രൂപ്പുകൾ ഏറ്റെടുക്കുന്നത് ഇരുവിഭാഗത്തിനും വിപണിക്കും സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ പ്രക്രിയ കമ്പനികൾക്കും സമ്പദ്വ്യവസ്ഥയ്ക്കും എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് മനസ്സിലാക്കാം:
കടബാധ്യതകളിൽ നിന്നുള്ള മോചനം
തീർക്കാൻ കഴിയാത്ത കടങ്ങളും വായ്പ തിരിച്ചടവ് കുടിശ്ശികകളും കാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കമ്പനികൾക്ക് ഒരു പുതിയ തുടക്കം നൽകാൻ ഈ ഏറ്റെടുക്കലുകൾ സഹായിക്കുന്നു. വലിയ ബിസിനസ് ഗ്രൂപ്പുകൾ ഇൻസോൾവൻസി വഴി ഇവ ഏറ്റെടുക്കുമ്പോൾ, ബാങ്കുകളുടെ നിലവിലുള്ള കടങ്ങൾ ഭാഗികമായോ പൂർണ്ണമായോ തീർപ്പാക്കപ്പെടുന്നു. ഇത് കമ്പനികളെ ലേലത്തിൽ നിന്നോ ലിക്വിഡേഷനിൽ നിന്നോ ഒഴിവാക്കുകയും വീണ്ടും സുരക്ഷിതമായ രീതിയിൽ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്യുന്നു.
പുതിയ മൂലധനം
ഏറ്റെടുക്കുന്ന വൻകിട ഗ്രൂപ്പുകൾ ഈ പദ്ധതികളിലേക്ക് ആവശ്യമായ പുതിയ മൂലധനവും ആധുനിക സാങ്കേതികവിദ്യകളും എത്തിക്കുന്നു. മുൻപ് സാമ്പത്തിക ബുദ്ധിമുട്ട് കാരണം പകുതിവഴിയിൽ നിലച്ചുപോയ നിർമ്മാണ പ്രവർത്തനങ്ങളും പ്ലാന്റുകളും പുനരാരംഭിക്കാൻ ഇതിലൂടെ സാധിക്കുന്നു. പരിചയസമ്പന്നരായ മാനേജ്മെന്റും മികച്ച ബിസിനസ് തന്ത്രങ്ങളും എത്തുന്നതോടെ, പൂട്ടിക്കിടന്ന അല്ലെങ്കിൽ നഷ്ടത്തിലായിരുന്ന കമ്പനികൾ വീണ്ടും കാര്യക്ഷമമായി പ്രവർത്തിക്കാനും ഉയർന്ന ലാഭം ഉണ്ടാക്കാനും തുടങ്ങുന്നു.
തൊഴിൽ സുരക്ഷ
വർഷങ്ങളെടുത്ത് നിർമ്മിച്ച ഇൻഫ്രാസ്ട്രക്ചർ, ഫാക്ടറികൾ, യന്ത്രങ്ങൾ എന്നിവ ഉപയോഗ ശൂന്യമായി നശിച്ചുപോകുന്നത് തടയാൻ ഏറ്റെടുക്കലിലൂടെ സാധിക്കുന്നു. ഏറ്റവും പ്രധാനമായി, ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ തൊഴിൽ സുരക്ഷിതമാക്കപ്പെടുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. കൂടാതെ, ബാങ്കുകൾക്ക് കിട്ടാക്കടമായി മാറിയ തുകയുടെ ഒരു ഭാഗം തിരികെ ലഭിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്കും ബാങ്കിംഗ് രംഗത്തിനും വലിയ കരുത്ത് പകരുന്നു




