മുംബൈയിലെ 122 വര്‍ഷം പഴക്കമുള്ള ക്യാനി ആന്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതോടെ ഒരിക്കല്‍ കൂടി ദേശീയ ശ്രദ്ധ നേടുകയാണ് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (FDA) കമ്മിഷണര്‍ തുക്കാറാം മുണ്ടെ. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്ത് എലിയുടെ കാഷ്ഠം, പൂച്ചകള്‍, ഈച്ച, ചത്ത പാറ്റകള്‍, വൃത്തിഹീനമായ ഉപകരണങ്ങള്‍ തുടങ്ങിയ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ക്യാനി ആന്‍ഡ് കമ്പനിയില്‍ അവസാനിക്കുന്നതല്ല മുണ്ടെയുടെ ഇപ്പോഴത്തെ ദൗത്യം. മുംബൈയിലെ പ്രശസ്ത റസ്റ്ററന്റുകള്‍ മുതല്‍ ആഗോള ഭക്ഷ്യബ്രാന്ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വരെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പരിശോധനയുടെ പരിധിയിലെത്തിയിട്ടുണ്ട്. വമ്പന്മാര് പലരും മുണ്ടെയുടെ കാര്‍ക്കശ്യത്തിന്റെ ചൂടറിഞ്ഞു കഴിഞ്ഞു.
മക്ഡൊണാള്‍ഡും ഡോമിനോസും റഡാറില്‍
2026 മേയില്‍ എഫ്ഡിഎ കമ്മിഷണറായി ചുമതലയേറ്റതിനു പിന്നാലെ മുണ്ടെ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി. മക്ഡൊണാള്‍ഡ്സ്, ഡോമിനോസ് പിസ, പിസ ഹട്ട് തുടങ്ങിയ ആഗോള ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ട ഭക്ഷ്യസ്ഥാപനങ്ങളും പരിശോധനയ്ക്ക് വിധേയമായി. ഓഗസ്റ്റില്‍ കൊളാബയിലെ ഒരു മക്ഡൊണാള്‍ഡ്സ് കിയോസ്കിനെതിരെ എഫ്ഡിഎ നടപടി സ്വീകരിച്ചിരുന്നു. അതേ പരിശോധനാ പരമ്പരയില്‍ ബോംബെ പ്രസിഡന്‍സി റേഡിയോ ക്ലബ്, സ്റ്റാറ്റസ് റെസ്റ്ററന്റ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ ലൈസന്സുകളിലും നടപടി ഉണ്ടായി.
മാഗി, ലെയ്സ്, കുര്‍ക്കുറെ, തംസ് അപ്പ്…
മുണ്ടെയുടെ നേതൃത്വത്തിലുള്ള എഫ്ഡിഎയുടെ ഏറ്റവും ശ്രദ്ധേയമായ നടപടികളിലൊന്ന് സെപ്റ്റംബറില്‍ നവി മുംബൈയിലെ ഒരു ഗോഡൗണില്‍ നടത്തിയ റെയ്ഡാണ്. പെപ്സികോ, നെസ്ലെ, കൊക്ക-കോള, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളുടെ പാക്കേജിലെ നിര്‍മാണ-കാലാവധി വിവരങ്ങളും പോഷകങ്ങള്‍ സംബന്ധിച്ച വിവരങ്ങളും കൃത്രിമമായി മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഏകദേശം 5,000 കാര്‍ട്ടണ്‍ ഉല്‍പ്പന്നങ്ങളാണ് ഇവിടെ കണ്ടെത്തിയത്. പെപ്സികോയുടെ ലേയ്സ്, കുര്‍ക്കുറെ, നെസ്ലെയുടെ മാഗി, കൊക്കകോളയുടെ തംസ് അപ്, ലിംക, ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ നോര് മഷ്റൂം സൂപ്പ്, ഹെല്‍മാന്‍സ് മയോണൈസ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. യഥാര്‍ത്ഥ നിര്‍മാണ, കാലാവധി തിയതികള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് മായ്ച്ചശേഷം പുതിയ വിവരങ്ങള്‍ അച്ചടിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തി. ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിക്കായി തയ്യാറാക്കിയവയായിരുന്നു.
ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് വ്യാജ ലേബലിങ് നടത്തിയതായി ആരോപിക്കപ്പെടുന്ന വിതരണ ശൃംഖലയാണ് എഫ്ഡിഎ കണ്ടെത്തിയത്. ബന്ധപ്പെട്ട ആഗോള കമ്പനികള്‍ക്കെതിരെ ഈ കേസില്‍ കുറ്റം ചുമത്തിയിട്ടില്ല.
നോയര്‍ മൊഹമ്മദിയില് നിന്ന് പാഴ്സി ഡയറി ഫാമിലേക്ക്
മുംബൈയിലെ പഴക്കവും പ്രശസ്തിയും മുണ്ടെയുടെ പരിശോധനയ്ക്ക് തടസ്സമായില്ല. നൂര്‍ മൊഹമ്മദി, ഷാലിമാര്‍ റെസ്റ്ററന്റ്, കെ റുസ്തം ആന്‍ഡ് കോ, പാഴ്സി ഡയറി ഫാം, ആദിത്യ ബിര്‍ള ന്യൂ ഏജ് ഹോസ്പിറ്റാലിറ്റിയുടെ വാഴ്സ, ഫ്ളിന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെയും എഫ്ഡിഎ നടപടി സ്വീകരിച്ചു. ഇസ്കോണിന്റെ ഗോവിന്ദാസ്, ഐആര്‍സിടിസിയുമായി ബന്ധപ്പെട്ട കിച്ചണുകള്‍, ക്രിക്കറ്റ് ക്ളബ് ഓഫ് ഇന്ത്യ, മുംബൈ ക്രിക്കറ്റ് അസോസിയേഷന് തുടങ്ങിയ സ്ഥാപനങ്ങളും പരിശോധനയുടെ പരിധിയിലെത്തി.
മുണ്ടെ ചുമതലയേറ്റതിന് പിന്നാലെ രണ്ട് മാസത്തിനുള്ളില്‍ തന്നെ 1,100ലേറെ പരിശോധനകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. 49.57 കോടി രൂപ മൂല്യമുള്ള ഭക്ഷ്യശേഖരവും മായം ചേര്‍ത്തതായി സംശയിക്കുന്ന ഏകദേശം 1.6 ലക്ഷം ലിറ്റര്‍ പാലും പിടിച്ചെടുത്തു. 56 റെസ്റ്ററന്റുകളുടെ ലൈസന്‍സുകളും സസ്പെന്‍ഡ് ചെയ്തിരുന്നു.
‘വാട്ടര്‍ മാന്‍’ ആയിരുന്ന ഉദ്യോഗസ്ഥന്
ഇന്നത്തെ ഭക്ഷ്യസുരക്ഷാ പോരാട്ടത്തിന് പിന്നില്‍ രണ്ട് പതിറ്റാണ്ടിന്റെ ഭരണപരിചയമുണ്ട്. 2005 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മുണ്ടെ, ശോലാപൂര്‍ ജില്ലാ കളക്ടറായിരിക്കെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ജലക്ഷാമം നേരിട്ട പ്രദേശങ്ങളില്‍ കിണര്‍ റീചാര്‍ജിംഗ്, ജലാശയങ്ങളിലെ ചെളി നീക്കം ചെയ്യല്‍, ജലസംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതോടെയാണ് അദ്ദേഹത്തിന് ‘വാട്ടര്‍ മാന്‍’ എന്ന വിശേഷണം ലഭിച്ചത്.
നവി മുംബൈയിലും നാസിക്കിലും മുനിസിപ്പല്‍ കമ്മിഷണറായിരിക്കെ അനധികൃത നിര്‍മാണങ്ങള്‍, കയ്യേറ്റങ്ങള്‍, ഉദ്യോഗസ്ഥരുടെ അനാസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിച്ച നടപടികളും ചര്‍ച്ചയായി. എത്തിപ്പെടുന്ന ഓരോ മേഖലയിലും കര്‍ശനമായ ഭരണശൈലി പിന്തുടര്‍ന്നുവെന്നതാണ് അദ്ദേഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലെ പൊതുവായ ചിത്രം.
25 സ്ഥലംമാറ്റങ്ങള്‍, പക്ഷേ ശൈലി മാറിയില്ല
മുണ്ടെയുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു വസ്തുത സ്ഥലംമാറ്റങ്ങളുടെ എണ്ണം തന്നെയാണ്. 20 വര്‍ഷത്തെ സര്‍വീസില്‍ 25 തവണ അദ്ദേഹം സ്ഥലംമാറ്റത്തിന് വിധേയനായി. ഈ സ്ഥലംമാറ്റങ്ങളില്‍ ചിലത് അദ്ദേഹത്തിന്റെ കര്‍ശനമായ ഭരണശൈലിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ-ഭരണപരമായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയായിരുന്നു.
ഇപ്പോള്‍ എഫ്ഡിഎയില്‍ മുണ്ടെയുടെ ലക്ഷ്യം ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നതാണ്. ”നിയമം പാലിക്കുന്നവര്‍ ഭയപ്പെടേണ്ടതില്ല; പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്നവര്ക്ക് ഇളവില്ല” എന്നതാണ് അദ്ദേഹത്തിന്റെ സമീപനമെന്ന് വിവിധ അഭിമുഖങ്ങളിലും ഔദ്യോഗിക പ്രതികരണങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
പഴക്കമോ പ്രശസ്തിയോ ബ്രാന്‍ഡ് മൂല്യമോ നോക്കാതെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കുമെന്ന സന്ദേശമാണ് ക്യാനി ആന്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത സംഭവത്തിലൂടെ മുണ്ടെ നല്‍കുന്നത്. എന്നാല്‍ ഈ നടപടികളോടൊപ്പം ചെറുകിട വ്യാപാരികള്‍ക്കെതിരെ നിയമങ്ങള്‍ കര്‍ശനമായി പ്രയോഗിക്കുന്നതിനെക്കുറിച്ച് വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.




