സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ 13,640 രൂപയായി ഒരു ഗ്രാമിന്റെ ഇന്നത്തെ വില. പവന് ആനുപാതികമായി 200 രൂപ കുറഞ്ഞ്, 1,09,120 രൂപയായി വിപണിവില. സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസമാണ് ഇപ്പോൾ സ്വർണവില കുറയുന്നത്. ഇന്നലെ മാത്രമായി രണ്ട് തവണ വില കുറഞ്ഞിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്നും വെള്ളിവിലയിൽ നേരിയ മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയാണ് ഇന്ന്. ഒരു കിലോഗ്രാമിന് 2,45,000 രൂപയിലെത്തിയിട്ടുണ്ട്. ഇന്നലെ 240 രൂപയായിരുന്നു ഒരു ഗ്രാം വെള്ളിയുടെ വില.
പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷം ക്രൂഡ് ഓയിൽ വിലയിലും അതുവഴി സ്വർണവിപണിയിലും പ്രതിഫലിക്കുന്നുണ്ട്. എണ്ണവില ഉയരുന്നത് പണപ്പെരുപ്പ സമ്മർദ്ദം വർധിപ്പിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ. ഇതിന്റെ പശ്ചാത്തലത്തിൽ, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും വിപണിയിൽ ശക്തമാകുകയാണ്.
പലിശനിരക്കിലെ വർധനവ് പലിശ വരുമാനം നൽകാത്ത സ്വർണത്തിന്റെ നിക്ഷേപ ആകർഷണത്തെ കുറയ്ക്കാൻ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, യുഎസ് ട്രഷറി ബോണ്ടുകളുടെ യീൽഡിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായി തുടരുകയാണ്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത് ഡിസംബർ 23നാണ്.




