ഓരോ വര്‍ഷവും ലെക്സികോഗ്രാഫര്മാര് (നിഘണ്ടു തയ്യാറാക്കുന്നവര്‍) ആ വര്‍ഷത്തിന്റെ മൂഡും സംസ്കാരവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു വാക്കിനെ ആ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുക്കും. ഈ വര്‍ഷം (2025) ഡിക്ഷ്ണറി ഡോട്ട് കോം കണ്ടെത്തിയ വാക്ക് 67 ആണ്. സാങ്കേതികപരമായി വാക്കെന്ന് വിളിക്കാവുന്ന ഒന്നല്ല 67, നമ്മളെ സംബന്ധിച്ച് അതൊരു സംഖ്യയാണ്. പക്ഷേ എന്തുകൊണ്ടാണ് ഈ സംഖ്യയെ ഈ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുത്തത്, നമുക്ക് നോക്കാം.
എന്തുകൊണ്ട് 67?
67 എന്നതിനെ ഒന്നിച്ചല്ല വായിക്കേണ്ടത്, 6-7 ആണ് അത്. ആറ് ഏഴ്, അല്ലെങ്കില്‍ സിക്സ് സെവന്. ഈ വര്‍ഷം ജനറേഷന് ആല്‍ഫ എന്ന് വിളിക്കുന്ന 2010നും 2024നും ഇടയില്‍ ജനിച്ചവര്‍ക്കിടയില്‍ വൈറലായ ഒരു പ്രയോഗമാണത്. പക്ഷേ മുതിര്‍ന്നവര്‍ക്ക് അതിന്റെ അര്‍ത്ഥം കണ്ടെത്താനും സാധിച്ചില്ല. ഒരു സമയത്ത് സോഷ്യല്‍മീഡിയയില്‍ ഉടനീളം ഈ പ്രയോഗം തരംഗമായി. പ്രത്യേകിച്ച് ഒരു അര്‍ത്ഥമുള്ള വാക്ക് എന്നതിലുപരിയായി, ഒരു പ്രായക്കാര്‍ക്കിടയില്‍ തമാശയായി ആണ് അത് കൂടുതലായും ഉപയോഗിക്കപ്പെട്ടത്.
ഈ പ്രയോഗത്തെ 2025ലെ വാക്കായി തിരഞ്ഞെടുത്ത ഡിക്ഷ്ണറി ഡോട്ട് കോമിന് പോലും അതിന്റെ അര്‍ത്ഥം കണ്ടെത്താനായിട്ടില്ലെന്നുള്ളതാണ് സത്യം. എന്നാല്‍ എന്താണ് അത് അര്‍ത്ഥമാക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും നടക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.
ഡിക്ഷ്ണറി ഡോട്ട് കോം പറയുന്നതനുസരിച്ച് 2025 പകുതിയോടെ 67 എന്നതിനായുള്ള തിരച്ചില്‍ ആറിരട്ടിയിലധികം വര്‍ധിച്ചു. മറ്റൊരു സംഖ്യയ്ക്കും ഇത്രയേറെ തിരച്ചില്‍ വന്നിട്ടില്ല. പക്ഷേ ഏതര്‍ത്ഥത്തിലാണ് ആളുകള്‍ ഈ സംഖ്യ തിരഞ്ഞതെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. ചിലര്‍ വ്യത്യസ്ത നിലപാടുകളെ സൂചിപ്പിക്കാനും മറ്റുചിലര്‍ മീമിനെ സൂചിപ്പിക്കാനുമൊക്കെയാണ് 67 എന്ന സംഖ്യ ഉപയോഗിച്ചത്.
റാപ്പറായ സ്ക്രില്ലയുടെ 2024-ലെ ഡൂട് ഡൂട് (6-7) എന്ന പാട്ട് ടിക് ടോക് വീഡിയോകളില്‍ വരാന്‍ തുടങ്ങിയതിന് ശേഷമാണ് 67 ഇത്ര വൈറലായത്. #67 എന്ന ഹാഷ്ടാഗുമായി 2 മില്യണ്‍ പോസ്റ്റുകളാണ് 2025-ല്‍ സൃഷ്ടിക്കപ്പെട്ടതെന്ന് ടിക് ടോക്കിന്റെ അനലിറ്റിക്സ് സൂചിപ്പിക്കുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഇത് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെട്ടത്. പക്ഷേ അതിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലെന്ന് സ്ക്രില്ല തന്നെ സമ്മതിച്ചിരുന്നു.
അര്‍ത്ഥമില്ലാത്ത, എന്നാല്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട, പ്രത്യേകിച്ച് യുക്തിയൊന്നുമില്ലാത്ത ഒരു സംഖ്യയെന്നാണ് ഡിക്ഷ്ണറി ഡോട്ട് കോം 67-നെ വിശേഷിപ്പിക്കുന്നത്. ബ്രെയിന്‍-റോട്ടിന്റെ (നിലവാരം കുറഞ്ഞ ഓണ്‍ലൈന്‍ ഉള്ളടക്കം ഗ്രഹിക്കുന്നതിന്റെ നെഗറ്റീവ് സ്വാധീനം സൂചിപ്പിക്കുന്ന ഓണ്‍ലൈന്‍ പദപ്രയോഗം) എല്ലാ സവിശേഷതകളും 67 എന്ന സംഖ്യയ്ക്കുണ്ടെന്നും ഡിക്ഷ്ണറി ഡോട്ട് കോം പറയുന്നു.
അങ്ങനെ നോക്കുമ്പോള്‍ 67 ഒരു യുഗത്തിന്റെ പ്രതിഫലനമാണ്, അസംഘടിതമായ, ദ്രുതഗതിയിലുള്ള ഡിജിറ്റല്‍ സംസ്കാരമാണ് അതില്‍ പ്രതിഫലിക്കുന്നത്. വാക്കുകളുടെ അര്‍ത്ഥങ്ങള്‍ ദ്രവത്തെ പോലെ പല രൂപങ്ങളിലേക്ക് മാറുകയും പുതിയ പുതിയ പ്രതീകങ്ങള്‍ പൊട്ടിമുളയ്ക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷത്തെയാണ് അത് സൂചിപ്പിക്കുന്നത്.
67-ന്റെ പ്രതിഫലനങ്ങള്‍
ഡിജിറ്റല്‍ സംസ്കാരം
ടിക് ടോക്ക് മീമുകൡ നിന്നും മുഖ്യധാരയിലേക്ക് ഭാഷ മറ്റേത് കാലത്തേക്കാളും വേഗത്തില്‍ പരിണാമം പ്രാപിക്കുന്നു.
ദ്വയാര്‍ത്ഥം
ഒരു സംഖ്യയിലൂടെ ഒരു വാചകത്തിന്റെ അര്‍ത്ഥം പ്രതിഫലിക്കാനായാല് അത് സുഖമായി കരുതുന്നവര്‍ ഇന്ന് ഏറെയാണ്. 143 എന്ന സംഖ്യയിലൂടെ എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് സൂചിപ്പിക്കുന്നത് പോലെ പല കാര്യങ്ങളും സംഖ്യയിലൂടെ പറയുന്നത് സൗകര്യപ്രദമായി ഇന്ന് കരുതപ്പെടുന്നു.
കാലത്തെ അടയാളപ്പെടുത്തല്‍
ലെക്സിക്കോഗ്രാഫര്മാരെ സംബന്ധിച്ചെടുത്തോളം ഇത്തരം വാക്കുകള്‍ ഒരു യുഗത്തെ അടയാളപ്പെടുത്തലാണ്. 67 എന്ന സംഖ്യ 2025 ഒരൊറ്റ വിഷയമല്ല, പ്രതീകങ്ങളിലൂടെ പല കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്ന് സൂചിപ്പിക്കുന്നു.
വാക്കിന്റെ വില
ഓരോ വര്‍ഷവും ആ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുക്കുന്ന വാക്ക് വെറുമൊരു തമാശയായി കണക്കാക്കേണ്ട ഒന്നല്ല. കഴിഞ്ഞ ഒരു വര്‍ഷം സമൂഹം എന്തൊക്കെയാണ് സംസാരിച്ചത്, പങ്കുവെച്ചത് എന്നത് മനസ്സിലാക്കാനും ഭാഷയുടെ പരിണാമവും എങ്ങനെ ഭാഷ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു എന്നറിയാനും ആ വാക്ക് സഹായിക്കും. 67 എന്നത് അറുപത്തിയേഴോ സിക്സ്റ്റി സെവനോ അല്ല, അത്’ 6 7 ‘എന്ന് വെവ്വേറെ വായിക്കണം. ഭാഷ എന്നത് പോലും കാലത്തിനൊത്ത് ഒഴുകിക്കൊണ്ടിരിക്കുന്ന, എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഒന്നാണെന്ന അറിവാണ് ഇത്തരം വാക്കുകള്‍ നല്‍കുന്നത്. വാക്കുകള്‍ക്ക് കല്‍പ്പിച്ചിട്ടുള്ള അര്‍ത്ഥങ്ങളില്‍ നിന്നും വ്യതിചലിച്ച് കൂടുതല്‍ നര്മ്മരൂപത്തിലും വ്യത്യസ്ത അര്‍ത്ഥത്തിലും അത് ഉപയോഗിക്കപ്പെടുന്നു എന്നതും ഇന്നിന്റെ പ്രത്യേകതയാണ്.
2025-ല്‍ ഒരു സംഖ്യയാണ് വാക്കായി തിരഞ്ഞെടുക്കപ്പെട്ടത്. ഇനി 2026-ല്‍ എന്തായിരിക്കും. ചിലപ്പോള്‍ ഒരു പ്രതീകമായിരിക്കാം, അല്ലെങ്കില്‍ ഇമോജി അതുമല്ലെങ്കില്‍ അസംബന്ധമല്ലെന്ന് തോന്നുന്ന, പ്രത്യേകിച്ചൊരു അര്‍ത്ഥവുമില്ലാത്ത ഒരു പുതുതലമുറ പദപ്രയോഗം. പക്ഷേ നിശ്ചിതസമയത്തിന് ശേഷം അത് അര്‍ത്ഥപൂര്‍ണ്ണമായി മാറിയേക്കും. ഭാഷ ഇനിയും നമ്മെ അത്ഭുതപ്പെടുത്തുമെന്നത് മാത്രമാണ് ഇപ്പോള്‍ ഉറപ്പ് പറയാന്‍ സാധിക്കുക.


