ഒക്ടോബർ 1 മുതൽ എയർ കണ്ടീഷണറുകൾ , ടെലിവിഷനുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഗാർഹിക ഉപകരണങ്ങളുടെ വിലയിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്ലൂ സ്റ്റാർ, ഗോദ്റെജ്, ഹൈയർ, ഡെയ്ക്കിൻ, പാനസോണിക് തുടങ്ങിയ മുൻനിര ബ്രാൻഡുകൾ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വില ഉയർത്താൻ ഒരുങ്ങുകയാണ്. നിർമ്മാണച്ചെലവിലുണ്ടായ വർധനവും വിപണിയിലെ മറ്റ് സാമ്പത്തിക മാറ്റങ്ങളുമാണ് കമ്പനികളെ ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചത്.
ഡിസ്കൗണ്ട് ഏശില്ല
വരാനിരിക്കുന്ന ദീപാവലി ആഘോഷങ്ങളുടെയും ഉത്സവ സീസണിന്റെയും പശ്ചാത്തലത്തിലാണ് ഈ വിലവർധനവ് വരുന്നത് എന്നതിനാൽ, ഉത്സവകാല വിൽപ്പനയെയും ഉപഭോക്തൃ വാങ്ങലുകളെയും ഇത് ബാധിച്ചേക്കാം. ഉത്സവ സീസണിൽ മികച്ച ഡിസ്കൗണ്ടുകളും ഓഫറുകളും പ്രതീക്ഷിച്ച് ഇലക്ട്രോണിക്സ് സാധനങ്ങൾ വാങ്ങാൻ ഇരുന്ന ഉപഭോക്താക്കൾക്ക് ഈ നീക്കം തിരിച്ചടിയാകും. ബോഷ്, ഹിറ്റാച്ചി, സൂപ്പർ പ്ലാസ്ട്രോണിക്സ് ,തോംസൺ, കോഡാക്, ബ്ലോപങ്ക്റ്റ് ബ്രാൻഡുകൾ തുടങ്ങിയ മറ്റ് പ്രധാന നിർമ്മാതാക്കളും വില പരിഷ്കരണത്തിന് ഒരുങ്ങുന്നവരുടെ പട്ടികയിലുണ്ട്.
ഈ മാസം വാങ്ങിയാലോ?
തീരുമാനം നടപ്പിലാകുന്നതോടെ ഉത്സവ സീസണിന് മുന്നോടിയായി പുതിയ എസി, ടിവി തുടങ്ങിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ അധിക തുക നൽകേണ്ടി വരും. സാധാരണയായി ഉത്സവ സീസണുകളിൽ വിപണിയിൽ വൻ ഡിമാൻഡ് ഉണ്ടാകാറുള്ളതിനാൽ, നിർമ്മാണച്ചെലവിലുണ്ടായ വർധന ഉപഭോക്താക്കളിലേക്ക് കൈമാറാനാണ് കമ്പനികളുടെ തീരുമാനം. അതിനാൽ വിലവർധനവിന് മുൻപായി സാധനങ്ങൾ വാങ്ങുന്നത് സാമ്പത്തികമായി ലാഭകരമായിരിക്കും.
വാഹനങ്ങൾക്കും വില വർദ്ധനവ്
നിർമ്മാണച്ചെലവിലുണ്ടായ വർധനവിനെ തുടർന്ന് സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില വർധിപ്പിക്കുന്നതിനെക്കുറിച്ച് മഹീന്ദ്ര & മഹീന്ദ്ര ആലോചിക്കുന്നു. സ്റ്റീൽ, അലുമിനിയം തുടങ്ങിയ അവശ്യ അസംസ്കൃത വസ്തുക്കളുടെ വില വിപണിയിൽ ഉയർന്നതാണ് ഇതിന് പ്രധാന കാരണം. വാഹന നിർമ്മാണത്തിനാവശ്യമായ ഇത്തരം വസ്തുക്കളുടെ ചെലവ് വർധിക്കുന്നത് കമ്പനിയുടെ ലാഭക്ഷമതയെ ബാധിക്കുന്നതിനാലാണ് വിലപരിഷ്കരണ നടപടികളിലേക്ക് കടക്കാൻ നിർബന്ധിതരാകുന്നത്.
വിപണിയിലെ സാഹചര്യം പ്രധാനം
എങ്കിലും, ഒറ്റയടിക്ക് വലിയൊരു വിലവർധനവ് നടപ്പിലാക്കുന്നതിന് പകരം ഘട്ടംഘട്ടമായി വില ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉൽപ്പന്നങ്ങളുടെ ഡിമാൻഡിനെയും ഉപഭോക്തൃ വാങ്ങലുകളെയും ബാധിക്കാത്ത രീതിയിൽ വളരെ ജാഗ്രതയോടെയായിരിക്കും ഈ തീരുമാനം നടപ്പിലാക്കുക. വാഹനങ്ങളുടെ നിർമ്മാണച്ചെലവിലുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി വിപണിയിലെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ നിരക്കുകൾ പ്രഖ്യാപിക്കുക.
അടുത്തിടെ വിപണിയിലിറങ്ങിയ പുതിയ മോഡലുകൾക്ക് ലഭിച്ച മികച്ച പ്രതികരണവും ഉയർന്ന ബുക്കിംഗും മഹീന്ദ്രയുടെ ജനപ്രീതി വർധിപ്പിച്ചിട്ടുണ്ട്. എങ്കിലും, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം സൃഷ്ടിക്കുന്ന സാമ്പത്തിക സമ്മർദ്ദം മറികടക്കാൻ വാഹനങ്ങളുടെ വില ചെറിയ തോതിലെങ്കിലും വർധിപ്പിക്കേണ്ടി വരുമെന്ന് കമ്പനി വ്യക്തമാക്കുന്നു. വരുന്ന മാസങ്ങളിൽ കമ്പനി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.




