റിയാദ്: പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീര്‍ വയലില്‍ മിഡില്‍ ഈസ്റ്റിലെ വിദ്യാഭ്യാസ മേഖലയിലും പ്രവര്‍ത്തനം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഡോ. ഷംഷീര്‍ ചെയര്‍മാനായ സ്വകാര്യ ഉന്നതവിദ്യാഭ്യാസ, സ്പെഷല്‍ എഡ്യുക്കേഷന്‍ ഗ്രൂപ്പായ അല്‍മസാര്‍ അല്‍ഷാമില്‍ എഡ്യൂക്കേഷന്‍, സൗദി അറേബ്യയിലെ ഓഹരി വിപണിയിലും ലിസ്റ്റ് ചെയ്യും. കമ്പനിയുടെ 30 ശതമാനം ഓഹരികള്‍ (30,720,400 ഓഹരികള്‍) ലിസ്റ്റ് ചെയ്യാന്‍ സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി, കമ്പനിക്ക് അനുമതി നല്കി. ലിസ്റ്റിങ് പൂര്‍ത്തിയാക്കുന്നതോടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പായി അല്‍മസാര്‍ അല്‍ഷാമില്‍ എഡ്യൂക്കേഷന്‍ മാറും.
യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനികള്‍ സൗദിയില്‍ ലിസ്റ്റ് ചെയ്യുന്നത് അപൂര്‍വമാണ്. സൗദിയിലെ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ മേഖലയില്‍ നേതൃത്വം ഉറപ്പാക്കുകയാണ് അല്‍മസാറിന്റെ ലക്ഷ്യം. മിഡില്‍ ഈസ്റ്റിലെ ആരോഗ്യ-വിദ്യാഭ്യാസ നിക്ഷേപ മേഖലയിലെ ഡോ. ഷംഷീറിന്റെ നേതൃത്വവും സ്വാധീനവും വിപുലീകരിക്കുന്നതാണ് സൗദി അറേബ്യയിലെ ഓഹരി വിപണിയിലേക്കുള്ള പ്രവേശം.
”ഞങ്ങളുടെ വളര്‍ച്ചയിലെ വൈകാരികവും സുപ്രധാനവുമായ ഒരുനിമിഷമാണിത്. ഐപിഒ എന്നതിലുപരി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരിമിതികളെ മറികടന്ന് പഠിക്കാനും, ജീവിതത്തില്‍ മുന്നേറാനും കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ ദൗത്യത്തിന്റെ പ്രതിഫലനമാണിത്,” ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
കരുത്തുറ്റ വളര്‍ച്ച
ജിസിസി മേഖലയിലെ വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ ഏറ്റവും വലിയ സംയോജിത നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അമാനത്ത് ഹോള്‍ഡിങ്സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതാണ് അല്‍മസാര്‍ അല്‍ഷാമില്‍ എഡ്യൂക്കേഷന്‍. ഡോ. ഷംഷീറിന്റെ നേതൃത്വത്തില്‍ അല്‍മസാര്‍ മികച്ച വളര്‍ച്ചയാണ് ഇതിനകം നേടിയിട്ടുള്ളത്. വരുമാനം 2022 ലെ 181 ദശലക്ഷം സൗദി റിയാലില്‍ നിന്ന് (4,247 ദശലക്ഷം രൂപ) 2024 ല്‍ 437 ദശലക്ഷം സൗദി റിയാല്‍ ആയി (10,257 ദശലക്ഷം രൂപ) ഉയര്‍ന്നു. 55% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കമ്പി നേടി. എബിറ്റ 215.6 ദശലക്ഷം സൗദി റിയാലായി (5,058 ദശലക്ഷം രൂപ) ഉയര്‍ന്നു.
സൗദിയിലെ ഹ്യൂമന്‍ ഡെവലപ്മെന്റ് കമ്പനി, ഹ്യൂമന്‍ റീഹാബിലിറ്റേഷന്‍ കമ്പനി, മിഡില്‍സെക്സ്സ് യൂണിവേഴ്സിറ്റി ദുബായ്, യുഎഇയിലെ നെമ ഹോള്‍ഡിംഗ് കമ്പനി എന്നീ ഉപസ്ഥാപനങ്ങളിലൂടെ 28,000 ലധികം കുട്ടികള്‍ക്ക് പഠനവും പരിചരണവും നല്കുന്ന ഗ്രൂപ്പിനു കീഴില്‍ 39 ഡേ കെയര്‍ സെന്ററുകള്‍, 14 സ്കൂളുകള്‍, 3 ക്ലിനിക്കുകള്‍ എന്നിവയാണുള്ളത്. ഉന്നത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലൂടെ 20,000 ല്‍ അധികം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.
കരുത്തുറ്റ നിക്ഷേപകന്
ആരോഗ്യ മേഖലയില്‍ പ്രധാനമായും നിക്ഷേപം നടത്തുന്ന ഡോ. ഷംഷീറിന്റെ സംരംഭകയാത്രയിലെ മൂന്നാമത്തെ ഐപിഒ ലിസ്റ്റിംഗാണിത്. മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച് ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ഫാര്‍മസികളുടെയും ശൃംഖലകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ബുര്‍ജീല്‍ ഹോള്‍ഡിംഗ്സാണ് ആദ്യത്തേത്. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലാണ് ഈ കമ്പനി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 16 ആശുപത്രികളും 24 മെഡിക്കല്‍ സെന്ററുകളും ബുര്‍ജീലിന് കീഴിലുണ്ട്. 2007 ല്‍ അബുദാബിയില്‍ ഒരു ആശുപത്രിയുമായി തുടങ്ങിയ സംരംഭമാണ് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരിക്കുന്നത്. ആരോഗ്യ സേനങ്ങള്‍ നല്കുന്ന റെസ്പോണ്‍സ് പ്ലസ് ഹോള്‍ഡിംഗാണ് (ആര്‍പിഎച്ച്) അദ്ദേഹത്തിന്റെ രണ്ടാമത്തെ ലിസ്റ്റഡ് കമ്പനി.
ഫോര്‍ബ്സ് റിയല്‍ടൈം ശതകോടീശ്വര പട്ടികയില്‍ 2025 ഒക്ടോബര്‍ 27 ലെ കണക്കനുസരിച്ച് 1.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 2062 ാം സ്ഥാനത്താണ് ഡോ. ഷംഷീര്‍ വയലില്‍. അല്‍മസാറിന്റെ ലിസ്റ്റിംഗോടെ അദ്ദേഹത്തിന്റെ ആസ്തിയില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഡോ. ഷംഷീറിന്റെ ഭാര്യാപിതാവായ ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയുടെ റിയല്‍ടൈം ആസ്തി 5.9 ബില്യണ്‍ ഡോളറാണ്. നിലവില്‍ ഫോര്‍ബ്സ് ശതകോടീശ്വര പട്ടികയില്‍ 658 ാം സ്ഥാനത്താണ് അദ്ദേഹം.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)


