ദീപാവലി ദിനത്തിലാണ് വിക്രം സംവത് അഥവാ ഹിന്ദി സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം. ബിസിനസുകള്‍, പ്രത്യേകിച്ച് മാര്‍വാഡി, ഗുജറാത്തി ബിസിനസുകാര്‍ തങ്ങളുടെ അക്കൗണ്ട് ബുക്ക് പുതുതായി ആരംഭിക്കുന്നത് ഇതേദിവസമാണ്. പുതിയൊരു ബിസിനസ് വര്‍ഷത്തിന്റെ ആരംഭം. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയെ ആരാധിച്ചാണ് ഈ സമയത്ത് സംരംഭകരും നിക്ഷേപകരും സാമ്പത്തിക ക്രയവിക്രയങ്ങള്‍ തുടങ്ങിവെക്കുന്നത്.
- ദീപാവലി ഓഹരികള്‍
- ഡിക്സണ്‍ ടെക്നോളജീസ്
- ആസാദ് എഞ്ചിനീയറിംഗ്
- സിര്‍മ എസ്ജിഎസ് ടെക്നോളജി
- കാനറ ബാങ്ക്
- ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് & ഫിനാന്‍സ്
- ഓഹരിപ്പത്തുമായി മോത്തിലാല്‍ ഓസ്വാള്‍
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
- ഭാരത് ഇലക്ട്രോണിക്സ്
- സ്വിഗ്ഗി
- ഇന്ത്യന്‍ ഹോട്ടല്‍സ്
- മാക്സ് ഫിനാന്‍ഷ്യല്‍
- റാഡിക്കോ ഖൈതാന്‍
- ഡെല്‍ഹിവെറി
- എല്‍ടി ഫുഡ്സ്
- വിഐപി ഇന്‍ഡസ്ട്രീസ്
നവരാത്രിയിലാരംഭിച്ച് ദീപാവലിയും കടന്ന് ന്യൂ ഇയറിലേക്കെത്തുന്ന മൂന്ന് മാസക്കാലം ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഉല്‍സവകാലം കൂടിയാണ്. പാത്രങ്ങളും ഗൃഹോപകരണങ്ങളും വാഹനങ്ങളും മുതല്‍ സ്വര്‍ണവും ഓഹരികളും വരെ ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടുന്ന സമയം. ഈ സമയത്തെ വാങ്ങലുകളില്‍ സമ്പത്തിന്റെ ദേവതയുടെ അനുഗ്രഹമുണ്ടാകുമെന്ന വിശ്വാസം ഒരുവശത്ത്. വില്‍പ്പനക്കാര്‍ നല്കുന്ന വമ്പന്‍ ഡിസ്കൗണ്ടുകള്‍ മറുവശത്ത്. കച്ചവടം പൊടിപൊടിക്കാന്‍ വേറെയൊന്നും വേണ്ടല്ലോ.
ഓഹരി വിപണിയിലും ദീപാവലിക്കാലത്ത് ഒരു പ്രത്യേക ഉല്‍സാഹം ദൃശ്യമാണ്. ദീപാവലിക്കാലത്ത് വാങ്ങുന്ന ഓഹരികള്‍ അടുത്ത ദീപാവലിക്കാലമാകുമ്പോഴേക്കും മികച്ച നേട്ടം നല്‍കുമെന്നാണ് വിശ്വാസം. ദീപാവലിയോടനുബന്ധിച്ച്് ഈ വിശ്വാസവുമായി ബന്ധിപ്പിച്ച് മുഹൂര്‍ത്ത വ്യാപാരം എന്ന ഒരു മണിക്കൂര്‍ പ്രത്യേക സെഷനും നടക്കാറുണ്ട്.
ഇത്തവണ ദീപാവലിക്ക് മുന്‍പുതന്നെ ഇന്ത്യന്‍ ഓഹരി വിപണികള്‍ പോസിറ്റീവായിത്തുടങ്ങി. ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്സും നിഫ്റ്റി 50 ഉം ഒക്ടോബറിലെ ആദ്യ രണ്ടാഴ്ച ശക്തമായ റാലിക്ക് സാക്ഷ്യം വഹിച്ചു. ഒക്ടോബര്‍ 16 വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്സ് 400 പോയിന്റിലധികം ഉയര്‍ന്ന് 84,000 കടന്നു നില്‍ക്കുകയാണ്. നിഫ്റ്റി 50 25,700 കടന്ന് 2025 ലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 2026 ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റ് വരാനിരിക്കെ ഈ മൊമന്റം നിലനിര്‍ത്താന്‍ വിപണികള്‍ക്ക് സാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. 2026 മാര്‍ച്ച് മാസത്തോടെ നിഫ്റ്റി 26,140 എന്ന ഓള്‍ടൈം ഹൈയിലെത്തുമെന്ന് ജപ്പാന് ആസ്ഥാനമായ ബ്രോക്കറേജ് സ്ഥാപനമായ നോമുറ പ്രവചിക്കുന്നു.
ദീപാവലി ഓഹരികള്‍
ദീപാവലിക്ക് വാങ്ങാവുന്ന ഓഹരികളുടെ ശുപാര്‍ശകളുമായി വിവിധ സ്ഥാപനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിംഗ് തങ്ങളുടെ ദീപാവലി സ്റ്റോക്കുകളുടെ പട്ടിക അടുത്തിടെ പുറത്തിറക്കി. ഡിക്സണ്‍ ടെക്നോളജീസ്, ആസാദ് എഞ്ചിനീയറിംഗ്, സിര്‍മ എസ്ജിഎസ് ടെക്നോളജി, കാനറ ബാങ്ക്, ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ്സ് & ഫിനാന്‍സ് എന്നീ ഓഹരികളിലാണ് സെന്‍ട്രം സാധ്യത കാണുന്നത്. ഈ ഓഹരികളിലെ അടുത്ത ഒരു വര്‍ഷത്തെ ലക്ഷ്യവിലകള്‍ പരിശോധിക്കാം.
ഡിക്സണ്‍ ടെക്നോളജീസ്
മള്‍ട്ടിബാഗര്‍ ഓഹരിയായ ഡിക്സണ്‍ ടെക്നോളജീസ്, 21,574 എന്ന ലക്ഷ്യവിലയിട്ട് വാങ്ങാനാണ് സെന്‍ട്രം ശുപാര്‍ശ ചെയ്യുന്നത്. നിലവില്‍ 16,700 എന്ന നിലയിലാണ് ഡിക്സണ്‍ ടെക്നോളജീസിന്റെ ഓഹരിവില. ഇലക്ട്രോണിക്സ് കരാര്‍ നിര്‍മാതാക്കളായ ഡിക്സന്റെ ഓര്‍ഡര്‍ ബുക്ക് 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 15% വര്‍ധന കൈവരിക്കുമെന്ന് സെന്‍ട്രം പ്രതീക്ഷിക്കുന്നു. വിവോയുമായിചേര്ന്ന് ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണത്തിന് ഡിക്സണ്‍ ടെക്നോളജീസ് ഒരു സംയുക്ത സംരംഭം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ വന്‍തോതിലുള്ള മൊബൈല്‍ ഫോണ്‍ നിര്‍മാണം സാധ്യമാകും. വലിയ വളര്‍ച്ചാ സാധ്യതയാണ് ഡിക്സണില്‍ നോമുറ കാണുന്നത്.
ആസാദ് എഞ്ചിനീയറിംഗ്
എന്‍ജിനീയറിംഗ്, മെഷീന് ഘടക നിര്‍മാതാക്കളായ ആസാദ് എന്‍ജിനീയറിംഗാണ് നോമുറയുടെ മറ്റൊരു ശുപാര്‍ശ. നിലവില്‍ 1644 എന്ന നിലയിലാണ് ഓഹരിവില. 2,145 എന്ന ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാനാണ് നിര്‍ദേശം. 6,000 കോടി രൂപയുടെ ശക്തമായ ഓര്‍ഡര്‍ ബുക്കാണ് കമ്പനിക്കുള്ളത്.
സിര്‍മ എസ്ജിഎസ് ടെക്നോളജി
ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈനിംഗിലെ കരുത്തുള്ള കമ്പനിയായ സിര്‍മ എസ്ജിഎസ് 1035 എന്ന ലക്ഷ്യവിലയോടെ നോമുറയുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. നിലവില്‍ 787 രൂപയാണ് ഓഹരി വില. ശക്തമായ അപ്ട്രെന്‍ഡിലാണ് 2025 മാര്‍ച്ച് മുതല്‍ ഓഹരി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പിഎടി (നികുതിക്ക് ശേഷമുള്ള വരുമാനം) 7% ആയി സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കാനറ ബാങ്ക്
പൊതുമേഖലാ ബാങ്കായ കാനറ ബാങ്കില്‍ മികച്ച മുന്നേറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ എസ്ബിഐയുടേയും കാനറ ബാങ്കിന്റെയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും നേതൃത്വത്തില്‍ ഏകീകരിച്ച് മൂന്ന് വലിയ ബാങ്കുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇതി നടപ്പില്‍ വരുന്നതോടെ വലിയ സാധ്യതകളാണ് കാനറ ബാങ്കില്‍ ഉണ്ടാവുക. 151 രൂപ ലക്ഷ്യവിലയില്‍ കാനറ ബാങ്ക് ഓഹരികള്‍ വാങ്ങാമെന്നാണ് നോമുറ പറയുന്നത്. നിലവിലെ വില 124 രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കാനറ ബാങ്ക് നിഷ്ക്രിയ ആസ്തികളില്‍ സ്ഥിരമായ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് & ഫിനാന്‍സ്
ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് & ഫിനാന്‍സിന് രണ്ടാം പാദത്തില്‍ ഹ്രസ്വകാല വെല്ലുവിളികളെ മറികടക്കാനും 20% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താനും കഴിയുമെന്ന് നോമുറ വിശ്വസിക്കുന്നു. നിലവിലെ ഓഹരിവില 1654 രൂപയാണ്. അടുത്ത ഒരു വര്‍ഷത്തെ ലക്ഷ്യവില 1,935 രൂപയാണ്.
ഓഹരിപ്പത്തുമായി മോത്തിലാല്‍ ഓസ്വാള്‍
സംവത് വര്‍ഷം മികച്ച രീതിയിലാണ് ഇത്തവണ ആരംഭിക്കന്നതെന്ന് ഇന്ത്യന്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ നിരീക്ഷിക്കുന്നു. റിപ്പോ നിരക്ക് 100 ബേസിസ് പോയന്റും കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) 150 പോയന്റും കുറച്ച ആര്‍ബിഐ നടപടിയും ഒരു ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളും ചേര്‍ന്ന മതിയായ ധനം വിപണിയിലേക്ക് എത്തിച്ചിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രണത്തിലാണ്. ജിഎസ്ടി കുറച്ച നടപടി ഉപഭോക്തൃ വികാരത്തെ പോസിറ്റീവാക്കിയിരിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ പാതയില്‍ ശക്തമായ ആക്കം തിരികെയെത്തിക്കാന്‍ ഈ സാഹചര്യത്തിന് സാധിക്കുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ നിരീക്ഷിക്കുന്നു. പത്ത് ഓഹരികളാണ് ഈ ദീപാവലിക്കാലത്ത് വാങ്ങാന്‍ മോത്തിലാല്‍ ഓസ്വാള്‍ നിര്‍ദേശിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
മോത്തിലാല്‍ ഓസ്വാള്‍ ആദ്യമായി ശുപാര്‍ശ ചെയ്യുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ക്ക് ആഭ്യന്തര ബ്രോക്കറേജ് 1,000 രൂപ എന്ന ലക്ഷ്യ വിലയാണ് നല്‍കുന്നത്. ഇത് ഓഹരിയുടെ ഇപ്പോഴത്തെ വിലയായ 886.95 രൂപയില്‍ നിന്ന് ഏകദേശം 13 ശതമാനം ഉയര്‍ച്ചാ സാധ്യതയെ സൂചിപ്പിക്കുന്നു.
ജിഎസ്ടി 2.0, ആദായനികുതി പരിഷ്കാരങ്ങള്‍, ആര്‍ബിഐയുടെ ലിക്വിഡിറ്റി ഇന്‍ഫ്യൂഷന്‍ തുടങ്ങിയ സര്‍ക്കാര്‍ പരിഷ്കാരങ്ങളില്‍ നിന്നുള്ള ഘടനാപരമായ പിന്തുണ, ശക്തമായ ക്രെഡിറ്റ് വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും ബാങ്കിംഗ്, ധനകാര്യ മേഖലയില്‍ ലാഭക്ഷമതയെ പിന്തുണയ്ക്കുമെന്നും മോത്തിലാല്‍ പറയുന്നു.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഏകദേശം 4 ശതമാനം നേട്ടമാണ് ഓഹരി വിലയില്‍ ഉണ്ടായത്. 2025 ല്‍ ഇതുവരെ ഏകദേശം 12 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ ഈ സ്റ്റോക്കിന്റെ പി/ഇ അനുപാതം നിലവില്‍ 10 ആണ്. ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ ഓഹരി വില.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
വാഹന മേഖലയിലെ ലാര്‍ജ് കാപ് ഓഹരിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് (എം ആന്‍ഡ് എം) മോത്തിലാല്‍ ഓസ്വാള്‍ 4,091 രൂപ എന്ന ലക്ഷ്യ വിലയാണ് നല്‍കുന്നത്. ഇത് നിലവിലെ വിലയായ 3647 രൂപയില്‍ നിന്ന് ഏകദേശം 15 ശതമാനം ഉയര്‍ച്ചാ സാധ്യതയെ സൂചിപ്പിക്കുന്നു.
2026 കലണ്ടര്‍ വര്‍ഷം മുതല്‍ 2030 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ ഏഴ് ഐസിഇ എസ്യുവികള്, അഞ്ച് ബിഇവികള്‍, അഞ്ച് എല്‍സിവികള്‍ എന്നിവ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നുവെന്ന് മോത്തിലാല്‍ ഓസ്വാള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഐസിഇ, ഇവി വിഭാഗങ്ങളില്‍ മഹീന്ദ്രയെ ശക്തമായ സ്ഥാനത്തെത്തിക്കും.
ഭാരത് ഇലക്ട്രോണിക്സ്
പ്രതിരോധ മേഖലയിലെ ഏറ്റവും മികച്ച കമ്പനികളിലൊന്നായി ഉയര്‍ന്നിരിക്കുന്ന ഭാരത് ഇലക്ട്രോണിക്സിന്റെ (ബിഇഎല്‍) ഓഹരികള്‍ക്ക് മോത്തിലാല്‍ ഓസ്വാള്‍ 490 രൂപയുടെ ലക്ഷ്യ വില നിലനിര്‍ത്തുന്നു. ഇത് നിലവിലെ ഓഹരി വിലയായ 409 നേക്കാള്‍ ഏകദേശം 19 ശതമാനം വര്‍ദ്ധനവ് സാധ്യതയെ സൂചിപ്പിക്കുന്നു. ‘അനന്ത് ശാസ്ത്ര’ പദ്ധതിക്കായി ഇന്ത്യന്‍ സൈന്യം സമര്‍പ്പിച്ച 30,000 കോടി രൂപയുടെ ടെന്‍ഡര്‍, ബിഇഎല്ലിന്റെ ഓര്‍ഡര്‍ ബുക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ത്തുകയും തന്ത്രപരമായ പ്രതിരോധ പദ്ധതികളില്‍ അതിന്റെ നേതൃത്വം അടിവരയിടുകയും ചെയ്യുന്നുവെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനം പറയുന്നു.
സ്വിഗ്ഗി
സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ട് വേഗത്തില്‍ ലാഭം കൈവരിക്കുമെന്നാണ് മോത്തിലാല്‍ ഓസ്വാള്‍ പ്രതീക്ഷിക്കുന്നത്. മത്സരം ലഘൂകരിക്കുന്നതിലൂടെയും ഏറ്റെടുക്കല്‍ ചെലവുകള്‍ കുറയ്ക്കുന്നതിലൂടെയും ഇത് സാധ്യമാകുമെന്ന് മോത്തിലാല്‍ ചൂണ്ടിക്കാട്ടി. ജിഎസ്ടി പരിഷ്കരണം മൂലം ഡിസ്പോസിബിള്‍ വരുമാനത്തിലേക്കുള്ള വര്‍ധനവും വിവേചനാധികാര ചെലവുകളുടെ വര്‍ദ്ധനവും കാരണം, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ കണക്കുകള്‍ ഏകദേശം 23 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
സ്വിഗ്ഗിയുടെ ഓഹരികള്‍ക്ക് മോത്തിലാല്‍ 550 രൂപ എന്ന ലക്ഷ്യ വില നിശ്ചയിച്ചിട്ടുണ്ട്. ഇത് ഓഹരിയുടെ മുന്‍ ക്ലോസിംഗ് വിലയായ 436 നേക്കാള്‍ ഏകദേശം 23 ശതമാനം വര്‍ദ്ധന സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ ഹോട്ടല്‍സ്
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ ഓഹരികള്‍ക്ക് ആഭ്യന്തര ബ്രോക്കറേജ് 880 രൂപ എന്ന ലക്ഷ്യ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഓഹരിയുടെ മുന്‍ ക്ലോസിംഗ് വിലയായ 738.05 രൂപയേക്കാള്‍ 19 ശതമാനം ഉയര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി വ്യവസായം 2026 സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് മോത്തിലാല്‍ ഓസ്വാള്‍ പറയുന്നു. സാസ്കാരിക പരിപാടികളും ആഭ്യന്തര ടൂറിസവും മികച്ച വിവാഹ സീസണും പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ബ്രോക്കറേജ് പറഞ്ഞു.
മാക്സ് ഫിനാന്‍ഷ്യല്‍
മികച്ച വളര്‍ച്ചയ്ക്ക് മാക്സ് ഫിനാന്‍ഷ്യല്‍ തയ്യാറാണെന്ന് മോത്തിലാല്‍ ഓസ്വാള്‍ അനുമാനിക്കുന്നു. ശക്തമായ ബാങ്ക് അഷ്വറന്‍സ് ട്രാക്ഷന്‍, പ്രതിരോധശേഷിയുള്ള ഏജന്‍സി ചാനല്‍, അനുകൂലമായ ഉല്‍പ്പന്ന മിശ്രിതം എന്നിവ ഇതിന് പിന്തുണ നല്‍കുമെന്ന് ബ്രോക്കറേജ് കൂട്ടിച്ചേര്‍ത്തു.
ജിഎസ്ടി ഘടനയിലെ ഏറ്റവും പുതിയ പരിഷ്കാരങ്ങള്‍ താങ്ങാനാവുന്ന വിലയും ഇന്‍ഷുറന്‍സ് പെനിട്രേഷനും കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് ബ്രോക്കറേജ് പറഞ്ഞു. പുതിയ ഉല്‍പ്പന്ന ലോഞ്ചുകള്‍, ശക്തമായ വളര്‍ച്ചാ പ്രവണത, മാര്‍ജിന്‍ പ്രൊഫൈല്‍ മെച്ചപ്പെടുത്തല്‍ എന്നിവയാല്‍ കമ്പനി അതിന്റെ പ്രീമിയം മൂല്യനിര്‍ണ്ണയം നിലനിര്‍ത്തും.
2,000 രൂപ എന്ന ലക്ഷ്യ വിലയാണ് മാക്സ് ഫിനാന്‍ഷ്യലിന് മോത്തിലാല്‍ നല്‍കിയിരിക്കുന്നത്. സ്റ്റോക്കിന്റെ മുന്‍ ക്ലോസിംഗ് വിലയായ 1547 ല്‍ നിന്ന് ഏകദേശം 29 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.
റാഡിക്കോ ഖൈതാന്‍
പ്രീമിയം, ആഡംബര സ്പിരിറ്റ് വിഭാഗത്തിലെ ആക്രമണാത്മകമായ വികാസത്തിലൂടെയും 8പിഎം, മാജിക് മൊമെന്റ്സ്, റാംപൂര്‍ സിംഗിള്‍ മാള്‍ട്ട് തുടങ്ങിയ മുന്‍നിര ഉല്‍പ്പന്നങ്ങളുടെ ശക്തമായ ബ്രാന്‍ഡ് ഇക്വിറ്റി പ്രയോജനപ്പെടുത്തിക്കൊണ്ടും റാഡിക്കോ ഖൈതാന്‍ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് തയാറെടുക്കുന്ന നല്ല നിലയിലാണെന്ന് മോത്തിലാല്‍ ഓസ്വാള്‍ പറഞ്ഞു.
പ്രസ്റ്റീജ് & എബോവ് (പി & എ) വിഭാഗത്തില്‍ കമ്പനിക്ക് 8 ശതമാനം വിപണി വിഹിതമുണ്ട്. മോര്‍ഫിയസ് സൂപ്പര്‍ പ്രീമിയം വിസ്കി, സ്പിരിറ്റ് ഓഫ് കാശ്മീര്‍ പോലുള്ള പുതിയ ലോഞ്ചുകള്‍ ഭാവി വളര്‍ച്ചയെ പിന്തുണയ്ക്കുന്നുവെന്ന് ബ്രോക്കറേജ് കൂട്ടിച്ചേര്‍ത്തു. ടെക്വിലയെയും മറ്റ് പ്രത്യേക വിഭാഗങ്ങളെയും ലക്ഷ്യമിട്ട് ആഡംബര ബ്രാന്‍ഡുകള്‍ നിര്‍മ്മിച്ച് ഇന്ത്യയെ ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി’യാവോള്‍ സ്പിരിറ്റ്സ് ബിവിയില്‍ റാഡിക്കോ 47.5 ശതമാനം ഓഹരികള്‍ ഏറ്റെടുത്തത്.
ഓഹരിയുടെ മുന്‍ ക്ലോസിംഗ് വിലയായ 2,997.9 രൂപയില്‍ നിന്ന് ഏകദേശം 13 ശതമാനം ഉയര്‍ന്ന ലക്ഷ്യ വിലയാണ് ബ്രോക്കറേജ് പ്രവചിക്കുന്നത്.
ഡെല്‍ഹിവെറി
എക്സ്പ്രസ് ലോജിസ്റ്റിക്സ് മേഖലയില്‍ ഡെല്ഹിവെറിക്ക് 20 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്. കൂടാതെ 2021 ല്‍ സ്പോട്ടണ് ലോജിസ്റ്റിക്സ് ഏറ്റെടുത്തതിനുശേഷം പിടിഎല്‍ വിഭാഗത്തില്‍ സാന്നിധ്യം അതിവേഗം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മോത്തിലാല്‍ പറഞ്ഞു. 14 ബില്യണ്‍ രൂപ ചെലവിട്ടുള്ള ഇകോം എക്സ്പ്രസ് ഏറ്റെടുക്കല്‍ ഡെല്ഹിവെറിയുടെ ഗ്രാമീണ കവറേജ് വര്‍ദ്ധിപ്പിക്കുകയും നെറ്റ്വര്‍ക്ക് സാന്ദ്രത ശക്തിപ്പെടുത്തുകയും ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ഉപയോക്തൃ അടിത്തറ, പുതിയ വിഭാഗങ്ങളുടെ ലോഞ്ചുകള്‍, വികസിക്കുന്ന ഇ-കൊമേഴ്സ് എന്നിവയുടെ പിന്തുണയോടെ സുസ്ഥിര വളര്‍ച്ചയ്ക്ക് കമ്പനി തയ്യാറാണെന്ന് ബ്രോക്കറേജ് പറഞ്ഞു.
ഓഹരിക്ക് 540 രൂപയുടെ ലക്ഷ്യ വില നിലനിര്‍ത്തിയിട്ടുണ്ട്. ഇത് സ്റ്റോക്കിന്റെ മുന്‍ ക്ലോസിംഗ് വിലയായ 446.80 രൂപയില്‍ നിന്ന് ഏകദേശം 21 ശതമാനം വര്‍ദ്ധനവ് സാധ്യതയെ സൂചിപ്പിക്കുന്നു.
എല്‍ടി ഫുഡ്സ്
ദീര്‍ഘകാല വളര്‍ച്ചയ്ക്ക് തയാറെടുക്കുകയാണ് എല്‍ടി ഫുഡ്സ്. ദാവത്, റോയല്‍ എന്നിവയിലൂടെ ശക്തമായ ബ്രാന്‍ഡ് സാന്നിധ്യം കമ്പനി നിലനിര്‍ത്തുന്നു. 80 ല്‍ ഏറെ രാജ്യങ്ങളിലേക്ക് കയറ്റുമതിയിയുണ്ട്. ബസ്മതി അരി വിപണിയില്‍ ഇന്ത്യയില്‍ ഏകദേശം 30 ശതമാനം വിപണി വിഹിതവും യുഎസ് വിപണിയില്‍ 50 ശതമാനം വിപണി വിഹിതവും എല്‍ടി ഫുഡ്സിന്റെ കൈവശമാണ്.
സ്റ്റോക്കിന് ബ്രോക്കറേജ് 560 രൂപയുടെ ലക്ഷ്യ വില നിലനിര്‍ത്തി. ഇത് മുന്‍ ക്ലോസിംഗ് വിലയായ 419 രൂപയേക്കാള്‍ 35 ശതമാനത്തിലധികം ഉയര്‍ച്ചാ സാധ്യതയെ സൂചിപ്പിക്കുന്നു.
വിഐപി ഇന്‍ഡസ്ട്രീസ്
ലഗേജുകളുടെയും ബാഗുകളുടെയും നിര്‍മാതാക്കളായ വിഐപി ഇന്‍ഡസ്ട്രീസ് വ്യവസായ മേഖലയുടെ വളര്‍ച്ചയെ മറികടന്ന് 19 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) നിലനിര്ത്തുന്നെന്ന് മോത്തിലാല്‍ ഓസ്വാള്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാല വിപണി വിഹിത നേട്ടങ്ങള്‍ പിടിച്ചെടുക്കാന്‍ വിഐപിക്ക് കഴിയുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.
ആഭ്യന്തര ബ്രോക്കറേജ് ഓഹരിക്ക് 530 രൂപയുടെ ലക്ഷ്യ വില നിലനിര്‍ത്തി. ഇത് സ്റ്റോക്കിന്റെ മുന്‍ ക്ലോസിംഗ് വിലയായ 426 രൂപയേക്കാള്‍ ഏകദേശം 24 ശതമാനം വളര്‍ച്ചാ സാധ്യതയെ സൂചിപ്പിക്കുന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)


