വെറും കണക്കുകൾക്കും മുദ്രാവാക്യങ്ങൾക്കും അപ്പുറം, ദൃശ്യാവിഷ്കാരത്തിലൂടെ പരിസ്ഥിതി ബോധവൽക്കരണത്തിന് പുതിയൊരു മാനം നൽകുകയാണ് ‘ഗ്രീൻസ്റ്റോം ഫെസ്റ്റിവൽ’. കാലാവസ്ഥാ വ്യതിയാനമെന്ന ആഗോള പ്രതിസന്ധിയെ സർഗാത്മക പരിസ്ഥിതിവാദത്തിലൂടെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഈ പ്രസ്ഥാനം തെളിയിക്കുന്നു. 2009-ൽ കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ലളിതമായി ആരംഭിച്ച ഈ യാത്ര, ഇന്ന് 177 രാജ്യങ്ങളിലെ ക്യാമറക്കണ്ണുകളെ കോർത്തിണക്കുന്ന ഒരു ആഗോള പ്രതിഭാസമായി മാറിയിരിക്കുന്നു.

കൊച്ചിയിൽ നിന്നൊരു മനോഹര തുടക്കം
പർപ്പസ് ബ്രാൻഡിംഗ് രംഗത്തെ വിദഗ്ധരായ ഓർഗാനിക് ബി.പി.എസ് തങ്ങളുടെ പത്താം വാർഷിക വേളയിലാണ് ഗ്രീൻസ്റ്റോമിന് വിത്തിട്ടത്. സി.എസ്.ആർ പ്രവർത്തനങ്ങളെ കേവലമൊരു ചടങ്ങായി കാണാതെ, ജനമനസ്സുകളിൽ സ്വാധീനം ചെലുത്തുന്ന ഒന്നാക്കി മാറ്റണമെന്ന ചിന്ത ഇതിന് പിന്നിലുണ്ടായിരുന്നു. കേരളം സന്ദർശിച്ച ഒരു യുഎൻഇപി പ്രതിനിധി നൽകിയ നിർദ്ദേശമാണ് പരമ്പരാഗത രീതികളിൽ നിന്ന് മാറി ദൃശ്യമാധ്യമത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രേരണയായത്.
പ്രസ്ഥാനത്തിന്റെ നാഴികക്കല്ലുകൾ
2009-ൽ കൊച്ചിയിലെ പെട്രോൾ പമ്പുകളിലെ ഫോട്ടോഗ്രാഫി പ്രദർശനങ്ങളിലൂടെ ആരംഭിച്ച ഗ്രീൻസ്റ്റോം, ഇന്ന് ലോകത്തെ ശ്രദ്ധേയമായ പരിസ്ഥിതി-ഫോട്ടോഗ്രാഫി പ്രസ്ഥാനങ്ങളിലൊന്നായി വളർന്നു. ദിലീപ് നാരായണന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഈ ഗ്രീൻസ്റ്റോം ഫൗണ്ടേഷന് സി.എ. ജോർജ് കോരയുടെയും അനിൽ കെ. മേനോന്റെയും പിന്തുണയും നേതൃത്വവും കരുത്തേകി. നിലവിൽ 17-ാം സീസണിലെത്തിയ ഗ്രീൻസ്റ്റോമിന്റെ വിവിധ പരിപാടികളിൽ ഇതുവരെ 50,000-ത്തിലധികം ഫോട്ടോഗ്രാഫർമാർ പങ്കാളികളായിട്ടുണ്ട്. കൊച്ചിയിലെ നിന്നുള്ള ഗ്രീൻസ്റ്റോം ഫെസ്റ്റിവൽ യാത്ര ആഗോളതലത്തിൽ പടരുകയും ഐക്യരാഷ്ട്രസഭയുടെ വേദികളിൽ വരെ മാറ്റൊലികൊള്ളുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയുമായുള്ള പങ്കാളിത്തം
ഇന്ന് 177 രാജ്യങ്ങളിൽ നിന്നുള്ള 50,000 ൽ ഏറെ ഫോട്ടോഗ്രാഫർമാരുടെ സജീവ പങ്കാളിത്തം ഗ്രീൻസ്റ്റോമിനെ ഒരു ‘ഗ്ലോബൽ ക്ലൈമറ്റ് ഡിപ്ലോമസി’ വേദിയാക്കി മാറ്റിയിരിക്കുന്നു. 2022 ൽ നടത്തിയ ഫെസ്റ്റിവലിൽ വിർച്വൽ എക്സിബിഷനിൽ പരിസ്ഥിതി-ദുരന്തനിവാരണ വിദഗ്ധനും ഐക്യരാഷ്ട്രസഭയിലെ (UN) ഉന്നത ഉദ്യോഗസ്ഥനുമായ ഡോ . മുരളി തുമ്മാരുകുടി പങ്കെടുക്കുകയും പിന്നീട് യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ടു കോമ്പാറ്റ് ഡെസർട്ടിഫിക്കേഷനുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അവസരമൊരുങ്ങുകയുമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ടു കോമ്പാറ്റ് ഡെസർട്ടിഫിക്കേഷൻ (UNCCD) G 20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഗ്രീൻസ്റ്റോം ഫെസ്റ്റിവലിന് റാംസർ കോപ്പ് 15, ദുബായ് കോപ്പ് 28 (COP 28) തുടങ്ങിയ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ലഭിച്ച പ്രാതിനിധ്യം ഇതിന്റെ ആഗോള സ്വീകാര്യതയ്ക്ക് അടിവരയിടുന്നു. ഈ വർഷത്തെ ജേതാക്കൾക്കായി 18 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് കാത്തിരിക്കുന്നത്. മംഗോളിയയിലെ ഉലാൻബാതറിൽ വച്ച് നടക്കാനിരിക്കുന്ന പുരസ്കാര വിതരണം ഈ ഹരിത മുന്നേറ്റത്തിന്റെ മറ്റൊരു ചരിത്ര നിമിഷമാകും.

കലയിൽ നിന്ന് പ്രവൃത്തിയിലേക്ക്
ഗ്രീൻസ്റ്റോം പങ്കു വയ്ക്കുന്ന ചിത്രങ്ങൾ വെറുമൊരു കാഴ്ചയല്ല, മറിച്ച് മാറ്റത്തിനുള്ള ആഹ്വാനമാണ്. ഗ്രീൻസ്റ്റോമിന്റെ സ്വാധീനം ഒരു പരിസ്ഥിതി പ്രസ്ഥാനത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണ്. ഗ്രീൻസ്റ്റോമിൽ കണ്ട കുട്ടികൾ കുളത്തിലേക്ക് ചാടുന്ന ഒരു ചിത്രം കോയമ്പത്തൂരിലെ ഒരു ഐടി പ്രൊഫഷണലിൽ ഗൃഹാതുരത്വം ഉണർത്തുകയും, തന്റെ സ്വന്തം ഗ്രാമത്തിലെ നശിച്ച കുളത്തെ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്ത സംഭവം അതിന്റെ മികച്ച ഉദാഹരണമാണ്. അതേസമയം, ലോകമെമ്പാടുമുള്ള 1.2 കോടി യുവമനസ്സുകളിലേക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം എത്തിക്കാൻ ഈ സംരംഭത്തിന് ഇതിനകം സാധിച്ചിട്ടുണ്ട്. സ്കൂളുകളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ വരുംതലമുറയിൽ ഹരിത അവബോധവും പരിസ്ഥിതി ഉത്തരവാദിത്തവും വളർത്തിയെടുക്കുന്നതിൽ ഗ്രീൻസ്റ്റോം നിർണായക പങ്കുവഹിക്കുന്നു.
ലാഭേച്ഛയില്ലാത്ത പ്രവർത്തനവും അചഞ്ചലമായ പ്രതിബദ്ധതയുമാണ് ഗ്രീൻസ്റ്റോമിന്റെ വിജയരഹസ്യം. “സ്വാർത്ഥ ലക്ഷ്യമില്ലാതെ എല്ലാവരുടെയും നന്മയ്ക്കായി നാം ഒരു കാര്യം ചെയ്താൽ അത് തീർച്ചയായും സുസ്ഥിരമായി നിൽക്കും,” എന്ന സ്ഥാപകൻ ദിലീപ് നാരായണന്റെ വാക്കുകൾ വരാനിരിക്കുന്ന മാറ്റങ്ങളുടെ ദിശാസൂചികയാണ്. കൊച്ചിയിൽ നിന്ന് വീശിയ ആ ചെറിയ കാറ്റ് ഇന്ന് ലോകത്തെ ഉണർത്തുന്ന അതിശക്തമായ ഹരിത കൊടുങ്കാറ്റായി മാറിയിരിക്കുന്നു.സിംബാബ്വെയിലെ വിക്ടോറിയ ഫാൾസിൽ നടന്ന റാംസർ COP15 സമ്മേളനത്തിലും ദുബായിൽ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിയിലും ഗ്രീൻസ്റ്റോമിന് തന്റെ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചിരുന്നു. കേരളത്തിൽ നിന്നാരംഭിച്ച ഒരു സംരംഭം ആഗോള പരിസ്ഥിതി ചർച്ചകളിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയതിന്റെ തെളിവാണിത്.
ഈ വർഷത്തെ പ്രമേയം: റേഞ്ച്ലാൻഡുകളും പുൽമേടുകളും
17-ാമത് പതിപ്പിന്റെ പ്രമേയം “Beautiful Rangelands and Grasslands”എന്നതാണ്. ഭൂമിയുടെ പകുതിയിലധികം കരഭാഗം ഉൾക്കൊള്ളുന്ന ഈ ആവാസവ്യവസ്ഥകൾ 50 കോടിയിലധികം ജനങ്ങളുടെ ജീവിതത്തിനും ഉപജീവനത്തിനും അടിസ്ഥാനമാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനവും ഭൂവിനിയോഗ മാറ്റങ്ങളും ഇവയെ ഗുരുതര ഭീഷണിയിലാഴ്ത്തുകയാണ്.പ്രശസ്ത ഫോട്ടോഗ്രാഫർമാരായ ചാർളി വൈറ്റ്, ലതിക നാഥ് , നിക്ക് ഹാൾ എന്നിവരാണ് ഗ്രാൻഡ് ജൂറിയിൽ അംഗങ്ങളായിരിക്കുന്നത്. ഇത് ഫെസ്റ്റിവലിന്റെ അന്തർദേശീയ നിലവാരവും വിശ്വാസ്യതയും ഉയർത്തുന്നു.




