ഇടിവിന്റെ ദിനം
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്സ് 242.65 പോയിന്റ് താഴ്ന്ന് 72,529.07ലും നിഫ്റ്റി 64.05 പോയിന്റ് നഷ്ടത്തില്‍ 22,716.20ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്ക്യാപ് 100, 0.95 ശതമാനവും സ്മോള്‍ക്യാപ് 100, 1.02 ശതമാനവും ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് 104.3 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് വിദേശ നിക്ഷേപകര്‍ 5,300 കോടിയിലധികം രൂപയുടെ ഓഹരികള്‍ വിറ്റതും വിപണിക്ക് സമ്മര്‍ദ്ദമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് 96.13ലെത്തി. സ്വര്‍ണവിലയിലും ശക്തമായ വീഴ്ച തുടരുകയാണ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,640 രൂപയിലെത്തി. പവന് 1,000 രൂപ ഇടിഞ്ഞ് 1,09,040 രൂപയാണ് ഇന്നത്തെ വില.
നിഫ്റ്റി ഐ.ടി സൂചിക സെപ്റ്റംബര്‍ 29ന് ഒരു ശതമാനം ഇടിഞ്ഞതോടെ തുടര്‍ച്ചയായ എട്ടാം സെഷനിലും നഷ്ടത്തിലായി. ഈ എട്ട് സെഷനുകളിലായി സൂചിക ഏകദേശം നാല് ശതമാനം താഴ്ന്നു. എച്ച്.സി.എല്‍ടെക്, ഇന്‍ഫോസിസ്, വിപ്രോ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ഐ.ടി ഓഹരികള്‍ 2 ശതമാനം വരെ ഇടിഞ്ഞു. ഒക്ടോബര്‍ 8ന് ടി.സി.എസ് സെപ്റ്റംബര്‍ പാദഫലം പുറത്തുവിടുന്നതോടെ ഐ.ടി കമ്പനികളുടെ പാദഫല സീസണിലേക്ക് വിപണി കടക്കും.
അപൂര്‍വ രോഗങ്ങള്‍ക്കുള്ള ചില പ്രത്യേക മരുന്നുകള്‍ക്കും അവയുടെ നിര്‍മാണ ഘടകങ്ങള്‍ക്കും ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക പൂജ്യം ശതമാനം താരിഫ് ഏര്‍പ്പെടുത്തി. ന്യൂക്ലിയര്‍ മരുന്നുകള്‍, പ്ലാസ്മ അടിസ്ഥാനമാക്കിയ ചികിത്സകള്‍, ഫെര്‍ട്ടിലിറ്റി മരുന്നുകള്‍, സെല്‍-ജീന്‍ തെറാപ്പി ഉല്പന്നങ്ങള്, ആന്റിബോഡി-ഡ്രഗ് കോണ്ജുഗേറ്റുകള്, പ്രത്യേക മരുന്നുകള്‍ എന്നിവയാണ് ഇളവിന്റെ പരിധിയില്‍. ഡോ. റെഡ്ഡീസ്, ലുപിന്‍, സൈഡസ് ലൈഫ്സയന്‍സസ് തുടങ്ങിയ കമ്പനികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കാമെന്നാണ് വിപണി വിലയിരുത്തല്‍. ഡോ. റെഡ്ഡീസ് ഓഹരി 2 ശതമാനത്തിലധികം ഉയര്‍ന്ന് 1,247.70 രൂപയിലെത്തി; സണ്‍ ഫാര്‍മ ഏകദേശം 1 ശതമാനവും സിപ്ല 0.3 ശതമാനവും ഉയര്‍ന്നു. മാന്‍കൈന്‍ഡ് ഫാര്‍മ 4.5 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. നിഫ്റ്റി ഫാര്‍മ സൂചിക 0.6 ശതമാനം ഉയര്‍ന്നു.
ഇലക്ട്രിക് ടൂ വീലര്‍ വില്‍പ്പനയില്‍ മുന്നിലെത്തി ടിവിഎസും ബജാജും
സെപ്റ്റംബര്‍ മാസത്തിലെ ആദ്യ 28 ദിവസത്തെ കണക്കില്‍ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന രജിസ്ട്രേഷനുകളുടെ 61.8 ശതമാനവും ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പിന്റെ വിഡ എന്നിവ ചേര്‍ന്ന് സ്വന്തമാക്കിയെന്ന് കണക്കുകള്‍. ടിവിഎസിന് 26.4 ശതമാനം, ബജാജിന് 23.6 ശതമാനം, വിഡയ്ക്ക് 11.7 ശതമാനം വീതമാണ് വിഹിതം. ടിവിഎസ് 49,677 യൂണിറ്റും ബജാജ് 44,480 യൂണിറ്റും വിഡ 22,109 യൂണിറ്റും വിറ്റു. ഓഗസ്റ്റില്‍ മൂന്നു കമ്പനികളുടെയും സംയുക്ത വിഹിതം 59.5 ശതമാനവും ജൂലൈയില്‍ 60.6 ശതമാനവുമായിരുന്നു. അതേസമയം, ഒരുകാലത്ത് വിപണിയിലെ പ്രധാന ശക്തിയായിരുന്ന ഓല ഇലക്ട്രിക്കിന്റെ വിഹിതം 6.4 ശതമാനമായി കുറഞ്ഞു; 11,984 യൂണിറ്റാണ് രജിസ്റ്റര്‍ ചെയ്തത്. ആതറിന് 27,690 യൂണിറ്റ് രജിസ്ട്രേഷനുണ്ടായി.
പിഎന്‍ബി തട്ടിപ്പ്: സന്ദീപ് മിസ്ത്രി കസ്റ്റഡിയില്‍
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിയുടെ സഹായി സന്ദീപ് മിസ്ത്രിയെ മുംബൈ പ്രത്യേക സി.ബി.ഐ കോടതി ഒക്ടോബര്‍ 6 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. യു.എ.ഇയില്‍ നിന്ന് തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ച മിസ്ത്രിയെ ചൊവ്വാഴ്ച സി.ബി.ഐ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 2025 നവംബറില്‍ പ്രത്യേക കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നീരവ് മോദിയുമായി ബന്ധപ്പെട്ട ഹോങ്കോങ് ആസ്ഥാനമായ ഫാന്‍സി ക്രിയേഷന്‍സ് ലിമിറ്റഡിന്റെ ഡയറക്ടറായിരുന്നു മിസ്ട്രി. പി.എന്‍.ബിക്ക് ഏകദേശം 6,498.20 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി ആരോപിക്കുന്ന ഗൂഢാലോചനയില്‍ മിസ്ത്രി സജീവമായി പങ്കെടുത്തെന്നാണ് സി.ബി.ഐയുടെ ആരോപണം.




