ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും ബോണ്ട് ഈൽഡ് ഉയരുന്നതും കാരണം ഓഹരി വിപണിയിൽ വലിയ രീതിയിലുള്ള വിറ്റഴിക്കൽ തുടരുകയാണ്. . കോവിഡ് സമയത്തെ തകർച്ചയ്ക്ക് ശേഷം ഇതാദ്യമായാണ് നിഫ്റ്റി ഇത്രയും പ്രധാനപ്പെട്ട ഒരു സാങ്കേതിക സൂചികാ തലത്തിലേക്ക് താഴുന്നത്.
വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ, നിഫ്റ്റിക്ക് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട സപ്പോർട്ട് ലെവൽ 22,600 ആണ്. വിപണി ഈ ഘട്ടത്തിൽ പിടിച്ചുനിൽക്കുകയാണെങ്കിൽ 22,850 മുതൽ 23,000 വരെയുള്ള ലെവലുകളിലേക്ക് ഒരു വീണ്ടെടുപ്പ് പ്രതീക്ഷിക്കാം. എന്നാൽ 22,600 എന്ന സപ്പോർട്ട് നിലവാരം തകരുകയാണെങ്കിൽ വിപണിയിൽ വിൽപ്പന സമ്മർദ്ദം ശക്തമാകുകയും നിഫ്റ്റി കൂടുതൽ താഴേക്ക് പോകുകയും ചെയ്യുമെന്ന് അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.
ജാഗ്രത പാലിക്കണം
ആഗോള സാമ്പത്തിക സൂചനകൾ, വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിൻവലിക്കൽ, പുതിയ ഐപിഒകൾ വിപണിയിൽ നിന്നുള്ള പണലഭ്യത കുറയ്ക്കുന്നത് എന്നിവ വിപണിയെ വരുംദിവസങ്ങളിലും സ്വാധീനിക്കും. അതിനാൽ നിലവിലെ സാഹചര്യത്തിൽ നിക്ഷേപകർ ജാഗ്രത പാലിക്കണമെന്നും വിപണിയിലെ മാറ്റങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിച്ച ശേഷം മാത്രം തീരുമാനങ്ങൾ എടുക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
5 വർഷത്തെ കുറഞ്ഞ വില
ഇന്ത്യൻ ഓഹരി വിപണിയിലെ പ്രമുഖ 500 കമ്പനികൾ ഉൾപ്പെടുന്ന BSE 500 സൂചികയിലെ 202 ഓഹരികൾ നിലവിൽ അവയുടെ അഞ്ചുവർഷത്തെ ശരാശരി വാല്യുവേഷനേക്കാൾ കുറഞ്ഞ നിരക്കിലാണ് വ്യാപാരം ചെയ്യുന്നത്. വിപണിയിൽ അടുത്തിടെയുണ്ടായ തിരുത്തലുകളും വിദേശ നിക്ഷേപകരുടെ ശക്തമായ വിറ്റഴിക്കലുമാണ് പ്രധാനപ്പെട്ട പല ഓഹരികളുടെയും വില കുറയാൻ ഇടയാക്കിയത്. ഇതിൽ ബാങ്കിംഗ്, ഐടി, ഓട്ടോമൊബൈൽ, ഉപഭോക്തൃ ഉൽപ്പന്ന മേഖലകളിലെ പ്രമുഖ കമ്പനികളും ഉൾപ്പെടുന്നു.
ഇപ്പോൾ അവസരം
ദീർഘകാല നിക്ഷേപകർക്ക് ആകർഷകമായ വിലയിൽ നല്ല കമ്പനികളുടെ ഓഹരികൾ കണ്ടെത്താനുള്ള അവസരമാണിതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ വില കുറഞ്ഞു എന്നത് കൊണ്ടുമാത്രം ഒരു ഓഹരി വാങ്ങുന്നത് സുരക്ഷിതമല്ലെന്നും, കമ്പനികളുടെ സാമ്പത്തിക ഭദ്രതയും ഭാവി വളർച്ചാ സാധ്യതകളും കൃത്യമായി പരിശോധിച്ച ശേഷം മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കണമെന്നും അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.വിപണിയിൽ ഹ്രസ്വകാലത്തേക്ക് ഇനിയും അസ്ഥിരത തുടർന്നേക്കാം. അതിനാൽ 3 മുതൽ 5 വർഷം വരെ സമയപരിധിയുള്ള ദീർഘകാല നിക്ഷേപകർക്ക് മാത്രം നിലവിലെ തകർച്ച പ്രയോജനപ്പെടുത്താം.
ബി എസ് ഇ ഓഹരി
രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളായ ഗോൾഡ്മാൻ സാക്സും ബിഎൻപി പാരിബാസും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 68.33 ലക്ഷം ഓഹരികൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി വിറ്റഴിച്ചു. ബിഎസ്ഇ ഓഹരികൾ രാജ്യത്തെ പ്രമുഖ സൂചികയായ നിഫ്റ്റി 50-യിൽ ഉൾപ്പെടുന്നതിന് തൊട്ടുമുമ്പാണ് ബൾക്ക് ഡീൽ വഴിയുള്ള ഈ വലിയ വിറ്റഴിക്കൽ നടന്നത്. വിറ്റഴിച്ച ഓഹരികളുടെ ആകെ മൂല്യം ഏകദേശം 2,186.44 കോടി രൂപയാണ്.
ആഗോള സ്ഥാപനങ്ങൾ വലിയ തോതിൽ ഓഹരികൾ വിറ്റഴിച്ചെങ്കിലും, ഇന്ത്യയിലെ മുൻനിര മ്യൂച്വൽ ഫണ്ടുകളായ UTI മ്യൂച്വൽ ഫണ്ടും നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടും ഇതിൽ വലിയൊരു പങ്ക് വാങ്ങാൻ മുന്നോട്ടുവന്നു. ഏകദേശം 52.43 ലക്ഷം ഓഹരികൾ ,1,677.60 കോടി രൂപ മൂല്യമുള്ളത് ഈ ഇന്ത്യൻ ഫണ്ടുകൾ സ്വന്തമാക്കി. പ്രാദേശിക നിക്ഷേപകരിൽ നിന്ന് ശക്തമായ ഡിമാൻഡ് ഉയർന്നതോടെ വൻതോതിലുള്ള വിറ്റഴിക്കലിന് ശേഷവും ബിഎസ്ഇയുടെ ഓഹരി വിലയിൽ കാര്യമായ ഇടിവുണ്ടായില്ല.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




