ശൂന്യമെന്നാല്‍ ഒന്നുമില്ലായ്മയാണെന്നാണ് പൊതുമതം. എന്നാല്‍ ശൂന്യതയില്‍ എല്ലാമുണ്ടെന്നൊരു പണ്ഡിതഭാഷ്യവുമുണ്ട്. ഫിലോസഫിയെല്ലാം അവിടെ നില്ക്കട്ടെ. ഇന്ത്യയിലെ അതിസമ്പന്നരുടെ രാജാവായ മുകേഷ് അംബാനി ‘ശൂന്യ’യില്‍ ദര്‍ശിച്ചിരിക്കുന്നത് കോടികളുടെ കിലുക്കമാണ്. നമ്മള് മലയാളികള്‍ ശൂന്യയെക്കുറിച്ച് അത്രയൊന്നും കേട്ടുകാണില്ല. എന്നാല്‍ അംബാനി കേട്ടു, തിരിച്ചറിഞ്ഞു, ഏറ്റെടുത്തു….സമീപകാലത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപന് മുകേഷ് അംബാനി നടത്തിയ ഏറ്റവും പ്രസക്തമായ എറ്റെടുക്കലിന്റെ കാരണമാണ് ശൂന്യ. അതിലൊളിഞ്ഞരിക്കുന്ന ബിസിനസും അംബാനിയുടെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളും സാധ്യതകളും വിശകലനം ചെയ്യുകയാണ് പ്രോഫിറ്റ് ന്യൂസ്. ഭാവിയിലെ ബിസിനസ് സാധ്യതകള്‍ മുന്‍കൂട്ടി കാണാനുള്ള മുകേഷ് അംബാനിയുടെ സംരംഭകത്വ ചടുലതയുടെ ഏറ്റവും പുതിയ ഉാദഹരണമാണിത്.

ബൈദ്യനാഥന്റെ ബുദ്ധി
ഭാരതസ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത്, ഏകദേശം ഒരു നൂറ്റാണ്ടിലധികം കാലം മുമ്പ് അങ്ങ് ബംഗാളില്‍ രണ്ട് സഹോദരങ്ങള്‍ ഒരു സംരംഭം തുടങ്ങി. ഭാരതത്തിന്റെ ഔഷധ പൈതൃകം പേറുന്ന ആയുര്‍വേദ മരുന്ന് നിര്‍മാണമായിരുന്നു ബിസിനസ്. പണ്ഡിറ്റ് റാം നാരായണ്‍ ശര്‍മയും പണ്ഡിറ്റ് റാം ദയാല്‍ ജോഷിയും ചേര്‍ന്നാണ് വംഗദേശത്തെ വിപ്ലവസമരങ്ങള്ക്കിടയില് ആരോഗ്യ സംരംഭം തുടങ്ങിയത്. വൈദ്യപാരമ്പര്യം പേറുന്ന കുടുംബമായതിനാല്‍ ഗ്രൂപ്പിന് ശ്രീ ബൈദ്യനാഥ് ആയുര്‍വേദ് ഭവന് ലിമിറ്റഡ് എന്നാണ് പേര് നല്‍കിയത്.
ഗ്രൂപ്പ് വളര്‍ന്നു, 100 വര്‍ഷം പിന്നിട്ടു. അങ്ങനെ 2018ല്‍ ബൈദ്യനാഥ് കുടുംബത്തിലെ സിദ്ധേഷ് ശര്‍മ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയൊരു ബ്രാന്‍ഡിന് തുടക്കമിട്ടു, പേര് നേച്ചറഡ്ജ്. ഈ കമ്പനിയെയാണ് കഴിഞ്ഞ ദിവസം മുകേഷ് അംബാനി ഏറ്റെടുത്തത്. അവരുടെ പതാകവാഹക, ‘ഡിസ്റപ്റ്റീവ്’ ഉല്‍പ്പന്നമാണ് ശൂന്യ. എന്നാല്‍ ആ ഏറ്റെടുക്കലിന് പിന്നില്‍ വളരെ വിശാലമായ ഫ്യൂച്ചറിസ്റ്റിക് ബിസിനസ് സ്ട്രാറ്റിജയുടെ ശക്തമായ പിന്‍ബലമുണ്ട്. അത് വിലയിരുത്തും മുമ്പ് എന്താണ് നേച്ചറഡ്ജിന്റെ ഉല്‍പ്പന്നമെന്ന് നോക്കാം.
പഞ്ചസാര ഇല്ലാത്ത, കലോറി രഹിത പാനീയമാണ് ശൂന്യ. എന്നാല്‍ വെറും കലോറി ഫ്രീ പാനീയമല്ല, ആയുര്‍വേദ അധിഷ്ഠിതമാണത്. ഇന്ത്യന്‍ ആയുര്‍വേദത്തിന്റെയും ആധുനിക പാനീയങ്ങളുടെയും ഗുണങ്ങള്‍ സമം ചേര്‍ത്തുള്ള പുതിയൊരു വിപണിയാണ് ശൂന്യ ലക്ഷ്യമിട്ടത്. സീറോ-ഷുഗര്‍, സീറോ കലോറി ഡ്രിങ്കെന്ന നിലയില്‍ മാത്രമല്ല ശൂന്യ ശ്രദ്ധ പിടിച്ചുപറ്റിയത്. അശ്വഗന്ധ, ബ്രഹ്മി, ഖുസ്, കൊകം, ഗ്രീന്‍ ടീ തുടങ്ങിയ ഇന്ത്യന്‍ സൂപ്പര്‍ ഹെര്‍ബുകള്‍ എല്ലാം അടങ്ങിയ പാനീയമാണിത്.
അംബാനിയുടെ മാസ്റ്റര്‍ സ്ട്രോക്ക്
ശൂന്യയുടെ ഏറ്റെടുക്കലോടെ ഹെല്‍ത്തി ഫംഗ്ഷണല്‍ ബിവറേജസ് എന്ന സമഗ്ര ആരോഗ്യ കേന്ദ്രീകൃത പാനീയ രംഗത്തേക്കാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടന്നിരിക്കുന്നത്. എന്താണിതെന്ന് പരിശോധിക്കും മുമ്പ് ശീതള പാനീയ വിപണിയെക്കുറിച്ചൊന്ന് ചിന്തിക്കാം.

ഒരു കാലത്ത് ശീതള പാനീയ വിപണി അടക്കിവാണിരുന്നത് കാര്‍ബണേറ്റഡ് ഡ്രിങ്കുകളായിരുന്നു. പെപ്സിയും കോക്കുമെല്ലാമാണ് ആ ബിസിനസ് കുതിപ്പിനെ നയിച്ചത്. പ്രോഫിറ്റ് റിസര്‍ച്ച് ടീം വിലയിരുത്തിയ കണക്കുകളനുസരിച്ച്, ഗ്രാന്‍ഡ് വ്യൂ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം 613.3 മില്യണ്‍ ഡോളറാണ് കാര്‍ബണേറ്റഡ് പാനീയങ്ങളുടെ ആഗോള വിപണി. 2030 ആകുമ്പോഴേക്കും ഇത് 895.2 മില്യണ്‍ ഡോളറായി ഉയരും. എന്നാല്‍ കാലം മാറിയതോടെ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് പകരം സീറോ കലോറി പാനീയങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന സ്ട്രാറ്റജിയാണ് കമ്പനികള്‍ സ്വീകരിച്ചിരിക്കുന്നത്. ഹെല്‍ത്തി, ഡയറ്റ് കോക്ക് എല്ലാം അതിന്റെ ഫലമായിരുന്നു. എന്നാല്‍ ഈ വിപണിക്കുള്ളില്‍ തന്നെ പുതിയൊരു ബിസിനസ് സാധ്യതയായ ഹെല്‍ത്തി ഫംഗ്ഷണല്‍ ഡ്രിങ്ക്സെന്ന മറ്റൊരു വിപണിയും അതിവേഗം വളരുകയാണ്.
എന്താണ് ഹെല്‍ത്തി ഫംഗ്ഷണല്‍ ഡ്രിങ്ക്സ്?
സാധാരണ നമ്മള് ശീതള പാനീയങ്ങള്‍ കുടിക്കുന്നത് ദാഹം മാറാനും രുചിക്കും ഊര്ജത്തിനുമെല്ലാമാണല്ലോ. എന്നാല്‍ ഹെല്‍ത്തി ഫംഗ്ഷണല്‍ ബിവറേജസില്‍ മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ക്കെല്ലാം പുറമെ കൃത്യമായ ആരോഗ്യ ഗുണങ്ങളുമുണ്ടാകും. ബയോ ആക്റ്റീവ് ചേരുവകള്‍ അടങ്ങിയ പാനീയങ്ങളായിരിക്കുമിത്. വൈറ്റമിന്‍സ്, മിനറല്‍സ്, പ്രോബയോടിക്സ്, അമിനോ ആസിഡ് ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ടാകും.
കുതിക്കുന്ന വിപണി
പൊണ്ണത്തടിയും ജീവിതരീതി രോഗങ്ങളും സമ്മര്‍ദവും കാലദേശപരിമിതികള്ക്കപ്പുറം ജനങ്ങളില്‍ കൂടിയതോടെ വമ്പന്‍ വിപണിയാണ് നേരത്തെ പറഞ്ഞ ആരോഗ്യ പാനീയങ്ങള്‍ക്ക് തുറന്നിരിക്കുന്നത്. കോടികള്‍ കൊയ്യാന്‍ സാധിക്കുന്ന ഏറ്റവും ഫ്യൂച്ചറിസ്റ്റിക്കായ ബിസിനസ് മേഖലകളിലൊന്നാണിത്.
ആയുര്‍വേദവും ഹെര്‍ബല്‍ രീതികളും അവലംബിച്ചാണ് ഇന്ത്യയിലെ ഫംഗ്ഷണല്‍ ബിവറേജസ് ഇന്‍ഡസ്ട്രി കുതിക്കുന്നത്. ശൂന്യയുടെ കാര്യം പറഞ്ഞതുപോലെ മഞ്ഞള്‍ മുതല്‍ തുളസിയും അശ്വഗന്ധയും വരെ മിക്ക ബ്രാന്‍ഡുകളും ചേരുവകളായി ഉള്‍ച്ചേര്‍ക്കുന്നു.
അതിവേഗത്തിലാണ് ഈ വിപണി വളരുന്നത്. പ്രമുഖ മാര്‍ക്കറ്റ് റീസര്‍ച്ച് കമ്പനിയായ ഐമാര്‍ക്ക് ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 243 ബില്യണ്‍ ഡോളറിന്റേതാണ് ആഗോള ഫംഗ്ഷണല്‍ ബിവറേജസ് വിപണി. അതേസമയം 2024ലെ കണക്കനുസരിച്ച് 6.20 ബില്യണ്‍ ഡോളറിന്റെ വലുപ്പമാണ് ഇന്ത്യയില്‍ ഈ മേഖലയ്ക്കുള്ളത്. 2033 ആകുമ്പോഴേക്കും ഇത് 16.25 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ ഉള്‍പ്പടെയുള്ള വമ്പന്‍ കമ്പനികളെല്ലാം ഈ വിപണിയിലുണ്ട്.
ഉന്മേഷദായകവും രസകരവുമായ ഹെര്‍ബല്‍-നാച്ചുറല്‍ ഫംഗ്ഷണല്‍ പാനീയങ്ങളോടുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യം വളരെ വലുതാണെന്നാണ് സിദ്ധേഷ് ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞത്. ദേശീയ ബ്രാന്‍ഡായി ശൂന്യയെ മാറ്റുന്നതിന് ഈ പങ്കാളിത്തം സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. റിലയന്‍സ് റീട്ടെയ്ലിന്റെ വിശാലമായ വിതരണ ശൃംഖലയിലൂടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിലേക്ക് ഇനി ശൂന്യ എത്തും.
അംബാനിയുടെ 8,000 കോടി പ്ലാന്‍

ശീതള പാനീയ വിപണിയിലേക്ക് മുകേഷ് അംബാനി ചുവടുവച്ചത് വ്യക്തമായ ആസൂത്രണത്തോടെയാണ്. ഒരു കാലത്ത് രാജ്യത്ത് സജീവമായിരുന്ന കാംപ കോളയെന്ന ബ്രാന്‍ഡിനെ 2022ല്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു അംബാനിയുടെ മാസ്റ്റര്‍ സ്ട്രോക്ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എഫ്എംസിജി വിഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സിലൂടെയായിരുന്നു ഏറ്റെടുക്കല്‍. പ്രവര്‍ത്തം നിര്‍ത്തിയിരുന്ന കാംപ കോളയെ പുനരുജ്ജീവിപ്പിച്ച് 2023ലാണ് അംബാനി റീബ്രാന്‍ഡ് ചെയ്തിറക്കിയത്. കുറഞ്ഞ വിലയിലുള്ള കാംപ അതിവേഗം വിപണി പിടിച്ചു. റിലയന്‍സിന്റെ അവകാശവാദമനുസരിച്ച് പ്രധാന നഗരങ്ങളില്‍ ഇതിനോടകം 14 ശതമാനം വിപണി വിഹിതം കാംപ കോള നേടിയിട്ടുണ്ട്. 200 എംഎല് ബോട്ടിലിന് പത്ത് രൂപയെന്ന ആകര്‍ഷക വിലയാണ് കാംപ കോളയെ വ്യത്യസ്തമാക്കുന്നത്.
ബിവറേജസ് മേഖലയില്‍ മുകേഷ് അംബാനി നടത്തുന്ന നാലാമത്തെ ഏറ്റെടുക്കലാണ് ശൂന്യയുടേത്. നേരത്തെ പരാമര്‍ശിച്ച കാംപ കോളയ്ക്ക് പുറമെ, സോസ്യോ, റാസ്കിക് എന്നിവയാണ് അദ്ദേഹം ഏറ്റെടുത്ത മറ്റ് ബ്രാന്‍ഡുകള്‍. ജിയോയിലൂടെ ഡാറ്റയില്‍ ശ്രദ്ധ കേന്ദ്രീകിച്ചുള്ള ടെലികോം വിപ്ലവം പോലെ ശൂന്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ആരോഗ്യ പാനീയ വിപ്ലവമാണ് മുകേഷ് ഇനി ലക്ഷ്യമിടുന്നത്. പ്രോഫിറ്റ് ന്യൂസ് വിവിധ സ്രോതസുകളില്‍ നിന്ന് വിശകലനം ചെയ്ത കണക്കുകള്‍ പ്രകാരം ബിവറേജസ് മേഖലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 8000 കോടി രൂപയുടെ നിക്ഷേപമാണ് അംബാനി പദ്ധതിയിടുന്നത്.

കൊക്കകോള, പെപ്സികോ, ഡാബര്‍, ടാറ്റ കണ്‍സ്യൂമര്‍ തുടങ്ങിയ ബഹുരാഷ്ട്ര ഭീമന്മാരും നിരവധി പ്രാദേശിക കമ്പനികളും റിലയന്‍സിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എങ്കിലും ഒരു ജിയോ വീരഗാഥ ബിവറേജസ് രംഗത്തും സംഭവിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഡാറ്റയാണ് പുതിയ കാലത്തെ ഓക്സിജനെന്ന് പ്രഖ്യാപിച്ചാണ് ജിയോയെ പുതിയ കാലത്തെ ആഗോള ടെലികോം ബ്രാന്‍ഡാക്കി അംബാനി പൊസിഷന്‍ ചെയ്തത്. ആരോഗ്യം നല്കുന്ന ശീതള പാനീയമാണ് ബിവറേജസ് മേഖലയിലെ പുതിയ തുറുപ്പുചീട്ടെന്ന ഉറച്ച ബോധ്യത്തോടെയാണ് അംബാനിയുടെ ബിസിനസ് വൈവിധ്യവല്‍ക്കരണം. അതിന് ഉത്തേജനം നല്കുന്ന ഏറ്റവും മികച്ച ഉല്‍പ്പന്നത്തെയാണ് ശൂന്യയിലൂടെ അംബാനി സ്വന്തമാക്കിയിരിക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ നട്ടെല്ല് എണ്ണയായിരുന്നു. എന്നാല്‍ പുതിയ കാലത്ത് എണ്ണയല്ല ഭാവിയെന്ന് തിരിച്ചറിഞ്ഞ് ടെലികോം, ഡിജിറ്റല്‍ ഫിനാന്‍സ്, ഹരിതോര്‍ജം റീട്ടെയ്ല്‍, ഫാഷന്‍, ബിവറേജസ് ഉള്‍പ്പടെ നിരവധി വൈവിധ്യം നിറഞ്ഞ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ച് റിലയന്‍സിന്റെ മൂല്യം ഇരട്ടപ്പിക്കുന്ന മുകേഷ് അംബാനിയുടെ തന്ത്രം അതിഗംഭീരമാണ്. സമ്പന്ന പട്ടികയില്‍ എന്നും മുന്‍നിരയില്‍ അദ്ദേഹത്തെ നിര്‍ത്തുന്നതും അതുതന്നെയാണ്.


