ഉയര്‍ന്ന ശമ്പളമാണ് മിക്കപ്പോഴും നല്ല ജോലിയുടെ മാനദണ്ഡം. സാമ്പത്തിക നേട്ടം നോക്കി മാത്രം ഒരു കരിയര്‍ തിരഞ്ഞെടുക്കുന്ന ആളുകളുണ്ട്. പക്ഷേ അവര്‍ അവരുടെ വ്യക്തിപരമായ സന്തോഷവും മാനസികമായ ക്ഷേമവും പണയം വെച്ചിട്ടാകും ആ കരിയറില്‍ തുടരുക. എന്നാല്‍ നല്ല ജോലിയുടെ മാനദണ്ഡം ഉയര്‍ന്ന ശമ്പളം മാത്രമല്ലെന്നാണ് മാനസികാരോഗ്യവിദഗ്ധരും കരിയര്‍ വിദഗ്ധരുമെല്ലാം പറയുന്നത്.
അര്‍ത്ഥവത്തായ, മികച്ച ഒരു ജോലി മുന്നേറാന്‍ നിരന്തരമായി പ്രചോദിപ്പിച്ചുകൊണ്ടിരിക്കണം, തിരിച്ചടികളില്‍ നിന്ന് ഉയര്ത്തെഴുന്നേല്ക്കാന് കരുത്തേകണം, ദീര്‍ഘകാല സന്തോഷം നല്‍കണം. പണത്തിനൊപ്പം ഇവയും സഫലീകരിക്കുന്ന ഒരു ജോലിയെ നല്ല ജോലി എന്ന് വിളിക്കാം.
ഒരു കരിയര്‍ പടുത്തുയര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല ജോലി നേടാം. നിങ്ങളുടെ കഴിവുകളുമായും മൂല്യങ്ങളുമായും അഭിലാഷങ്ങളുമായും ഒത്തുപോകുന്ന ജോലി ആയിരിക്കണം നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്.
മികച്ചൊരു കരിയര്‍ പടുത്തുയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
മൂല്യങ്ങള്‍ തിരിച്ചറിയുക
നമ്മുടെ മൂല്യങ്ങള്‍ തിരിച്ചറിയുകയെന്നത് ഒരു കരിയര്‍ തിരഞ്ഞെടുക്കുന്നതില്‍ ഏറ്റവും പ്രധാനമാണ്. പലപ്പോഴും ആളുകള്‍ ഇത് കണക്കിലെടുക്കാറില്ല, അല്ലെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കാറില്ല. നിങ്ങള്‍ എന്തിനാണ് വില കൊടുക്കുന്നത് എന്ന് മനസ്സിലാക്കുക. ചെയ്യുന്ന ഏതൊരു കാര്യത്തിലും നിങ്ങളുടെ മൂല്യം കൈവിടാതിരിക്കുക. അവനവനോട് നീതി പുലര്‍ത്തുന്നതില്‍ പരമപ്രധാനമാണത്. ജോലിയും ജോലിസ്ഥലവും തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ മൂല്യങ്ങളുമായി ഒത്തുപോകുന്നവയാണെന്ന് ഉറപ്പാക്കുക. അങ്ങനെയുള്ള ഒരു ജോലി ചെയ്യുമ്പോള്‍ വാങ്ങിക്കുന്ന ശമ്പളത്തിന് നല്കാന് സാധിക്കാത്ത ആത്മസംതൃപ്തി ലഭിക്കും.
ജോലിയുടെ സ്വാധീനം
ശമ്പളത്തേക്കാളുപരിയായി, നിങ്ങളുടെ ജോലി ആളുകളിലും സമൂഹത്തിലും തൊഴില്‍മേഖലയിലും ഉണ്ടാക്കുന്ന സ്വാധീനത്തിനും മുന്‍ഗണന നല്‍കുക. മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുകയോ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏതെങ്കിലും രീതിയില്‍ ഉപയോഗപ്പെടുകയോ ചെയ്യുന്ന ജോലികള്‍ മനസ്സിന് സന്തോഷവും പൂര്‍ണ്ണതയും നല്‍കും. ഇത്തരത്തിലുള്ള ജോലികള്‍ ചെയ്യുന്നവര്‍ ഉയര്‍ന്ന തൊഴില്‍ സംതൃപ്തിയും മാനസിക ക്ഷേമവും ഉള്ളവരായിരിക്കും.
വളര്‍ച്ചയ്ക്കും അറിവ് നേടലിനും പ്രാധാന്യം നല്‍കുക
മികച്ചൊരു ജോലി ഒരു വ്യക്തിയുടെ വളര്‍ച്ചയ്ക്ക് നിരന്തരമായി സംഭാവകള്‍ നല്കിക്കൊണ്ടിരിക്കും. ജോലി ചെയ്യുമ്പോഴും പഠിക്കാനും വ്യക്തിപരമായി വികസിക്കാനും വെല്ലുവിളികളെ അതിജീവിക്കാനുമുള്ള മനോഭാവം വളര്‍ത്തിയെടുക്കുക. നിരന്തരമായ വളര്‍ച്ച മേഖലയില്‍ നൈപുണ്യം നേടാനും കരിയറില്‍ എവിടെയും നിന്നുപോകാതെ കുതിക്കാനും സഹായിക്കും. ആജീവനാന്ത പഠനം തൊഴിലിനെ സ്വയം കണ്ടെത്തുന്നതിനും കൂടുതല്‍ വികസിക്കുന്നതിനുമുള്ള ഉപാധിയാക്കും.
പോസിറ്റീവായ ബന്ധങ്ങള്‍
ജോലിസ്ഥലത്തെ ബന്ധങ്ങളും തൊഴിലിനെ അര്ത്ഥവത്താക്കും. സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായും ഇടപാടുകാരുമായും നല്ല ബന്ധം കെട്ടിപ്പടുക്കുക. അത്തരം ബന്ധങ്ങള്‍ ഒരാള്‍ മറ്റൊരാളുടെ വളര്‍ച്ചയ്ക്ക് അന്യോന്യം പിന്തുണയ്ക്കും. ജോലിസ്ഥലം കുടുംബം പോലെ ആയിത്തീരും.
ദിവസേനയുള്ള ജോലിയില്‍ പോലും ലക്ഷ്യം കണ്ടെത്തുക
ജോലിസ്ഥലത്ത് ഏതൊരു കാര്യം ചെയ്യുമ്പോഴും ഒരു ലക്ഷ്യത്തോടെ ചെയ്യുക. ചെറിയ ഉത്തരവാദിത്തങ്ങളില്‍ പോലും അര്‍ത്ഥം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് നിങ്ങളുടെ തൊഴിലില്‍ വലിയ സംതൃപ്തി കൊണ്ടുവരും. ദിവസവും ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണ്ണശ്രദ്ധയും അതിനൊരു ഉദ്ദേശ്യവും ഉണ്ടെങ്കില്‍ മടുപ്പില്ലാതെ ജോലി കൂടുതല്‍ സന്തോഷം നല്‍കും.
വ്യക്തിപരമായ സന്തോഷത്തിന് സമയം കണ്ടെത്തുക
അര്‍ത്ഥവത്തായ ജോലികള്‍ ഒരിക്കലും വ്യക്തിപരമായ സമയങ്ങള്‍ അപഹരിക്കില്ല. വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്കുന്ന ജോലിയാണ് നല്ല ജോലി. ജോലിയില്‍ അതിര്‍വരമ്പുകള്‍ വരച്ചിടുക. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രാധാന്യം നല്കാന് ശ്രദ്ധിച്ചാല്‍ എപ്പോഴും തൊഴിലിനോട് ഇഷ്ടം നിലനിര്‍ത്താന്‍ സാധിക്കുകയും മടുപ്പ് ഇല്ലാതിരിക്കുകയും ചെയ്യും. സ്വയം കരുതലും വിനോദങ്ങളും ബന്ധങ്ങളും ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിക്കുന്നത് നല്ല ജോലിയുടെ ലക്ഷണമാണ്.
അര്‍ത്ഥപൂര്‍ണ്ണമാകണം എല്ലാ രീതിയിലും
അര്‍ത്ഥപൂര്‍ണ്ണമായ ഒരു കരിയര്‍ പടുത്തുയര്ത്തുകയെന്നാല് ആഗ്രഹിക്കുന്ന ശമ്പളം നല്കുന്ന ജോലി ലഭിക്കുക എന്ന് മാത്രമല്ല, ആ ജോലി ഇഷ്ടത്തോടെ ചെയ്യാന്‍ കഴിയുന്ന സ്ഥിതിയുണ്ടാകുക എന്നുകൂടിയാണ്. മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ, സമൂഹത്തില്‍ അതുണ്ടാക്കുന്ന സ്വാധീനത്തിന് പ്രാധാന്യം നല്കി, ജോലിക്കൊപ്പം വളരാനും ബന്ധങ്ങള്‍ വളര്‍ത്താനും ദിവസവും ചെയ്യുന്ന ചെറിയ കാര്യങ്ങളില്‍ പോലും അര്‍ത്ഥം കണ്ടെത്താനും മാനസിക, ശാരീരിക ക്ഷേമം ഉറപ്പാക്കാനും സാധിക്കുന്നുണ്ടെങ്കില്‍ ആ ജോലി നിങ്ങള്‍ക്ക് ആത്മസംതൃപ്തി നല്‍കും. അര്‍ത്ഥവത്തായ ജോലി പണത്തിനപ്പുറത്ത് ഊര്‍ജ്ജവും പ്രചോദനവും നല്‍കും.


