ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ മൊബൈൽ ഉപഭോക്താക്കൾക്കായി പുതിയ റീച്ചാർജ് നിയമങ്ങൾ പുറപ്പെടുവിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പുതിയ മൊബൈൽ റീച്ചാർജ് നിയമങ്ങൾ ഉപഭോക്താക്കൾക്ക് സാമ്പത്തിക ലാഭവും സൗകര്യവും നൽകുന്ന പ്രധാനപ്പെട്ട മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഈ പുതിയ ഭേദഗതികൾ ഉപഭോക്താക്കൾക്ക് എങ്ങനെയൊക്കെ പ്രയോജനപ്പെടുമെന്ന് മനസ്സിലാക്കാം:
റീച്ചാർജ് ലളിതമാകും
ഇതുവരെ പ്രതിമാസ പ്ലാനുകളുടെ വാലിഡിറ്റി 28 ദിവസമായിരുന്നതിനാൽ ഒരു വർഷത്തിൽ ഉപഭോക്താക്കൾക്ക് 13 തവണ റീച്ചാർജ് ചെയ്യേണ്ടി വന്നിരുന്നു. അതായത് ഒരു മാസത്തെ അധിക തുക നൽകണമായിരുന്നു . പുതിയ നിയമപ്രകാരം കമ്പനികൾ കൃത്യം 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ നൽകണം. കൂടാതെ എല്ലാ മാസവും ഒരേ തീയതിയിൽ തന്നെ പുതുക്കാൻ സാധിക്കുന്ന പ്ലാനുകളും ലഭിക്കും. ഇത് വഴി വർഷത്തിൽ വന്നിരുന്ന അധിക സാമ്പത്തിക ബാധ്യത ഒഴിവാകുകയും റീച്ചാർജ് തീയതികൾ ഓർത്തു വെക്കാൻ എളുപ്പമാവുകയും ചെയ്യും.
ആവശ്യമില്ലാത്ത ഡാറ്റയ്ക്ക് പണം നൽകേണ്ടതില്ല
അടിസ്ഥാന ഫോൺ വിളികൾക്ക് മാത്രമായി മൊബൈൽ ഉപയോഗിക്കുന്നവർക്ക് (പ്രത്യേകിച്ച് സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത മുതിർന്ന പൗരന്മാർക്കും സാധാരണക്കാർക്കും പുതിയ തീരുമാനം വലിയ ആശ്വാസമാണ്. ഇനി മുതൽ ഇന്റർനെറ്റ് ഡാറ്റ ഉൾപ്പെടാത്ത Voice and SMS only പ്ലാനുകൾ ലഭിക്കും. ആവശ്യമില്ലാത്ത ഡാറ്റ പായ്ക്കുകൾക്ക് പണം നൽകാതെ, കുറഞ്ഞ തുകയിൽ കോളിംഗ് സേവനങ്ങൾ മാത്രം ഉപയോഗിക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.
കൂടുതൽ തുക അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങൾ
കുറഞ്ഞ ദിവസങ്ങളിലേക്കുള്ള ചെറിയ പ്ലാനുകളിലും ഡാറ്റയില്ലാത്ത, വിലകുറഞ്ഞ കോളിംഗ് വൗച്ചറുകൾ നൽകാൻ ട്രായ് നിർദ്ദേശിച്ചിട്ടുണ്ട്. മൊബൈൽ കമ്പനികൾ നിശ്ചയിക്കുന്ന പ്ലാനുകൾ മാത്രം ഉപയോഗിക്കുന്നതിന് പകരം, സ്വന്തം ആവശ്യത്തിന് അനുയോജ്യമായ പ്ലാനുകൾ കുറഞ്ഞ ചിലവിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതോടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.
പാർലമെന്റിലും പൊതുസമൂഹത്തിലും ഉയർന്നുവന്ന പരാതികളും ഉപഭോക്താക്കളുടെ ആവശ്യങ്ങളും മുൻനിർത്തിയാണ് ട്രായ് ഈ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. കൂടുതൽ തിരഞ്ഞെടുപ്പുകളും വ്യക്തതയും ഉറപ്പാക്കുന്നതിലൂടെ മൊബൈൽ റീച്ചാർജ് സേവനങ്ങൾ ഉപഭോക്തൃസൗഹൃദമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.




